Saturday, July 25, 2015

ഉരുളരുത് സുജിത് നായരേ... ഉരുളരുത്...

"ലഭ്യമായ വസ്തുകളുടെ അടിസ്ഥാനത്തിൽ വാർത്തകളോട് പരമാവധി സത്യസന്ധത പുലർത്താൻ ശ്രമിച്ചിട്ടുണ്ട്" സുജിത് നായര്‍ ഉവാച
തലയ്ക്കു വെളിവുളള ലോകത്തിലെ എല്ലാ മാധ്യമപ്രവര്‍ത്തകരുടെയും ആരാധനാപാത്രമാണ്  ദി മാഞ്ചസ്റ്റര്‍ ഗാര്‍ഡിയന്‍ പത്രത്തിന്‍റെ എഡിറ്ററായിരുന്ന സി പി സ്കോട്ട്. പത്രത്തിന്‍റെ ജന്മശതാബ്ദിയും പത്രത്തിലെ സ്ക്കോട്ടിന്‍റെ ഗോള്‍ഡന്‍ ജൂബിലിയും ഒരേ വര്‍ഷമായിരുന്നു. അതു പ്രമാണിച്ച് 1921 മെയ് 5ന് എ ഹണ്‍ഡ്രസ് ഇയേഴ്സ് എന്ന തലക്കെട്ടില്‍ അദ്ദേഹം ഒരു ലേഖനമെഴുതി. താനെഴുതുന്ന വാര്‍ത്തകള്‍ ആരുടെയെങ്കിലും പ്രചാരവേല (Propaganda) ആവരുത് എന്ന് നിര്‍ബന്ധമുളള ലോകത്തിലെ എല്ലാ പത്രലേഖകരും ആവര്‍ത്തിച്ചുരുവിട്ട് മനപ്പാഠമാക്കിയ ലോകപ്രശസ്തമായ ആ വാചകങ്ങളുളളത് മേപ്പടി ലേഖനത്തിലാണ് - Comment is free, but facts are sacred.

പ്രസ്തുതലേഖനത്തില്‍ സ്കോട്ട് പറഞ്ഞത് ഇങ്ങനെയാണ് -
Comment is free, but facts are sacred. "Propaganda", so called, by this means is hateful. The voice of opponents no less than that of friends has a right to be heard. Comment also is justly subject to a self-imposed restraint. It is well to be frank; it is even better to be fair. This is an ideal. Achievement in such matters is hardly given to man. We can but try, ask pardon for shortcomings, and there leave the matter.
Comment is free, എന്നുവെച്ചാല്‍ വായില്‍ത്തോന്നിയത് പത്രത്തിലെഴുതാനുളള ലൈസന്‍സല്ല. വസ്തുതയില്‍ നിന്ന് വാര്‍ത്ത മാത്രമല്ല, പ്രൊപ്പഗാന്‍ഡയുമുണ്ടാക്കാം. അതുകൊണ്ട്, നിതാന്ത ജാഗ്രതയോടെ വേണം, ഓരോ വസ്തുതയെയും സമീപിക്കേണ്ടത് എന്ന് സ്കോട്ട് പത്രലേഖകരെ ഓര്‍മ്മിപ്പിച്ചു. വസ്തുതകളെ വക്രീകരിച്ചും വളച്ചൊടിച്ചും പ്രസക്തമായത് തമസ്കരിച്ചും പൊലിപ്പിച്ചുമൊക്കെ പ്രൊപ്പഗാന്‍ഡയുണ്ടാക്കാം.

സുജിത് നായരുടെ പരാമര്‍ശിത വാര്‍ത്തകള്‍ ഉമ്മന്‍ചാണ്ടിയ്ക്കു വേണ്ടിയുളള പ്രൊപ്പഗാന്‍ഡയാണെന്നായിരുന്നു പൊളിച്ചെഴുത്തു ടീം വസ്തുനിഷ്ഠമായി മുന്നോട്ടുവെച്ച വിമര്‍ശനം. പക്ഷേ, ആ വിമര്‍ശനത്തെ നേരിടാനുളള ത്രാണി സുജിത് നായര്‍ക്കില്ല. അതുകൊണ്ട് അദ്ദേഹം കാല്‍പനികതയുടെ വഴുവഴുപ്പുളള കണ്ണീരൊലിപ്പിക്കുന്നു. ഒരു തെറ്റും ചെയ്യാതെ പീഡിപ്പിക്കപ്പെട്ടേയെന്ന് നിലവിളിക്കുന്നു.

അദ്ദേഹത്തോട് ഒന്നേ ചോദിച്ചുളളൂ. വാര്‍ത്താ നിരീക്ഷണങ്ങള്‍ എന്ന പേരില്‍ നിങ്ങളെഴുതിക്കൂട്ടിയ അസംബന്ധങ്ങള്‍ക്കും വിവരക്കേടുകള്‍ക്കും എന്താണ് ന്യായീകരണം? താൻ ദേശാഭിമാനിയിലോ, ജനയുഗത്തിലോ അല്ലല്ലോ ജോലി ചെയ്യുന്നത് എന്നത്രേ  അതിനദ്ദേഹത്തിന്‍റെ മറുപടി.

അതൊരു നല്ല മറുപടിയാണ്. ജോലി ചെയ്യുന്നത് മനോരമയിലായതു കൊണ്ട് അസംബന്ധങ്ങളും വിവരക്കേടുകളും   യഥേഷ്ടം എഴുതാം. ദേശാഭിമാനിയിലും ജനയുഗത്തിലും അപ്പണി പറ്റില്ലെന്ന് വ്യംഗ്യം.  വിശദീകരണം സെല്‍ഫ് ഗോളാവുന്നത് ഇങ്ങനെയൊക്കെയാണ്. സ്വന്തം പത്രത്തിന്‍റെ എഡിറ്റോറിയല്‍ പോളിസി ഇത്ര പച്ചയ്ക്ക് ഒരു മാധ്യമപ്രവര്‍ത്തകനും ഇന്നേവരെ വെളിപ്പെടുത്തിക്കാണില്ല.

പാർട്ടിയോ ഉത്തരവാദപ്പെട്ട നേതാക്കളോ തന്‍റെ വാര്‍ത്ത നിഷേധിച്ചിട്ടില്ല എന്നും സുജിത് നായര്‍ ഊറ്റം അഭിനയിക്കുന്നു. അവിടെയും ആത്മവിശ്വാസമില്ലായ്മ പ്രകടനം. വാര്‍ത്തയും പ്രൊപ്പഗാന്‍ഡയും തമ്മിലുളള വ്യത്യാസം അറിയാതെയല്ല ഈ അഭ്യാസങ്ങള്‍.

ന്യൂസ് പ്ലാന്‍റിംഗ് എന്നൊരേര്‍പ്പാടുണ്ട്, മാധ്യമ പ്രവര്‍ത്തനത്തില്‍. വാര്‍ത്തയുടെ ഉറവിടം ആഗ്രഹിക്കുന്ന ചര്‍ച്ചകളും അഭിപ്രായരൂപീകരണവും സമൂഹത്തില്‍ നടക്കുന്നതിനു വേണ്ടിയാണ് വാര്‍ത്ത പ്ലാന്‍റു ചെയ്യപ്പെടുന്നത്. എവിടെയെങ്കിലും ഒരു വസ്തുത ഉണ്ടാകും. അത് സത്യമാകാം. അര്‍ദ്ധസത്യമാകാം. അതിന്മേലാണ് മാധ്യമപ്രവര്‍ത്തകന്‍ പണിയുന്നത്.

Red herring എന്ന പ്രൊപ്പഗാന്‍ഡാ ടെക്നിക്കിന് വിക്കി നല്‍കുന്ന നിര്‍വചനം ഇങ്ങനെ - Presenting data or issues that, while compelling, are irrelevant to the argument at hand, and then claiming that it validates the argument. . ജൂലൈ 11ന്‍റെ വാര്‍ത്തയെക്കുറിച്ചുളള സുജിത് നായരുടെ എല്ലാ അവകാശവാദങ്ങളും ഈ നിര്‍വചനത്തിനുളളിലേ നില്‍ക്കുന്നുളളൂ.

ഓപ്പറേഷന്‍ ലോട്ടസ് എന്ന അരങ്ങും സുജിത് നായരുടെ ആട്ടവും

സത്യത്തില്‍ വിചാരണ ആരംഭിക്കേണ്ടത് ജൂലൈ 11ന്‍റെ സുജിത് നായരുടെ വാര്‍ത്തയില്‍നിന്നല്ല. ഉമ്മന്‍ചാണ്ടിയ്ക്കു വേണ്ടിയുളള ആ നുണ പ്രചരണത്തിന്‍റെ അരങ്ങ് ജൂലൈ 10ന് ഒരുക്കിയത് മനോരമാ ന്യൂസിന്‍റെ ദില്ലി തലവന്‍ വി വി ബിനുവാണ് . സിപിഎമ്മുകാരെ റാഞ്ചാന്‍ കേരളത്തില്‍ ബിജെപിയുടെ ഓപ്പറേഷന്‍ ലോട്ടസ് എന്ന തലക്കെട്ടുളള വാര്‍ത്തയുമായാണ് അന്ന് മലയാളത്തിന്‍റെ സുപ്രഭാതം പുലര്‍ന്നത്.

കേരളത്തില്‍ ബിജെപിയെ ശക്തിപ്പെടുത്താനായി സിപിഎം പ്രാദേശിക നേതാക്കളെയും പ്രവര്‍ത്തകരെയും റാഞ്ചിയെടുക്കാന്‍ പാര്‍ടി അധ്യക്ഷന്‍ അമിത് ഷാ സംസ്ഥാന നേതൃത്വത്തിനു നിര്‍ദ്ദേശം നല്‍കി. നിയമസഭാ തിരഞ്ഞെടുപ്പു മുന്നില്‍ കണ്ടുളള ഓപ്പറേഷന്‍ ലോട്ടസ് പദ്ധതിയുടെ ഭാഗമാണ് നീക്കം എന്നാണ് വാര്‍ത്തയുടെ ലീഡ്.

വാര്‍ത്ത വായിച്ചാലെന്തു തോന്നും? നിയമസഭാ തിരഞ്ഞെടുപ്പു മുന്നില്‍കണ്ട് കേരളത്തിലെ സിപിഎമ്മുകാരെ റാഞ്ചാന്‍ ഓപ്പറേഷന്‍ ലോട്ടസ് എന്നൊരു പദ്ധതി ബിജെപി രൂപീകരിച്ചു, അതു പ്രകാരം അമിത് ഷാ ചില നിര്‍ദ്ദേശങ്ങള്‍ കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് നല്‍കി. ആ വിവരം ചൂടോടെ മനോരമാ ന്യൂസിന്‍റെ ദില്ലി ഗ്യാങ്‍ലീഡര്‍ വി വി ബിനുവിനു ലഭിച്ചു. ടിയാന്‍ ചാനലിലും പത്രത്തിലുമായി വാര്‍ത്ത നല്‍കി. ഇത്രയുമാണ് വാര്‍ത്തയില്‍ നിന്ന് വായനക്കാരന്‍ മനസിലാക്കേണ്ട വിവരങ്ങള്‍.

പക്ഷേ, കുറച്ചു പഴക്കം ചെന്ന പദ്ധതിയാണ് ഈ ഓപ്പറേഷന്‍ ലോട്ടസ്. മാത്രമല്ല, കേരളത്തിലെ സിപിഎമ്മുകാരെ റാഞ്ചാന്‍ അമിത് ഷാ സംവിധാനം ചെയ്ത പദ്ധതിയുമല്ല ഓപ്പറേഷന്‍ ലോട്ടസ്. ഈ പദ്ധതിയെക്കുറിച്ച് നാം ആദ്യം കേള്‍ക്കുന്നത് കര്‍ണാടകത്തില്‍ നിന്നാണ്. ദേവഗൗഡയുടെ ജനതാദളില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും എംഎല്‍എമാരെ റാഞ്ചാന്‍ യദ്യൂരപ്പ ആവിഷ്കരിച്ച പദ്ധതിയാണ് "ഓപ്പറേഷന്‍ ലോട്ടസ്". 2008ലായിരുന്നു സര്‍ക്കസ്. അന്ന് റാഞ്ചാന്‍ പാകത്ത് കൈയും പൊക്കി ചെന്നത് ബിജെപി പാളയത്തിലേയ്ക്ക് ആദ്യം ഓടിച്ചെന്നത് കോണ്‍ഗ്രസിന്‍റെ എംഎല്‍എമാരായിരുന്നു.

കേരളത്തിലും  ഓപ്പറേഷന്‍ ലോട്ടസിനെക്കുറിച്ചുളള കഥകള്‍ പ്രചരിച്ചത് മോദിയുടെ സന്ദര്‍ശന വേളയിലാണ്. BJP's Space Mission in Kerala എന്ന തലക്കെട്ടില്‍ 2013 നവംബര്‍ 15ന് എം ജി രാധാകൃഷ്ണന്‍ ഇന്ത്യാ ടുഡേയിലെഴുതിയ ലേഖനം നെറ്റില്‍ ഇപ്പോഴും വായിക്കാന്‍ കിട്ടും. അതില്‍ ഇങ്ങനെ പറയുന്നു -

The ISRO case is the latest in a series of political operations Modi has initiated since April as part of Operation Lotus in Kerala. BJP is shunned by all political parties in both the ruling United Democratic Front and the Opposition Left Democratic Front, mainly due to the fear that an alliance with it might antagonise the minorities who form 45 per cent of the population. This has made BJP unable so far to get more than 10 per cent of the vote share in any elections even though Kerala tops the country in the number of RSS shakhas at 4,310, four times that of Gujarat. Modi himself has announced that bjp would win at least two of the 20 Lok Sabha seats this time.
ഈ ലക്ഷ്യത്തോടെയാണ് മോദി ശിവഗിരി മഠത്തിലും അമൃതാനന്ദ മയീ മഠത്തിലും എത്തിയതെന്നും എം ജി രാധാകൃഷ്ണന്‍ തുടരുന്നു. 2014ലെ തിരഞ്ഞെടുപ്പില്‍ രണ്ടു സീറ്റുകളില്‍ ലഭിക്കുകയായിരുന്നു മോദിയുടെ ലക്ഷ്യം.
അതായത്, ഓപ്പറേഷന്‍ ലോട്ടസിനെക്കുറിച്ചുളള വിവരം പുതിയതല്ല. വ്യത്യസ്ത ജാതി വിഭാഗങ്ങളെ ബിജെപിയിലേയ്ക്ക് ആകര്‍ഷിക്കാന്‍ പ്രത്യേക പദ്ധതികള്‍ ബിജെപി ആസൂത്രണം ചെയ്തിട്ടുണ്ട്. കേരളത്തില്‍ മാത്രമല്ല, ദേശീയതലത്തില്‍ പല ഉന്നത നേതാക്കളെയും ബിജെപി ലക്ഷ്യമിടുന്നുണ്ട്. സോണിയയും രാഹുലുമായി തെറ്റി സ്ഥാനം രാജിവെച്ച കോണ്‍ഗ്രസ് നേതാവ് ജയന്തി നടരാജന്‍ ബിജെപിയില്‍ ചേരുമെന്ന് വാര്‍ത്തയുണ്ട്.

മന്‍മോഹന്‍ മന്ത്രിസഭയിലെ വനിതാ ശിശുക്ഷേമ മന്ത്രിയായിരുന്ന കൃഷ്ണാ തിരാഥ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേക്കേറുക മാത്രമല്ല, ഇക്കഴിഞ്ഞ ദില്ലി അസംബ്ലി തിരഞ്ഞെടുപ്പില്‍ പട്ടേല്‍ നഗറില്‍ നിന്ന് താമര ചിഹ്നത്തില്‍ മത്സരിക്കുകയും ചെയ്തു. ദില്ലി ഇലക്ഷനില്‍ ഭൂട്ടാസിംഗിന് കോണ്‍ഗ്രസ് ടിക്കറ്റു നിഷേധിച്ചതില്‍ പ്രതിഷേധിച്ച് മകന്‍ അര്‍വീന്ദര്‍ സിംഗ് ലൗലി ബിജെപിയില്‍ ചേര്‍ന്നു.

കോണ്‍ഗ്രസിലെ പ്രാദേശികനേതാക്കളും പ്രവര്‍ത്തകരുമല്ല, അഖിലേന്ത്യാ നേതാക്കളും കേന്ദ്രമന്ത്രിമാരും എംഎല്‍എമാരും ബിജെപിയില്‍ ചേരാന്‍ തക്കം പാര്‍ത്തു നില്‍ക്കുമ്പോഴാണ് സിപിഎമ്മിന്‍റെ പ്രാദേശിക പ്രവര്‍ത്തകരെപ്പിടിക്കാന്‍ അമിത് ഷാ നിര്‍ദ്ദേശം നല്‍കിയെന്ന ഓലപ്പാമ്പുമായി വി വി ബിനു ജൂലൈ 10ന് അവതരിച്ചത്.

ഈ വാര്‍ത്തയുടെ തുടര്‍ച്ചയാണ് സുജിത് നായരുടെ ജൂലൈ 11ലെ പ്രകടനം. സിപിഎമ്മുകാരെ റാഞ്ചാന്‍ അമിത് ഷാ കേരളത്തിലെ ബിജെപി നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കിയെന്ന അമിട്ട് ജൂലൈ പത്തിനു പൊട്ടുന്നു. "സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയിലേയ്ക്കു ചേക്കേറുന്നുവെന്ന പ്രചരണം ശരിവെയ്ക്കുന്ന കണക്കു"കളുമായി ജൂലൈ പതിനൊന്നിന് സുജിത് നായര്‍ പ്രത്യക്ഷപ്പെടുന്നു. ഇങ്ങനെയാണ് മനോരമ പ്രൊപ്പഗാന്‍ഡ സംവിധാനം ചെയ്യുന്നത്.

കളി ഇവിടംകൊണ്ടു തീര്‍ന്നില്ല. ന്യൂനപക്ഷത്തിന് സിപിഎമ്മില്‍ ഒരു റോളുമില്ലെന്നു കൂടി വരുത്തിത്തീര്‍ത്താലേ അവരൊന്നടങ്കം ഉമ്മന്‍ചാണ്ടിയുടെ കൂടാരം ലക്ഷ്യമാക്കി നടക്കൂ. അതിനാണ് ജൂലൈ 13ന്‍റെ സുജിത് നായരുടെ വാര്‍ത്ത. തലക്കെട്ടിങ്ങനെ - സിപിഎമ്മില്‍ ന്യൂനപക്ഷം 20 ശതമാനം മാത്രമെന്ന് റിപ്പോര്‍ട്ട്. ലീഡു വായിച്ചാല്‍ ചിരിച്ചു മണ്ണു കപ്പും.

കേരളത്തിലെ ആകെ പാര്‍ടി അംഗങ്ങളില്‍ ന്യൂനപക്ഷമായിത്തന്നെ മുസ്ലിം - ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ തുടരുന്നുവെന്ന് സിപിഎം റിപ്പോര്‍ട്ട് എന്നത്രേ സുജിത് നായരുടെ നിരീക്ഷണം. ഈ ഡയലോഗിന്‍റെ അര്‍ത്ഥമെന്തെന്ന് ഉമ്മന്‍ചാണ്ടിയുടെ പ്രസ് സെക്രട്ടറി പി ടി ചാക്കോയ്ക്കെങ്കിലും അറിയാമോ ആവോ?

അങ്ങനെ പ്രത്യേകിച്ച് അര്‍ത്ഥമൊന്നും പറയാനില്ലെങ്കിലും മുസ്ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും വ്യക്തമായ ഒരു സൂചന സുജിത് നായര്‍ നല്‍കുന്നുണ്ട്. സിപിഎമ്മില്‍ നിങ്ങള്‍ ന്യൂനപക്ഷമാണ്. ഭൂരിപക്ഷവും ചേക്കേറിയിരിക്കുന്നത് ഉമ്മന്‍ചാണ്ടിയുടെ കൂടാരത്തിലാണ് . അതുകൊണ്ട്, അങ്ങോട്ടേയ്ക്കു പോവുക.

പ്രചാരവേലയില്‍ ബാന്‍ഡ് വാഗണ്‍ ഇഫക്ട് എന്നൊരിനമുണ്ട്. അതിന്‍റെ ലക്ഷ്യങ്ങളിലൊന്ന് വിക്കി ഇങ്ങനെ നിര്‍വചിക്കുന്നു -
This technique reinforces people's natural desire to be on the winning side. This technique is used to convince the audience that a program is an expression of an irresistible mass movement and that it is in their best interest to join.

ഉമ്മന്‍ചാണ്ടിയ്ക്കു വേണ്ടി സൂക്ഷ്മമായി ആസൂത്രണം ചെയ്യപ്പെട്ട പ്രൊപ്പഗാന്‍ഡയാണ് വി വി ബിനുവിന്‍റെ ജൂലൈ 10ന്‍റെയും  സുജിത് നായരുടെ ജൂലൈ 11, 13 തീയതികളിലെയും വാര്‍ത്തകള്‍. "ബിജെപി അടക്കമുളള പാര്‍ടികളിലേയ്ക്ക് സിപിഎമ്മുകാര്‍ ചേക്കേറുന്നു എന്ന പ്രചാരണം ശരിവെയ്ക്കുന്നതാണ് ഈ കണക്ക്",  "തുടർച്ചയായ തോൽവികളിലൂടെ കേരളത്തിൽ യുഡിഎഫിനൊപ്പം നിൽക്കാൻ പ്രാപ്‌തിയില്ലാത്ത മുന്നണിയായി എൽഡിഎഫ് ദുർബലപ്പെടുന്നു എന്ന തോന്നലാണു ശക്‌തമായി വരുന്നത്" തുടങ്ങിയ നിരീക്ഷണങ്ങള്‍ വ്യക്തമായ ലക്ഷ്യത്തോടെ തന്നെയാണ് തയ്യാറാക്കിയിരിക്കുന്നതും.

വാര്‍ത്താ വിശകലനങ്ങള്‍ എന്ന പേരില്‍ സുജിത് നായര്‍ എഴുതിക്കൂട്ടുന്ന അസംബന്ധങ്ങള്‍, അദ്ദേഹത്തിന്‍റെ വീക്ഷണവൈകല്യത്തിന്‍റെയോ പത്രപ്രവര്‍ത്തനത്തിന്‍റെ അടിസ്ഥാന മൂല്യങ്ങളെക്കുറിച്ചുളള അറിവില്ലായ്മയുടെയോ ലക്ഷണമല്ല. ഇങ്ങനെയൊക്കെ ചെയ്യാനാണ് അദ്ദേഹത്തിന് മനോരമ ശമ്പളം നല്‍കുന്നത്. കിട്ടുന്ന കൂലിയ്ക്കുളള ജോലി വെടിപ്പായി ചെയ്യാനുളള ആഗ്രഹം അദ്ദേഹത്തിനുണ്ട്. പക്ഷേ, മുന്‍ഗാമികളെ അപേക്ഷിച്ച് പ്രാപ്തിക്കുറവുണ്ടെന്നു മാത്രം. അതുകൊണ്ടാണ് അദ്ദേഹത്തിന്‍റെ ഗീര്‍വാണങ്ങള്‍ അസംബന്ധങ്ങളെന്ന് മറ്റുളളവര്‍ എളുപ്പത്തില്‍ തിരിച്ചറിയുന്നത്.

അപ്പോൾ ഞാൻ എന്‍റെ ജോലി തുടരട്ടെ എന്നാണ് സുജിത് നായരുടെ വിശദീകരണത്തിന്‍റെ വിരാമവാക്യം. "ഇമ്മാതിരി ഉച്ചക്കിറുക്കുകളുമായി ഇനിയും ഇതുവഴി വരൂ" എന്നു മാത്രം നമുക്ക് അദ്ദേഹത്തോടു മറുപടി പറയാം.

Tuesday, July 21, 2015

സുജിത് നായരുടെ പുല്ലാങ്കുഴല്‍ ജേണലിസം അഥവാ അനുപമാ വെങ്കിടേഷിനോട് അഞ്ചാറു ചോദ്യങ്ങള്‍

ഭാഗം ഒന്ന്
ഒരു പൊങ്കാലയും ബഹുമുഖ പ്രതിഭയും
മലയാള മാധ്യമലോകത്തെ ബഹുമുഖ പ്രതിഭയായ മനോരമയിലെ സുജിത് നായരെ സിപിഎമ്മിന്‍റെ സൈബര്‍ ചാവേറുകള്‍ നീചമായി ആക്രമിച്ചതുമായി ബന്ധപ്പെട്ടുണ്ടായ കോലാഹലങ്ങള്‍ നിലയ്ക്കുന്നില്ല. പ്രശസ്തരും അപ്രശസ്തരുമായ അനേകം പേര്‍ നാനാകോണുകളില്‍ അദ്ദേഹത്തിന് പിന്തുണ പിഴിഞ്ഞുവെച്ചു. സിപിഎമ്മുകാരുടെ വിവരമില്ലായ്മയെക്കുറിച്ച് കണ്ണീരില്‍ കുതിര്‍ന്ന നെടുങ്കന്‍ ദീര്‍ഘനിശ്വാസങ്ങള്‍ കാണ്ഡം കാണ്ഡമായി പ്രസിദ്ധീകരിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. സിപിഎമ്മുകാര്‍ മാന്യമായി പ്രതികരിക്കണം, വാര്‍ത്ത തെറ്റാണെങ്കില്‍ വസ്തുത നിരത്തി സമര്‍ത്ഥിക്കണം എന്നിങ്ങനെയുളള ഉപദേശങ്ങളും അണമുറിയാതെ പെയ്യുകയാണ്.

സുജിത് നായര്‍ക്ക് പിന്തുണ നല്‍കിയവരില്‍ ഇതര മാധ്യമങ്ങളില്‍ പണിയെടുക്കുന്ന സഹപ്രവര്‍ത്തകരുണ്ട്.   നാനാമേഖലകളില്‍ ഹൈമാസ്റ്റ് ലൈറ്റുകളായി കത്തിജ്വലിക്കുന്ന  ആക്ടിവിസ്റ്റുകളുണ്ട്. സാമൂഹ്യപ്രവര്‍ത്തകരുണ്ട്. എന്തിനേറെ ജനശക്തി ശക്തിധരന്‍ വരെയുണ്ട്. അവരൊറ്റക്കെട്ടായാല്‍ സിപിഎം ബാക്കിയുണ്ടാവില്ലെന്ന് എത്രയോ അനുഭവങ്ങളില്‍ നാം പഠിച്ചിട്ടുളളതാണ്.
 
ചാവേറുകള്‍ ഏതാണ്ട് ഒതുങ്ങുകയും പിന്തുണപ്പെരുമഴ തോരാതെ പെയ്യുകയും ചെയ്തതോടെ സുജിത് നായരുടെ മനസും ഒന്നു തണുത്തിട്ടുണ്ട്. ആ സാഹചര്യത്തില്‍ ഒരു വസ്തുനിഷ്ഠ പരിശോധന അനിവാര്യമാണ്.  അതിനു മുമ്പ് ചില പ്രതികരണങ്ങളിലൂടെ ഒന്നു കണ്ണോടിക്കാം.

റിപ്പോര്‍ട്ടര്‍ ചാനലിലെ  ചാനലിലെ സീനിയര്‍ എഡിറ്റര്‍ അനുപമ വെങ്കിടേഷ് ഇങ്ങനെ പറഞ്ഞു  -
ഉന്നയിക്കപ്പെട്ട വിഷയത്തിന്റെ  കാമ്പ് മനസിലാക്കി രാഷ്ട്രീയമായി സംവാദത്തിലേ൪പ്പെടാനുള്ള അറിവോ, ധൈര്യമോ, അടിസ്ഥാനപരമായി ഡിഗ്നിറ്റിയോ ഇല്ലാതാകുന്ന നേരത്താണ് അങ്ങാടിയിൽ തോറ്റതിന് മറ്റാരുടേയോ നെഞ്ചത്ത് കയറിക്കളയാമെന്ന് തീരുമാനിക്കുന്നത്.

വി കെ ആദര്‍ശ്
 മാധ്യമപ്രവർത്തകർ എഴുതുന്നത് അവർക്ക് കിട്ടിയ വിവരങ്ങളുടേയും ബോദ്ധ്യത്തിന്റെയും ഉത്തമവിശ്വാസത്തിലാണു, അതിനോട് യോജിക്കാം വിയോജിക്കാം. വസ്തുതകൾ വച്ച് തന്നെ എതിരിടാം വേണമെങ്കിൽ പിണങ്ങുകയും ആകാം.  

ടിസി രാജേഷ്
 മലയാള മനോരമ എന്ന പത്രത്തില്‍ നിന്ന്   ദേശാഭിമാനിയുടെ നിലപാട് പ്രതീക്ഷിക്കുന്നത് മണ്ടത്തരമാണ്. രാഷ്ട്രീയനിലപാടില്‍ മനോരമ  ഒരു തിരുത്തല്‍ വരുത്തുമെന്ന് പ്രതീക്ഷിക്കാനുമാകില്ല. ആ പത്രത്തില്‍ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ലേഖകനാണ് സുജിത്. അതിനപ്പുറം സുജിത് ഒരു നല്ല വ്യക്തിയാണെന്ന കാര്യം നാം മറക്കുന്നു. സുജിത് എഴുതിയ ഒരു വാര്‍ത്തയുടെ പേരില്‍അദ്ദേഹത്തിന്‍റെ ഫെയ്സ് ബുക് പേജില്‍ നടന്നുവരുന്ന അസഭ്യവര്‍ഷത്തെ ഒരു തരത്തിലും ന്യായീകരിക്കാനാകില്ല. സംഘികളേയും സുഡാപ്പികളേയും യൂത്തന്മാരേയുംപോലെ തരംതാഴുന്ന കമ്യൂണിസ്റ്റുകളെയാണ് ആ പേജില്‍ കാണേണ്ടിവരുന്നതെന്നതില്‍ എനിക്ക് അതിയായ ഖേദമുണ്ട്. ഇതിനപ്പുറമൊന്നും തങ്ങളില്‍ നിന്നു പ്രതീക്ഷിക്കേണ്ടതില്ലെന്നാണോ ഈ സഖാക്കള്‍ വിളിച്ചുപറയുന്നത്?

മലയാള മനോരമയെന്ന വിഷവൃക്ഷത്തിന്റെ അടിവേരുകള്‍ തേടി അവസാനം സ്വയം അങ്ങനെയേതാണ്ടായി  വളര്‍ന്ന ജി. ശക്തിധരന്‍  -
ഏതോ രഹസ്യ കേന്ദ്രത്തില്‍ ആലോചിച്ചു ആസൂത്രണം ചെയ്തു പ്രതികരിപ്പിച്ചതാണെന്ന് ഇവ കാണുമ്പോള്‍ തോന്നിപ്പോകുന്നു.  സി പി എമ്മിന്‍റെ സംസ്ഥാന നേതാക്കള്‍ നേരിട്ട് ഇടപെട്ടു പരിഹരിക്കേണ്ട വിഷയമായി നവമാധ്യമങ്ങളിലെ ഈ വിപത്ത് വളര്‍ന്നിരിക്കുകയാണ്.  അപക്വമതികളുടെ ഈ അസഭ്യഭ്രാന്ത് പാര്‍ടിയുടെ പ്രതിശ്ചായ കെടുത്തുകയേയുള്ളു. മികച്ച ഇടതുപക്ഷ നിരീക്ഷകനായ പത്രപ്രവര്‍ത്തകനാണ് സുജിത് നായര്‍. അദ്ദേഹം എഴുതുന്ന വാര്‍ത്തകള്‍ മിക്കപ്പോഴും തിരുത്തേണ്ടിവരാറില്ല

ഏതോ രഹസ്യകേന്ദ്രത്തില്‍ ആലോചിച്ച് ആസൂത്രണം ചെയ്ത് പ്രതികരണവും വാര്‍ത്തയുമുല്‍പാദിപ്പിക്കുന്ന രസായനവിദ്യകള്‍ ജി. ശക്തിധരനോളം അറിയുന്നവര്‍ വേറെയില്ല. സുജിത് നായര്‍ എഴുതുന്ന വാര്‍ത്തകള്‍ മിക്കപ്പോഴും തിരുത്തേണ്ടി വരാറില്ല സാക്ഷ്യം കൂടിയായപ്പോള്‍ വൃത്തം പൂര്‍ണമായി. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ മികച്ച ഇടതുപക്ഷ നിരീക്ഷകനായ പത്രപ്രവര്‍ത്തകനാണ് സുജിത് നായര്‍. കണ്ണേ മടങ്ങുക എന്നല്ലാതെ എന്തു പറയാന്‍!

ഭാഗം രണ്ട്

കാമ്പു വേണം... കാമ്പ്! ജസ്റ്റ് റിമെമ്പര്‍ ദാറ്റ്..  

"ഉന്നയിക്കപ്പെട്ട വിഷയത്തിന്‍റെ കാമ്പ് മനസിലാക്കി വേണം രാഷ്ട്രീയമായ സംവാദത്തിലേ൪പ്പെടേണ്ടത്" എന്നാണല്ലോ അനുപമാ വെങ്കിടേഷ് വാദിക്കുന്നത്. വാര്‍ത്തയെഴുതുന്നതിനോ സംപ്രേക്ഷണം ചെയ്യുന്നതിനോ ഇങ്ങനെയൊരു നിബന്ധനയുണ്ടോ എന്ന കാര്യം വ്യക്തമല്ല. എങ്കിലും പറയുന്നത് ലോകത്തിലെ ഏക 'സ്റ്റാന്‍ഡ് എലോണ്‍ ചാനലി'ന്‍റെ സീനിയര്‍ എഡിറ്ററാണ്.  അതുകൊണ്ട് ഉന്നയിക്കപ്പെട്ട വിഷയത്തിന്‍റെ കാമ്പ് ആദ്യം പരിശോധിക്കാം.

കാല്‍ലക്ഷം പേര്‍ സിപിഎം വിട്ടു എന്ന തലക്കെട്ടില്‍ 2015 ജൂലൈ 11ന് മനോരമ പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് പ്രകോപനഹേതു.  ബിജെപി അടക്കമുളള പാര്‍ടികളിലേയ്ക്ക് സിപിഎമ്മുകാര്‍ ചേക്കേറുന്നു എന്ന പ്രചാരണം ശരിവെയ്ക്കുന്നതാണ് ഈ കണക്ക് എന്നൊരു വാചകം ആ വാര്‍ത്തയിലുണ്ട്. ആ വാചകമാണ് യഥാര്‍ത്ഥത്തില്‍ പ്രകോപനത്തിന്‍റെ പ്രഭവകേന്ദ്രം.
വാര്‍ത്തയ്ക്കൊപ്പം ചേര്‍ത്തിരിക്കുന്ന പാര്‍ടി രേഖയില്‍ പാര്‍ടി അംഗങ്ങളെക്കുറിച്ചുളള വിവരങ്ങള്‍ എന്ന തലക്കെട്ടിനു കീഴെ കൊഴിഞ്ഞു പോയ പാര്‍ടി അംഗങ്ങള്‍ - 25095 എന്നൊരു ഇനമുണ്ട്. അത്രയും സത്യം.

ഇതില്‍ നിന്ന് "ബിജെപി അടക്കമുളള പാര്‍ടികളിലേയ്ക്ക് സിപിഎമ്മുകാര്‍ ചേക്കേറുന്നു എന്ന പ്രചാരണം ശരിവെയ്ക്കുന്നതാണ് ഈ കണക്ക്" എന്ന നിരീക്ഷണത്തിലേയ്ക്ക് എങ്ങനെയാണ് എത്തുന്നത്? ആ നിരീക്ഷണം പരത്തിയെടുക്കുന്ന ചപ്പാത്തിപ്പലകയെപ്പറ്റി സീനിയര്‍ എഡിറ്റര്‍ക്ക് വല്ലതും അറിയാമോ?  റിപ്പോര്‍ട്ടര്‍ ചാനലില്‍ ശമ്പളം മുടങ്ങി എന്നു പറ‍ഞ്ഞാല്‍ മഴവില്‍ മനോരമയാണ്  ശമ്പളം തടഞ്ഞുവെയ്ക്കുന്നത് എന്ന അര്‍ത്ഥമുണ്ടോ, മാഡം?

കൊഴിഞ്ഞു പോയ പാര്‍ടി അംഗങ്ങള്‍ - 25095 എന്ന വിവരത്തെ ബിജെപി അടക്കമുളള പാര്‍ടികളിലേയ്ക്ക് സിപിഎമ്മുകാര്‍ ചേക്കേറുന്നു എന്ന പ്രചാരണം ശരിവെയ്ക്കുന്ന കണക്കിലേയ്ക്ക് വ്യാഖ്യാനിച്ചു വലിച്ചുനീട്ടിയ ഭാവനയുടെ "കാമ്പ്" ഏതുപകരണം ഉപയോഗിച്ചാണ് അനുപമാ വെങ്കിടേഷ്  അളന്നു തിട്ടപ്പെടുത്തുന്നത്?    ഈ വാദം ശരിവെയ്ക്കുന്ന എന്തു വസ്തുതയാണ് സുജിത് നായരുടെ റിപ്പോര്‍ട്ടിലുളളത്?   കൊഴിഞ്ഞുപോയി ബിജെപിയിലേയ്ക്ക് ചേക്കേറിയവരുടെ കണക്ക്, ബ്രാഞ്ചും ലോക്കലും ഏരിയയും ജില്ലയും സംസ്ഥാനവും തിരിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ടോ? ഇല്ല. ഇല്ലേയില്ല!
  
പലവിധ കാരണങ്ങളാല്‍ എല്ലാ രാഷ്ട്രീയപാര്‍ടികളിലും നിന്ന് നിലവിലുളള അംഗങ്ങളിലൊരു ഭാഗം വിട്ടുപോവുകയും പുതുതായി വേറെ കുറേപ്പേര്‍ വന്നു ചേരുകയും ചെയ്യാറുണ്ട്. ഒരിക്കല്‍ വിട്ടുപോയവര്‍ തന്നെ തിരിച്ചെത്തുന്ന അനുഭവങ്ങളും വിരളമല്ല. സിപിഎമ്മിന്‍റെ കാര്യത്തിലാണെങ്കില്‍ ഇപ്പോള്‍ ഗൗരിയമ്മ  പാലക്കാട് എം ആര്‍ മുരളിയുടെ നേതൃത്വത്തില്‍ വിട്ടുപോയവരില്‍ നല്ലൊരു ഭാഗം സിപിഎമ്മില്‍ തിരികെയെത്തി. ഒഞ്ചിയത്ത് ആര്‍എംപിയിലേയ്ക്കു പോയ സുരേന്ദ്രന്‍ മാഷ് ഇപ്പോള്‍ സിപിഎമ്മിലാണ്. ഇതൊന്നും വലിയ സംഭവങ്ങളാണെന്നല്ല. ഒരു രാഷ്ട്രീയപ്പാര്‍ടിയുടെ അംഗത്വവുമായി ബന്ധപ്പെട്ട് ഇത്തരം നാനാസംഭവങ്ങള്‍ നാട്ടില്‍ നടക്കാറുണ്ട്.

ഭാഗം മൂന്ന്.... 
ഊതിയാലും ചാണ്ടി, ഉറിഞ്ചിയാലും ചാണ്ടി 

വിഷയത്തിലേയ്ക്കു മടങ്ങി വരാം. മാധ്യമപ്രവർത്തകർ എഴുതുന്നത് അവർക്ക് കിട്ടിയ വിവരങ്ങളുടേയും ബോദ്ധ്യത്തിന്റെയും ഉത്തമവിശ്വാസത്തിലാണ് എന്നാണ് വി കെ ആദര്‍ശത്തിന്‍റെ നിഗമനം. ശരിയാണ്.  2014ല്‍ സിപിഎമ്മില്‍ നിന്ന് 25095 പേര്‍ കൊഴിഞ്ഞു പോയിട്ടുണ്ട് എന്ന വിവരം രേഖപ്പെടുത്തിയ പാര്‍ടി രേഖ സുജിത് നായര്‍ക്ക് കിട്ടിയിട്ടുണ്ട്. ഈ വിവരത്തില്‍ നിന്ന് ഏതു വഴിക്കു ചിന്തിച്ചാലും ബിജെപി അടക്കമുളള പാര്‍ടികളിലേയ്ക്ക് സിപിഎമ്മുകാര്‍ ചേക്കേറുന്നു എന്ന പ്രചാരണം ശരിവെയ്ക്കുന്നതാണ് ഈ കണക്ക് എന്ന നിഗമനത്തിലെത്താനാവില്ല. സുജിത് നായര്‍ക്കെന്നല്ല, സുബോധത്തോടെ ചിന്തിക്കുന്ന ആര്‍ക്കും അങ്ങനെ ചിന്തിക്കാനാവില്ല. അപ്പോപ്പിന്നെ ഈ ബോധ്യം സുജിത് നായര്‍ക്കെങ്ങനെ ഉണ്ടായി? അതെങ്ങനെ മനോരമ പ്രസിദ്ധീകരിച്ചു?

അവിടെയാണ് നാം ജി. ശക്തിധരന്‍റെ കുറിപ്പിലെ ധ്വനി തിരിച്ചറിയേണ്ടത്. ഏതോ രഹസ്യ കേന്ദ്രത്തില്‍ ആലോചിച്ചു ആസൂത്രണം ചെയ്തു പ്രതികരിപ്പിച്ചതാണെന്ന് ഇവ കാണുമ്പോള്‍ തോന്നിപ്പോകുന്നു എന്നാണല്ലോ അദ്ദേഹം എഴുതിയത്. ശരിയാണ്. ആലോചിച്ച് ആസൂത്രണം ചെയ്ത പ്രതികരണം തന്നെയാണ് സുജിത് നായരുടേത്. ആലോചന നടന്നത് പക്ഷേ, രഹസ്യകേന്ദ്രത്തിലൊന്നുമല്ല.

ബിജെപി അടക്കമുളള പാര്‍ടികളിലേയ്ക്ക് സിപിഎമ്മുകാര്‍ ചേക്കേറുന്നു എന്ന പ്രചാരണം ശരിവെയ്ക്കുന്നതാണ് ഈ കണക്ക് എന്ന സുജിത് നായരുടെ വാചകം നമുക്കൊന്ന് ഇഴകീറി നോക്കാം. ഗീര്‍വാണത്തിന് രണ്ടു തട്ടുകളുണ്ട്. ഒന്ന് - ബിജെപി അടക്കമുളള പാര്‍ടികളിലേയ്ക്ക് സിപിഎമ്മുകാര്‍ ചേക്കേറുന്നു എന്നൊരു പ്രചരണം നടക്കുന്നുണ്ട്. രണ്ട് - കണക്കുകള്‍ അതു ശരിവെയ്ക്കുന്നു.

ഒന്നാം ഭാഗം നോക്കുക. സിപിഎമ്മുകാര്‍  ബിജെപി അടക്കമുളള പാര്‍ടികളിലേയ്ക്ക് ചേക്കേറുന്നു എന്ന് ആരോ പ്രചരിപ്പിക്കുന്നുണ്ട്. ആരാണ് അങ്ങനെയൊരു പ്രചരണം നടത്തുന്നത്? ആ ചോദ്യത്തിന്‍റെ ഉത്തരം വാര്‍ത്തയിലെവിടെയെങ്കിലുമുണ്ടോ? ഇല്ല. പക്ഷേ, നമുക്കറിയാം, അരുവിക്കര തിരഞ്ഞെടുപ്പുകാലത്ത് ഉമ്മന്‍ചാണ്ടി അങ്ങനെയൊരു പ്രചരണം നടത്തിയിരുന്നു.  സിപിഎം മൂന്നാം സ്ഥാനത്തു പോകുമെന്നാണ് ഉമ്മന്‍ചാണ്ടി തട്ടിവിട്ടത്. ആ പ്രസ്താവനയുടെ മറവില്‍ ന്യൂനപക്ഷ വോട്ടുകേന്ദ്രീകരണമാണ് ഉമ്മന്‍ചാണ്ടി ലക്ഷ്യം വെച്ചത്. നരേന്ദ്രമോദിയും അമിത്ഷായും ഫാസിസത്തിന്‍റെ ഭീകരസത്വങ്ങളായി ഇരമ്പിയെത്തുന്ന കാലത്ത് ഇതാ ബിജെപി ജയിക്കാന്‍ പോകുന്നുവെന്നും സിപിഎമ്മുകാര്‍ കൂട്ടത്തോടെ ബിജെപിയാകുന്നു എന്നും പ്രചരിപ്പിക്കുന്നതിന്‍റെ ലക്ഷ്യം  അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം മനസിലാകും.

അവിടെയാണ് മാധ്യമപ്രവര്‍ത്തകന്‍റെ വേഷത്തില്‍ സുജിത് നായരുടെ പുല്ലാങ്കുഴലൂത്ത്. സംശയമുളളവര്‍ക്ക് 2015 ജൂലൈ ഒന്നിന്‍റെ മനോരമയെടുക്കാം. അരുവിക്കര തിരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍ സുജിത് നായര്‍ വക വിശകലനം അന്നേ ദിവസം മനോരമ പ്രസിദ്ധീകരിച്ചിട്ടിട്ടുണ്ട്. മുങ്ങിത്താണ് എല്‍ഡിഎഫ് എന്നു തലക്കെട്ട്.
അതിലിങ്ങനെയൊരു വാചകമുണ്ട്. -  തുടർച്ചയായ തോൽവികളിലൂടെ കേരളത്തിൽ യുഡിഎഫിനൊപ്പം നിൽക്കാൻ പ്രാപ്‌തിയില്ലാത്ത മുന്നണിയായി എൽഡിഎഫ് ദുർബലപ്പെടുന്നു എന്ന തോന്നലാണു ശക്‌തമായി വരുന്നത്.

ആരുടെ തോന്നല്‍? ഇങ്ങനെയൊരു തോന്നല്‍ കേരളത്തില്‍ പ്രചരിക്കണമെന്ന് ആരാണ് കണ്ണടച്ചു കൈകൂപ്പി പ്രാര്‍ത്ഥിക്കുന്നത്? സാക്ഷാല്‍ ഉമ്മന്‍ചാണ്ടി. കേരളത്തിലെ മതന്യൂനപക്ഷങ്ങളുടെ മനസില്‍ ഇങ്ങനെയൊരു തോന്നലുണ്ടാകണമെന്ന് ചാണ്ടിയ്ക്ക് പെരുത്ത ആഗ്രഹമുണ്ട്. ഉമ്മന്‍ചാണ്ടി വിത്തുപാകിയ നുണ പ്രചരണത്തിന് കാറ്റുപിടിപ്പിക്കാന്‍ ഏതോ സിപിഎമ്മുകാരില്‍ നിന്ന് ചോര്‍ത്തിക്കിട്ടിയ ഒരു രേഖയിലെ പരാമര്‍ശം ആയുധമാക്കുകയായിരുന്നു സുജിത് നായര്‍.

ഉമ്മന്‍ചാണ്ടിയുടെ കുടിലബുദ്ധിയ്ക്കുളള കൂട്ടിക്കൊടുപ്പാണ് സുജിത്ത് നായരുടെ വിശകലനങ്ങളെന്ന് തിരിച്ചറിയാനുളള പഠിപ്പുപോലും തികയാതെയാണോ അനുപമാ വെങ്കിടേഷ്, സ്റ്റാന്‍ഡ് എലോണ്‍ ചാനലിന്‍റെ സീനിയര്‍ എഡിറ്റര്‍ പദം അലങ്കരിക്കുന്നത്?

ഭാഗം നാല്
വാദവിരുതിന്‍റെ വാദ്യവിസ്മയം

വിഷയം നമുക്ക് ചര്‍ച്ച ചെയ്യാം, അനുപമാ വെങ്കിടേഷ്! ഉന്നയിക്കപ്പെട്ട വിഷയത്തിന്‍റെ  കാമ്പ് മനസിലാക്കി തന്നെ. "രാഷ്ട്രീയ  സംവാദത്തിലേ൪പ്പെടാനുള്ള അറിവും ധൈര്യവും അടിസ്ഥാനപരമായ ഡിഗ്നിറ്റിയുമൊക്കെ ഉളളവര്‍ക്ക്" തണ്ടെല്ലിനു ബലമുണ്ടോ, ഈ ചോദ്യങ്ങളെ നേരിടാന്‍?

"തുടര്‍ച്ചയായ" എല്‍ഡിഎഫിന്‍റെ തോല്‍വികളാണല്ലോ സുജിത് നായരെ മേല്‍പ്പറഞ്ഞവിധം തോന്നിപ്പിക്കുന്നത്. ഏതു തോല്‍വികള്‍? യുഡിഎഫിന്‍റെ സിറ്റിംഗ് സീറ്റുകളായിരുന്നില്ലേ പിറവം, അരുവിക്കര മണ്ഡലങ്ങള്‍? ആ സീറ്റുകള്‍ യുഡിഎഫ് നിലനിര്‍ത്തിയെന്നല്ലേയുളളൂ? ആ വസ്തുതയെ എങ്ങനെ വലിച്ചു നീട്ടിയാലാണ്, കേരളത്തിൽ യുഡിഎഫിനൊപ്പം നിൽക്കാൻ പ്രാപ്‌തിയില്ലാത്ത മുന്നണിയായി എൽഡിഎഫ് ദുർബലപ്പെടുന്നു എന്ന തോന്നലിലേയ്ക്ക് എത്തിച്ചേരുന്നത്?

പാര്‍ലമെന്‍റു തിരഞ്ഞെടുപ്പിലാണെങ്കില്‍, 2009ല്‍ നാലു സീറ്റു നേടിയ സ്ഥാനത്ത് 2014ല്‍ എട്ടു സീറ്റു ലഭിച്ചു. 2009നെ അപേക്ഷിച്ച് നാലു സീറ്റുകള്‍ യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. അങ്ങനെയല്ലേ സംഭവിച്ചത്, അനുപമാ വെങ്കിടേഷ്? "യുഡിഎഫിനൊപ്പം നിൽക്കാൻ" പ്രാപ്‌തിയില്ലാത്തതുകൊണ്ടാണോ നാലു സീറ്റുകള്‍ എല്‍ഡിഎഫ് നിലനിര്‍ത്തുകയും നാലു സീറ്റുകള്‍ അവരില്‍ നിന്ന് പിടിച്ചെടുക്കുകയും ചെയ്തത്?  

ഈ ചോദ്യങ്ങളൊന്നും നേര്‍ക്കുനേരെ നേരിടാനുളള എല്ലുറപ്പ് സുജിത് നായര്‍ക്കില്ല. അദ്ദേഹത്തില്‍ അര്‍പ്പിതമായിരിക്കുന്ന കര്‍ത്തവ്യത്തെക്കുറിച്ച് ഈ ബ്ലോഗില്‍ ഇതിനു മുമ്പും തെളിവു സഹിതം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നാടു മുഴുവന്‍ യുഡിഎഫിനെ നോക്കി നാറുന്നേ എന്ന് ആര്‍ത്തുവിളിക്കുമ്പോഴും ഉമ്മന്‍ചാണ്ടിയുടെയും സംഘത്തിന്‍റെയും ദേഹത്തുനിന്ന് അത്തറിന്‍റെ സുഗന്ധമാണ് ഒഴുകുന്നത് എന്ന് ഒരുളുപ്പുമില്ലാതെ വ്യാഖ്യാനിച്ച മഹാപ്രതിഭയാണ് സുജിത് നായര്‍.

സിപിഎമ്മിനെക്കുറിച്ചുളള സുജിത് നായരുടെ  വിലയിരുത്തലുകള്‍ മുക്കാലേ മുണ്ടാണിയും തരംതാണ രാഷ്ട്രീയ അസംബന്ധങ്ങളും കറതീര്‍ന്ന അപവാദപ്രചരണവുമാകുമ്പോള്‍ യുഡിഎഫിനും ഉമ്മന്‍ചാണ്ടിയ്ക്കും വേണ്ടി ആ തൂലികയില്‍ നിന്ന് നിര്‍ബാധം വാഴ്ത്തുമൊഴികളൊഴുകും. സിപിഎമ്മിനെക്കുറിച്ചുളള വിശകലനങ്ങള്‍ പലപ്പോഴും വ്യക്തിഹത്യയുടെ അതിരുകള്‍ ഭേദിക്കാറുണ്ട്. അതില്‍ വക്രീകരണവും തമസ്കരണവുമുണ്ട്. നട്ടാല്‍കുരുക്കാത്ത നുണയും വൃത്തികെട്ട വിദ്വേഷവുമുണ്ട്. പക്ഷേ, കോണ്‍ഗ്രസിനെക്കുറിച്ചും ഉമ്മന്‍ചാണ്ടിയെക്കുറിച്ചുമൊക്കെയാകുമ്പോള്‍, ആരാധനയുടെ മഴവില്ലു കുലച്ച്, പ്രശംസയുടെ പൂവമ്പു തൊടുത്ത് സുജിത് നായരുടെ ഒരു വരവുണ്ട്.    

സംശയം തീര്‍ക്കാനിതാ ഒരു സാംപിള്‍ എപ്പിസോഡ്. അഞ്ചാംമന്ത്രി വിവാദം കത്തിക്കാളിയ കാലത്ത്,  മന്ത്രിമാരുടെ വകുപ്പുമാറ്റവും കോണ്‍ഗ്രസിനുളളിലെ  തര്‍ക്കങ്ങളും വിവാദങ്ങളും കൊടുമ്പിരിക്കൊണ്ട കാലത്ത്  മനോരമയുടെ എഡിറ്റ് പേജില്‍ സുജിത് നായര്‍ ഒരു കാച്ചുകാച്ചി. മുഖ്യമന്ത്രിയുടെ ഒറ്റമൂലി, ലേപനം കിട്ടിയ ആശ്വാസത്തില്‍ യുഡിഎഫ് എന്ന തലക്കെട്ടിലായിരുന്നു വാദ്യവാദനം.

റൗഫും കുഞ്ഞാലിക്കുട്ടിയും തമ്മിലുളള അങ്കത്തില്‍ സൂചനകളും വെളിപ്പെടുത്തലുകളുമായി യുഡിഎഫിനു വേണ്ടി രംഗത്തിറങ്ങിയതും മറ്റൊരാളായിരുന്നില്ല. റൗഫിന്റെ കൈകളില്‍ വിവാദരേഖകളുണ്ടെന്നറിഞ്ഞ സിപിഎമ്മിലെ ഒരുവിഭാഗവും ലീഗില്‍ നിന്നും വിട്ടുപോയ യുവനേതാവും ചേര്‍ന്നാണ് ഐസ്ക്രീം കേസ് വീണ്ടും കുത്തിപ്പൊക്കാനുളള നീക്കങ്ങള്‍ക്ക് തുടക്കമിട്ടത് എന്നാണ് സൂചന എന്നെഴുതിയതും മറ്റാരുമായിരുന്നില്ല.
അനുപമാ വെങ്കിടേഷ് ആഗ്രഹിക്കുന്നതുപോലെ ഉന്നയിക്കപ്പെട്ട വിഷയത്തിന്റെ  കാമ്പ് മനസിലാക്കി രാഷ്ട്രീയമായി സംവാദത്തിലേ൪പ്പെടാനുള്ള അറിവോ, ധൈര്യമോ, അടിസ്ഥാനപരമായി ഡിഗ്നിറ്റിയോ സുജിത് നായര്‍ക്കുണ്ടോ എന്നൊന്നു പരിശോധിക്കാം.

ഭാഗം അഞ്ച്
നട്ടുച്ചയ്ക്കു നത്തിനു കണ്ണു കാണാത്തത് സൂര്യന്‍റെ കുറ്റമാണോ?

2015 ജൂണ്‍ 30ന് സുജിത് നായരുടെ ഫേസ് ബുക്ക് സ്റ്റാറ്റസ് ഇങ്ങനെ -
അമ്പരപ്പിക്കുന്ന വസ്തുത 2011 നേക്കാൾ 25,000 വോട്ടർമാരോളം കൂടുതൽ വോട്ടു ചെയ്തിട്ടും അന്ന് ആർ.എസ്.പിയുടെ അമ്പലത്തറ ശ്രീധരൻനായർ നേടിയ വോട്ടിനേക്കാൾ(46123) 197 വോട്ടു മാത്രമാണ് എം. വിജയകുമാറിന്( 46320) ലഭിച്ചത് എന്നതാണ്.അതിലും താഴെപ്പോയില്ല എന്ന് വേണമെങ്കിൽ ആശ്വസിക്കാം.
2011ല്‍ അമ്പലത്തറ ശ്രീധരന്‍ നായര്‍ നേടിയതിനെക്കാള്‍ 197 വോട്ടുകള്‍ മാത്രമാണ് 2015ല്‍ വിജയകുമാര്‍ അധികം നേടിയത് എന്ന വസ്തുതയ്ക്കു മീതെ അമ്പരപ്പു കോരിച്ചൊരിയാല്‍ സുജിത് നായര്‍ക്ക് അവകാശമുണ്ട്. പക്ഷേ, 2011നെ അപേക്ഷിച്ച് 25000 വോട്ടുകള്‍ അധികം പോള്‍ ചെയ്തിട്ടും അന്ന് കാര്‍ത്തികേയന് ലഭിച്ചതിനെക്കാള്‍ 319 വോട്ടു കുറവാണ് ശബരീനാഥന് ലഭിച്ചത്. 2011ല്‍ പോള്‍ ചെയ്ത വോട്ടിന്‍റെ 48 ശതമാനം കാര്‍ത്തികേയന്‍ നേടിയപ്പോള്‍ 2015ന് അദ്ദേഹത്തിന്‍റെ മകന്‍റെ വിഹിതം 39 ശതമാനമായി കുറഞ്ഞതിനെക്കുറിച്ച് ഒരമ്പരപ്പും സുജിത് നായര്‍ക്കു തോന്നാത്തതിനു കാരണമെന്തായിരിക്കാം?

ആ ചോദ്യം ടി സി രാജേഷ് അവിടെത്തന്നെ ചോദിച്ചിട്ടുണ്ട്. രാജേഷിന്‍റെ ചോദ്യം ഇങ്ങനെയായിരുന്നു -
2011 നേക്കാള്‍ 26000ല്‍ പരം വോട്ടര്‍മാര്‍ വര്‍ധിച്ചിട്ടും, അന്ന് എതിര്‍പക്ഷത്തായിരുന്ന ആര്‍.എസ്.പി ഇപ്പോള്‍ ഒപ്പം നിന്നിട്ടും ജി.കാര്‍ത്തികേയന് ലഭിച്ചതിനേക്കാള്‍ 340 വോട്ട് ശബരീനാഥിനവ് കുറഞ്ഞുവെന്നത് എന്തുകൊണ്ടാണ് അമ്പരിപ്പിക്കാത്തത്?

അതിന് സുജിത് നായരുടെ മറുപടി -
Rajesh paranjth seriyanu... Ldf nte kanakkanu njan adym nokkiyath... Thota munnani enna nilayil.., udf nte votum avide kuranjitund.,, but still they managed to win by 10000 votes n a triangular fight... 

യുഡിഎഫിന്‍റെ വോട്ടും കുറഞ്ഞിട്ടുണ്ട് എന്ന് സുജിത്തിന് സമ്മതിക്കേണ്ടി വന്നു. എപ്പോള്‍? 2015 ജൂണ്‍ 30ന് രാത്രി 12.27ന്. പക്ഷേ, പത്രത്തില്‍ അച്ചടിക്കുന്ന ലേഖനത്തില്‍ അങ്ങനെ സമ്മതിക്കാന്‍ പറ്റുമോ? തൊട്ടുപിറ്റേന്നാണ് മുങ്ങിത്താണ് എല്‍ഡിഎഫ് എന്ന തലക്കെട്ടില്‍ സുജിത്തിന്‍റെ വക അവലോകനം മനോരമയില്‍ പ്രത്യക്ഷപ്പെട്ടത്. അതിലാണ് കേരളത്തിൽ യുഡിഎഫിനൊപ്പം നിൽക്കാൻ പ്രാപ്‌തിയില്ലാത്ത മുന്നണിയായി എൽഡിഎഫ് ദുർബലപ്പെടുന്നു എന്ന അസംബന്ധം എഴുതിപ്പിടിപ്പിച്ചത്.
2011ല്‍ 48 ശതമാനം വോട്ടു നേടി വിജയിച്ച യുഡിഎഫിന് 2015ല്‍ ജയിക്കുമ്പോള്‍ വെറും 39 ശതമാനം വോട്ടു മാത്രമേ കിട്ടിയിരുന്നുളളൂ എന്ന് സംസ്ഥാനത്തെ ഏറ്റവും മികച്ച ഇടതുപക്ഷ നിരീക്ഷകനായ പത്രപ്രവര്‍ത്തകന്‍ അറിഞ്ഞതേയില്ലത്രേ. തീരുന്നില്ല തമാശ..

അതേ സ്റ്റാറ്റസില്‍ ഐവി ജുനൈസിന്‍റെ വക ചോദ്യം - അപ്പോ ആര്‍എസ്പിയ്ക്ക് കൃത്യമായ വോട്ടുകള്‍ ഉണ്ടായിരുന്നോ? ( Appo RSP ykk krithyamaya votukal undayirunno?)

സുജിത് നായരുടെ മറുപടി - Angane oru arthm ella.. They can claim..

എന്തോന്ന് ക്ലെയിം? എല്‍ഡിഎഫില്‍ ആര്‍എസ്പി ഉണ്ടായിരുന്ന 2011ല്‍ കാര്‍ത്തികേയന് കിട്ടിയത് 56797വ വോട്ടുകള്‍. ആര്‍എസ്പി എല്‍ഡിഎഫില്‍ നിന്ന് ചേക്കേറി യുഡിഎഫില്‍ ചേര്‍ന്നപ്പോള്‍ യുഡിഎഫിന് കിട്ടിയത് 56448 വോട്ടുകള്‍. ഇതിന്‍റെ പേരില്‍ എന്തു ക്ലെയിമാണ് സുജിത് നായരേ ആര്‍എസ്പി ഉന്നയിക്കുന്നത്? വാലേത് തലയേത് എന്നറി‍ഞ്ഞിട്ടു തന്നെയാണോ താങ്കള്‍ അതിഭയങ്കരമായ വിടല്‍സ് ഒക്കെ എഴുതിപ്പിടിപ്പിക്കുന്നത്?

എല്‍ഡിഎഫിന് 2011ലും 2015ലും കിട്ടിയ വോട്ടുകള്‍ താരതമ്യം ചെയ്ത് അമ്പരപ്പു പ്രസിദ്ധീകരിച്ച പത്രപ്രവര്‍ത്തനപ്രതിഭയ്ക്ക് യുഡിഎഫിന്‍റെ വോട്ടുകള്‍ അങ്ങനെ താരതമ്യം ചെയ്യണമെന്ന് തോന്നിയതേയില്ല. മറ്റൊരാള്‍ ചൂണ്ടിക്കാണിക്കുന്നതു വരെ. ഇമ്മാതിരി ആളുകള്‍ എഴുതിക്കൂട്ടുന്ന അസംബന്ധങ്ങള്‍ ഒരു നല്ല എഡിറ്ററുടെ കൈയിലാണ് കിട്ടുന്നതെങ്കില്‍ സാധനം നുളളിക്കീറിക്കളഞ്ഞ്, കമ്പനിച്ചെലവില്‍ എഴുത്താളന് നെല്ലിക്കാത്തളം ഏര്‍പ്പാടാക്കും. പക്ഷേ, ഇത് മനോരമയാണ്. കണ്ടത്തില്‍ കുടുംബത്തിന്‍റെ ക്വട്ടേഷന്‍ ഗുണ്ടയാണ് എഴുത്താളന്‍. അതുകൊണ്ട് യുഡിഎഫിന് കിട്ടിയ വോട്ടൊന്നും താരതമ്യം ചെയ്യാനുളള ധൈര്യമൊന്നും അവിടെയാര്‍ക്കുമുണ്ടാവില്ല.

2015 ജൂലൈ ഒന്നിന്‍റെ മനോരമയില്‍ മറ്റൊരൈറ്റമുണ്ട്. കാറ്റുപോയ വിവാദങ്ങള്‍, പുതിയ വിഷയങ്ങള്‍ തേടി പ്രതിപക്ഷം എന്ന തലക്കെട്ടില്‍. അതില്‍ പത്രം ഇങ്ങനെ ആശ്വാസം കൊളളുന്നു -
ഇനി സിപിഎമ്മിനും ഇടതുപക്ഷത്തിനും കേരളത്തിൽ വിഷയദാരിദ്ര്യത്തിന്റെ നാളുകൾ. അരുവിക്കരയിൽ അവർ ഉയർത്തിയ മുദ്രാവാക്യങ്ങളൊന്നും ഏശിയില്ല, പലതിന്റെയും കാറ്റു പോവുകയും ചെയ്തു. യുഡിഎഫിനു കരുത്തേകിയതാകട്ടെ വികസന മുദ്രാവാക്യങ്ങളും.

യുഡിഎഫിന് എന്തോന്ന് കരുത്തുണ്ടായെന്നാണ് സുജിത് നായരും സംഘവും വാദിക്കുന്നത്? 2011 മുതല്‍ 2015 വരെ  ഉയര്‍ത്തിയ വികസന മുദ്രാവാക്യം കൊണ്ട്, അരുവിക്കര മണ്ഡലത്തില്‍ ഒരു വോട്ട് അധികം നേടാന്‍ ഉമ്മന്‍ചാണ്ടിയ്ക്കും കൂട്ടര്‍ക്കും കഴിഞ്ഞോ? അങ്ങനെ സംഭവിച്ചെങ്കില്‍ 25000 വോട്ട് അധികം പോള്‍ ചെയ്യപ്പെട്ടപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ടു കുറഞ്ഞ് 39 ശതമാനത്തിലേയ്ക്കു ചുരുങ്ങുമായിരുന്നില്ലല്ലോ. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിനെതിരെ കൊളളസംഘത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളും ആക്ഷേപങ്ങളും അരുവിക്കരയില്‍ വോട്ടു ചെയ്ത 61 ശതമാനത്തിനും ബോധ്യമായിട്ടുണ്ട് എന്ന സത്യത്തിനു നേരെ സുജിത് നായര്‍ ഉടുമുണ്ടഴിച്ചു മറച്ചിട്ടെന്തു കാര്യം?

അപ്പോള്‍, സംഗതി വ്യക്തമാണ്. യുഡിഎഫും ഉമ്മന്‍ചാണ്ടിയും ലക്ഷ്യമിടുന്ന പൊതുബോധ സൃഷ്ടിയ്ക്കു വേണ്ടിയാണ് സുജിത് നായര്‍ പേനയുന്തുന്നത്. എഴുതുന്നത് നുണയും വിവരക്കേടും അസംബന്ധവും അല്‍പ്പത്തവും ആയാലും വേണ്ടില്ല, ചാണ്ടിയ്ക്കു വായിച്ചു സുഖിക്കാനുളള വകയുണ്ടാകണമെന്നേയുളളൂ. വിഷയം, അഞ്ചാം മന്ത്രി വിവാദമോ  അരുവിക്കര തിരഞ്ഞെടുപ്പു ഫലമോ സിപിഎമ്മില്‍ നിന്നുളള കൊഴിഞ്ഞുപോക്കോ ആയിക്കോട്ടെ, സുജിത് നായരുടെ വിശകലനം ഒരു പുല്ലാങ്കുഴല്‍ വായനയായിരിക്കും.  ഉമ്മന്‍ചാണ്ടിയ്ക്കു നല്ലതുപോലെ സുഖിക്കണം. അത്രേയുളളൂ.

ഭാഗം ആറ്
ഓര്‍മ്മകള്‍ മരിക്കുമോ, ഓളങ്ങള്‍ നിലയ്ക്കുമോ?

സിപിഎം അനുഭാവികളായ സൈബര്‍ ചാവേറുകളുടെ പ്രതികരണങ്ങളിലെ ഭാഷയും ശൈലിയും സുമനസുകളെ വേദനപ്പിച്ചിരിക്കുന്നു. അതെപ്പോഴും അങ്ങനെയാണ്. സിപിഎമ്മില്‍ നിന്ന് അരുതായ്കകളുണ്ടാകുന്നത് സുമനസുകള്‍ ഒരിക്കലും സഹിക്കുകയോ പൊറുക്കുകയോ ഇല്ല.

സുജിത് നായര്‍ തന്‍റെ ഫേസ് ബുക്ക് സ്റ്റാറ്റസില്‍ ഇങ്ങനെയെഴുതുന്നു -
പാമ്പാടിയിലെ വീട്ടിൽ ചുണ്ടിൽ നാമജപമില്ലാതെ കാണാറില്ലാത്ത അമ്മ ഇതൊക്കെ അറിഞ്ഞാൽ ഉണ്ടാകുന്ന ആന്തൽ ആകും അതിനു കാരണം. സ്വജീവിതം കൊണ്ട് അവരുണ്ടാക്കിയ ധാർമികശക്തിയുടെ ചൂട് മതി ശാപവചസുകളെ വെണ്ണീറാക്കാൻ!

സുജിത് നായരുടെ അമ്മയെയും ഭാര്യയെയുമൊക്കെ ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞുവെന്നാണ് പരാതി. സംഗതി മോശമാണ്. സുജിത് നായര്‍ എഴുതുന്ന വിവരക്കേടിന്‍റെ അദ്ദേഹത്തിന്‍റെ അമ്മയും ഭാര്യയും പഴി കേള്‍ക്കേണ്ടി വരുന്നത് ശരിയല്ല. സുജിത് നായരെത്തന്നെ വിമര്‍ശിക്കുമ്പോഴും പക്വതയും മാന്യതയും കൈവെടിയാനും പാടില്ല. സുമനസുകളോട് യോജിച്ചുകൊണ്ട് ചില ഓര്‍മ്മകള്‍ കൂടി പങ്കുവെയ്ക്കട്ടെ.

2008 ഫെബ്രുവരി 14നാണ് സിപിഎമ്മിന്‍റെ സംസ്ഥാന സെക്രട്ടറിയായി പിണറായി വിജയന്‍ മൂന്നാം തവണ തെരഞ്ഞെടുക്കപ്പെട്ടത്. തൊട്ടുപിറ്റേന്ന് മനോരമയുടെ എഡിറ്റ് പേജില്‍ അദ്ദേഹത്തെക്കുറിച്ചൊരു ലേഖനം പ്രത്യക്ഷപ്പെട്ടു. തലക്കെട്ട് - വടക്കന്‍ചിട്ടയുടെ വീരകഥ.

പ്രസ്തുത ലേഖനത്തിന്‍റെ രണ്ടാം ഖണ്ഡിക തുടങ്ങുന്നത് ഇങ്ങനെയാണ് - "പിണറായി മുണ്ടയില്‍ കോരന്‍റെ ഭാര്യ കല്യാണി 14 പ്രസവിച്ചെങ്കിലും ജീവിച്ചത്‌ മൂന്നു പേര്‍". സാധാരണ പത്രങ്ങളിലൊന്നും ഇങ്ങനെയൊരു വാക്യശൈലി കാണാനാവില്ല. " മലയാള മനോരമയുടെ ചീഫ്‌ എഡിറ്റര്‍  കെ എം മാത്യുവിന്റെ  ഭാര്യ അന്നമ്മയുടെ മൂത്ത പുത്രനാണ്‌ മനോരമ എഡിറ്റര്‍ മാമ്മന്‍ മാത്യു" എന്നെഴുതിയാല്‍ എന്താണ് അര്‍ത്ഥം?

എത്ര അധമമായ ദുസൂചനയും പത്രത്തില്‍ അച്ചടിച്ചു പ്രസിദ്ധീകരിക്കാന്‍ ഒരുമടിയുമുളള പത്രമല്ല മനോരമ. മേല്‍പ്പറഞ്ഞ വാചകമെഴുതിയ ലേഖകന്‍ തിരുവനന്തപുരം പ്രസ് ക്ലബിലെ അണ്ടര്‍ ഗ്രൗണ്ട് മദ്യശാലയിലെ സ്ഥിരം സന്ദര്‍ശകനാണ്. സദിരു കഴിഞ്ഞ് തിരിച്ചിറങ്ങുമ്പോള്‍ പ്രസ് ക്ലബ് റോഡിലെ ഇരുട്ടില്‍വെച്ച് അദ്ദേഹത്തെ കൂമ്പിടിച്ചു കലക്കാനോ അമ്മയ്ക്കോ അച്ഛനോ പറ‍ഞ്ഞ് അരിശം തീര്‍ക്കാനോ ഒരു ഡിവൈഎഫ്ഐക്കാരന് നിഷ്പ്രയാസം സാധിക്കും. പക്ഷേ ആ വഴി ആരും സ്വീകരിച്ചിട്ടില്ല.

പത്രപ്രവര്‍ത്തകന്‍, രാഷ്ട്രീയചിന്തകന്‍, ഗ്രന്ഥകാരന്‍, രാഷ്ട്രീയപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ സര്‍വരാലും ആദരിക്കുന്ന വ്യക്തിത്വമായിരുന്നു പി ഗോവിന്ദപ്പിളളയുടേത്. മാന്യമായ ശൈലിയ്ക്കും മാന്യമായ ഇടപെടലിനും പേരുകേട്ട വ്യക്തിത്വം. ഒരിക്കല്‍ മനോരമയെ രാഷ്ട്രീയമായി വിമര്‍ശിച്ചതിന്‍റെ പേരില്‍ അന്നത്തെ ആസ്ഥാന തമാശക്കാരന്‍ പാര്‍ത്ഥന്‍ (പി. അരവിന്ദാക്ഷന്‍ എന്ന റെസിഡന്‍റ് എഡിറ്റര്‍) ഗോവിന്ദപ്പിളളയ്ക്കു ചാര്‍ത്തിക്കൊടുത്ത വിശേഷണം, "പികെവിയുടെ സ്ഥിരം അളിയന്‍" എന്നായിരുന്നു.

കുട്ടിക്കാലം മുതല്‍ കുടുംബത്ത് താല്‍ക്കാലിക അളിയന്മാരെ യഥേഷ്ടം പരിചയിച്ച അരവിന്ദാക്ഷന് സ്ഥിരം അളിയന്‍ എന്ന പദവി ഒരു തെറിപ്പദമായിരുന്നു. പെങ്ങന്മാര്‍ ആവോളം ഉണ്ടായിട്ടും പേരിനൊരു സ്ഥിരം അളിയന്‍ പോലുമില്ലാത്തവരുടെ വിഷമവും നാം മനസിലാക്കണം. ഈ അധിക്ഷേപം ഒരുളുപ്പുമില്ലാതെ എഡിറ്റ് പേജില്‍ പ്രസിദ്ധീകരിച്ച പത്രമാണ് മനോരമ.

ഒരിക്കല്‍ മനോരമയ്ക്ക് അഹിതമായി എന്തോ പറഞ്ഞ ചെമ്മനം ചാക്കോയെ "അയ്മനം ചീക്കു" എന്നധിക്ഷേപിച്ചാണ് അന്നത്തെ ആസ്ഥാന ഹാസ്യപ്രതിഭ ശ്രീലന്‍ (കെ എം ചുമ്മാര്‍) അരിശം തീര്‍ത്തത്. പി ജെ കുര്യനെതിരെ പരാതികൊടുത്തപ്പോള്‍ സൂര്യനെല്ലിയിലെ പെണ്‍കുട്ടി മനോരമയ്ക്ക് "സൂര്യനെല്ലിക്കാരി"യായി.

ഏറ്റവുമൊടുവില്‍ ഇക്കഴിഞ്ഞ ദിവസത്തെ പത്രം നോക്കുക. 'വിമതന്‍' എന്ന പേരില്‍ എഡിറ്റ് പേജില്‍ അസഹ്യതാണ്ഡവം നടത്തുന്ന വിടുവായന്‍ പിസി ജോര്‍ജിന് ചാര്‍ത്തിക്കൊടുത്ത ഇരട്ടപ്പേര് കണ്ടില്ലേ - മൂക്കന്‍.

ഇഷ്ടമില്ലാത്തവര്‍ക്ക് ഇടംപേരു ചാര്‍ത്തിയും ഇരട്ടപ്പേരു വിളിച്ചും വിമര്‍ശം ചൊരിയുന്ന ഈ മാധ്യമപ്രവര്‍ത്തന ശൈലിയെ എന്തു പേരിട്ടു വിളിക്കണം?
ലാവലിന്‍, ജനകീയാസൂത്രണ വിവാദങ്ങളില്‍ മനോരമ നടത്തിയ നുണപ്രചരണത്തെ തെളിവുസഹിതം തുറന്നുകാണിച്ച വ്യാജസമ്മതിയുടെ നിര്‍മ്മിതി എന്ന പുസ്തകമെഴുതിയ തോമസ് ഐസക്കിനോടുളള രോഷം മനോരമ പരിഹസിച്ചു തീര്‍ത്തത് ഇങ്ങനെയായിരുന്നു -
കഷണ്ടി, കുമ്പ, ചെവിയില്‍ രോമം, പുറത്തു വെടിക്കല, എന്നിവ പുരുഷലക്ഷണമാണെന്നു കരുതിയ കാലമുണ്ടായിരുന്നു. എന്നാല്‍ സാമ്പത്തിക വിദഗ്ധന്മാരുടെ ലക്ഷണങ്ങള്‍ അന്നുമിന്നും ഒന്നു തന്നെയാണ്. കഷണ്ടിയിലേയ്ക്ക് നുഴഞ്ഞു കയറുന്ന വിശാലമായ നെറ്റി, ആഗോളതാപനത്തെ ചെറുക്കാന്‍ ശേഷിയുളള ഉപ്പ്, കുരുമുളക് താടി, നെടുവരിയന്‍ പുലിമാര്‍ക്ക് ജൂബ, ആളൊഴിഞ്ഞ അമ്പലപ്പറമ്പിലെ ബലൂണ്‍ കച്ചവടക്കാരനെപ്പോലെ അനന്തതയില്‍ വിലയം പ്രാപിക്കുന്ന നോട്ടം... മിനിമം ഇത്രയുമുണ്ടെങ്കില്‍ ആര്‍ക്കും സാമ്പത്തിക വിദഗ്ധനാകാം. എന്നുവെച്ച് ലക്ഷണങ്ങള്‍ തിരഞ്ഞവര്‍ കേരളത്തില്‍ കാശിന് പതിനാറാണെന്ന് കരുതരുത്. ലക്ഷം മാനുഷന്‍ കൂടുകില്‍ അതില്‍ ഐസക് മന്ത്രിയെപ്പോലെ ലക്ഷണമൊത്തെ ഒന്നോ രണ്ടോ പേരേയുണ്ടാകൂ. ( മനോരമ എഡിറ്റ് പേജ് - വിമതന്‍, മാര്‍ച്ച് 28, 2010).

അനുപമാ വെങ്കിടേഷേ, സീനിയര്‍ എഡിറ്ററേ! ഇതെന്ത് പത്രപ്രവര്‍ത്തനമാണ്? "ഉന്നയിക്കപ്പെട്ട വിഷയത്തിന്റെ  കാമ്പ് മനസിലാക്കി രാഷ്ട്രീയമായി സംവാദത്തിലേ൪പ്പെടാനുള്ള അറിവിന്‍റെയും  ധൈര്യത്തിന്‍റെയും അടിസ്ഥാനപരമായ ഡിഗ്നിറ്റി"യുടെയുമൊക്കെ സംസാരിക്കുന്ന തെളിവുകളാണ് മുകളിലെഴുതിയത്. വിമര്‍ശനത്തിനു മുന്നില്‍ ഉത്തരം മുട്ടുമ്പോള്‍, ഇരട്ടപ്പേരിടും, ജൂബയെയും കഷണ്ടിയെയും തോണ്ടി പരിഹാസം ചമയ്ക്കും (ആരു ചിരിക്കുമോ ആവോ), മൂക്കനെന്നും സ്ഥിരം അളിയനെന്നും അധിക്ഷേപിച്ച് ആത്മനിര്‍വൃതി അഭിനയിക്കും.

ഇതൊക്കെ ചെയ്യുന്നവര്‍ എപ്പോഴെങ്കിലുമൊക്കെ കണക്കു പറയേണ്ടി വരും. ഉമ്മന്‍കോണ്‍ഗ്രസുകാര്‍ ആഗ്രഹിക്കുന്ന വൃത്തികേടുകള്‍ എഴുതിക്കൊടുക്കാന്‍ ഒരുളുപ്പുമില്ലാത്ത അസംഖ്യം ലേഖകരെ മനോരമ ചെല്ലും ചെലവും കൊടുത്ത് പോറ്റി വളര്‍ത്തുന്നുമുണ്ട്.

സുജിത് നായര്‍ അവരിലൊരാളാണ്. അദ്ദേഹം പത്രപ്രവര്‍ത്തകനല്ല. പൈംപിക പ്രവര്‍ത്തകനാണ്. ക്ലാസ് വണ്‍ പുല്ലാങ്കുഴല്‍ വിദഗ്ധന്‍. വിശകലനമെന്ന പേരില്‍ എഴുതിത്തളളുന്നത് ഒന്നാന്തരം കൂട്ടിക്കൊടുപ്പു യുക്തികളാണ്. അങ്ങനെയൊരാള്‍ ജീവിതത്തില്‍ ഇങ്ങനെ ചില സന്ദര്‍ഭങ്ങളും അഭിമുഖീകരിക്കേണ്ടി വരും. അതൊരു കാവ്യനീതിയാണ്. കാരണം ഈ ചെയ്യുന്നത് മലയാളിയാണ്. അവന്‍ കണികണ്ടുണരുന്ന സുപ്രഭാതം മനോരമയും..
.
വിതയ്ക്കുന്നതേ കൊയ്യാമ്പറ്റൂ... !

Tuesday, October 21, 2014

എരുമക്കുഴി*യില്‍ വളര്‍ന്ന ഗീബല്‍സിന്‍റെ ബീജം

മന്ദാരത്തിന്‍റെ ഇലകളും പനമ്പട്ടകളില്‍ ദൈവസാന്ദ്രമായി വീശുന്ന കാറ്റും വെളളായിയപ്പന്‍റെ പൊതിച്ചോറുമൊക്കെ വായനാക്കമ്പം തലയ്ക്കു പിടിച്ച പല മലയാളികള്‍ക്കും സ്നേഹനിധിയും വാത്സ്യല്യവാനുമായ  പിതാവിന്‍റെ പ്രതീകങ്ങളാണ്. അതേ മലയാളികളുടെ മുന്നിലാണ് മനോരമയും വന്നു വീഴുന്നത്. അതിലെ പല വാര്‍ത്തകളും വിശകലനങ്ങളും വായിക്കുമ്പോള്‍ പലര്‍ക്കും ഇങ്ങനെയൊരു സംശയമുണ്ടത്രേ. "ഇതൊക്കെ എഴുതുന്നവരുടെ വൈ ക്രോമസോം സാക്ഷാല്‍ ജോസഫ് ഗീബല്‍സിന്‍റെ രസീതില്ലാ സംഭാവനയാണോ?"  പനമ്പട്ടകളും തോറ്റുപോകുന്ന തൊലിക്കട്ടിയെ രാസപരീക്ഷണത്തിനു വിധേയമാക്കിയാല്‍ പ്രേതാത്മാക്കളുടെ സന്താനോത്പാദനശേഷിയ്ക്ക് തര്‍ക്കമറ്റ തെളിവാകും. വൈദ്യശാസ്ത്രത്തിനു നോബല്‍ നോറ്റിരിക്കുന്നവര്‍ക്ക് ഒരു കൈ നോക്കാവുന്ന മേഖലയാണിത്.

തൊലിയുടെ സാമ്പിള്‍ വേണമെന്നുളളവര്‍ തിരുവനന്തപുരത്തേയ്ക്കു വണ്ടി കയറുക. അവിടെ മെട്രോ മനോരമ അടക്കി വാഴുന്ന ഒരു ലേഖകനുണ്ട്. രഞ്ജിത്തെന്നോ മറ്റോ ആണത്രേ ടിയാന്‍റെ പേര്. പേരിലെന്തിരിക്കുന്നു, തൊലിയിലല്ലേ കാര്യം. ആള്‍ ഒരൊന്നന്നര മുതലാണ്. നുണ പറയാനും എഴുതാനും ആവര്‍ത്തിക്കാനുമുളള കഴിവ് മാത്രമല്ല ക്വാളിഫിക്കേഷന്‍. നഗരത്തില്‍ നിന്ന് കുപ്പക്കൂനകളും മാലിന്യക്കൂമ്പാരങ്ങളും ഒഴിഞ്ഞുപോകുന്നതില്‍ അദ്ദേഹം പ്രകടിപ്പിക്കുന്ന വല്ലാത്ത സങ്കടവും ആശങ്കയും ഗദ്ഗദവും നാം സംശയിക്കും,
"എരുമക്കുഴിയായിരുന്നോ ഇദ്ദേഹം പിറന്നുവീണ എസ്എടി ആശുപത്രി?"


സംശയമുളളവര്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ പത്തിലെ തിരുവനന്തപുരം മെട്രോ മനോരമയെടുക്കുക.
സിപിഎമ്മിന്‍റെ കര്‍മ്മപദ്ധതി തലകുലുക്കി സമ്മതിച്ച് യുഡിഎഫും ബിജെപിയും എന്ന തലക്കെട്ടില്‍ ഒരു വാര്‍ത്തയുണ്ട്. അതിന്‍റെ അവസാനഭാഗം ഇങ്ങനെയാണ്..
സിപിഎം രൂപീകരിച്ച കര്‍മ്മപരിപാടിയ്ക്ക് സര്‍വകക്ഷികളുടെയും പിന്തുണ ഉറപ്പാക്കാന്‍ സര്‍വകക്ഷിയോഗത്തിലൂടെ സാധിച്ചു. കര്‍മ്മപരിപാടിയിലൂടെ നഗരം വൃത്തിയായാല്‍ ക്രെഡിറ്റ് സിപിഎമ്മിനു മാത്രമായിരിക്കുമെന്ന് ചിന്തിക്കാന്‍പോലും മറ്റുളളവര്‍ക്കായില്ല.
മാറുന്ന മനസുകള്‍, മാലിന്യമകലുന്ന തെരുവുകള്‍ എന്ന പേരില്‍ പുസ്തകമെഴുതിയ തോമസ് ഐസക്കിനെ ഞെട്ടിച്ചിരിക്കണം, ഈ വ്യാഖ്യാനം. മനസു മാറിയാലും തെരുവില്‍ നിന്ന് മാലിന്യമകന്നാലും കേരളം രക്ഷപെടില്ലെന്ന് അദ്ദേഹത്തിനും കൂടെയുളളവര്‍ക്കും ബോധ്യമായി. നാട്ടില്‍ മനോരമയും അതിലെഴുതാന്‍ ഇതുപോലെ എരുമക്കുഴിയില്‍ പിറന്ന ഗീബല്‍സിന്‍റെ സന്തതികളുമുണ്ടെങ്കില്‍ മനസുകളില്‍ മാലിന്യം നിറഞ്ഞുകൊണ്ടേയിരിക്കും.

രഞ്ജിത്തിന്‍റെ ഉപദേശം ഏശിയില്ല. മനോരമ തുറന്നുവിട്ട വിഷപ്പുക ശ്വസിച്ച് കോണ്‍ഗ്രസും ബിജെപിയും യുഡിഎഫും നഗരശുചീകരണ പരിപാടിയില്‍ നിന്നു പിന്മാറിയില്ല. എല്ലാവരുടെയും പിന്തുണയോടെ കോര്‍പറേഷന്‍ മുന്നോട്ടു പോയി. ഒക്ടോബര്‍ പതിനാലിന് കരമന ദേശീയപാതയുടെ വശത്ത് പ്രിയം എയ്റോ ബിന്‍  എന്നൊരു മാലിന്യസംസ്ക്കരണ കേന്ദ്രം ഉദ്ഘാടനം ചെയ്തു. ആ സ്ഥലത്തിന്‍റെ പഴയ അവസ്ഥ കണ്ടാല്‍ ആരും കൈയടിച്ചു പ്രോത്സാഹിപ്പിച്ചു പോകുന്ന നീക്കം. (ഫോട്ടോ കാണുക).

പക്ഷേ, മനോരമയിലെ മാലിന്യോപാസകന് സംഗതി തീരെ ഇഷ്ടപ്പെട്ടില്ല. വന്‍ ഉദ്ഘാടന മാമാങ്കം മാലിന്യവുമായി ജനം ചെന്നപ്പോള്‍ പൂട്ടിയ നിലയില്‍ എന്ന തലക്കെട്ടില്‍ ഒരുഗ്രന്‍ ഐറ്റവുമായി ഒക്ടോബര്‍ പതിനാറിന് മെട്രോ മനോരമ പുറത്തിറങ്ങി. 

മനോരമയുടെ ഈ കളളക്കളി തോമസ് ഐസക് കൈയോടെ പിടിച്ചു. വാര്‍ത്ത നുണയാണെന്ന് അദ്ദേഹം തെളിവു സഹിതം ഫേസ് ബുക്കില്‍ കുറിച്ചു. സംസ്ക്കരണ കേന്ദ്രം അടഞ്ഞു കിടന്നുവെന്ന് മനോരമ പറയുന്ന സമയത്ത് താന്‍ കേന്ദ്രത്തിലുണ്ടായിരുന്നുവെന്നും ജനം നിക്ഷേപിച്ച മാലിന്യം താന്‍ ചെന്നപ്പോള്‍ ബിന്നിലുണ്ടായിരുന്നുവെന്നും അദ്ദേഹം ഫേസ് ബുക്കിലെഴുതി. കൂട്ടത്തില്‍ മനോരമയുടെ നുണ തെളിവുസഹിതം ചൂണ്ടിക്കാണിക്കുകയും ചെയ്തു. ആ കുറിപ്പില്‍ നിന്ന്...
വാര്‍ത്ത സത്യമല്ലെന്ന് വാര്‍ത്തയ്ക്കൊപ്പമുളള ചിത്രം തന്നെയാണ് തെളിവ്. മാലിന്യകേന്ദ്രം തുറക്കുമെന്ന് പ്രതീക്ഷിച്ചെത്തിയ ജനം, കാത്തു നിന്ന് മടുത്തശേഷം കൊണ്ടുവന്ന മാലിന്യം യൂണിറ്റിനു മുന്നില്‍ ഉപേക്ഷിച്ചു മടങ്ങിയെന്നാണ് വാര്‍ത്തയില്‍ പറയുന്നത്. പക്ഷേ, ജനം നിക്ഷേപിച്ച മാലിന്യമൊന്നും ചിത്രത്തില്‍ കാണുന്നേയില്ല. ഒരു പ്ലാസ്റ്റിക് കവറെങ്കിലും ബിന്നിനു മുന്നില്‍ കിടക്കുന്ന ചിത്രമെടുക്കാന്‍ മനോരമയ്ക്കു കഴിഞ്ഞിട്ടില്ല. അതില്‍ നിന്നറിയാം, ഈ വാര്‍ത്തയും സത്യവും തമ്മില്‍ എത്ര ബന്ധമുണ്ടെന്ന്... 
ബിന്‍ പൂട്ടിക്കിടന്ന ഏതോ സമയത്തു ചെന്ന് ഒരു ഫോട്ടോയുമെടുത്ത് വാര്‍ത്ത പടയ്ക്കുകയായിരുന്നു മെട്രോ മനോരമ. നുണയെഴുതാനും പ്രചരിപ്പിക്കാനും ഇരുപത്തിനാലു മണിക്കൂറും മനോരമയിലെ ജീവനക്കാര്‍ ഉണര്‍ന്നിരിക്കുന്നു എന്നതു നേര്. അതുപോലെയല്ലല്ലോ ഒരു സര്‍ക്കാര്‍ സംവിധാനം. അവിടെ ജീവനക്കാര്‍ക്ക് വിശ്രമവും മറ്റുമുണ്ട്.സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപളളി സുരേന്ദ്രനും ഫേസ് ബുക്കു വഴി മനോരമയ്ക്ക് കണക്കിനു കൊടുത്തു. മാര്‍ക്സിസ്റ്റ് വിരോധത്തിന്‍റെ പേരില്‍ ഇത്രമാത്രം തരംതാഴാമോ എന്നായിരുന്നു അദ്ദേഹത്തിന്‍റെ ചോദ്യം. കടകംപളളി ഇത്രയും കൂടി പറഞ്ഞു.
മാർക്സിസ്റ്റ് വിരോധത്താൽ അന്ധത ബാധിച്ച മനോരമയ്ക്ക് ഈ മഹത്തായ ജനകീയ പ്രസ്ഥാനത്തെ ഈ നിലയിലെ ദുഷ്പ്രചരണത്തിലൂടെ തകർക്കാനാകില്ല. മനോരമയെ ജനങ്ങൾ തിരിച്ചറിയുകയാണ്. ആർക്കെങ്കിലും എന്തെങ്കിലും സംശയം ഈ പത്രത്തെ സംബന്ധിച്ച് ഉണ്ടായിരുന്നെങ്കിൽ അതും ഇല്ലാതായിരിക്കുന്ന അവസ്ഥയാണ് വന്നു ചേർന്നിരിക്കുന്നത്. ഈ വൃത്തികെട്ട നിലപാടിൽ നിന്നും മനോരമ പിൻമാറുമെന്ന് നമുക്ക് ആശിക്കാം. 
ഇതോടെ മുഖത്ത് അടി കിട്ടിയ അവസ്ഥയിലായി മെട്രോ മനോരമ. ജാള്യം തീര്‍ക്കാന്‍ രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അടുത്ത കഥയുമായി ഒക്ടോബര്‍ പതിനേഴിന് രംഗത്തിറങ്ങി.
പ്രിയപ്പെട്ട ശ്രീ ഐസക്, ഇന്നലെയും എയ്റോബിക് ബിന്‍ പ്രവര്‍ത്തിച്ചില്ല എന്നു തലക്കെട്ട്. ഒരു പ്ലാസ്റ്റിക് കവറെങ്കിലും ബിന്നിനു മുന്നില്‍ കിടക്കുന്ന ചിത്രമെടുക്കാന്‍ മനോരമയ്ക്കു കഴിഞ്ഞിട്ടില്ല എന്ന ഐസക്കിന്‍റെ പരിഹാസം കുറിക്കു കൊണ്ടു.  പഴയതിനെക്കാള്‍ പരിഹാസ്യമായിരുന്നു മനോരമയുടെ പ്രതികരണം. നിലവാരമുളള ഒരു പ്രസ് ഫോട്ടോഗ്രാഫറും പറയാന്‍ മടിക്കുന്ന ന്യായം പത്രം അച്ചടിച്ചു. അതിങ്ങനെയായിരുന്നു  : എയ്റോബിക് ബിന്നിന്‍റെ വലതുവശത്ത് സ്ക്കൂള്‍ മതിലിനോട് ചേര്‍ന്ന് കറുത്തനിറത്തിലുളള പ്ലാസ്റ്റിക് കാരി ബാഗുകളില്‍ മാലിന്യം തളളിയിരിക്കുന്നത് കണ്ടു. ഇടതുവശത്തു നിന്ന് പകര്‍ത്തിയതുകൊണ്ടാണ് അവ ചിത്രത്തില്‍ പതിയാതെ പോയത്.
ഈ അസംബന്ധം പതിവുപോലെ ഐസക് പുച്ഛിച്ചു തളളി. ധനതത്ത്വശാസ്ത്രം മാറ്റിവെച്ച് അദ്ദേഹം മനോരമാക്കാരനെ ന്യൂസ് ഫോട്ടോഗ്രാഫിയുടെ ബാലപാഠം പഠിപ്പിക്കാന്‍ തയ്യാറുമായി. ഇങ്ങനെയായിരുന്നു ഐസക്കിന്‍റെ കൊട്ട് :
വലതുവശത്തായാലും ഇടതുവശത്തായാലും മാലിന്യക്കവറുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടാല്‍ അതാണ് വാര്‍ത്ത. അതിന്‍റെ  ചിത്രമെടുക്കുകയാണ് പ്രസ് ഫോട്ടോഗ്രാഫറുടെ പണി. വിക്ടര്‍ ജോര്‍ജിനെപ്പോലുളളവരുടെ പാരമ്പര്യമുളള പത്രമാണ് മനോരമ. വാര്‍ത്തയ്ക്ക് ഉചിതമായൊരു ചിത്രമെടുക്കാന്‍ കഴിവില്ലാത്തവരാണ് അവിടെ ഇപ്പോഴുളള ഫോട്ടോഗ്രാഫര്‍മാര്‍ എന്നു ഞാന്‍ വിശ്വസിക്കുന്നില്ല. 
ഇത്രയും കിട്ടിയാല്‍ ഒരുവിധം നാണവും ഉളുപ്പുമുളളനൊക്കെ മര്യാദ പഠിക്കേണ്ടതാണ്. പക്ഷേ, മനോരമയാണ് കഥാപാത്രം. വീണേടത്തു കിടന്നുരുളും. അതുമൊരു അടവാണെന്ന് അച്ചുനിരത്തും. 21-10-2014ന്‍റെ മെട്രോ മനോരമ വായിച്ചാല്‍ സാക്ഷാല്‍ ഗീബല്‍സ് ശവക്കുഴിയില്‍ നിന്നിറങ്ങി മെട്രോ രഞ്ജിത്തിന്‍റെ കാല്‍ക്കല്‍ വെറ്റിലയും പാക്കും വെച്ച് തൊഴുതുനില്‍ക്കും. "നിനക്കു പിറക്കാതെ പോയല്ലോ ഉണ്ണീ" എന്നു പരിതപിക്കും.

എയ്റോബിക് ബിന്‍ രക്ഷകനാകുമോ? ഈ ബുദ്ധിയെന്താ വിജയാ നമുക്ക് നേരത്തേ തോന്നാത്തത് എന്നു തലക്കെട്ട്.
 
തലക്കെട്ടിനു താഴെ ലാര്‍ജ് സെറ്റ് ഇന്‍ട്രോ ഇങ്ങനെ – ബിന്നിന്‍റെ പ്രവര്‍ത്തനസമയവും ഏതൊക്കെത്തരം മാലിന്യമാണ് ബിന്നില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവരേണ്ടതെന്നും ഉള്‍പ്പെടെ സൂചനാ ബോര്‍ഡ് – വൈകിയെങ്കിലും ജനോപകാരപ്രദമായ തീരുമാനം.
   
മെട്രോ മനോരമയുടെ വേലത്തരങ്ങളെ   ഫേസ് ബുക്കില്‍ ഐസക്കും കടകംപളളിയും കുനിച്ചു നിര്‍ത്തി ഇടിച്ച കഥയൊന്നുമറിയാത്ത പാവം വായനക്കാര്‍ എന്തു വിചാരിക്കും. മനോരമ ഇടപെട്ടതുകൊണ്ട് ബോര്‍ഡു വെച്ചുവെന്ന്. അല്ലേ. വാര്‍ത്തയുടെ വലത്തേ മൂലയ്ക്ക് ഒരു ചിത്രവും അതിനൊരു അടിക്കുറിപ്പുമുണ്ട്. ആ കുറിപ്പില്‍ ഇങ്ങനെ പറയുന്നു.
കരമനയില്‍ ഉദ്ഘാടനം നടത്തി ഒരാഴ്ച പിന്നിട്ട ശേഷം പ്രവര്‍ത്തന സമയവും മറ്റും വിവരിക്കുന്ന ബോര്‍ഡ് എയ്റോബിക് ബിന്നിനു മുന്നില്‍ സ്ഥാപിച്ചപ്പോള്‍. പ്രവര്‍ത്തനസമയം അറിയാത്തതിനെ തുടര്‍ന്ന് മാലിന്യവുമായി എത്തുന്ന ജനം ബിന്നിനു മുന്നില്‍ നിക്ഷേപിച്ചു മടങ്ങിയത് വാര്‍ത്തയും വിവാദവുമായിരുന്നു.
എങ്ങനെയുണ്ട് കളി? താഴേന്ന് മുകളിലേയ്ക്കു പരിശോധിക്കൂ. മാലിന്യവുമായി എത്തിയ ജനം ബിന്നിനു മുന്നില്‍ നിക്ഷേപിച്ചു മടങ്ങിയോ? ഇല്ല. അത് മനോരമയെഴുതിയ നുണയായിരുന്നു. അക്കാര്യം ഐസക് പൊളിച്ചതാണ്.ഉദ്ഘാടനം നടത്തി ഒരാഴ്ച പിന്നിട്ട ശേഷമാണോ പ്രവര്‍ത്തനസമയവും മറ്റും വിവരിക്കുന്ന ബോര്‍ഡു കൊണ്ടു വെച്ചത്? അല്ല ആ ബോര്‍ഡ്, ഒക്ടോബര്‍ 17നു തന്നെ സ്ഥാപിച്ചിരുന്നു. ഉദ്ഘാടനം കഴിഞ്ഞ് മൂന്നു ദിവസം കഴിഞ്ഞ്. നേരത്തെ തന്നെ അതിന്‍റെ ചിത്രം ഫേസ് ബുക്കിലൊക്കെ വന്നതുമാണ്.

താഴെ കൊടുത്തിരിക്കുന്ന സ്ക്രീന്‍ഷോട്ടു നോക്കൂ. കണ്ണന്‍അപ്പു എന്ന ഫേസ് ബുക്ക് പ്രൊഫൈലില്‍ നിന്ന് ഒക്ടോബര്‍ 18ന് പോസ്റ്റു ചെയ്തചിത്രങ്ങളാണ്.  ഉദ്ഘാടനം നടത്തി ഒരാഴ്ച പിന്നിട്ട ശേഷം പ്രവര്‍ത്തന സമയവും മറ്റും വിവരിക്കുന്ന ബോര്‍ഡ് എന്ന് ഒക്ടോബര്‍ 21ലെ പത്രത്തില്‍ മനോരമ വിശേഷിപ്പിച്ച അതേ ബോര്‍ഡ്.

പ്രിയം എയ്റോ ബിന്നും നഗരസഭയുടെ ശുചീകരണ പരിപാടികളും അട്ടിമറിക്കാന്‍ രഞ്ജിത്തിനും മനോരമയ്ക്കും എന്താണിത്ര ഉത്സാഹം എന്ന ചോദ്യം സ്വാഭാവികമാണ്. പ്രസ് ക്ലബിനു താഴെയുളള സങ്കേതത്തില്‍ പലകഥകളും കേള്‍ക്കുന്നുണ്ട്. കേട്ട കഥയൊന്നും ഇവിടെയെഴുതുന്നില്ല. മെട്രോ മനോരമയുടെ വാര്‍ത്തയില്‍ നിന്ന് ഒരു ക്ലൂ തരാം. ബിന്‍ അടഞ്ഞു കിടന്നു എന്ന് മനോരമ ആദ്യം പറഞ്ഞ സമയത്ത് താന്‍ അവിടെയുണ്ടായിരുന്നു എന്ന് ഐസക് പ്രതികരിച്ചിരുന്നുവല്ലോ. അതിന് മെട്രോ മനോരമ പറഞ്ഞ മറുപടിയില്‍ ആ ക്ലൂവുണ്ട്.
പത്തുമണിക്കല്ല, രാവിലെ 9.35നാണ് എംഎല്‍എ യൂണിറ്റു സന്ദര്‍ശിക്കാനെത്തിയത് എന്ന് ഒപ്പമുണ്ടായിരുന്ന കോര്‍പറേഷന്‍ ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുത്തുന്നു.
ഈ വാചകത്തിന് അര്‍ത്ഥം ഒന്നേയുളളൂ. ഒന്നുകില്‍ ഏതോ കോര്‍പറേഷന്‍ ഭരണസമിതി അംഗം, അല്ലെങ്കില്‍ ഏതോ ഉദ്യോഗസ്ഥന്‍. ഇവരിലാരോ ആണ് ഈ വാര്‍ത്തകള്‍ക്കു പിന്നില്‍. ഈ ശുചീകരണ യജ്‍ഞം വിജയിക്കുന്നത് ഇവരിലാരുടെയോ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ്. അവരാണ് മെട്രോ മനോരമയുടെ ഈ മലിനവാര്‍ത്തകളുടെ ഉറവിടം. ഉറവിട മാലിന്യസംസ്ക്കരണമാണ് ലക്ഷ്യമെങ്കില്‍ ഐസക്കും കടകംപളളിയും ആദ്യം എയ്റോ ബിന്നില്‍ നിക്ഷേപിക്കേണ്ടത് ദുഷ്ടവാര്‍ത്തകളുടെ ഈ ഉറവിടത്തെയാണ്.
       
കെഎം മാത്യുവിന്‍റെ ദേഹവിയോഗത്തെ തുടര്‍ന്ന് പത്രാധിപപദവിയെറ്റെടുത്ത മകന്‍ മാമ്മന്‍ മാത്യു 2010 ആഗസ്റ്റ് 10ന് പേരുവെച്ചെഴുതിയ മുഖപ്രസംഗം ഓര്‍മ്മയുണ്ടല്ലോ പ്രാര്‍ത്ഥനകളോടെ പുനരര്‍പ്പണം എന്ന ഹൃദയസ്പൃക്കായ തലക്കെട്ടിനുകീഴെ കണ്ണീരുണങ്ങിയ അക്ഷരങ്ങളിലെഴുതിയ ആ മുഖപ്രസംഗം വായനക്കാരോട് ഇങ്ങനെ പറഞ്ഞു,
  • സമര്‍പ്പിത പ്രയാണത്തില്‍ എനിക്കും എന്റെ സഹോദരന്മാര്‍ക്കും കരുത്തു പകരാന്‍ മികവുറ്റ ഒരു പ്രഫഷനല്‍ ടീമിനെ സജ്ജമാക്കിയാണ് ഞങ്ങളുടെ പിതാവ് യാത്രയായത്. ലക്ഷ്യത്തിലേക്കു നേര്‍വഴി കാണിക്കാന്‍, വഴി തെറ്റുമ്പോള്‍ കൈപിടിച്ചു തിരുത്താന്‍ പ്രിയവായനക്കാര്‍ എന്നും ഒപ്പമുണ്ടാവണമെന്നാണ് എന്റെ പ്രാര്‍ഥന.
 ആപദ്ഭീതിയില്ലാതെ നുണകളെഴുതുന്ന മനോരമക്കാരന്‍റെ കൈപിടിച്ചു തിരിക്കാനും കരണമടിച്ചു പുകയ്ക്കാനും വായനക്കാരന്‍ തുനിഞ്ഞിറങ്ങുന്ന കാലത്തേ പിതാവ് സജ്ജമാക്കിയ പ്രൊഫഷണല്‍ ടീമിന്‍റെ ലീലാവിലാസങ്ങള്‍ക്ക് അറുതിയുണ്ടാകൂ. ഏറെ വൈകാതെ അതുണ്ടാകുക തന്നെ ചെയ്യും.

*എരുമക്കുഴി
തിരുവനന്തപുരം നഗരത്തില്‍ ചാല ബസാറിനു സമീപം അഞ്ചര ഏക്കര്‍ വരുന്ന മാലിന്യക്കൂനയാണ് എരുമക്കുഴി

ചിത്രങ്ങള്‍ക്കു കടപ്പാട് - ഡോ. തോമസ് ഐസക്കിന്‍റെ ഫേസ് ബുക്ക് പേജ്

Tuesday, July 8, 2014

ശിക്കാരി ശംഭുവും ഇറാക്കിലെ നെഴ്സുമാരും



ഒരു പരമരസികനെയാണ് ദില്ലി ബ്യൂറോയില്‍ തങ്ങളുടെ ചീഫ് റിപ്പോര്‍ട്ടറായി മലയാള മനോരമ നിയോഗിച്ചിരിക്കുന്നത്. പേര് തോമസ് ഡൊമനിക്. ഒരു കൈ കൊണ്ട് ടിയാന്‍ ബാലരമയിലെ സൂപ്പര്‍ഹിറ്റുകളായ മീശ മാര്‍ജാരന്‍, ജംബനും തുമ്പനും, ശിക്കാരി ശംഭു തുടങ്ങിയ ചിത്രകഥകള്‍ക്കു സ്ക്രിപ്റ്റെഴുതും. സൈമള്‍ട്ടേനിയസ്‍ലി മറ്റേ കൈകൊണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കു വാഴ്ത്തുമൊഴി ചമയ്ക്കും. തോമസ് ഡൊമനിക് പറയാന്‍ ശ്രമിക്കുന്നത് ഇത്രേയുളളൂ. മീശ മാര്‍ജാരനും ശിക്കാരി ശംഭുവും വീരസാഹസികന്മാരാകുന്ന അതേ അടവുകള്‍ കൊണ്ടാണ് കേരളത്തിലെ കൊടികെട്ടിയ കോണ്‍ഗ്രസ് നേതാക്കള്‍ രാജ്യതലസ്ഥാനത്ത് പിഴച്ചു പോകുന്നത്. 

കാലം 2008 ജൂലൈ. പാര്‍ലമെന്‍റില്‍ മന്മോഹന്‍ സിംഗ് സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് അതിജീവിച്ച സമയം. വയലാര്‍ രവിയായിരുന്നു അക്കാലം യുപിഎയുടെ പാര്‍ലമെന്‍ററികാര്യ മന്ത്രി. പിറ്റേന്ന് മനോരമയില്‍ വയലാര്‍ രവിയ്ക്കു നേരെ ഒരു വാഴ്ത്തുവെടി പൊട്ടി. കാഞ്ചി വലിച്ചത് ഇതേ തോമസ് ഡൊമനിക്. ഒറ്റക്കെട്ടായി നേടിയ വിജയം എന്നായിരുന്നു കീര്‍ത്തനത്തിന്‍റെ തലക്കെട്ട്. ആദ്യത്തെ പാരഗ്രാഫു ഇങ്ങനെയായിരുന്നു. 
"വിശ്വാസവോട്ടു കഴിഞ്ഞു നേരം വെളുക്കുമ്പോള്‍ മൂന്നു വിളികള്‍ പാര്‍ലമെന്ററികാര്യ മന്ത്രി വയലാര്‍ രവിയുടെ മൊബൈല്‍ ഫോണില്‍ ഊഴംകാത്തു നിന്നു. ആദ്യത്തേത്, യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടേത്. രണ്ടാമത്തേത് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റേത്. മൂന്നാമത്തേത് വിദേശകാര്യമന്ത്രിയും കോണ്‍ഗ്രസിന്റെ ബുദ്ധികേന്ദ്രവുമായ പ്രണാബ് മുഖര്‍ജിയുടേത്. മൂവരും രവിയെ ക്ഷണിച്ചത് ഹ്രസ്വ കൂടിക്കാഴ്ചയ്ക്കാണ്. പറഞ്ഞതും ഒന്നു തന്നെ. കാര്യക്ഷമതയോടെ ദൗത്യം നിറവേറ്റിയതിന്."
 നേരം വെളുക്കുന്നതിനു മുമ്പേ, സഫ്ദര്‍ജംഗ് റോഡിലുളള വയലാര്‍ജിയുടെ വീട്ടില്‍കയറി പുളളിയുടെ മൊബൈല്‍ ഫോണിലെ കോള്‍ ലിസ്റ്റു പരിശോധിച്ച് മുന്‍ഗണനാക്രമം തെറ്റാതെ കാര്യം റിപ്പോര്‍ട്ടു ചെയ്യാന്‍ ശിക്കാരി ശംഭുവിന്‍റെ പ്രത്യുല്‍ന്നമതിത്വവും വിപദിധൈര്യവും വേണം. ആ രചനാശൈലി നോക്കൂ.   വിശ്വാസവോട്ടു കഴിഞ്ഞു നേരം വെളുക്കുമ്പോള്‍ മൂന്നു വിളികള്‍ പാര്‍ലമെന്ററികാര്യ മന്ത്രി വയലാര്‍ രവിയുടെ മൊബൈല്‍ ഫോണില്‍ ഊഴംകാത്തു നിന്നു എന്നാണ് ലീഡ് ഡയലോഗ്. "ഊഴം കാത്തു നിന്നു" എന്ന ഒറ്റപ്രയോഗം മതി, തോമസ് ഡൊമനിക്കിന്‍റെ ക്രാഫ്റ്റു മനസിലാക്കാന്‍.

ഇറാക്കില്‍ നിന്ന് നെഴ്സുമാര്‍ സുരക്ഷിതരായി കേരളത്തിലെത്തിയതിന്‍റെ ക്രെഡിറ്റ് മുഴുവന്‍ തോമസ് ഡൊമിനിക്ക് ഉമ്മന്‍ചാണ്ടിയ്ക്കു തീറെഴുതുമ്പോള്‍ കുഞ്ഞൂഞ്ഞിനു കിട്ടുന്നതും ശിക്കാരി ശംഭുവിന്‍റെ പ്രതിഛായ തന്നെ. ഉണര്‍ന്നു പ്രവര്‍ത്തിച്ചു കേരളം, വിശ്രമമില്ലാതെ മുഖ്യമന്ത്രി എന്ന തലക്കെട്ടിലാണ് തിരക്കഥ.
അതിങ്ങനെ മുന്നേറുന്നു-,
തിക്രിത്തിലെ യുദ്ധമേഖലയില്‍ കുടുങ്ങിയ നെഴ്സുമാരുടെ സുരക്ഷാകാര്യത്തില്‍ അടുത്ത നടപടി എന്തായിരിക്കുമെന്ന ചോദ്യമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നത്. ഐഎസ്ഐഎസ് നിര്‍ദ്ദേശിക്കുന്നത് അനുസരിച്ച് പ്രശ്നമേഖലയില്‍ നിന്ന് ഒഴിഞ്ഞു പോകണമെങ്കില്‍ മുഖ്യമന്ത്രി പറയണമെന്ന് നെഴ്സുമാര്‍ നിലപാടെടുത്തു. സുരക്ഷിതമേഖലയിലേയ്ക്കു നീങ്ങുന്നതാണ് കൂടുതല്‍ മെച്ചമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉപദേശം. (അടിവരയിട്ട ഭാഗം അമര്‍ത്തി വായിക്കുക)
എട്ടുകാലി മമ്മൂഞ്ഞും ശിക്കാരി ശംഭുവും കെട്ടിപ്പിടിച്ചു കരണം മറിയുന്ന അത്യപൂര്‍വമായ തിരക്കഥാസന്ദര്‍ഭം. ഇപ്പറഞ്ഞതൊന്നും നെഴ്സുമാര്‍ സമ്മതിച്ചു തരില്ലെങ്കിലെന്ത്, താനാണിതൊക്കെ ചെയ്തത് എന്നറിഞ്ഞ് ഉമ്മന്‍ചാണ്ടിയ്ക്കെങ്കിലും കോരിത്തരിക്കാമല്ലോ. നെടുമ്പാശേരിയില്‍ വന്നിറങ്ങിയ നെഴ്സുമാരെ പല പത്രങ്ങളും ചാനലുകളും സമീപിച്ച് അനുഭവസാക്ഷ്യം പകര്‍ത്തിയിരുന്നു. മനോരമയിലുമുണ്ട് അങ്ങനെയൊരെണ്ണം. കുറുപ്പന്തറ സ്വദേശി ഷെറിന്‍ വര്‍ഗീസിന്‍റേത്. ഭീതിയുടെ ഇരുട്ടില്‍ നിമിഷങ്ങളെണ്ണി 46 പേര്‍ എന്നാണ് തലക്കെട്ട്. തിരിച്ചും മറിച്ചും വായിച്ചാലും ഉമ്മന്‍ചാണ്ടി പറഞ്ഞാലേ പ്രശ്നമേഖലയില്‍ നിന്ന് ഒഴിഞ്ഞു പോകൂ എന്നൊരു നിലപാട് തങ്ങളെടുത്തിരുന്നതായി ഷെറിന്‍ വര്‍ഗീസ് പറയുന്നേയില്ലേ.

വിന്‍സി സെബാസ്റ്റ്യന്‍ എന്ന നെഴ്സിന്‍റെ അനുഭവം ദി ഹിന്ദുവില്‍ ഇങ്ങനെ.
“But they never crossed our path till last Tuesday or Wednesday when they asked us to move out, as the building was to be bombed. Officials at the Embassy, when told about the directive, were apprehensive and suggested that we stay put. However, around 12 p.m. [local time] on Thursday, they forced us all out and put Bangladeshi and Indian nurses in two separate buses. Blasts occurred in the hospital building as we were boarding the bus and some of us sustained minor pellet injuries.”
തിക്രിത് മുതല്‍ കൊച്ചി വരെ.... പേടിയും കൊണ്ടൊരു യാത്ര ' എന്ന തലക്കെട്ടില്‍ നെഴ്സുമാരുടെ അനുഭവക്കുറിപ്പു മാതൃഭൂമിയും പ്രസിദ്ധീകരിച്ചു. അതില്‍ നിന്ന് - 
 വ്യാഴാഴ്ച രണ്ടു വണ്ടികളുമായി അവര്‍ വീണ്ടുമെത്തി. പതിനഞ്ചു മിനിറ്റിനുള്ളില്‍ അവിടെ നിന്ന് ഇറങ്ങിക്കൊള്ളണമെന്ന് അന്ത്യശാസനം നല്‍കി. ആസ്​പത്രിക്ക് ചുറ്റും ബോംബ് വച്ചിട്ടുണ്ടെന്നും അത് എപ്പോള്‍ വേണമെങ്കിലും പൊട്ടാമെന്നും അവര്‍ പറഞ്ഞപ്പോള്‍ ഞങ്ങളുടെ നല്ല ജീവനങ്ങ് പോയി. വന്നവരുടെ വേഷവും രൂപവും കണ്ടാല്‍ പേടിതോന്നും. ഇവര്‍ക്കൊപ്പം പോകുന്നതെങ്ങനെ? പക്ഷേ, പോകാതിരിക്കാന്‍ വഴിയൊന്നുമില്ല. ഇതിനിടെ, ഏഴു നിലയുള്ള ആസ്​പത്രി കെട്ടിടത്തില്‍ നിന്ന് ഞങ്ങളെ ഒഴിപ്പിക്കുമ്പോള്‍ മൂന്നാം നിലയില്‍ വെടിവയ്പ് നടക്കുന്നുണ്ടായിരുന്നു. ചില്ല് തെറിച്ച് കൂട്ടത്തില്‍ ചിലര്‍ക്ക് നിസ്സാര പരിക്കേറ്റു.
ആശുപത്രിയ്ക്കു ചുറ്റും ബോംബു വെച്ചിട്ടുണ്ടെന്ന് പറയുന്ന തീവ്രവാദികളെ ഉമ്മന്‍ചാണ്ടിയുടെ പേരു പറഞ്ഞ് പ്രതിസന്ധിയിലാക്കുന്ന മലയാളി നെഴ്സുമാരെ സങ്കല്‍പ്പിക്കാന്‍ മീശ മാര്‍ജാരനെയും  ശിക്കാരി ശംഭുവിനെയും സൃഷ്ടിച്ച തലച്ചോറിനേ സാധ്യമാകൂ. 

മനോരമയുടെ തമാശകള്‍ അവിടംകൊണ്ടും തീരുന്നില്ല.

ഇറാക്കില്‍ കുടുങ്ങിയ മലയാളി നെഴ്സുമാരെ വിജയകരമായി നാട്ടിലെത്തിച്ച സംഭവവികാസങ്ങളിലേയ്ക്കു ഉമ്മന്‍ചാണ്ടി തിരിഞ്ഞു നോക്കിയിട്ടുണ്ട്, മനോരമയില്‍. നാലു പ്രതിസന്ധികള്‍, പ്രാര്‍ത്ഥിച്ചെടുത്ത തീരുമാനം എന്ന തലക്കെട്ടിനു കീഴെയാണ് വീരകൃത്യം വിവരിച്ചിരിക്കുന്നത്. 

സംഗതി ഇങ്ങനെ തുടങ്ങുന്നു:
 നെഴ്സുമാരെ മോചിപ്പിക്കുന്നതിനുളള സാഹസിക യജ്ഞത്തിനിടയില്‍ താന്‍ നേരിട്ടത് നാലു പ്രതിസന്ധികളാണെന്ന് ഉമ്മന്‍ചാണ്ടി. വിമതരെ വിശ്വാസത്തിലെടുക്കണോ എന്നതായിരുന്നു ആദ്യത്തെ ചോദ്യം. നെഴ്സുമാരെ മോചിപ്പിക്കാന്‍ നാലു സാധ്യതകളാണ് മുന്നിലുണ്ടായിരുന്നത്. ഒന്ന് – റെഡ് ക്രോസ് – റെഡ് ക്രെസന്‍റ് ഇടപെടല്‍. രണ്ട് – യുഎന്‍ മാധ്യസ്ഥം. മൂന്ന് – സൈനിക നടപടി. നാല് – വിമതര്‍ പറയുന്നതു പോലെ ചെയ്യുക.
നിയമസംവിധാനമോ ഭരണകൂടമോ ഇല്ലാത്ത അവസ്ഥയില്‍ ആദ്യ രണ്ടു സാധ്യതയും അപ്രസക്തമായിരുന്നു. സൈനിക ബലപ്രയോഗത്തിലൂടെ നെഴ്സുമാരെ മോചിപ്പിക്കുക എന്നാണ് ഇറാഖി സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്. പക്ഷേ, ജീവഹാനി സംഭവിക്കാനുളള സാധ്യത ഉളളതിനാല്‍ അതു നിരാകരിച്ചു. ഒടുവിലാണ് വിമതരെ വിശ്വാസത്തിലെടുക്കാന്‍ തീരുമാനിച്ചത്.
നെഴ്സുമാരെ മോചിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി എന്തോ "സാഹസിക യജ്ഞം" അനുഷ്ഠിച്ചത്രേ. അത്രയ്ക്കു സാഹസപ്പെട്ട് ഉമ്മന്‍ചാണ്ടി എന്താണ് ചെയ്തത്?  ഷെറിന്‍ വര്‍ഗീസ് മനോരമയോടു പറഞ്ഞതു തന്നെ ഉദ്ധരിക്കാം.
മൊസൂളിലെ സങ്കേതത്തില്‍ ഞങ്ങളെത്തി. പ്രാര്‍ത്ഥനാ നിര്‍ഭരമായ ഒരു രാത്രി. ഞങ്ങളുടെ പ്രാര്‍ത്ഥനയ്ക്കു മറുപടി കിട്ടി. വെളളിയാഴ്ച രാവിലെ വിമതന്മാരുടെ തലവന്മാരെന്നു തോന്നിച്ച മൂന്നാലു പേര്‍ ഞങ്ങളോടു സംസാരിച്ചു. നിങ്ങള്‍ ഇന്ത്യാക്കാര്‍ ലോകത്തിന്‍റെ പലഭാഗങ്ങളിലായി ജോലി ചെയ്യുന്നു. നിങ്ങളുടെ സേവനം ലോകത്തിന് ആവശ്യമാണ്. ഞങ്ങള്‍ നിങ്ങളെ ഉപദ്രവിക്കില്ല. നിങ്ങളെ ഞങ്ങള്‍ ഇന്ത്യന്‍ എംബസിയ്ക്കു കൈമാറും. ഭയപ്പെടേണ്ട.
ഇന്ത്യന്‍ നെഴ്സുമാരുടെ സേവനം ലോകത്തിന് ആവശ്യമാണെന്നും അവരെ സുരക്ഷിതമായി ഇന്ത്യന്‍ എംബസിയ്ക്കു കൈമാറുമെന്നും വിമതര്‍ ജൂലൈ നാലിനു തന്നെ തങ്ങള്‍ക്ക് ഉറപ്പു നല്‍കിയിരുന്നുവെന്ന് നെഴ്സുമാര്‍ തന്നെ പറയുന്നു. അതു വിശ്വസിച്ചതാണത്രേ ഉമ്മന്‍ചാണ്ടി അനുഷ്ഠിച്ച "സാഹസിക യജ്ഞം". ബഡായിയടിയില്‍ മേജര്‍ രവി എത്രയും വേഗം ഉമ്മന്‍ചാണ്ടിയ്ക്കു ശിക്ഷ്യപ്പെടണം. ശിക്കാരി ശംഭുവായി അഭിനയിക്കാന്‍ കുഞ്ഞൂഞ്ഞു കച്ച മുറുക്കിയാല്‍ കണ്ടത്തില്‍ കുടുംബം എന്തു ചെയ്യും. തിരക്കഥ തട്ടിക്കൂട്ടാന്‍ ആളെ ഏര്‍പ്പാടാക്കുകയല്ലാതെ.
 
പക്ഷേ, അടവു പാളിപ്പോയി എന്നറിയാന്‍ മനോരമ മാത്രം വായിച്ചാല്‍ മതി. ജൂലൈ അഞ്ചിന്‍റെ മലയാള മനോരമ നിവര്‍ത്തിപ്പിടിക്കുക. ജോമി തോമസ് വക റിപ്പോര്‍ട്ട് ഒന്നാം പേജിലുണ്ട്. മൂന്നാംകോളത്തിലെ പാരഗ്രാഫ് ഇങ്ങനെ –
"എന്നാല്‍ നെഴ്സുമാരെ ഐഎസ്ഐഎസ് ബന്ദികളാക്കിയെന്ന വ്യാഖ്യാനത്തോട് മന്ത്രാലയത്തിലെ ചിലര്‍ വിയോജിച്ചു. നാട്ടിലേയ്ക്കു മടങ്ങാന്‍ താല്‍പര്യമുളളവര്‍ക്ക് അതിനു സൗകര്യമൊരുക്കാമെന്നും മറ്റുളളവര്‍ക്കു പുതിയ കരാറില്‍ തുടരാമെന്നും വിമതരുടെ പ്രതിനിധി നെഴ്സുമാരോടു വ്യക്തമാക്കിയിരുന്നു. വിമാനത്താവളത്തിലേയ്ക്കുളള യാത്ര ഇപ്പോള്‍ സുരക്ഷിതമല്ലെന്ന മുന്നറിയിപ്പും നല്‍കി. ബന്ധുക്കളുമായും മറ്റും ഫോണില്‍ സംസാരിക്കാന്‍ നെഴ്സുമാരെ അനുവദിച്ചതും അവരെ ബന്ദികളായല്ല ഐഎസ്ഐഎസുകാര്‍ കണക്കാക്കിയത് എന്നതിനു തെളിവത്രേ".
നെഴ്സുമാരെ ബന്ദികളാക്കാനോ ഉപദ്രവിക്കാനോ വിമതസേനയ്ക്ക് ഒരുദ്ദേശവുമുണ്ടായിരുന്നില്ല. അങ്ങേയറ്റം മാന്യമായാണ് അവരോട് പെരുമാറിയത് എന്ന് ഏതാണ്ടെല്ലാവരും ഒരേസ്വരത്തില്‍ പറയുന്നു. തിക്രിത്തില്‍ ആധിപത്യമുറപ്പിച്ച നാള്‍ മുതല്‍ ഇന്ത്യന്‍ എംബസിയുമായി നെഴ്സുമാര്‍ ബന്ധം പുലര്‍ത്തുകയും ചെയ്തിരുന്നു. അവര്‍ക്കാവശ്യം രണ്ടേ രണ്ടു കാര്യങ്ങള്‍ മാത്രം : സുരക്ഷിതമായി വിമാനത്താവളത്തിലെത്തുക, കയറിപ്പോരാന്‍ അവിടെയൊരു വിമാനമുണ്ടാവുക.

ഇതുറപ്പുവരുത്താന്‍ ഇന്ത്യ പോലൊരു രാജ്യത്തിന് ചതുരുപായങ്ങളും കുരുട്ടുബുദ്ധിയും കുതന്ത്രങ്ങളും സമംചേര്‍ത്ത് നയതന്ത്രസര്‍ക്കസ് നടത്തേണ്ട കാര്യമൊന്നുമില്ല. കുതന്ത്രങ്ങളുടെ കുലപതിയായ ഉമ്മന്‍ചാണ്ടിയെപ്പോലൊരാള്‍ ദില്ലിയിലും ആലുവ ഗസ്റ്റ് ഹൗസിലും ഉറക്കമൊഴിഞ്ഞിരുന്ന് ഫേസ് ബുക്ക് അപ്ഡേറ്റു ചെയ്യേണ്ട കാര്യവുമില്ല.
 
കാര്യങ്ങളൊക്കെ ഉമ്മന്‍ചാണ്ടിയും തുറന്നു പറഞ്ഞിട്ടുണ്ട്. ജൂലൈ മൂന്നിന് അദ്ദേഹം ഫേസ് ബുക്കില്‍ ഇങ്ങനെയെഴുതി.
വിദേശകാര്യമന്ത്രി ശ്രീമതി സുഷമ സ്വരാജിനെ ശ്രീ കെ.എം. മാണി, ശ്രീ രമേശ് ചെന്നിത്തല, ശ്രീ മഞ്ഞളാംകുഴി അലി എന്നിവരുമൊത്ത് സന്ദര്‍ശിച്ച് രണ്ടുവട്ടം ഇറാഖ് പ്രശ്നം ചര്‍ച്ച ചെയ്തു. അവിടെയുള്ള ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് കേരളത്തില്‍ നിന്നുള്ള നഴ്സുമാരുടെ, സുരക്ഷയ്ക്കും മോചനത്തിനും ആവശ്യമെന്ന് തോന്നിയ സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായങ്ങള്‍ അവരെ അറിയിച്ചു. മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നു. വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ അവര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയുണ്ടായി. ഇറാഖില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് അവിടെ നിന്ന് സുരക്ഷിതമായി തിരിച്ചെത്തുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന അഭ്യര്‍ത്ഥനയില്‍ അവിടത്തെ എംബസിയുമായി ചര്‍ച്ച നടത്തി വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നാണ് ഞങ്ങള്‍ പൂര്‍ണമായും വിശ്വസിക്കുന്നത്. ഇന്നത്തെ അവിടത്തെ സാഹചര്യങ്ങളില്‍ നടപടികളുമായി മുന്നോട്ടുപോകുന്നത്തിനു പരിമിതികളുണ്ട്. അതിനുള്ളില്‍ നിന്ന് ആവശ്യമായ സഹായം ചെയ്യും. റെഡ് ക്രോസ് ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകളുടെ സഹായം തേടും.
"ഇന്നത്തെ സാഹചര്യത്തില്‍ ഇടപെടാന്‍ പരിമിതിയുണ്ട്" എന്ന് മൂന്നാം തീയതി പറയുമ്പോള്‍ ഇറാക്കിലെ തീവ്രവാദികളുടെ "സല്‍സ്വഭാവ"ത്തെക്കുറിച്ച് ഉമ്മന്‍ചാണ്ടിയ്ക്ക് വേണ്ടത്ര ധാരണ ഇല്ലായിരുന്നു. അതുകൊണ്ടാണ് എങ്ങാനും ബിരിയാണി കിട്ടിയില്ലെങ്കിലോ എന്നു കരുതി "ഇടപെടാന്‍ പരിമിതിയുണ്ട്" എന്നൊരു താങ്ങു താങ്ങിയത്.

ജൂലൈ നാലാം തീയതി ആയപ്പോള്‍ ചിത്രം മാറി. നെഴ്സുമാരെ സുരക്ഷിതരായി വിട്ടയയ്ക്കാന്‍ വിമതസേന സന്നദ്ധമാണെന്ന് അസന്നിഗ്ധമായി ബോധ്യമായി. അതോടെ കുബുദ്ധി ഉണര്‍ന്നു. താന്‍ ഉറക്കമൊഴിഞ്ഞ് അധ്വാനിച്ചതുകൊണ്ടാണ് നെഴ്സുമാര്‍ മോചിതരായത് എന്നു വരുത്തണം. ഇല്ലെങ്കില്‍ പിന്നെന്ത് ഉമ്മന്‍ചാണ്ടി. കുഞ്ഞൂഞ്ഞു മനസില്‍ കാണുന്നത് മനോരമ മാനത്തു കാണും. തോമസ് ഡൊമിനിക്കും സംഘവും പേനയെടുത്തു. പിന്നെ എഴുത്തോട് എഴുത്ത്..
.
അനന്തരം, ഉണര്‍ന്നു പ്രവര്‍ത്തിച്ചു കേരളം, വിശ്രമമില്ലാതെ മുഖ്യമന്ത്രി, നാലു പ്രതിസന്ധികള്‍, പ്രാര്‍ത്ഥിച്ചെടുത്ത തീരുമാനം തുടങ്ങിയ തലക്കെട്ടുകള്‍ നിരന്നു...

പിന്‍കുറിപ്പ് നെഴ്സുമാരെ തിരികെയെത്തിക്കാന്‍ തിരിച്ച വിമാനത്തിന് എര്‍ബില്‍ എയര്‍പോര്‍ട്ടിലിറങ്ങാന്‍ അനുമതി നിഷേധിച്ചുവെന്നുവെന്നും വിമാനത്തിലുളളവര്‍ ഉടന്‍ ഉമ്മന്‍ചാണ്ടിയെ വിവരമറിയിച്ചുവെന്നും ഉമ്മന്‍ചാണ്ടി രാത്രി 1.30ന് സുഷമാസ്വരാജിനെ വിളിച്ചുവെന്നും തുടര്‍ന്നാണ് വിമാനത്തിന് ലാന്‍ഡു ചെയ്യാന്‍ അനുമതി ലഭിച്ചതെന്നും  ഒരു കഥ പ്രചരിച്ചിട്ടുണ്ട്. ഫേസ് ബുക്കില്‍ ഉമ്മന്‍ചാണ്ടി തന്നെ ഇക്കാര്യം പറഞ്ഞിട്ടുമുണ്ട്. കൗതുകമെന്തെന്നാല്‍ ഉമ്മന്‍ചാണ്ടിയല്ലാതെ മറ്റാരും – വിദേശമന്ത്രാലയമോ വ്യോമയാന മന്ത്രാലയമോ – ഇക്കാര്യം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. എന്താണ് സംഭവിച്ചത് എന്നറിയാന്‍ എര്‍ബില്‍ എയര്‍പോര്‍ട്ട് അതോറിറ്റിയ്ക്ക് ചുമ്മാ ഒരു മെയിലയച്ചു. അവരുടെ മറുപടി താഴെ.

---------- Forwarded message ----------
From: A
***** J******* <A*****.J*****@erbilairport.net>
Date: Tue, Jul 8, 2014 at 12:39 PM
Subject: re rescue flight
To:
**********@gmail.com
Dear Sir,
to my knowledge, the flight arrived and departed safely with the nurses on board. Flights entering Iraqi airspace and proceeding to land in Iraq require flight permission from Baghdad, based Iraq Civil Aviation Authority.  Each day Erbil Airport receives a list of flights with permission to land at Erbil. 

My understanding is that the airport ground handler has been in touch with the agent handling the rescue flights and arrangements are now in place for further flights as and when they are needed.

To my knowledge there were no delays.

regs

A
****** J******