Thursday, July 12, 2012

ഷാജഹാനേ, താങ്കള്‍ എവിടെയാണ് എല്ലു സൂക്ഷിക്കുന്നത്?


എല്ലിന്‍കഷണം ചവിട്ടിപ്പിടിച്ചു കുരച്ചു ചാടുന്ന വളര്‍ത്തുനായ എത്രവേഗമാണ് പ്രകൃതിവിരുദ്ധ മാധ്യമപ്രവര്‍ത്തനത്തിന്റെ കൊടിയടയാളമായി മാറിയത്?  

യജമാനനെറിയുന്ന എല്ലിന്‍തുണ്ടിനു വേണ്ടിത്തന്നെയാണ് വളര്‍ത്തുനായ കുരച്ചു ചാടുന്നത്. ആര്‍ക്കു നേരെ കുരയ്ക്കണമെന്നും ആരുടെ മുന്നില്‍ വാലു ചുരുട്ടണമെന്നും കല്‍പ്പിക്കുന്നത് തുടലുപിടിക്കുന്ന യജമാനനും. കല്‍പ്പനയനുസരിക്കുന്നതിന്റെ കൂലിയാണ് എല്ലിന്‍കഷണം. അതെറിയുന്ന യജമാനനു നേരെ ഒരു വളര്‍ത്തു നായും ഇന്നോളം കുരച്ചിട്ടില്ലെന്ന് ഏഷ്യാനെറ്റിന്റെ കോഴിക്കോടു ബ്യൂറോ ചീഫും സമ്മതിക്കും.അപ്പോള്‍പ്പിന്നെ എല്ലിന്‍കഷണം വായില്‍ വെച്ചുകൊണ്ടാണോ വെയ്ക്കാതെയാണോ നായ കുരയ്ക്കുന്നത് എന്ന ചര്‍ച്ചയ്ക്ക് എന്തു പ്രസക്തി? പരിചയസമ്പന്നനായ വളര്‍ത്തുനായ, എല്ലിന്‍കഷണം ചവിട്ടിപ്പിടിച്ചു തന്നെ യജമാനന്‍ വിരല്‍ചൂണ്ടുന്നവനു നേരെ കുരയ്ക്കും.

സിനേറിയോ മനസിലാകാന്‍ കാലചക്രം സ്വല്‍പം റീവൈന്‍ഡു ചെയ്യണം. സ്ഥലം കോഴിക്കോട്. തീയതി 2011 ജനുവരി 29. കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ മൂന്നു പത്രസമ്മേളനങ്ങളാണ് അന്നു കോഴിക്കോടു നടന്നത്. തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ വ്യാജ സീഡി സൃഷ്ടിച്ച് റൗഫ് പടയ്ക്കൊരുങ്ങുന്നു എന്നു വെളിപ്പെടുത്താന്‍ ലീഗ് ഹൗസില്‍ കുഞ്ഞാലിക്കുട്ടി വക വെടി ആദ്യം. മറുപടിയുമായി പ്രസ് ക്ലബില്‍ റൗഫ്. റൗഫിനു മറുപടിയുമായി അല്‍പം സമയത്തിനകം വീണ്ടും കുഞ്ഞാലിക്കുട്ടി.

 "എന്താ ഷാജഹാനേ, ഒന്നു പ്ലസന്റാവ്" എന്ന് പേരെടുത്തുവിളിച്ചാണ് റൗഫിന്റെ വാദം പൊളിക്കാന്‍ ആ പത്രസമ്മേളനത്തില്‍ കുഞ്ഞാലിക്കുട്ടി ഏഷ്യാനെറ്റ് ബ്യൂറോ ചീഫിന്റെ സഹായം തേടിയത്. റൗഫിനെ ചോദ്യങ്ങള്‍ കൊണ്ടു വശം കെടുത്തിയ ബ്യൂറോ ചീഫ് സാക്ഷാല്‍ കുഞ്ഞാപ്പയ്ക്കു മുന്നില്‍ അക്ഷരാര്‍ത്ഥത്തില്‍ വിനീതനായി. കുഞ്ഞാലിക്കുട്ടിയ്ക്ക് അഹിതമായ ഒരു ചോദ്യവും ആ നാവില്‍ നിന്നും വീണില്ല. എല്ലിന്‍ കഷണം ചവിട്ടിപ്പിടിച്ച് റൗഫിനു നേരെ കുരയ്ക്കാനും കുഞ്ഞാലിക്കുട്ടിയ്ക്കു മുന്നില്‍ വാലു ചുരുട്ടാനും മെയ്‍വഴക്കം കാണിച്ച അതേ ഷാജഹാന്‍ കാളിയത്താണ്  "ഞാന്‍ വായില്‍ എല്ലു സൂക്ഷിക്കുന്നില്ല" എന്ന് മാതൃഭൂമി വഴി പരസ്യം ചെയ്യുന്നത്. .

ആ തലക്കെട്ടിലുണ്ട് എല്ലാം. ഷാജഹാന്‍ വായില്‍ എല്ലു സൂക്ഷിക്കുന്നില്ല എന്ന പ്രഖ്യാപനത്തിന്റെ അര്‍ത്ഥം ഷാജഹാന് എല്ലു കിട്ടുന്നില്ല എന്നല്ല. ഷാജഹാന് എല്ലു കിട്ടുന്നുണ്ട്, അതു സൂക്ഷിക്കുന്നുമുണ്ട്. പക്ഷേ, വായിലല്ല എന്നു മാത്രം. താന്‍ കുരയ്ക്കുന്നുണ്ട് എന്നും ആര്‍ക്കെതിരെയാണെന്നും ഷാജഹാന്‍ വളച്ചുകെട്ടലില്ലാതെ സമ്മതിച്ചുകഴിഞ്ഞു. റൗഫ് - കുഞ്ഞാലിക്കുട്ടി എപ്പിസോഡില്‍ ഈ കുരച്ചു ചാടല്‍  കണ്ടവര്‍ക്ക് എല്ലെറിഞ്ഞു കൊടുക്കുന്നതാരെന്നും അതെന്തിനുവേണ്ടിയെന്നും വ്യക്തമായി അറിയാം.

അതറിയാത്തവരുടെ മുന്നിലേയ്ക്കാണ് ‘അന്വേഷണോദ്യോഗസ്ഥന്‍ മാധ്യമങ്ങളെ ഫോണില്‍ വിളിച്ചത് 3000 തവണ‘ എന്ന തലക്കെട്ടില്‍ ദേശാഭിമാനി 2012 ജൂലൈ 10ന് പ്രസിദ്ധീകരിച്ച വാര്‍ത്ത വന്നു വീണത്. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിക്കുന്ന സംഘത്തിലെ അംഗമായ ഡിവൈഎസ്‍പി ജോസി ചെറിയാന്‍ കോഴിക്കോട്ടെ മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ ഫോണ്‍ സല്ലാപങ്ങളെക്കുറിച്ചാണ് ആ വാര്‍ത്ത. അതിലിങ്ങനെ പറയുന്നു.
“ഡിവെഎസ്പിയും മാധ്യമപ്രവര്‍ത്തകരും ഫോണില്‍ കൂടുതലായി ബന്ധപ്പെട്ട ദിവസങ്ങളിലും അതിന്റെ തൊട്ടടുത്ത ദിവസവും സിപിഐ എമ്മിനെ കരിതേച്ച് വന്‍വാര്‍ത്തകളാണ് ചാനലുകളിലും പത്രങ്ങളിലും വന്നത്. ഏഷ്യാനെറ്റ് ലേഖകന്‍ ഷാജഹാന്‍ (9847036674), റിപ്പോര്‍ട്ടര്‍ ടിവിയിലെ അരുണ്‍ശങ്കര്‍ (8547007040), മനോരമ ന്യൂസിലെ നിഖില്‍ (9895701735), മനോരമ ലേഖകന്‍ വി ആര്‍ പ്രതാപ് (9946103402), മാതൃഭൂമി ലേഖകന്‍ എ പി ഷൗക്കത്തലി (9495090392), മാധ്യമം ലേഖകന്‍ ബാബു ചെറിയാന്‍ (9645006315) എന്നിവരുമായാണ് ജോസി ചെറിയാന്‍ നിരന്തരം ഫോണില്‍ സംസാരിച്ചത്. ചില ദിവസങ്ങളില്‍ ഓരോരുത്തരുമായും അഞ്ചും ആറും തവണ സംസാരിച്ചു. ഇന്ത്യാവിഷന്‍, മംഗളം, വീക്ഷണം, ചന്ദ്രിക തുടങ്ങിയ മാധ്യമങ്ങളുടെ ലേഖകരും ഡിവൈഎസ്പിയുമായി ബന്ധം പുലര്‍ത്തി. റിപ്പോര്‍ട്ടര്‍ ടിവിയിലെ കെ ആര്‍ ഷാജു (8547007037), മംഗളത്തിലെ ഷിന്റുലാല്‍ (9846295331) തുടങ്ങിയവരുമായും സംസാരിച്ചിട്ടുണ്ട്.“
ഈ വാര്‍ത്തയോടുളള പ്രതികരണമാണ് മാതൃഭൂമി പത്രത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ പ്രത്യക്ഷപ്പെട്ട   ‘ഞാന്‍ വായില്‍ എല്ല് സൂക്ഷിക്കുന്നില്ല’ എന്ന കുറിപ്പ്.  ദേശാഭിമാനി വാര്‍ത്ത തന്നെയാണ് പ്രകോപനം എങ്കിലും സമര്‍ത്ഥമായി അത് മറച്ച് വെച്ച് ഫേസ്‌ബുക്കില്‍ കണ്ട ചില കമന്റുകളെയാണ് ലേഖകന്‍ മറുകുറിക്കുള്ള ആയുധമാക്കുന്നത്. ആ തമസ്കരണമാകട്ടെ, മറ്റൊരു കുടില ബുദ്ധിയുടെ പ്രയോഗവും. 

ഷാജഹാന്റെ  പറയുന്നു. “പക്ഷേ, ഈ കേസുമായി ബന്ധപ്പെട്ട് ഒരിക്കല്‍പ്പോലും ഷൗക്കത്തലിയെ ഞാന്‍ വിളിച്ചിട്ടില്ല. ഷൗക്കത്തലിയുമായി മുഖപരിചയംപോലും എനിക്കില്ല. “

ഷാജഹാന്‍ കാളിയത്തിന് എല്ലിന്‍ കഷണമെറിഞ്ഞു കൊടുക്കുന്നത് ഷൗക്കത്ത് അലിയാണെന്നല്ല, ജോസി ചെറിയാനാണെന്നാണ് ദേശാഭിമാനിയുടെ ആരോപണം. അതവര്‍ തെളിച്ചു തന്നെ പറഞ്ഞിട്ടുണ്ട്. ഡിവൈഎസ്‍പി ജോസി ചെറിയാന്റെ 9497990123 എന്ന ഔദ്യോഗിക നമ്പരില്‍ നിന്ന് ഷാജഹാന്റെ 9847036674 എന്ന നമ്പരിലേയ്ക്ക് വിളിച്ചുവെന്നാണ് ആരോപണം. ജോസി ചെറിയാന്‍ വിളിച്ചോ എന്ന ചോദ്യത്തിന് ഷൗക്കത്തലിയെ വിളിച്ചില്ല എന്നുത്തരം പറയുന്ന വിദ്യ കുഞ്ഞാലിക്കുട്ടിയില്‍ നിന്നാണോ ഷാജഹാന്‍ വശത്താക്കിയത്?

ഒഞ്ചിയത്തെ പാര്‍ട്ടിപിളര്‍പ്പും ചരിത്രവും അപ്പപ്പോള്‍ പോലീസിന് കിട്ടിക്കൊണ്ടിരുന്ന സൂചനകളുമൊക്കെ താന്‍ വാര്‍ത്തയാക്കിയിട്ടുണ്ട് എന്ന് ഷാജഹാന്‍ സമ്മതിക്കുന്നു. ഒഞ്ചിയത്തെ സംഭവവികാസങ്ങളുടെ ചരിത്രം റിപ്പോര്‍ട്ടു ചെയ്ത വകയിലാണ് ഷാജഹാന്‍ ആര്‍എംപിയുടെ ഏഷ്യാനെറ്റ് യൂണിറ്റിന്റെ സെക്രട്ടറി കൂടിയായി മാറിയത്. ഒഞ്ചിയത്ത് ആര്‍എംപി നേടിയ വിജയം യുഡിഎഫിന്റെ ഔദാര്യമായിരുന്നു എന്ന വസ്തുത ഷാജഹാന്റെ അവലോകനങ്ങളിലെവിടെയും പ്രത്യക്ഷപ്പെട്ടതേയില്ല. പാര്‍ലമെന്റ്, പഞ്ചായത്തു തിരഞ്ഞെടുപ്പുകളില്‍ നേടിയ വോട്ടുകള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍എംപിയ്ക്കു നിലനിര്‍ത്താനായില്ല എന്ന സത്യം ഷാജഹാന്‍ അറിഞ്ഞ മട്ടേ കാണിച്ചിട്ടില്ല. ആര്‍എംപിക്കാര്‍ സിപിഎമ്മുകാര്‍ക്കെതിരെ ബോംബെറിഞ്ഞതും പാര്‍ട്ടി ഓഫീസുകള്‍ തകര്‍ത്തതുമൊക്കെ തമസ്കരിച്ചും തന്റെ കൂറ് ഷാജഹാന്‍ തെളിയിച്ചു.  ഉമേഷ് ബാബുവിന്റെ കൊലവെറിയുടെയും കെ എസ് ഹരിഹരന്റെ കുടിപ്പകയുടെയും വേണുവിന്റെ നുണകളുടെയും വാരാന്ത്യം ജയശങ്കരന്റെ അപവാദശൗര്യത്തിന്റെയും സങ്കരമാണ് ഷാജഹാന്റെ ഒഞ്ചിയം റിപ്പോര്‍ട്ടുകള്‍. നടന്ന  സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുകയല്ല ഷാജഹാന്‍ ചെയ്തത്. മറിച്ച് വസ്തുതകളെ പല കഷണങ്ങളായി മുറിച്ച് ആര്‍എംപിക്കാരുടെ കുറിപ്പടിയനുസരിച്ച് പാകം ചെയ്ത സെന്‍സേഷണല്‍ വിഭവങ്ങള്‍ വിളമ്പുകയായിരുന്നു ഷാജഹാന്‍.

“ഏത് വാര്‍ത്തയാണ് വ്യാജം? നേതാക്കളുടെ അറസ്റ്റോ? സംശയിക്കപ്പെടുന്നവരെന്ന് ഞാനടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞവരെയൊക്കെ അറസ്റ്റുചെയ്തില്ലേ?“ എന്നൊക്കെ ഷാജഹാന്‍ ചോദിക്കുന്നുണ്ട്. അറസ്റ്റിലായാല്‍ അറസ്റ്റിലായി എന്ന് വാര്‍ത്ത നല്‍കുന്നതിനെ ആരും  വ്യാജവാര്‍ത്ത എന്ന് ആക്ഷേപിച്ചിട്ടില്ല.  കേസിലെ ഓരോ ഘട്ടത്തിലും  പരസ്പര വിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന മാധ്യമശൈലിയെയാണ് സിപിഎം എതിര്‍ക്കുന്നത്. . ഓരോ വാര്‍ത്തയും നല്‍കുന്നതിലെ രീതി, പക്ഷം പിടിക്കല്‍, വളച്ചൊടിക്കല്‍ ഇതൊന്നും ലേഖകന്‍ ചെയ്യാത്തതും അല്ല. ആഴത്തിലുളള ചര്‍ച്ച വേണമെങ്കില്‍, മെയ് നാലു മുതല്‍ ഷാജഹാന്‍ ഏഷ്യാനെറ്റു വഴി പ്രചരിപ്പിച്ച ഓരോ വാര്‍ത്തയുടെയും വീഡിയോ ഹാജരാക്കട്ടെ. വാര്‍ത്തയേത്, വ്യാജപ്രചരണമേത് എന്ന് നമുക്കു ചര്‍ച്ച ചെയ്യാം.

വസ്തുതകളെ ഷാജഹാന്‍ എങ്ങനെയാണ് സമീപിക്കുന്നത് എന്നതിന്റെ സൂചനകള്‍ അദ്ദേഹത്തിന്റെ മാതൃഭൂമി കുറിപ്പിലുണ്ട്. ഞാന്‍ വായില്‍ എല്ലു സൂക്ഷിക്കുന്നില്ല എന്ന ലേഖനം ആരംഭിക്കുന്നത് ഇപ്രകാരമാണ്.
"ഡിവൈ.എസ്.പി. ഷൗക്കത്തലിയുടെ ചെരുപ്പുനക്കി സിപിഎണ്മിനെതിരെ വാര്‍ത്ത പടച്ചുണ്ടാക്കുന്ന ഇത്തരം മാധ്യമ പ്രവര്‍ത്തകരെ തിരിച്ചറിയുക. അറസ്റ്റു ചെയ്ത സഖാവ് മോഹനന്‍ യാത്ര ചെയ്യുന്ന വാഹനം പിന്തുടര്‍ന്ന് നടത്തിയ നാടകീയമായ അറസ്റ്റ് ലൈവ് സംപ്രേക്ഷണം നടത്താന്‍ ഡിവൈഎസ്‍പി ഈ ആര്‍എംപി പ്രവര്‍ത്തകനായ റിപ്പോര്‍ട്ടറെ ഏല്പിക്കുകയായിരുന്നു...'
കമന്റ്: ഇവനെയല്ലേ ജയരാജന്‍ സഖാവ് ചാമ്പിയത്. എന്നിട്ടും ഇവന്റെ കഴപ്പ്
മാറാത്തത് കഷ്ടം. ലൈക്ക് 15'
കമന്റ്: ഇവനെയാണോ? നമ്മള്‍ അടുത്തതായി തട്ടുന്നത്? ലൈക്ക് 21.
പ്രസ്തുത ഫേസ് ബുക്ക് വാളിന്റെ ലിങ്ക് ഇവിടെ കാണാം.അവിടെ നൂറ്റമ്പതോളം കമന്റില്ല. ഈ കുറിപ്പെഴുതുമ്പോള്‍ അതിലുളളത് ആകെ 99 കമന്റുകളാണ്. അതില്‍ ഏതാണ്ട് അറുപതോളം കമന്റുകള്‍ ആ പോസ്റ്റിനോടുളള വിയോജനവും സിപിഎമ്മിനെതിരെ രൂക്ഷമായ വിമര്‍ശനവുമാണ്. സിപിഎമ്മിനെ അനുകൂലിക്കുന്ന, ഷാജഹാനെ വിമര്‍ശിക്കുന്ന കമന്റുകള്‍ ഇതുവരെ നാല്‍പതു തികഞ്ഞിട്ടില്ല. 

"ഇവനെയല്ലേ ജയരാജന്‍ സഖാവ് ചാമ്പിയത്. എന്നിട്ടും ഇവന്റെ കഴപ്പ് മാറാത്തത് കഷ്ടം" എന്നൊരു കമന്റ് അവിടെയുണ്ട്. പക്ഷേ, അതിന് പതിനഞ്ച് ലൈക്കില്ല. ഒരു ലൈക്കു പോലുമില്ല. മാത്രമല്ല, ആ പോസ്റ്റില്‍ ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ വീണത് രാജീവ് മുംബൈ, മജീദ് കൊട്ടിയൂര്‍, ഫസലുദ്ദീന്‍ കരുനാഗപ്പളളി, അബ്ദുല്‍ ഗഫൂര്‍ മണ്ണാര്‍ക്കാട് എന്നിവര്‍ സിപിഎമ്മിനെതിരെ എഴുതിയ കമന്റുകള്‍ക്കാണ്. ആ കമന്റുകളിലെ മുകളിലും താഴെയും സിപിഎമ്മിനെതിരെയുളള രൂക്ഷ വിമര്‍ശനങ്ങളാണ്.


 വസ്തുനിഷ്ഠമായി ആ ചര്‍ച്ചയെ സമീപിക്കുന്നവര്‍ ഇതില്‍ നിന്നെന്തു മനസിലാക്കണം? കമന്റുകളുടെ എണ്ണവും ലൈക്കുകളുമൊടെ വണ്ണവുമൊക്കെ പരിശോധിച്ചാല്‍ ആ ചര്‍ച്ചയില്‍ ആധിപത്യം നേടിയത് സിപിഎം വിരുദ്ധതയാണ്. സിപിഎമ്മുകാര്‍ എഴുതിയതായി ഷാജഹാന്‍ ഉദ്ധരിക്കുന്ന കമന്റുകളേക്കാള്‍ കടുപ്പമുളളത് സിപിഎമ്മിനെതിരെ അവിടെയിപ്പോഴും കിടപ്പുണ്ട്.  ആ ചര്‍ച്ചയില്‍  അനൂപ് പീറ്റര്‍ എന്നയാളിന്റെ അഭിപ്രായം ഇതായിരുന്നു. "i show the middle finger to the person who shared this photo, mohanne pole ulla thendikakle palayam marketil fish varunna pennugale kondu thallikkanam".

ഇങ്ങനെ കൊണ്ടും കൊടുത്തും മുന്നേറിയതാണ് ആ ചര്‍ച്ച. അതില്‍ നിന്ന് ചില കഷണങ്ങള്‍ മുറിച്ചെടുത്താണ് ഷാജഹാന്‍, തന്റെ മാതൃഭൂമി ലേഖനം നിര്‍മ്മിച്ചിരിക്കുന്നത്. സിപിഎം വിരുദ്ധത മേല്‍ക്കൈ നേടിയ ഒരു ചര്‍ച്ചയെയാണ് തനിക്കെതിരെ സിപിഎമ്മുകാര്‍ ഫേസ് ബുക്കില്‍ നടത്തിയ കൊലവിളിയായി ഷാജഹാന്‍ മാതൃഭൂമിയില്‍ വക്രീകരിച്ചത്.  ഫേസ് ബുക്കിലെ ചര്‍ച്ച വായിക്കുന്നവര്‍ എത്തിച്ചേരുന്ന നിഗമനമല്ല, മാതൃഭൂമി ലേഖനം വായിക്കുന്നവരില്‍ ഉണ്ടാകുന്നത്. ഫേസ് ബുക്ക് ആക്സസ് ഇല്ലാത്തവരും ഉണ്ടായിട്ടും ഈ ചര്‍ച്ച വായിക്കാത്തവരുമായ ലക്ഷക്കണക്കിന് വായനക്കാരെ ബോധപൂര്‍വം തെറ്റിദ്ധരിപ്പിക്കുകയാണ് ഷാജഹാന്‍. ഫേസ് ബുക്കില്‍ ഒരു ലൈക്കു പോലും കിട്ടാത്ത കമന്റിന് പതിനഞ്ചു ലൈക്കു കിട്ടി എന്ന് വാദിക്കാനും വ്യാഖ്യാനിക്കാനും ഉളുപ്പില്ലാത്ത ഷാജഹാനെന്ന   മാധ്യമ പ്രവര്‍ത്തകനെ കൈയോടെ പിടിക്കുന്നു, മാതൃഭൂമി ലേഖനം. ഇങ്ങനെയാണ് ഷാജഹാന്‍ വാര്‍ത്തകളുണ്ടാക്കുന്നത്.

വേറെയുമുണ്ട് നുണ. ഷാജഹാന്‍ എഴുതുന്നു. "പി. മോഹനന്റെ അറസ്റ്റ് ലൈവായി ഞാന്‍ ജോലി ചെയ്യുന്ന ചാനല്‍ സംപ്രേക്ഷണം ചെയ്തിട്ടില്ല".

പച്ചക്കളളമാണിത്. സിനിമാ സ്റ്റൈലില്‍ പി. മോഹനന്റെ അറസ്റ്റും പോലീസ് ജീപ്പിന്റെ അകമ്പടിയോടെ മോഹനന്‍ സഞ്ചരിച്ച വാഹനം വടകര പോലീസ് സ്റ്റേഷനിലെത്തുന്നതും ഏഷ്യാനെറ്റ് ലൈവായി കാണിച്ചു. അതു വിവാദമായി. ഷൗക്കത്തലിയുടെ ജീപ്പ് മോഹനന്‍ മാഷുടെ കാറിനു കുറുകെ നിര്‍ത്തുമ്പോള്‍ സംഭവസ്ഥലത്ത് ഏഷ്യാനെറ്റിന്റെ കാമറാ സംഘം ഉണ്ടായിരുന്നു. ആ ദൃശ്യങ്ങള്‍ കിട്ടിയത് ഏഷ്യാനെറ്റിനു മാത്രമായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സിപിഎം രംഗത്തുവന്നു. ദൃശ്യങ്ങള്‍ ഏഷ്യാനെറ്റില്‍ നിന്ന് പകര്‍ത്തി  കൈരളി പീപ്പിള്‍ വാര്‍ത്തയാക്കി.  സംഭവം വിവാദമായി. അറസ്റ്റിന്റെ വിവരം ചോര്‍ന്നതും ജീപ്പ് ചെയ്സും കുറുകേ നിര്‍ത്തലുമൊക്കെ പകര്‍ത്താന്‍ ഏഷ്യാനെറ്റിന് കഴിഞ്ഞതെങ്ങനെയെന്നുമൊക്കെ ചോദ്യങ്ങളുയര്‍ന്നു. അപ്പോള്‍ ഏഷ്യാനെറ്റ് ചെയ്തതെന്തെന്നോ? കുറച്ചു നേരത്തേയ്ക്ക് ആ ദൃശ്യങ്ങള്‍ പിന്‍വലിച്ച് തങ്ങളുടെ ലോഗോ എംബെഡ് ചെയ്യാതെ ദൃശ്യങ്ങള്‍ എല്ലാ ചാനലുകള്‍ക്കും കൈമാറി.  അങ്ങനെ ദൃശ്യങ്ങള്‍ പൊതു സ്വത്താക്കി. ആ ദൃശ്യങ്ങള്‍ മറ്റുളളവര്‍ പ്രക്ഷേപണം ചെയ്തു തുടങ്ങിയതിനു ശേഷമാണ് ഏഷ്യാനെറ്റും രംഗത്തിറങ്ങിയത്. ഇതൊക്കെ പലര്‍ക്കും  അറിയാമെന്ന് ഷാജഹാനുമറിയാം. എന്നിട്ടും ഇത്തരം പരാമര്‍ശങ്ങളുളള ലേഖനവുമായി രംഗത്തിറങ്ങാന്‍ അദ്ദേഹത്തിന് മടിയോ ഭയമോ ഇല്ല. ഇങ്ങനെ കളളം പറഞ്ഞും വസ്തുതകള്‍ വക്രീകരിച്ചും തമസ്കരിച്ചും നടത്തുന്ന മാധ്യമ പ്രവര്‍ത്തനത്തെയാണ് സിപിഎം എതിര്‍ക്കുന്നത്.

ചാനല്‍ പരിപാടികള്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കാനുളള സംവിധാനമില്ലാത്തത് ഷാജഹാനെപ്പോലുളളവര്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം ചില്ലറയൊന്നുമല്ല. പക്ഷേ, പത്രങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. മനോരമയും മാതൃഭൂമിയും പ്രചരിപ്പിച്ച നുണ വാര്‍ത്തകളുടെ ശേഖരമുണ്ട്. ആ വാര്‍ത്തയെഴുതിവരൊക്കെ ഡിവൈ‍എസ്‍പി ജോസ് ചെറിയാന്‍  സല്ലപിച്ചവരുടെ പട്ടികയിലുണ്ട്. ഒരു പത്രത്തില്‍ മാത്രം വന്ന കളള വാര്‍ത്തകളുണ്ട്. ഒന്നിലേറെപ്പോര്‍ ഒരു പോലെ പ്രചരിപ്പിച്ച കളളവാര്‍ത്തകളും. അതില്‍ പലതും തങ്ങളുടെ ആക്ഷേപത്തിന്റെ തെളിവായി സിപിഎം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ആ വാര്‍ത്തകളുടെ ദൃശ്യരൂപത്തിനപ്പുറമൊന്നും ഷാജഹാനും ചെയ്തിട്ടില്ല.

"വായില്‍ എല്ലു സൂക്ഷിക്കാറില്ല", "നിനക്കു വേണ്ടിയല്ല ഹൃദയം മിടിക്കുന്നത്" തുടങ്ങിയവയൊക്കെ ഇരുതല മൂര്‍ച്ചയുളള പ്രയോഗങ്ങളാണ്. ഷാജഹാനടക്കം ഡിവൈഎസ്‍പി ജോസി ചെറിയാന്റെ സല്ലാപപ്പട്ടികയില്‍ ഉള്‍പ്പെട്ട പലര്‍ക്കും എല്ലു കൊടുക്കുന്നതാരെന്നും അവരുടെ ഹൃദയം മിടിക്കുന്നത് ആര്‍ക്കു വേണ്ടിയാണെന്നുമൊക്കെ അങ്ങാടിപ്പാട്ടാണ്. അതുകൊണ്ട് പൈങ്കിളി ഡയലോഗുകള്‍ ഉപേക്ഷിച്ച് വസ്തുതകള്‍ വസ്തുതകളായി പറയാനുളള തന്റേടമാണ് ഷാജഹാന്‍ കാണിക്കേണ്ടത്.

തെരുവിലൊരാള്‍ വെട്ടിമുറിക്കപ്പെട്ടു എന്ന് പറയാനുള്ള ഷാജഹാന്റെയോ മറ്റേതെങ്കിലും മാധ്യമപ്രവര്‍ത്തകന്റെയോ അവകാശത്തെ, സ്വാതന്ത്യത്തെ ആരും ചോദ്യം ചെയ്തിട്ടില്ല. പക്ഷെ, വെട്ടിമുറിക്കപ്പെട്ട വാര്‍ത്തകള്‍ക്കിടയിലൂടെ നുണ കയറ്റിവിടുന്ന തന്ത്രം ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും.  പോലീസ് പുറത്ത് വിടാത്തതും കുറ്റാരോപിതര്‍ നിഷേധിച്ചിട്ടുള്ളതുമായ മൊഴികള്‍ തുടര്‍ച്ചയായി മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതിനെ വ്യാജവാര്‍ത്ത ചമയ്ക്കല്‍ എന്നല്ലാതെ മറ്റൊന്നും വിളിക്കാനാവില്ല. അത് ഷാജഹാന് ഇഷ്ടപ്പെടുന്നുണ്ടോ എന്നത് വേറെ കാര്യം.  വാര്‍ത്തകള്‍ തങ്ങള്‍ക്ക് തോന്നിയ രീതിയില്‍ കൊടുക്കുന്നതും  തമസ്കരിക്കുന്നതും വസ്തുതകള്‍ വക്രീകരിച്ച് അവതരിപ്പിക്കുന്നതുമൊക്കെ ഏത് തരം സ്വതന്ത്രമാധ്യമപ്രവര്‍ത്തനത്തിന്റെ പരിധിയില്‍ വരും?

അതുകൊണ്ട്, പ്രിയപ്പെട്ട ഷാജഹാന്‍ കാളിയത്തേ,  കടിച്ചുകീറാനുളള വെറിയോടെ  തുടലുപൊട്ടിക്കാന്‍ വളര്‍ത്തുനായ കാണിക്കുന്ന വെപ്രാളം അതിന്റെയുളളിലെ അടങ്ങാത്ത സ്വാതന്ത്ര്യദാഹത്തിന്റെ തിരതളളലായി വകവെച്ചുതരണമെന്നു വാശി പിടിക്കരുത്.  തുടലു പിടിക്കുന്ന യജമാനനോടു കാണിക്കുന്ന കൂറിന്റെ പ്രകടനമാണത്. അതുകൊണ്ട് നിങ്ങള്‍ കുരച്ചോളൂ. പക്ഷേ, ചവിട്ടിപ്പിടിച്ചിരിക്കുന്ന എല്ലിന്‍ കഷണങ്ങള്‍ ഡിവൈഎസ്‍പി ജോസി ചെറിയാനും ഷൗക്കത്തലിയുമൊക്കെ  തന്നതാണ് എന്നു പറയാനുളള സ്വാതന്ത്ര്യം സിപിഎമ്മിനും വേണം. അവരെ അതേല്‍പ്പിച്ചതാര് എന്ന് ചോദിക്കാനുളള സ്വാതന്ത്ര്യവും...

Thursday, May 10, 2012

ദീപക് ശങ്കരനാരായണന് ഒരു തുറന്ന കത്ത്

പ്രിയപ്പെട്ട സുഹൃത്തേ,
മാധ്യമ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഫേസ് ബുക്കില്‍ താങ്കളെഴുതിയ കൗതുകകരമായ നിരീക്ഷണത്തോടുളള പ്രതികരണമാണിത്. താങ്കളുടെ നിരീക്ഷണം ഉദ്ധരിക്കട്ടെ.
ഇംഗ്ലീഷില്‍ അവന്‍ media worker ആണ്. മാദ്ധ്യമത്തൊഴിലാളി എന്നാണ് മലയാളം വേണ്ടത്. worker എന്നതിന് സാമൂഹ്യമാനങ്ങളുള്ള പ്രവര്‍ത്തകന്‍ എന്ന മലയാളം വാക്ക് ഉപയോഗിക്കുന്നത് തലക്കുചുറ്റും ഒരു വലയം സൃഷ്ടിച്ചെടുക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ്. "അശാന്തനായ ഒരു മാദ്ധ്യമപ്രവര്‍ത്തകന്‍" എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഒരു ഗമയൊക്കെയുണ്ട്. അശാന്തനായ ഒരു കൂട്ടിക്കൊടുപ്പുകാരന്‍ എന്ന് കേട്ടാല്‍ ചിരിയല്ലേ? ബാക്കീള്ളോരൊക്കെ വെറും തൊഴിലാളികള്‍. ഞങ്ങളെപ്പറ്റി ഞങ്ങള്‍ തന്നെ എഴുതുമ്പോള്‍ പ്രവര്‍ത്തകരെന്നേ എഴുതൂ.

ഇന്ത്യയില്‍ സ്വാതന്ത്ര്യസമരത്തിന്റെ അവിഭാജ്യമായ ഒരു ഘടകമായിട്ടാണ് പത്രപ്രവര്‍ത്തകരുടെ ആദ്യതലമുറ ഉണ്ടാവുന്നത്. അവരുടെ ആക്റ്റിവിസത്തിന്റെ ഭാഗം മാത്രമായിരുന്നു പത്രവും അതുമായി ബന്ധപ്പെട്ട ആക്റ്റിവിറ്റികളും. അതിന്റെ ഹാങ്ങോവറാവണം ഈ മാദ്ധ്യമപ്രവര്‍ത്തനം എന്ന വാക്കും media workersന് സമൂഹം കൊടുക്കുന്ന ബഹുമാന്യതയും. നാലുപാടുനിന്നും കാശുവാങ്ങിച്ച് കൂട്ടിക്കൊടുപ്പുപണി നടത്തുന്ന മലയാള മാദ്ധ്യമപിംപുകളെ പ്രവര്‍ത്തകന്‍ എന്ന് വിശേഷിപ്പിക്കുന്നത് അവരവരുടെ കാരണങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന നിരവധി യഥാര്‍ത്ഥ പ്രവര്‍ത്തകരെ അപമാനിക്കലാണ്.

ഈ നിരീക്ഷണത്തോടുളള വിയോജിപ്പ് അറിയിക്കാനാണ് ഈ കത്ത്. ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേയ്ക്കാണല്ലോ താങ്കള്‍ ആലോചനയുടെ ചാലു കീറിയിരിക്കുന്നത്. അങ്ങനെ നോക്കിയാല്‍, 'ജേണലിസം' എന്ന വാക്കിന്റെ തത്തുല്യമായ മലയാള തര്‍ജമ 'പത്രപ്രവര്‍ത്തനം' എന്നാണ്. അതില്‍ നിന്നാണ് പത്രപ്രവര്‍ത്തകനും മാധ്യമപ്രവര്‍ത്തകനും ഉണ്ടായത്.

ജേണലിസ്റ്റിന്റെ തര്‍ജമ പത്രത്തൊഴിലാളിയെന്നോ മാധ്യമത്തൊഴിലാളിയെന്നോ ആകാത്തത് എന്തുകൊണ്ട് എന്ന സംശയം സംശയം ന്യായവും സ്വാഭാവികവുമാണ്. പക്ഷേ, അവിടെ ജേണലിസത്തെ 'പത്രത്തൊഴില്‍' എന്നു വിവര്‍ത്തനം ചെയ്യാതെ 'പത്രപ്രവര്‍ത്തനം' എന്നു വിവര്‍ത്തനം ചെയ്തവരുടെ ദീര്‍ഘദര്‍ശനത്തെ നാം മാനിക്കേണ്ടി വരും.

മാധ്യമ സ്ഥാപനത്തില്‍ രണ്ടുതരം തൊഴിലുണ്ട്. പത്രപ്രവര്‍ത്തനം എന്ന് താങ്കള്‍ ആക്ഷേപിക്കുന്ന തൊഴില്‍ അതിലൊന്നാണ്. മറ്റൊന്ന്, അച്ചു നിരത്തല്‍, പ്രൂഫു നോക്കല്‍ തുടങ്ങിയ തൊഴിലുകളും.

ആദ്യം പറഞ്ഞ ജോലി ചെയ്യുന്നവരെ തൊഴിലാളികള്‍ എന്നു സംബോധന ചെയ്താല്‍ രണ്ടാമത്തെ വിഭാഗത്തെ നിങ്ങള്‍ എങ്ങനെ വിശേഷിപ്പിക്കും? ഇതു രണ്ടുതരം തൊഴിലുകളാണെന്ന് ഞങ്ങള്‍ പറയാതെ നിങ്ങള്‍ക്കറിയാമല്ലോ.

മാധ്യമത്തൊഴിലാളി എന്നു പറഞ്ഞാല്‍ മാധ്യമസ്ഥാപനത്തില്‍ പ്രൂഫു നോക്കുകയോ അച്ചുനിരത്തുകയോ ഒക്കെ ചെയ്യുന്ന ആള്‍ എന്ന അര്‍ത്ഥമേ വരൂ. വാര്‍ത്താ റിപ്പോര്‍ട്ടിംഗും വിശകലനവുമൊക്കെ മറ്റൊരു നിലവാരത്തിലുളളതാണ്. അതിന് വേറൊരു വൈദഗ്ധ്യം വേണം. രണ്ടുവിഭാഗത്തെയും വേര്‍തിരിച്ചറിയാന്‍ വ്യത്യസ്തമായ പ്രയോഗങ്ങള്‍ കൂടിയേ തീരൂ.

ഈ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച സുജിത് നായര്‍ - മനോരമയിലെ സോഫാ കം ബെഡ് എന്ന ലേഖനം താങ്കള്‍ വായിച്ചിട്ടുണ്ടോയെന്ന് ഞങ്ങള്‍ക്കറിയില്ല.

മുസ്ലിംലീഗിന്റെ അഞ്ചാം മന്ത്രിയുമായി ബന്ധപ്പെട്ടു മനോരമ പ്രസിദ്ധീകരിച്ചതാണ് സുജിത് നായരുടെ ലേഖനം. സ്വന്തം മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരെ ജാതി തിരിച്ച് വകുപ്പു വീതം വെച്ച ഉമ്മന്‍ചാണ്ടിയുടെ നടപടി വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നല്ലോ. കോണ്‍ഗ്രസുകാര്‍ക്കോ യുഡിഎഫുകാര്‍ക്കോ ദഹിക്കുന്നതായിരുന്നില്ല ആ നടപടി. നാടൊട്ടുക്ക് അക്രമവും പോര്‍വിളിയും നടന്നു. അതിനെക്കുറിച്ചാണ് "ലേപനം കിട്ടിയ ആശ്വാസത്തില്‍ യുഡിഎഫ്" എന്നു സുജിത് നായര്‍ മനോരമയില്‍ വെച്ചുകാച്ചിയത്.

ആശയലോകത്തു നടക്കുന്ന ഒരു കൂട്ടിക്കൊടുപ്പാണിത്. അതിന് അതിന്റേതായ വൈദഗ്ധ്യം ആവശ്യമുണ്ട്. ആ പണിയെടുക്കുന്നവനെ മാധ്യമത്തൊഴിലാളി എന്നു വിളിക്കുമ്പോള്‍ നിങ്ങള്‍ വെല്ലുവിളിക്കുന്നത് അച്ചുനിരത്തുകയും പ്രൂഫ് നോക്കുകയും ചെയ്യുന്നവന്റെ ആത്മാഭിമാനത്തെയാണ്.

മാധ്യമ സ്ഥാപനത്തിലെ തൊഴിലുകള്‍ തമ്മിലുളള ഈ വ്യത്യാസം നാം മനസിലാക്കണം. തീര്‍ത്തും വ്യത്യസ്തമായ തൊഴിലുകളെ അത്തരത്തില്‍ നിര്‍വചിച്ചുതന്നെ മനസിലാക്കണം.

ഉദാഹരണത്തിന് മനോരമയിലേയ്ക്ക് കമ്പോസിംഗിന് ഒരാളെ നിയമിക്കുന്നുവെന്ന് വെയ്ക്കുക. കൃത്യമായി നിര്‍വചിക്കപ്പെട്ട ഒരു തൊഴിലാണത്. അതു ചെയ്യാനാണ് ആ തൊഴിലാളിയെ നിയമിക്കുന്നത്.

പക്ഷേ, ജേണലിസ്റ്റിന്റെ കാര്യം വ്യത്യസ്തമാണ്. ഉമ്മന്‍ചാണ്ടിയ്ക്ക് സമയാസമയം എണ്ണ തേച്ച് ഉഴിഞ്ഞു കൊടുക്കുകയാണ് സുജിത് നായരുടെ ജോലിയെന്ന് അദ്ദേഹത്തിന്റെ ഓഫര്‍ ലെറ്ററിലോ അപ്പോയിന്‍മെന്റ് ഓര്‍ഡറിലോ മനോരമ നിര്‍വചിച്ചിട്ടുണ്ടാകില്ല. അതൊരു ഇംപ്ലൈഡ് ജോലിയാണ്. അലിഖിതമായി നിര്‍വചിക്കപ്പെട്ട തൊഴില്‍ ചെയ്യുന്നതിനാണ് ഭാവനയും സാമര്‍ത്ഥ്യവും ഉപയോഗിക്കേണ്ടത്. മുതലാളി കാര്യം തുറന്നു പറയില്ല. തൊഴിലാളിയ്ക്കത് തുറന്നു ചോദിച്ച് മനസിലാക്കേണ്ട ആവശ്യവുമില്ല.

മനോരമയില്‍ പ്രൂഫു നോക്കുന്നവനും അച്ചുനിരത്തുന്നവനുമൊന്നും ഉമ്മന്‍ചാണ്ടിയ്ക്ക് എണ്ണയിടേണ്ട ചുമതലയില്ല. ജേണലിസ്റ്റിന് അതുണ്ടു താനും. ഇരുകൂട്ടരെയും തൊഴിലാളികള്‍ എന്ന ഒറ്റ പരികല്‍പനയ്ക്കുളളില്‍ ഒതുക്കാനാവില്ല. അതില്‍ രാഷ്ട്രീയമായ ശരികേടുണ്ട്.

കാരണം, തൊഴിലാളി എന്ന പദത്തില്‍ ചൂഷണത്തിന്റെയും പീഡനത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും നൂറ്റാണ്ടുകള്‍ പഴക്കമുളള കരുവാളിപ്പുണ്ട്. അടിമത്ത കാലഘട്ടം മുതലുളള അധ്വാനത്തിന്റെ തഴമ്പു വീണ പദമാണത്. ചെറുത്തുനില്‍പ്പെന്നും പോരാട്ടമെന്നും അതിനര്‍ത്ഥമുണ്ട്.

ജേണലിസ്റ്റ് എന്ന പദത്തിന് ഇതൊന്നുമവകാശപ്പെടാനാവില്ല. അടിമത്തം മുതല്‍ ഇന്നോളമുളള എല്ലാ ആധിപത്യവ്യവസ്ഥകളും ഉല്‍പാദിച്ച പൊതുബോധത്തെ സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട പടയാളിയാണവന്‍. അധ്വാനിക്കുന്ന മഹാഭൂരിപക്ഷത്തിനുമേല്‍ ആശയക്കുഴപ്പം വര്‍ഷിച്ച്, പോരാട്ടഭൂമിയില്‍ അവനെ നിസ്‌തേജനാക്കുകയാണ് ഈ പടയാളിയില്‍ ഏല്‍പ്പിക്കപ്പെട്ട ചുമതല. നുണകള്‍ നിര്‍മ്മിക്കും. ദുര്‍വ്യാഖ്യാനങ്ങള്‍ പടയ്ക്കും. ഒപ്പം അധികാരത്തിന്റെ കോട്ടകൊത്തളങ്ങളില്‍ ആളായി നിന്നും അവന്‍ കൂട്ടിക്കൊടുക്കും. വീര്‍ സാംഗ്‌വിയുടെയും ബര്‍ക്കാ ദത്തിന്റെയും കഥകള്‍ അതാണ് പറഞ്ഞു തരുന്നത്.

അതിനാല്‍ ജേണലിസ്റ്റിനെ മാധ്യമത്തൊഴിലാളി എന്നു പരാവര്‍ത്തനം ചെയ്യുന്നതില്‍ ശരികേടുണ്ടെന്ന് തോന്നുന്നു. മാത്രമല്ല, അങ്ങനെ വിശേഷിപ്പിച്ചു കാണാത്തതില്‍ താങ്കള്‍ പ്രകടിപ്പിക്കുന്ന രോഷം യഥാര്‍ത്ഥത്തില്‍ തൊഴിലാളിയെ അപമാനിക്കുന്നതുമാണ്. ജേണലിസ്റ്റിനു ചേരുന്ന പരാവര്‍ത്തനം മാധ്യമപ്രവര്‍ത്തകന്‍ എന്നു തന്നെയാണ്. കാരണം, പലതരം പ്രവര്‍ത്തനങ്ങളുടെ ഏകോപനവും നിര്‍വഹണവും സൂത്രധാരത്വവും അവന്‍ വഹിക്കുന്നുണ്ട്.

അവയോരോന്നായി പൊളിച്ചെഴുതുന്ന പ്രവര്‍ത്തനങ്ങളില്‍ താങ്കളുടെ സഹായങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിച്ചുകൊണ്ട് കത്തു ചുരുക്കുന്നു.

സ്‌നേഹപൂര്‍വം,
പൊളിച്ചെഴുത്ത് ടീം.

Monday, May 7, 2012

ആ ചിതയിലെ ചാമ്പല്‍ തിന്നുന്നതാര്?

ടി. പി. ചന്ദ്രശേഖരന്റെ കൊലയാളികളെ കണ്ടെത്തുന്നതിനു മുമ്പേ, കൊലപാതകത്തിന്റെ ഉത്തരവാദിത്തം സിപിഎമ്മിന്റെ പിടലിയ്ക്കു വെച്ചു കഴിഞ്ഞു. കൊലയാളികളുടെ പേരുകളും കൊന്നത് എന്തിനെന്നും സവിസ്തരം വിശദീകരിക്കപ്പെട്ടു.

എന്തിന് സിപിഎം ചന്ദ്രശേഖരനെ കൊല്ലണം? ആ ചോദ്യത്തിന് പത്രങ്ങളിലെയും ചാനലുകളിലെയും ഭാവനാശാലികള്‍ പ്രചരിപ്പിക്കുന്ന ഉത്തരത്തിന് ഉള്‍ബലം പോര. ചന്ദ്രശേഖരനു പിന്നാലെ ഒഞ്ചിയത്തെ സിപിഎം ഒലിച്ചുപോയതിലുളള പകയാണത്രേ, ഈ കൊലപാതകം. ആ സിദ്ധാന്തത്തിനു തല കുലുക്കുന്നതിനു മുമ്പ്, ഒഞ്ചിയത്തെ സിപിഎം അങ്ങനെ ഒലിച്ചു പോയോ എന്നു പരിശോധിക്കേണ്ടേ.

നമുക്ക് സഖാവ് പുതിയേടത്ത് ജയരാജനില്‍ നിന്ന് സഖാവ് എന്‍ വേണുവിലേയ്ക്കുളള ദൂരമളക്കാം. ഒഞ്ചിയത്തും പരിസരത്തും നടക്കുന്ന യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റു പരീക്ഷണത്തിന്റെ ഭൂതവും ഭാവിയും വര്‍ത്തമാനവുമൊക്കെ അതിനിടയിലുണ്ട്.  ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റാണ് സഖാവ് ജയരാജന്‍. മത്സരിച്ചു വിജയിച്ചത് വളളിക്കുളങ്ങര വാര്‍ഡില്‍. കിട്ടിയത് 525 വോട്ട്. എതിര്‍സ്ഥാനാര്‍ത്ഥി സിപിഐയുടെ എം പി രാഘവനു കിട്ടിയത് 261 വോട്ട്. സഖാവ് ജയരാജന്റെ ഭൂരിപക്ഷം 264.

വടകര നിയമസഭാ മണ്ഡലത്തിലെ റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിരുന്നു സഖാവ് എന്‍ വേണു. സിപിഎമ്മിലായിരുന്ന കാലത്ത് ഏറാമല പഞ്ചായത്ത് പ്രസിഡന്റും ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമൊക്കെയായിരുന്നു അദ്ദേഹം. വടകരയില്‍ അദ്ദേഹത്തിന് ലഭിച്ചത് 10098 വോട്ടുകള്‍. പക്ഷേ, അവിടെ ജയം എല്‍ഡിഎഫിനായിരുന്നു. ജനതാദളിലെ സി കെ നാണു 847 വോട്ടിന്റെ തീരെച്ചെറിയ ഭൂരിപക്ഷത്തിന് വിജയിച്ചു.

എല്‍ഡിഎഫ് കിട്ടേണ്ടിയിരുന്ന വോട്ടുകളാണല്ലോ വേണുവിന് ലഭിച്ചത്. അങ്ങനെയൊരു പതിനായിരം വോട്ടു കവര്‍ന്നിട്ടും വടകര മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടില്ല. ആ യാഥാര്‍ത്ഥ്യം ആരെയാണ് വീണ്ടുവിചാരത്തിന് പ്രേരിപ്പിച്ചിരിക്കുക.

ആ ചോദ്യത്തിന് ഉത്തരം തേടുംമുമ്പ് നമുക്ക് ഒഞ്ചിയം പഞ്ചായത്തിന്റെ തെരഞ്ഞെടുപ്പു ഫലം പരിശോധിക്കാം. സിപിഎമ്മിന്റെ കുത്തക അവസാനിപ്പിച്ച് ഒഞ്ചിയത്ത് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അധികാരമേറിയത് ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. ആ വിജയം യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന്റെ സംഭാവനയായിരുന്നു.

കണക്കു പരിശോധനയില്‍ ആ യാഥാര്‍ത്ഥ്യം വ്യക്തമാകും. 2005ല്‍ ഒഞ്ചിയത്ത് പതിനാറ് സീറ്റും 9128 വോട്ടുമാണ് സിപിഎം നേടിയത്. 2010ല്‍ അത് അഞ്ചു സീറ്റും 6632 വോട്ടുമായി കുറഞ്ഞു. സിപിഎമ്മിന് നഷ്ടപ്പെട്ടത് 2496 വോട്ടുകള്‍.

അതേ സമയം യുഡിഎഫോ? 2005ല്‍ എല്ലാ വാര്‍ഡുകളിലും യുഡിഎഫ് മത്സരിച്ചിരുന്നു. ഒരു സീറ്റിലേ ജയിച്ചുളളൂവെങ്കിലും 5341 വോട്ടുകളും നേടി. ഈ വോട്ട് 2010ല്‍ 2796 ആയി ഇടിഞ്ഞു. പതിനൊന്നു വാര്‍ഡുകളില്‍ അവര്‍ക്ക് സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്നില്ല. അതില്‍ എട്ടുവാര്‍ഡുകളിലാണ് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ജയിച്ചത്.

റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേടിയ 6293 വോട്ടുകളില്‍ സിപിഎമ്മിന്റെ വിഹിതത്തേക്കാള്‍ കൂടുതല്‍ കോണ്‍ഗ്രസ് വിഹിതമാണ് എന്നര്‍ത്ഥം. ഈ വോട്ടുകള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തിരിച്ചെടുത്തു. ഫലം, റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ യഥാര്‍ത്ഥശക്തി വെളിപ്പെട്ടു.

നമുക്ക് സഖാവ് പുതിയേടത്തു ജയരാജന്റെ വാര്‍ഡിലേയ്ക്കു പോകാം. വടകര മണ്ഡലത്തിലെ 57, 58 ബൂത്തുകളിലാണ് ഈ വാര്‍ഡ് ഉള്‍പ്പെടുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ അമ്പത്തേഴാം ബൂത്തിലെ വോട്ടു കണക്ക് ഇങ്ങനെ: സി. കെ. നാണു - 379, എം. കെ. പ്രേമനാഥ് - 254, എന്‍. വേണു - 127.

ബൂത്ത് അമ്പത്തെട്ടില്‍ സി. കെ. നാണു - 414, എം. കെ. പ്രേമനാഥ് - 230, എന്‍. വേണു - 165.

പഞ്ചായത്തു തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പുമായി വെറും ഒരുവര്‍ഷത്തെ വ്യത്യാസം പോലുമില്ല. സഖാവ് പുതിയേടത്തു ജയരാജന് കിട്ടിയ 525 വോട്ടുകള്‍ നേര്‍പകുതിയും കടന്ന് താഴെപ്പോയി.

നിയമസഭാ സ്ഥാനാര്‍ത്ഥിയായ സഖാവ് വേണുവിന് ഒഞ്ചിയം പഞ്ചായത്തില്‍ ലഭിച്ച ആകെ വോട്ടുകളുടെ കണക്കും ഇതു ശരിവെയ്ക്കുന്നു. വടകര മണ്ഡലത്തിലെ 43 മുതല്‍ 62 വരെ ബൂത്തുകളിലാണ് ഒഞ്ചിയം പഞ്ചായത്തിന്റെ വോട്ടു വീണത്. അവിടെ സി. കെ. നാണു നേടിയത് 7125 വോട്ടുകള്‍. പ്രേമനാഥിന് 4677, വേണുവിന് 2959.

പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ 6293 വോട്ടുകള്‍ നേടിയ റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയ്ക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ കിട്ടിയത് 2959 വോട്ടുകള്‍. യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍ക്ക് നല്‍കിയ നിക്ഷേപം പിന്‍വലിച്ചപ്പോള്‍ യുഡിഎഫിന്റെ വോട്ട് 2796ല്‍ നിന്ന് 4677 ആയി ഉയര്‍ന്നു. പഞ്ചായത്തു തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എല്‍ഡിഎഫിന് നേരിയ വോട്ടുവര്‍ദ്ധനയുണ്ടായപ്പോള്‍ കോണ്‍ഗ്രസിന് വന്‍വര്‍ദ്ധനയുണ്ടായി. പക്ഷേ, യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരുടെ വോട്ടുവിഹിതം പകുതിയോളം കുറഞ്ഞു.

ഒഞ്ചിയത്തിന്റെ ഈ രണ്ടുജനവിധികളിലെയും രാഷ്ട്രീയസൂചന ഇങ്ങനെ ആറ്റിക്കുറുക്കാം: വലതുപക്ഷത്തിന്റെ നിര്‍ലോഭമായ പിന്തുണയില്ലാതെ സിപിഎമ്മില്‍ നിന്ന് വിഘടിച്ചു പോകുന്നവര്‍ക്ക് ഒരു പഞ്ചായത്തു വാര്‍ഡില്‍ പോലും നിലനില്‍പ്പു സാധ്യമല്ല; സിപിഎമ്മിന്റെയോ എല്‍ഡിഎഫിന്റെയോ അടിത്തറ ഉലയ്ക്കാനുളള കരുത്തും ഒഞ്ചിയം, ഏറാമല മാര്‍ക്‌സിസത്തിനില്ല. ഒറ്റയ്ക്കായിരുന്നുവെങ്കില്‍ ഒഞ്ചിയം പഞ്ചായത്ത് ഭരിക്കാന്‍ റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് കഴിയുമായിരുന്നില്ല. ഒറ്റയ്ക്കു നില്‍ക്കുന്ന റവല്യൂഷണറിക്കാരെ എല്‍ഡിഎഫ് തലനാരിഴയ്ക്കാണെങ്കിലും അതിജീവിക്കുകയും ചെയ്തു.

വടകരയ്ക്കു പുറമെ ബേപ്പൂരും ഇടതുപക്ഷ ഏകോപന സമിതി കം റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി മത്സരിച്ചു. അവരുടെ സൈദ്ധാന്തികന്‍ കെ. എസ്. ഹരിഹരനായിരുന്നു അവിടെ സ്ഥാനാര്‍ത്ഥി. അദ്ദേഹത്തിന് ആകെ കിട്ടിയത് 564 വോട്ട്. 139 ബൂത്തുളളതില്‍ ആറെണ്ണത്തില്‍ മാത്രമാണ് അദ്ദേഹം രണ്ടക്കം കടന്നത്. 24-ാം ബൂത്തില്‍ കിട്ടിയ 25 വോട്ടാണ് അദ്ദേഹത്തിന് ഒരു ബൂത്തില്‍ കിട്ടിയ ഏറ്റവും വലിയ സമ്പാദ്യം.

വടകരയൊഴിച്ച് കോഴിക്കോട് ജില്ലയിലെങ്ങും യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് ഒരു റോളും നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായിരുന്നില്ല. ജില്ലയില്‍ ആകെയുളള പതിമൂന്ന് സീറ്റില്‍ പത്തിലും എല്‍ഡിഎഫ് വിജയിച്ചു. മൂന്നു സീറ്റ് മുസ്ലിംലീഗിന്. കോണ്‍ഗ്രസ് സമ്പൂര്‍ണമായി തൂത്തെറിയപ്പെട്ടു.

ടി. പി. ചന്ദ്രശേഖരന്‍ എന്ന നേതാവിന്റെ വളര്‍ച്ചയെ സിപിഎം ഭയപ്പെട്ടിരുന്നു എന്ന വിലയിരുത്തലുകള്‍ക്ക് എന്തടിസ്ഥാനമുണ്ടെന്ന് ഈ യാഥാര്‍ത്ഥ്യങ്ങളുടെ പശ്ചാത്തലത്തിലാണ് നാം പരിശോധിക്കേണ്ടത്. ടി. പി. ചന്ദ്രശേഖരന്റെ വധം ആരുടെ ആവശ്യമായിരുന്നു എന്നും അപ്പോഴാണ് നമുക്കു ബോധ്യപ്പെടുന്നത്. റവല്യൂഷണറിക്കാര്‍ ഒറ്റയ്ക്കു നിന്നാല്‍ അവര്‍ക്കു മാത്രമാണ് പ്രയോജനമെന്നും നിര്‍ണായകസമയത്ത് തങ്ങള്‍ക്ക് അതിന്റെ ഗുണം കിട്ടണമെന്നില്ലെന്നും യുഡിഎഫിനെ ബോധ്യപ്പെടുത്തുകയായിരുന്നു വടകര. ഒഞ്ചിയം പഞ്ചായത്തില്‍ റവല്യൂഷണറിക്കാര്‍ക്ക് യുഡിഎഫ് നല്‍കിയ സഹായം വടകര മണ്ഡലത്തില്‍ തിരിച്ചു ചെയ്തിരുന്നുവെങ്കില്‍ സി കെ നാണുവിനു പകരം എം. കെ പ്രേമനാഥ് നിയമസഭയിലെത്തുമായിരുന്നു.

ഷൊര്‍ണൂര്‍ നഗരസഭയില്‍ യുഡിഎഫുമായി പരസ്യസഖ്യത്തിലേര്‍പ്പെട്ട എം ആര്‍ മുരളിയെ ഇടതു ഏകോപന സമിതിയില്‍ നിന്ന് പുറത്താക്കിയത് ഓര്‍ക്കുക. എം ആര്‍ മുരളിയും ഏറ്റവുമൊടുവില്‍ സെല്‍വരാജും മുറുമുറുപ്പൊന്നും കൂടാതെ യുഡിഎഫ് കൂടാരത്തില്‍ ചേക്കേറി. അപ്പോഴും റവല്യൂഷണറി മാര്‍ക്‌സിസ്റ്റു പാര്‍ട്ടി അണികള്‍ അതിനു തയ്യാറായില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പുവേളയില്‍ കോണ്‍ഗ്രസിന്റെ സഹായം കൈപ്പറ്റാന്‍ കാണിച്ച ഉത്സാഹം നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് വടകരയില്‍ തിരിച്ചു നല്‍കിയില്ല. മറ്റു സ്ഥലങ്ങളിലാണെങ്കില്‍ അതിനുളള കെല്‍പ്പും റവല്യൂഷണറി പാര്‍ട്ടിക്ക് ഇല്ലതാനും.

ചന്ദ്രശേഖരന്റെ കൊലപാതക വാര്‍ത്ത പുറംലോകമറിഞ്ഞ് സെക്കന്റുകള്‍ക്കുളളില്‍ ഏഷ്യാനെറ്റില്‍ പ്രതികരിക്കാനെത്തിയത് സാക്ഷാല്‍ എം ആര്‍ മുരളിയാണ്. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയത് സിപിഎമ്മാണെന്ന കാര്യത്തില്‍ ഒരു സംശയവും മുരളിയ്ക്കുണ്ടായിരുന്നില്ല. ചന്ദ്രശേഖരന്‍ സെക്രട്ടറിയായിരുന്ന ഇടത് ഏകോപന സമിതിയില്‍ നിന്ന് പുറത്താക്കപ്പെട്ടയാളാണ് മുരളി. സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിച്ച് യുഡിഎഫുമായി സഹകരിച്ചതിനാണ് മുരളിയെ പുറത്താക്കിയത് എന്ന് പത്രസമ്മേളനം നടത്തി പുറംലോകത്തെ അറിയിച്ചതും ടി. പി. ചന്ദ്രശേഖരന്‍ തന്നെയായിരുന്നു.

എം ആര്‍ മുരളിയെയോ ശെല്‍വരാജിനെയോ പോലെ അത്രയെളുപ്പം യുഡിഎഫിന്റെ സില്‍ബന്ധികളാകാന്‍ ടി. പി. ചന്ദ്രശേഖരനും ഒഞ്ചിയം ഏറാമല നിവാസികള്‍ക്കും കഴിയില്ല. ആ മണ്ണിന്റെ വിപ്ലവബോധത്തെ കോണ്‍ഗ്രസിന്റെ കാല്‍ച്ചുവട്ടിലെത്തിക്കുക എളുപ്പമല്ല. കലര്‍പ്പറ്റ കോണ്‍ഗ്രസ് വിരോധമാണ് ആ പാരമ്പര്യം. സഖാവ് മണ്ടോടി കണ്ണനിലാണ് അതു തുടങ്ങുന്നത്. സ്വന്തം ജയത്തിന് അവര്‍ ഒരുപക്ഷേ, കോണ്‍ഗ്രസിനെ ഉപയോഗിച്ചിരുന്നിരിക്കാം. പക്ഷേ, കോണ്‍ഗ്രസിനുവേണ്ടി വോട്ടുപിടിക്കാനും പ്രചരണത്തിനിറങ്ങാനും അവര്‍ക്കു കഴിയില്ല.

ആ പ്രതിബന്ധം തകരണമെങ്കില്‍, മണ്ടോടി കണ്ണന്റെ അന്ത്യനിമിഷങ്ങള്‍ക്കു പകരം വെയ്ക്കാന്‍ കഴിയുന്ന, വൈകാരികതയുടെ വെടിമരുന്നു പുകയുന്ന ഒരു സംഭവം വേണം. സിപിഎം വിരോധത്തെ തലമുറകളിലേയ്ക്ക് കത്തിപ്പടര്‍ത്താന്‍ ശേഷിയുളള ഒന്ന്. തിരിച്ചറിയാന്‍ കഴിയാത്ത തരത്തില്‍ വെട്ടിവികൃതമാക്കിയ ടി പി ചന്ദ്രശേഖരന്റെ മുഖം അതിനുളള ഒന്നാന്തരം ഉപാധിയാണ്.

മലബാറിന്റെ രാഷ്ട്രീയചരിത്രം തിരുത്തിയെഴുതാന്‍ അതിസൂക്ഷ്മമായി തയ്യാറാക്കപ്പെട്ട ഒരു തിരക്കഥ അനിവാര്യമാക്കിയ സംഭവമല്ല, ചന്ദ്രശേഖരന്‍ വധമെന്ന് ആര്‍ക്കു പറയാന്‍ കഴിയും?

Friday, April 13, 2012

സുജിത് നായര്‍ - മനോരമയിലെ സോഫാ കം ബെഡ്

1989ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനിറങ്ങിയ രമേശ് ചെന്നിത്തലയെ സോഫാ കം ബെഡ് എന്നാണ് കണിയാപുരം രാമചന്ദ്രന്‍ വിശേഷിപ്പിച്ചത്. കെ. കരുണാകരന്റെ ഇരിപ്പിടവും പി. കെ. നാരായണപ്പണിക്കരുടെ കിടക്കയുമാണ് രമേശ് എന്നായിരുന്നു കണിയാപുരത്തിന്റെ വിശദീകരണം. മലയാള മാധ്യമലോകത്തുമുണ്ടൊരു "സോഫാ കം ബെഡ്". അതാകുന്നു, മലയാള മനോരമയിലെ സുജിത് നായര്‍. തിരുവഞ്ചൂരിന് ഇരിക്കാനും ഉമ്മന്‍ചാണ്ടിയ്ക്കു കിടക്കാനുമുളള വ്യാഖ്യാനങ്ങള്‍ ചമയ്ക്കാനുളള വൈഭവമാണ് മാധ്യമലോകത്തെ സോഫാ കം ബെഡ് പുരസ്കാരത്തിന് സുജിത് നായരെ അര്‍ഹനാക്കുന്നത്. 

സിപിഎമ്മിനെ ശരിപ്പെടുത്തുക എന്നതാണ് മനോരമയില്‍ സുജിത് നായരുടെ ദൗത്യം. സ്തുത്യര്‍ഹമായി അതദ്ദേഹം നിറവേറ്റി വരുന്നതെങ്ങനെയെന്ന് ദേശാഭിമാനി അസോസിയേറ്റ് എഡിറ്റര്‍ പി എം മനോജ് പണ്ടെഴുതിയ ലേഖനത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. മനോരമയുടെ നവ അടവുനയം എന്ന തലക്കെട്ടില്‍ 2010 മെയ് ആറിനെഴുതിയ ലേഖനത്തിലെ ഈ പരാമര്‍ശം കാണുക..
കണ്ടത്തില്‍ കുടുംബം പിന്നിലുണ്ടെങ്കില്‍ എന്തും ചെയ്യാമെന്ന് കരുതുന്ന തിരുവനന്തപുരത്തെ ഒരു മനോരമ ലേഖകന്‍ ഈയടുത്ത കാലത്ത് ഒരു സിപിഐ എം നേതാവിനെ ഫോണില്‍ വിളിച്ചു. അന്നു ചേര്‍ന്ന സെക്രട്ടറിയറ്റ് യോഗത്തിന്റെ ചര്‍ച്ച എന്തൊക്കെയെന്ന് പറയണമെന്നായിരുന്നു ആവശ്യം. പാര്‍ടി മീറ്റിങ്ങിലെ ചര്‍ച്ച പറഞ്ഞുതരാന്‍ തന്നെ കിട്ടില്ലെന്ന മറുപടി കേട്ടപ്പോള്‍ കണ്ടത്തില്‍ റിപ്പോര്‍ട്ടറുടെ സ്വഭാവം മാറി. പാര്‍ടി രഹസ്യം ചോര്‍ത്തിക്കൊടുത്തില്ലെങ്കില്‍ എഴുതി നാറ്റിച്ചുകളയും എന്നായി ഭീഷണി. ബ്ളാക്ക്മെയിലിങ് തന്നോടു വേണ്ടെന്ന് കടുപ്പിച്ചു പറഞ്ഞപ്പോള്‍ ഫോണ്‍ കട്ടുചെയ്ത ഇത്തരം വേഷങ്ങളാണ് മനോരമത്തരം എന്ന് പേരിട്ടുവിളിക്കാവുന്ന വാര്‍ത്തയെഴുത്ത് ശൈലിയുടെ ഉപജ്ഞാതാക്കള്‍.

ഈ കഥാനായകന്‍ സുജിത് നായരാണെന്നാണ് തിരുവനന്തപുരം പ്രസ് ക്ലബിലെ സായാഹ്നസംഘങ്ങള്‍ അടക്കം പറയുന്നത്. സിപിഎമ്മിനെ ശരിപ്പെടുത്താന്‍ സുജിത് നായരുടെ  പേന കൈവരിക്കുന്ന സംഹാരഭാവത്തെക്കുറിച്ച് ഈ ബ്ലോഗില്‍ ഇതിനു മുമ്പും സൂചിപ്പിച്ചിട്ടുണ്ട്. പക്ഷേ, കോണ്‍ഗ്രസും യുഡിഎഫും വിഷയമാകുമ്പോള്‍ ആ പേനയില്‍ പൊട്ടിവിടരുന്ന ശൃംഗാരവും ലാസ്യവും ഒന്നു കാണേണ്ടതു തന്നെ.

മഞ്ഞളാംകുഴി അലിയുടെ സിംഹാസനാരോഹണവും മന്ത്രിമാരുടെ വകുപ്പുമാറ്റവും കോണ്‍ഗ്രസിനുളളില്‍ പുതിയ തര്‍ക്കങ്ങളും വിവാദങ്ങള്‍ക്കുമാണ് കാരണമായത്. എങ്ങുമില്ല സന്തോഷം. രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റാണെന്നാണ് വെപ്പ്. പക്ഷേ പാര്‍ട്ടി മന്ത്രിമാരുടെ വകുപ്പുമാറ്റം പുളളി അറിഞ്ഞത് സംഭവം നടക്കുന്നതിന് തൊട്ടുമുമ്പ്. ആര്യാടനും മുരളിയും സുധീരനും മുതല്‍ യൂത്ത് കോണ്‍ഗ്രസും കെഎസ്‌യുവും വരെ ഇടന്തടിച്ചു നില്‍ക്കുന്നു. പെരുന്ന നായരും കണിച്ചുകുളങ്ങര ചോവനും എതിര്‍പ്പിന്റെ ഏറുപടക്കമെറിഞ്ഞു കഴിഞ്ഞു.

ഈ സംഭവങ്ങളെ മൊത്തം അവലോകനം ചെയ്ത് മനോരമയുടെ എഡിറ്റ് പേജില്‍ സുജിത് നായര്‍ ഒരുപന്യാസം കാച്ചി. തലക്കെട്ട്, മുഖ്യമന്ത്രിയുടെ ഒറ്റമൂലി, ലേപനം കിട്ടിയ ആശ്വാസത്തില്‍ യുഡിഎഫ്. ഉമ്മന്‍ചാണ്ടി കെപിസിസിയുടെ മുഖത്തു ചീറ്റിയത് ജനാധിപത്യവിരുദ്ധതയുടെ അധോവായുവാണ്. അപ്രതീക്ഷിതമായ ദുര്‍ഗന്ധബാധയേറ്റ് കെപിസിസി പ്രസിഡന്റടക്കം മൂക്കുപൊത്തി നില്‍ക്കുമ്പോഴാണ് സംഗതി സുഗന്ധലേപനമാണെന്ന വ്യാഖ്യാനവുമായി സുജിത് നായരുടെ വരവ്.

യുഡിഎഫിനു കിട്ടിയ "ആശ്വാസ"ത്തിന്റെ കണക്കെടുക്കാന്‍ പത്രം വേറെ വായിക്കണം. നമുക്കു മാതൃഭൂമിയെടുക്കാം. രമേശ് ആന്റണിയെ പരാതി അറിയിച്ചു.  കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തം എന്ന് കരിങ്കൊടി ഫ്രെയിമില്‍ ഒന്നാം പേജില്‍ പ്രധാന വാര്‍ത്ത. ആ പേജ് ഇങ്ങനെ...


മാതൃഭൂമിയില്‍ തന്നെ മറ്റൊരു വാര്‍ത്ത. അഞ്ചാം മന്ത്രി മലപ്പുറത്ത് കോണ്‍ഗ്രസില്‍ അമര്‍ഷം പുകയുന്നു എന്ന് തലക്കെട്ട്. യുഡിഎഫിനു വേണ്ടി സുജിത്ത് നായര്‍ എഴുതിയുണ്ടാക്കിയ ആശ്വാസത്തിന്റെ മലപ്പുറം വേര്‍ഷന്‍ അതില്‍ കാണാം. ലീഗിന് അഞ്ചാം മന്ത്രിയെ അനുവദിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വന്തം നേതാക്കള്‍ക്കെതിരെ ഫേസ് ബുക്കില്‍ പ്രചരണം നടത്തുന്നു. പി സി വിഷ്ണുനാഥ് എംഎല്‍എ നയിക്കുന്ന യുവജനയാത്രയുടെ പോസ്റ്ററില്‍ "നോ എന്‍ട്രി ടു മലപ്പുറം" എന്നു രേഖപ്പെടുത്തി, യാത്രയ്ക്ക് ചെമ്മാട് നല്‍കാനിരുന്ന സ്വീകരണം വേണ്ടെന്നു വെച്ചു, പൊന്മളയില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു, വളളിക്കുന്ന് മണ്ഡലത്തില്‍ സ്വാഗതസംഘം കമ്മിറ്റി പിരിച്ചുവിട്ടു, വേങ്ങരയില്‍ യാത്രയ്ക്ക് സ്വീകരണം നല്‍കുന്നില്ലെന്ന് നേതാക്കള്‍ തീരുമാനിച്ചു, അരീമ്പ്രയില്‍ മന്ത്രി കെ. പി. അനില്‍ കുമാറിന്റെ പരിപാടി വേണ്ടെന്നു വെച്ചു എന്നൊക്കെയാണ് മാതൃഭൂമി സാക്ഷ്യപ്പെടുത്തുന്നത്.


ഈ സംഭവങ്ങളൊന്നും മനോരമയിലോ സുജിത് നായരുടെ വിശകലനത്തിലോ ഇല്ല. രമേശ് ചെന്നിത്തല ആന്റണിയെ വിളിച്ച് പ്രതിഷേധമറിയിച്ച വാര്‍ത്ത ഒന്നാംപേജില്‍ നിന്ന് വലിച്ചുമാറ്റി. ഉള്‍പ്പേജിലൊതുങ്ങിയ ആ വാര്‍ത്തയ്ക്ക് മനോരമ നല്‍കിയ തലക്കെട്ട് ഇങ്ങനെ.. വകുപ്പു മാറ്റം വിശാല ഐ ഗ്രൂപ്പിന് എതിര്‍പ്പ്. കെപിസിസി പ്രസിഡന്റിന്റെ എതിര്‍പ്പിനെ ഒരു ഗ്രൂപ്പിന്റെ കൊതിക്കെറുവായി മനോരമ ഒതുക്കിക്കെട്ടി.

മാതൃഭൂമി ഒന്നാംപേജില്‍ റിപ്പോര്‍ട്ടു ചെയ്ത രമേശ് ചെന്നിത്തലയുടെ എതിര്‍പ്പ് മനോരമ കണ്ടതെങ്ങിനെയാണ്. ഇതുകൊണ്ടും പോരാഞ്ഞ്, സുജിത് നായരുടെ വക അവലോകനത്തില്‍ ആ എതിര്‍പ്പിനെ രേഖപ്പെടുത്തുന്നതു കാണൂ... 
അഴിച്ചുപണി മുഖ്യമായും ഉമ്മന്‍ചാണ്ടിയെടുത്ത തീരുമാനമാണ്. മന്ത്രിസഭയില്‍ താന്‍ വരുത്താന്‍ പോന്ന മാറ്റങ്ങളെക്കുറിച്ച് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയോടു പോലും അദ്ദേഹം വെളിപ്പെടുത്തിയത് രാവിലെ രാജ്ഭവനില്‍ വെച്ചു മാത്രമാണ്. അതു മുഖ്യമന്ത്രിയുടെ അധികാരപരിധിയില്‍ വരുന്ന കാര്യമാണല്ലോ എന്നു രമേശും പ്രതികരിച്ചു.

അത്രയേ ഉളളൂ!!!

കോണ്‍ഗ്രസിലുണ്ടായ പടലപ്പിണക്കങ്ങളെ വ്യാഖ്യാനിച്ചു തണുപ്പിക്കാന്‍ നായര്‍ വാലുളള വിശകലന വിദഗ്ധനെ മനോരമ രംഗത്തിറക്കിയത് വെറുതെയല്ല. സാധാരണ യുഡിഎഫിനു വേണ്ടി ഇത്തരം വ്യാഖ്യാനങ്ങള്‍ ചമയ്ക്കാനുളള നിയോഗം ജോണ്‍ മുണ്ടക്കയത്തിനെയാണ് ഏല്‍പ്പിച്ചു കാണാറ്. പക്ഷേ, ഉമ്മന്‍ചാണ്ടിയ്ക്കു വേണ്ടി ന്യായം പറയാന്‍ ഒരു ക്രിസ്ത്യാനിയെ നിയോഗിക്കുന്ന മണ്ടത്തരം മനോരമ ചെയ്യില്ല. ആ പണി നായരെ ഏല്‍പ്പിച്ചാലേ അതിനൊരു പ്രൊഫഷണല്‍ തികവ് വരൂ.

അഞ്ചാം മന്ത്രിയെന്ന മുസ്ലിംലീഗിന്റെ കരുനീക്കത്തില്‍ ഇടപെട്ട എന്‍എസ്എസിന്റെ ഉന്നം ഉമ്മന്‍ചാണ്ടിയുടെ മുഖ്യമന്ത്രിക്കസേരയാണെന്ന് മറ്റാരു കണ്ടില്ലെങ്കിലും മനോരമ കണ്ടു. ജോര്‍ജിനടക്കം ആറു ക്രിസ്ത്യാനികളും അഞ്ചു മുസ്ലിങ്ങളുമാണ് കാബിനറ്റ് പദവിയില്‍ ഊരു ചുറ്റുന്നത്. ആ കൂട്ടത്തില്‍ നായന്മാരുടെ എണ്ണം വെറും നാലായിച്ചുരുങ്ങിപ്പോയതു കണ്ടാല്‍ ഏതു സമുദായാഭിമാനിക്കും ചങ്കു കഴയ്ക്കും. ഈ ഫോര്‍മുലയ്‌ക്കൊപ്പിച്ച് സാമുദായികവീര്യം അടങ്ങിക്കിടക്കണമെങ്കില്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനം രമേശ് ചെന്നിത്തലയെ ഏല്‍പ്പിക്കണം. മുസ്ലിംലീഗിന് അഞ്ചാം മന്ത്രിയെ നല്‍കുന്നതില്‍ തങ്ങള്‍ക്കെതിര്‍പ്പില്ലെന്നും പ്രശ്‌നം വേറെയാണെന്നും സമുദായാചാര്യന്‍ ചാനലുകളോടു തുറന്നു പറഞ്ഞതിന്റെ നാനാര്‍ത്ഥം അതാണ്. എണ്ണത്തിന്റെ തൂക്കം നിങ്ങള്‍ക്കാകുമ്പോള്‍ വണ്ണമുളള പദവി ഞങ്ങള്‍ക്കു താ എന്ന സിംപിള്‍ ലോജിക്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെന്ന ഉമ്മന്‍ചാണ്ടിയുടെ ശിഖണ്ഡിയ്ക്കു നേരെ പെരുന്നയുടെ വാതിലുകള്‍ കൊട്ടിയടയ്ക്കപ്പെട്ടില്ലെങ്കിലേ അത്ഭുതമുളളൂ.

എന്‍എസ്എസിനാവശ്യം കേരളത്തിലൊരു നായര്‍ മുഖ്യമന്ത്രിയാണ്. ആ സ്ഥാനത്തേയ്ക്കവര്‍ വളമിട്ടു വളര്‍ത്തുന്ന വെണ്‍തേക്കാണ് രമേശ് ചെന്നിത്തല. അതറിയാവുന്നതു കൊണ്ടാണ് ഉമ്മന്‍ചാണ്ടി ആഭ്യന്തരവകുപ്പ് നായരായ തിരുവഞ്ചൂരിനെ ഏല്‍പ്പിച്ചത്. തല്‍ക്കാലം അതില്‍ തൃപ്തിപ്പെട്ടുകൂടേ എന്നാണ് സുജിത് നായരിലൂടെ ഉമ്മന്‍ചാണ്ടിയാണ് പെരുന്നയിലെ കാരണവന്മാരോടു ചോദിക്കുന്നത്.  ഉമ്മന്‍ചാണ്ടിയാണെങ്കിലോ മനോരമയുടെ ബാലജനസഖ്യത്തിന്റെ വളര്‍ത്തുമൃഗവും. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിപദമൊഴിയുന്നത് മനോരമയ്ക്ക് ചിന്തിക്കാനാവില്ല. മന്ത്രിക്കസേരയില്‍ ജാതിയുടെ ടാഗ് കെട്ടിത്തൂക്കി കളിക്കുന്ന കളിയില്‍ ഉമ്മന്‍ചാണ്ടിയുടെ കസേര സംരക്ഷിക്കാന്‍ അവര്‍ ഏതടവും പയറ്റും.

സുജിത് നായരുടെ ഉപന്യാസത്തിനു താഴെ മറ്റൊരു വിശകലനം കൂടിയുണ്ട്. കോണ്‍ഗ്രസില്‍ പ്രതിഷേധം വഴി മാറിയത് അമ്പരപ്പിന് എന്നാണ് ആലോചനാമൃതമായ തലക്കെട്ട്. അമ്പരന്നു പോയതിന്റെ കാരണങ്ങള്‍ മനോരമ വഴി വായിച്ചു മനസിലാക്കുമ്പോള്‍ എല്ലാം കെട്ടടങ്ങിക്കോളുമെന്നു വ്യംഗ്യം.

ആ വിശകലനത്തില്‍ നിന്നൊരു വാക്യം ഇതാ...
എന്‍എസ്എസ് വിമര്‍ശനം ഉന്നയിക്കുമ്പോള്‍ത്തന്നെ മന്ത്രിസഭയില്‍ ആ സമുദായത്തില്‍പ്പെട്ട നാലു മന്ത്രിമാരും സ്പീക്കറുമുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

ഇതാരാണപ്പാ ചൂണ്ടുവിരലും നീട്ടിപ്പിടിച്ചു നില്‍ക്കുന്ന ഈ കോണ്‍ഗ്രസ് നേതാക്കള്‍?!! കെപിസിസി പ്രസിഡന്റടക്കം കോണ്‍ഗ്രസ് നേതാക്കള്‍ വിരലും ചൂണ്ടി നില്‍ക്കുന്നത് സാക്ഷാല്‍ ഉമ്മന്‍ചാണ്ടിയ്ക്കെതിരെയാണ്.  നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ താന്‍ മന്ത്രിസഭയിലുണ്ടാവില്ലെന്ന് ആര്യാടന്‍ മുഹമ്മദ് അടുപ്പമുളളവരോട് വെളിപ്പെടുത്തിക്കഴിഞ്ഞുവത്രേ. ഗതാഗതത്തിന്റെ അധികച്ചുമതല ഏറ്റെടുക്കാനും അദ്ദേഹം വിസമ്മതിക്കുന്നു. മനോരമ ഉന്നയിക്കുന്ന കാര്യങ്ങള്‍ "ചൂണ്ടിക്കാട്ടാന്‍" കോണ്‍ഗ്രസ് നേതാക്കളുടെ പക്കല്‍ വിരലുകളൊന്നും ഒഴിവില്ല. അതുകൊണ്ട് ആ ക്വട്ടേഷന്‍ മനോരമാ പത്രാധിപര്‍ നേരിട്ട് ഏറ്റെടുത്തു.  ഉമ്മന്‍ചാണ്ടിയുടെ കുപ്പായവും ധരിച്ച് അദ്ദേഹം തന്നെയാണ് എന്‍എസ്എസിനോട് കാര്യങ്ങള്‍ "ചൂണ്ടിക്കാട്ടുന്നത്". അദ്ദേഹം "ചൂണ്ടിക്കാട്ടുന്ന" മറ്റൊരു കാര്യം ഇതാ......

ഹൈന്ദവസമൂഹത്തില്‍ത്തന്നെയുളള എഴുത്തച്ഛന്‍ വിഭാഗത്തില്‍പ്പെട്ട സി എന്‍ ബാലകൃഷ്ണന്‍ ഇതിനു പുറമെയാണ്. അഴിച്ചുപണിയിലൂടെ ഏറ്റവും പ്രധാനപ്പെട്ട ആഭ്യന്തര വകുപ്പ് തന്നെ തിരുവഞ്ചൂര്‍ രാധാകൃഷ്ണനു ലഭിച്ചു.

അങ്ങനെ സി. എന്‍. ബാലകൃഷ്ണന്റെ ജാതിയും മനോരമയിലൂടെ നാട്ടാരറിഞ്ഞു.(നായരിലും ശ്ശി താഴെയും ഈഴവനില്‍ നിന്ന് ശ്ശി മേലെയുമാണ് എഴുത്തച്ഛന്‍ എന്ന് ചാത്തന്‍ കഥകളില്‍ വികെഎന്‍. നായരാവുകയാണ് എഴുത്തച്ഛന്റെ ലക്ഷ്യമെന്ന് ചാത്തന്‍).

മനോരമ എന്‍എസ്എസിനോടു പറയുന്നത് ഇത്രയേ ഉളളൂ. എഴുത്തച്ഛനായ സി എന്‍ ബാലകൃഷ്ണനെയും നായരുടെ അക്കൗണ്ടിലാണ് തങ്ങള്‍ വരവു വെച്ചിരിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ സ്പീക്കറടക്കം ആറു നായേഴ്‌സിന് കാബിനറ്റ് പദവി. അതില്‍ത്തന്നെ സ്ഥാനി നായരായ തിരുവഞ്ചൂരിന് ലാത്തിയും തൊപ്പിയുമുളള ആഭ്യന്തരവകുപ്പും. പോലീസിന്റെ പേരു മാറ്റി "നായര്‍ പട്ടാളം" എന്നാക്കുന്ന സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ വേണമെങ്കില്‍ പുറത്തോ അകത്തോ ഇറക്കാം. സാമുദായിക സന്തുലനം പാലിക്കാന്‍ നായരും എഴുത്തച്ഛനുമൊഴിച്ചുളള സകല മന്ത്രിമാരും തിരുവഞ്ചൂരിലെ സല്യൂട്ടു ചെയ്യണമെന്ന നിബന്ധന അതിലൊക്കെ ഒതുങ്ങിയാല്‍ നന്ന്... ഉമ്മന്‍ചാണ്ടിയുടെ കട്ടില്‍ കണ്ട് തല്‍ക്കാലം എന്‍എസ്എസ് പനിക്കേണ്ടതില്ല.

എന്‍എസിഎസിനുളള മനോരമ വക മറുപടി തീരുന്നില്ല
കഴിഞ്ഞ എല്‍ഡിഎഫ് മന്ത്രിസഭയുടെ കാലത്ത് ആറു മന്ത്രിമാര്‍ മാത്രമാണ് ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുമുണ്ടായത്. അപ്പോള്‍ ന്യൂനപക്ഷത്തെ തഴഞ്ഞു, അല്ലെങ്കില്‍ ഭൂരിപക്ഷ പ്രീണനം എന്ന ആക്ഷേപം ഉണ്ടായില്ലെങ്കില്‍ ഇപ്പോള്‍ തിരിച്ചു ഉന്നയിക്കുന്നതിലെ യുക്തിയും ചിലര്‍ ചോദ്യം ചെയ്യുന്നു.

ചോദ്യം ചെയ്യല്‍ ശീലമാക്കിയ ഈ "ചിലര്‍" ആരെന്നും നമുക്കറിയില്ല. ഏതായാലും കോണ്‍ഗ്രസ് നേതാക്കളല്ല അവര്‍. കണ്ടത്തില്‍ ഫാമിലിയില്‍ നിന്ന് ചെലവ് കാശു കിട്ടുന്നവര്‍ തന്നെയാണ് എന്‍എസ്എസിന്റെ യുക്തി ചോദ്യം ചെയ്യുന്ന ആ "ചിലര്‍".

കൗതുകകരമായ രംഗങ്ങളിലൂടെ അങ്ങനെ അങ്കം മുറുകുകയാണ്. രമേശ് ചെന്നിത്തയുടെ ഗോഡ് ഫാദറായ സുകുമാരന്‍ നായരോട് അങ്കം വെട്ടാന്‍ ഉമ്മന്‍ചാണ്ടിയുടെ ഗോഡ് ഫാദറായ മനോരമ സുജിത് നായര്‍ എന്ന ചാവേറിനെ രംഗത്തിറക്കി. ബെന്നി ബഹനാന്‍, ഇ എം അഗസ്തി എന്നിവര്‍ ചെന്നിത്തലയ്ക്കു വേണ്ടി മനോരമയുടെ വാദങ്ങളെ കൗണ്ടര്‍ ചെയ്യുമോ? ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിപദം ഉപേക്ഷിക്കുമോ? ആ കിരീടം ചെന്നിത്തലയ്ക്കു കിട്ടുമോ? അതോടെ സുകുമാരന്‍ നായരുടെ സമുദായക്കലി ഒടുങ്ങുമോ......

ഉത്തരം എന്തായാലും സുജിത് നായര്‍ക്കു പിടിപ്പതു പണിയുണ്ടാകുമെന്ന് നൂറു തരം...

പിന്‍കുറിപ്പ് - മനോരമയുടെ എഡിറ്റ് പേജില്‍ ഉദ്ധരിച്ച മഹദ്‌വാക്യം ഇങ്ങനെ...
മറ്റൊരുവന്റെ ചുണ്ടില്‍ ആനന്ദത്തിന്റെ പുഞ്ചിരി വിടര്‍ത്തുന്ന ഏതു കര്‍മ്മവും സല്‍പ്രവൃത്തിയാകുന്നു - മുഹമ്മദ് നബി.

എത്ര ആലോചനാമൃതം....

Wednesday, April 4, 2012


ആര്‍പ്പേയ്.... ആര്‍. ഹരികുമാര്‍ വന്നേയ്....

മാധ്യമസിന്‍ഡിക്കേറ്റിലെ ബഹുമുഖ പ്രതിഭയാണ് മാതൃഭൂമി തിരുവനന്തപുരം എഡിഷനിലെ ആര്‍. ഹരികുമാര്‍. അതിസമര്‍ത്ഥന്‍. അശ്ലീലദല്ലാള്‍ ക്രൈം നന്ദകുമാറിന്റെ വാസനാവൈഭവവും വ്യവഹാരദല്ലാള്‍ ടി. ജി. നന്ദകുമാറിന്റെ ഉപജാപസാമര്‍ത്ഥ്യവും ഒരുതുളളിയും നഷ്ടപ്പെടുത്താതെ സ്വായത്തമാക്കിയ പ്രതിഭാശാലി. എന്തുമെഴുതും, എങ്ങനെയും വ്യാഖ്യാനിക്കും. ദുര്‍വ്യാഖ്യാനത്തിലാണെങ്കില്‍ രാജേശ്വരീജയശങ്കരന്റെ വല്യപ്പൂപ്പനായിട്ടു വരും. അതിന്റെ അഹങ്കാരമോ, തെല്ലുമില്ലതാനും.

വ്യവസ്ഥാപിതമായ പതിനെട്ടു മുറകളിലും വാര്‍ത്ത വളച്ചൊടിക്കാനുളള അത്യപാരമായ ശേഷി മാത്രമല്ല അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. അതിനായി തനതായൊരു വിദ്യ വികസിപ്പിച്ചെടുക്കുക കൂടി ചെയ്തു, ഹരികുമാര്‍. ഇന്‍ട്രോയില്‍ പ്രസ്താവിച്ചതിനു കടകവിരുദ്ധമായ വ്യാഖ്യാനം അതേ വാര്‍ത്തയിലെ തുടര്‍ന്നുളള ഖണ്ഡികകളില്‍ സന്നിവേശിപ്പിക്കുന്ന അത്യപൂര്‍വവും അതിസാഹസികവുമായ വിദ്യയാണിത്. പേറ്റന്റിനുളള ആപ്ലിക്കേഷന്‍ വീരേന്ദ്രകുമാറിന്റെ മുന്നിലുണ്ട്. ഉമ്മന്‍ചാണ്ടിയുടെ റെക്കമെന്റേഷന്‍ ലെറ്ററോടെ അതുടന്‍ ഒബാമയുടെ മേശപ്പുറത്തെത്തും.

ഹരികുമാരിന്റെ വ്യാഖ്യാനവൈഭവം വിശദമാക്കാന്‍ ഒരുദാഹരണം പറയാം. നാണയം മേല്‍പ്പോട്ടെറിയല്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ ഹരികുമാര്‍ നിയോഗിക്കപ്പെട്ടുവെന്നിരിക്കട്ടെ. നാണയത്തിന്റെ തൂക്കം, എറിയുന്നതിന്റെ ശക്തി, എറിയുന്നവന്റെ കുടുംബമഹിമ, പ്രത്യയശാസ്ത്രപാരമ്പര്യം, ഭൂമിയുടെ ഭാരവും എറിയുന്നവന്റെ ഭാരവും തമ്മിലുളള അനുപാതം തുടങ്ങി എല്ലാ ഘടകങ്ങളും വാര്‍ത്തയെഴുതുന്നതിനു മുമ്പ് ഹരികുമാര്‍ അളന്നു തൂക്കി പഠിക്കും. അതിനുശേഷമേ, "എങ്ങനെയെറിഞ്ഞാലും തല തന്നെ വീഴും" എന്നുറപ്പിച്ചു പ്രവചിക്കുന്ന ഇന്‍ട്രോ അദ്ദേഹമെഴുതൂ. തുടര്‍ന്ന് അതിന്റെ വ്യാഖ്യാനങ്ങള്‍, സാധ്യതകള്‍, സാഹചര്യങ്ങള്‍.

അങ്ങനെ ഹരം പിടിച്ചു വായിച്ചു വരുമ്പോള്‍ ഹരികുമാര്‍ അതിസമര്‍ത്ഥമായി മറ്റൊരു സാധ്യത ചൂണ്ടിക്കാട്ടും. കിഴക്കോട്ടു തിരിഞ്ഞു നിന്നാണ് എറിയുന്നതെങ്കില്‍ വാലു വീഴാനിടയുണ്ട് എന്ന്. വടക്കുകിഴക്ക്, തെക്കുകിഴക്ക്, തെക്കുപടിഞ്ഞാറ്, വടക്കുപടിഞ്ഞാറ് ദിശകള്‍ക്ക് അഭിമുഖമായി നിന്നെറിഞ്ഞാല്‍ തലയും വാലും വീഴാനുളള സാധ്യത തുല്യമാണെന്നും കൂടി അദ്ദേഹം തുടര്‍ന്നു വിലയിരുത്തും. അങ്ങനെ, സാധാരണ വായനക്കാരന്റെ തലച്ചോറിന് അപ്രാപ്യമായ ഇടങ്ങളിലേയ്ക്ക് വാര്‍ത്തയുടെ മാനങ്ങള്‍ വികസിക്കും.

ഏത് നാണയം മേലോട്ടെറിഞ്ഞാലും തലയോ വാലോ ആയിരിക്കും വീഴുക എന്ന അതിനിഗൂഢമായ സത്യത്തിലേയ്ക്കുളള നിരന്തരവും സാഹസികവുമായ യാത്രകളാണ് ആര്‍. ഹരികുമാറിനെ മാധ്യമസിന്‍ഡിക്കേറ്റിലെ വേറിട്ട സാന്നിദ്ധ്യമാക്കുന്നത്. തന്റെ യാത്രയുടെ സാഹസികത കണ്ട് വായനക്കാരന്‍ കണ്ണീരൊലിപ്പിക്കുന്നതോ കാറിത്തുപ്പുന്നതോ അദ്ദേഹം കാര്യമാക്കുന്നേയില്ല. ഒരു മടുപ്പുമില്ലാതെ, ലക്ഷ്യത്തില്‍ ഒട്ടുംവെളളം ചേര്‍ക്കാതെ ആ യാത്ര തുടരുന്നു.

ഹരികുമാറിന്റെ പ്രതിഭയും സ്ഥൈര്യവും വെട്ടിത്തിളയ്ക്കുന്ന ഒരു വാര്‍ത്തയിതാ. വിഎസ് പിബിയില്‍ തിരികെയെത്തിയേക്കും. എ കെ പത്മനാഭനും സാധ്യത എന്നു തലക്കെട്ട് (മാതൃഭൂമി - 2012 ഏപ്രില്‍ 4).

"പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സിപിഎം പൊളിറ്റ് ബ്യൂറോയില്‍ തിരിച്ചെത്തിയേക്കും" എന്ന് ഇന്‍ട്രോ.

ഈ നിഗമനത്തിലേയ്ക്ക് എത്തിച്ചേര്‍ന്ന വഴികള്‍ ഹരികുമാര്‍ വിസ്തരിച്ചു പ്രതിപാദിക്കുന്നുണ്ട്. വിശദീകരണത്തിന്റെ ഒന്നാംഘട്ടം അവസാനിക്കുന്നത് ഇങ്ങനെയാണ്...

"ഇതാണ് പിബിയിലേയ്ക്കുളള വിഎസിന്റെ മടങ്ങിവരവിന് വഴിയൊരുക്കുന്ന സൂചനകള്‍ ശക്തമാക്കുന്നത്".

അങ്ങനെ നാണയമെറിഞ്ഞാല്‍ തല തന്നെ വീഴും എന്ന സാധ്യത വ്യക്തമായി വായനക്കാര്‍ക്ക് ബോധ്യമായി. പക്ഷേ, എറിയുന്നത് കിഴക്കോട്ടു തിരിഞ്ഞു നിന്നാണെങ്കിലോ...

തൊട്ടടുത്ത ഖണ്ഡിക ഇങ്ങനെ ആരംഭിക്കുന്നു... "അതേസമയം പൊളിറ്റ് ബ്യൂറോയില്‍ തിരിച്ചെത്തുന്നതിനു മാത്രമായി തന്റെ നിലപാടുകളില്‍ മാറ്റം വരുത്താനാവില്ലെന്ന് കേന്ദ്രനേതാക്കളെ വിഎസ് അറിയിച്ചിട്ടുണ്ട്."

"അതേസമയം"എന്ന പ്രയോഗത്തിലൂടെ നിന്നനില്‍പ്പില്‍ സമ്മര്‍സാള്‍ട്ടു നടത്തുന്ന ഹരികുമാര്‍വിദ്യയുടെ ചാരുതയെപ്പടി?

തൊട്ടടുത്ത ഖണ്ഡികയിലെ രണ്ടും മൂന്നും വാക്യങ്ങള്‍. ... "തന്റെ നിലപാടില്‍ മാറ്റമില്ലെന്ന സൂചന വിഎസ് നല്‍കിയ പശ്ചാത്തലത്തില്‍ സംസ്ഥാന നേതൃത്വം കടുത്ത നിലപാടിലേയ്ക്കു മടങ്ങുമോയെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. അങ്ങനെ വന്നാല്‍ വിഎസിന്റെ സാധ്യത വീണ്ടും മങ്ങും."..

"വിഎസ് പിബിയില്‍ തിരിച്ചെത്തിയേക്കു"മെന്ന് തലക്കെട്ടില്‍. "വിഎസിന്റെ സാധ്യത മങ്ങു"മെന്ന് വാര്‍ത്തയില്‍. കിഴക്കോട്ടു തിരിഞ്ഞു നാണയമെറിഞ്ഞാല്‍ വാലു വീഴാനും സാധ്യതയുണ്ട് എന്നു ചുരുക്കം.

ഏഴു ഖണ്ഡികളിലായി ഇരുപത്തിയെട്ടു വാക്യങ്ങളില്‍ ഹരികുമാര്‍ അടിച്ചു പരത്തിയിട്ടിരിക്കുന്ന വാദങ്ങള്‍ ആറ്റിക്കുറുക്കിയാല്‍ കാര്യം ഇങ്ങനെ സംഗ്രഹിക്കാം.... പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ സിപിഎം പൊളിറ്റ്ബ്യൂറോയില്‍ വരാനും വരാതിരിക്കാനും സാധ്യതയുണ്ട്. നിലവില്‍ പൊളിറ്റ് ബ്യൂറോയിലുളള രണ്ടൊഴിവുകളിലേയ്ക്ക് കേന്ദ്രക്കമ്മിറ്റി അംഗങ്ങളാരെങ്കിലും വരും. കേന്ദ്രക്കമ്മിറ്റി അംഗങ്ങളല്ലാത്ത ആരും പിബിയിലേയ്ക്ക് വരാന്‍ തെല്ലും സാധ്യതയില്ല. ബ്രാഞ്ച്, ലോക്കല്‍, ഏരിയാ, ജില്ലാ, സംസ്ഥാന കമ്മിറ്റി അംഗങ്ങളെ ഇക്കുറി പിബിയിലേയ്ക്ക് പരിഗണിക്കില്ല എന്നകാര്യം ഉറപ്പാണ്.

നിര്‍ന്നിമേഷനായി, നിരങ്കുശനായി, നാണവും മാനവും തെല്ലുമില്ലാതെ ഇങ്ങനെ വ്യാഖ്യാനിക്കുന്ന കഴിവാണ് ആര്‍. ഹരികുമാറിനെ മാധ്യമസിന്‍ഡിക്കേറ്റിലെ പ്രധാനിയാക്കുന്നത്. വിഎസ് പിബിയില്‍ എത്താനിടയുണ്ട് എന്ന് ഇന്നും വിഎസ് പിബിയിലെത്താനിടയില്ല എന്നു നാളെയും വ്യാഖ്യാനിക്കുന്ന സാധാരണ സിന്‍ഡിക്കേറ്റ് അടവ് ഹരികുമാറിന് പഥ്യമല്ല. വിഎസ് വരാനും വരാതിരിക്കാനും സാധ്യതയുണ്ട് എന്ന് ഒറ്റവാര്‍ത്തയില്‍ വെട്ടിത്തുറന്നു പറയും. അത്രയ്ക്കുണ്ട് ചങ്കൂറ്റം.

മണിച്ചിത്രത്താഴിലെ ഡോ. സണ്ണിയെപ്പോലെയാണ് ഹരികുമാറും. വാര്‍ത്തയെഴുതാനും ചോര്‍ത്താനും മറ്റാരും പോകാത്ത വഴികളിലൂടെയൊക്കെ അദ്ദേഹം പോകും. യാത്ര ഏതാണ്ട് ഇങ്ങനെയാണത്രേ.

ഒരുസ്ഥലത്ത് ഒരു വിവരമിരിക്കുന്നു എന്ന് ഹരികുമാര്‍ അറിഞ്ഞുവെന്നിരിക്കട്ടെ. അദ്ദേഹം അര്‍ദ്ധരാത്രി വരെ കാത്തിരിക്കും. നേരെ ഫോണുമെടുത്ത് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലേയ്ക്കു പോകും. സ്റ്റേഡിയത്തിന്റെ ഒത്തമധ്യത്തു ചെന്നു നിന്ന് പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി എന്നിവരെ നേരിട്ടു വിളിക്കും. കിട്ടിയ വിവരങ്ങള്‍ ഫെഡല്‍ കാസ്രോയുടെ പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ചു സ്ഥിരീകരിക്കും. ചൂടാറാതെ പത്രത്തില്‍ തട്ടും.

വിഎസ് അച്യുതാനന്ദന്‍ വരാനും വരാതിരിക്കാനും സാധ്യതയുണ്ട് എന്നതുപോലെയുളള അതിനിഗൂഢമായ കണ്ടെത്തലുകള്‍ അദ്ദേഹം സംഘടിപ്പിക്കുന്നത് ഇങ്ങനെയൊക്കെയാണത്രേ.

ഏറെക്കാലമായി ആര്‍. ഹരികുമാര്‍ എന്ന ബൈലൈന്‍ മാതൃഭൂമിയില്‍ കണ്ടിട്ട്. ഹരികുമാറിന്റെ തട്ടകമായ തിരുവനന്തപുരത്ത് സംസ്ഥാന സമ്മേളനവും വീരേന്ദ്രകുമാറിന്റെ നെടുങ്കോട്ടയായ കോഴിക്കോട്ട് പാര്‍ട്ടി കോണ്‍ഗ്രസും നടത്താന്‍ തീരുമാനിക്കുക വഴി ഭയങ്കരമായ പ്രകോപനമാണ് സിപിഎം ഉയര്‍ത്തിയത്. എന്നാല്‍, സംസ്ഥാന സമ്മേളനത്തെ സംബന്ധിക്കുന്ന ഹരികുമാര്‍ വിശകലനങ്ങള്‍ മാതൃഭൂമിയില്‍ കാണാഞ്ഞപ്പോള്‍ ഉറവ വറ്റിയെന്നു തിരിച്ചറിഞ്ഞ് വീരേന്ദ്രന്‍ ഹരികുമാറിനെ പിരിച്ചുവിട്ടോ എന്നുപോലും സംശയിച്ചവരുണ്ട്. പക്ഷേ, എല്ലാ കഴിവുകളും കോഴിക്കോട്ടേയ്ക്ക് കാത്തുവെച്ചിരിക്കുകയായിരുന്നു ഹരികുമാര്‍. പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഉദ്ഘാടനദിവസം തന്നെ അദ്ദേഹം തന്റെ പ്രതിഭ ഊറ്റിപ്പിഴിഞ്ഞൊഴിഞ്ഞ് പത്രത്തിലൊഴിച്ചു.

2004ലെ മലപ്പുറം സമ്മേളനത്തിനുശേഷം ഇത് ഹരികുമാറിന്റെ രണ്ടാം വരവാണ്. തേവളളിപ്പറമ്പില്‍ ജോസഫ് അലക്‌സിന്റെയും ഭരത്ചന്ദ്രന്റെയും മടങ്ങിവരവുപോലെ ചീറ്റിപ്പോയ വരവല്ല ഇത്. ചവച്ചു തുപ്പുന്നത് ഉച്ചിഷ്ടമാണോ അമേധ്യമാണോ എന്നു തിരിച്ചറിയാനുളള സെന്‍സും സെന്‍സിബിലിറ്റിയും സെന്‍സിറ്റിവിറ്റിയും നഷ്ടപ്പെട്ട് സിനിമാ സ്‌ക്രീനില്‍ ചുറ്റിത്തിരിയുകയാണ് ജോസഫ് അലക്‌സും ഭരത്ചന്ദ്രനും. തീപ്പൊരി നായകക്കോലങ്ങളെ വസ്ത്രാക്ഷേപം ചെയ്ത കലികാലത്തിന്റെ വേനല്‍ത്തിളപ്പിന് പക്ഷേ, ആര്‍ ഹരികുമാറിന്റെ വീറും പ്രാഗത്ഭ്യവും ഉളുപ്പില്ലായ്മയും ഉരുക്കിക്കളയാനായിട്ടില്ല. അതാണ് ഹരികുമാര്‍.

ആരാധകരില്‍ ആര്‍പ്പുവിളികളുയര്‍ത്തി ആര്‍. ഹരികുമാര്‍ ഇതാ കോഴിക്കോട്ടെത്തിക്കഴിഞ്ഞു. മഴ പെയ്യാം, പെയ്യാതിരിക്കാം. വിഎസ് വരാം, വരാതിരിക്കാം... കാറ്റു വീശാം, വീശാതിരിക്കാം.... ഒന്നുറപ്പ്... ഹരികുമാര്‍ അറിയാത്തതൊന്നും കോഴിക്കോട്ട് നടക്കുകയില്ല. ചുരുങ്ങിയപക്ഷം വീരേന്ദ്രകുമാറെങ്കിലും അതൊന്നു സമ്മതിച്ചുകൊടുക്കണം...