Saturday, July 25, 2015

ഉരുളരുത് സുജിത് നായരേ... ഉരുളരുത്...

"ലഭ്യമായ വസ്തുകളുടെ അടിസ്ഥാനത്തിൽ വാർത്തകളോട് പരമാവധി സത്യസന്ധത പുലർത്താൻ ശ്രമിച്ചിട്ടുണ്ട്" സുജിത് നായര്‍ ഉവാച
തലയ്ക്കു വെളിവുളള ലോകത്തിലെ എല്ലാ മാധ്യമപ്രവര്‍ത്തകരുടെയും ആരാധനാപാത്രമാണ്  ദി മാഞ്ചസ്റ്റര്‍ ഗാര്‍ഡിയന്‍ പത്രത്തിന്‍റെ എഡിറ്ററായിരുന്ന സി പി സ്കോട്ട്. പത്രത്തിന്‍റെ ജന്മശതാബ്ദിയും പത്രത്തിലെ സ്ക്കോട്ടിന്‍റെ ഗോള്‍ഡന്‍ ജൂബിലിയും ഒരേ വര്‍ഷമായിരുന്നു. അതു പ്രമാണിച്ച് 1921 മെയ് 5ന് എ ഹണ്‍ഡ്രസ് ഇയേഴ്സ് എന്ന തലക്കെട്ടില്‍ അദ്ദേഹം ഒരു ലേഖനമെഴുതി. താനെഴുതുന്ന വാര്‍ത്തകള്‍ ആരുടെയെങ്കിലും പ്രചാരവേല (Propaganda) ആവരുത് എന്ന് നിര്‍ബന്ധമുളള ലോകത്തിലെ എല്ലാ പത്രലേഖകരും ആവര്‍ത്തിച്ചുരുവിട്ട് മനപ്പാഠമാക്കിയ ലോകപ്രശസ്തമായ ആ വാചകങ്ങളുളളത് മേപ്പടി ലേഖനത്തിലാണ് - Comment is free, but facts are sacred.

പ്രസ്തുതലേഖനത്തില്‍ സ്കോട്ട് പറഞ്ഞത് ഇങ്ങനെയാണ് -
Comment is free, but facts are sacred. "Propaganda", so called, by this means is hateful. The voice of opponents no less than that of friends has a right to be heard. Comment also is justly subject to a self-imposed restraint. It is well to be frank; it is even better to be fair. This is an ideal. Achievement in such matters is hardly given to man. We can but try, ask pardon for shortcomings, and there leave the matter.
Comment is free, എന്നുവെച്ചാല്‍ വായില്‍ത്തോന്നിയത് പത്രത്തിലെഴുതാനുളള ലൈസന്‍സല്ല. വസ്തുതയില്‍ നിന്ന് വാര്‍ത്ത മാത്രമല്ല, പ്രൊപ്പഗാന്‍ഡയുമുണ്ടാക്കാം. അതുകൊണ്ട്, നിതാന്ത ജാഗ്രതയോടെ വേണം, ഓരോ വസ്തുതയെയും സമീപിക്കേണ്ടത് എന്ന് സ്കോട്ട് പത്രലേഖകരെ ഓര്‍മ്മിപ്പിച്ചു. വസ്തുതകളെ വക്രീകരിച്ചും വളച്ചൊടിച്ചും പ്രസക്തമായത് തമസ്കരിച്ചും പൊലിപ്പിച്ചുമൊക്കെ പ്രൊപ്പഗാന്‍ഡയുണ്ടാക്കാം.

സുജിത് നായരുടെ പരാമര്‍ശിത വാര്‍ത്തകള്‍ ഉമ്മന്‍ചാണ്ടിയ്ക്കു വേണ്ടിയുളള പ്രൊപ്പഗാന്‍ഡയാണെന്നായിരുന്നു പൊളിച്ചെഴുത്തു ടീം വസ്തുനിഷ്ഠമായി മുന്നോട്ടുവെച്ച വിമര്‍ശനം. പക്ഷേ, ആ വിമര്‍ശനത്തെ നേരിടാനുളള ത്രാണി സുജിത് നായര്‍ക്കില്ല. അതുകൊണ്ട് അദ്ദേഹം കാല്‍പനികതയുടെ വഴുവഴുപ്പുളള കണ്ണീരൊലിപ്പിക്കുന്നു. ഒരു തെറ്റും ചെയ്യാതെ പീഡിപ്പിക്കപ്പെട്ടേയെന്ന് നിലവിളിക്കുന്നു.

അദ്ദേഹത്തോട് ഒന്നേ ചോദിച്ചുളളൂ. വാര്‍ത്താ നിരീക്ഷണങ്ങള്‍ എന്ന പേരില്‍ നിങ്ങളെഴുതിക്കൂട്ടിയ അസംബന്ധങ്ങള്‍ക്കും വിവരക്കേടുകള്‍ക്കും എന്താണ് ന്യായീകരണം? താൻ ദേശാഭിമാനിയിലോ, ജനയുഗത്തിലോ അല്ലല്ലോ ജോലി ചെയ്യുന്നത് എന്നത്രേ  അതിനദ്ദേഹത്തിന്‍റെ മറുപടി.

അതൊരു നല്ല മറുപടിയാണ്. ജോലി ചെയ്യുന്നത് മനോരമയിലായതു കൊണ്ട് അസംബന്ധങ്ങളും വിവരക്കേടുകളും   യഥേഷ്ടം എഴുതാം. ദേശാഭിമാനിയിലും ജനയുഗത്തിലും അപ്പണി പറ്റില്ലെന്ന് വ്യംഗ്യം.  വിശദീകരണം സെല്‍ഫ് ഗോളാവുന്നത് ഇങ്ങനെയൊക്കെയാണ്. സ്വന്തം പത്രത്തിന്‍റെ എഡിറ്റോറിയല്‍ പോളിസി ഇത്ര പച്ചയ്ക്ക് ഒരു മാധ്യമപ്രവര്‍ത്തകനും ഇന്നേവരെ വെളിപ്പെടുത്തിക്കാണില്ല.

പാർട്ടിയോ ഉത്തരവാദപ്പെട്ട നേതാക്കളോ തന്‍റെ വാര്‍ത്ത നിഷേധിച്ചിട്ടില്ല എന്നും സുജിത് നായര്‍ ഊറ്റം അഭിനയിക്കുന്നു. അവിടെയും ആത്മവിശ്വാസമില്ലായ്മ പ്രകടനം. വാര്‍ത്തയും പ്രൊപ്പഗാന്‍ഡയും തമ്മിലുളള വ്യത്യാസം അറിയാതെയല്ല ഈ അഭ്യാസങ്ങള്‍.

ന്യൂസ് പ്ലാന്‍റിംഗ് എന്നൊരേര്‍പ്പാടുണ്ട്, മാധ്യമ പ്രവര്‍ത്തനത്തില്‍. വാര്‍ത്തയുടെ ഉറവിടം ആഗ്രഹിക്കുന്ന ചര്‍ച്ചകളും അഭിപ്രായരൂപീകരണവും സമൂഹത്തില്‍ നടക്കുന്നതിനു വേണ്ടിയാണ് വാര്‍ത്ത പ്ലാന്‍റു ചെയ്യപ്പെടുന്നത്. എവിടെയെങ്കിലും ഒരു വസ്തുത ഉണ്ടാകും. അത് സത്യമാകാം. അര്‍ദ്ധസത്യമാകാം. അതിന്മേലാണ് മാധ്യമപ്രവര്‍ത്തകന്‍ പണിയുന്നത്.

Red herring എന്ന പ്രൊപ്പഗാന്‍ഡാ ടെക്നിക്കിന് വിക്കി നല്‍കുന്ന നിര്‍വചനം ഇങ്ങനെ - Presenting data or issues that, while compelling, are irrelevant to the argument at hand, and then claiming that it validates the argument. . ജൂലൈ 11ന്‍റെ വാര്‍ത്തയെക്കുറിച്ചുളള സുജിത് നായരുടെ എല്ലാ അവകാശവാദങ്ങളും ഈ നിര്‍വചനത്തിനുളളിലേ നില്‍ക്കുന്നുളളൂ.

ഓപ്പറേഷന്‍ ലോട്ടസ് എന്ന അരങ്ങും സുജിത് നായരുടെ ആട്ടവും

സത്യത്തില്‍ വിചാരണ ആരംഭിക്കേണ്ടത് ജൂലൈ 11ന്‍റെ സുജിത് നായരുടെ വാര്‍ത്തയില്‍നിന്നല്ല. ഉമ്മന്‍ചാണ്ടിയ്ക്കു വേണ്ടിയുളള ആ നുണ പ്രചരണത്തിന്‍റെ അരങ്ങ് ജൂലൈ 10ന് ഒരുക്കിയത് മനോരമാ ന്യൂസിന്‍റെ ദില്ലി തലവന്‍ വി വി ബിനുവാണ് . സിപിഎമ്മുകാരെ റാഞ്ചാന്‍ കേരളത്തില്‍ ബിജെപിയുടെ ഓപ്പറേഷന്‍ ലോട്ടസ് എന്ന തലക്കെട്ടുളള വാര്‍ത്തയുമായാണ് അന്ന് മലയാളത്തിന്‍റെ സുപ്രഭാതം പുലര്‍ന്നത്.

കേരളത്തില്‍ ബിജെപിയെ ശക്തിപ്പെടുത്താനായി സിപിഎം പ്രാദേശിക നേതാക്കളെയും പ്രവര്‍ത്തകരെയും റാഞ്ചിയെടുക്കാന്‍ പാര്‍ടി അധ്യക്ഷന്‍ അമിത് ഷാ സംസ്ഥാന നേതൃത്വത്തിനു നിര്‍ദ്ദേശം നല്‍കി. നിയമസഭാ തിരഞ്ഞെടുപ്പു മുന്നില്‍ കണ്ടുളള ഓപ്പറേഷന്‍ ലോട്ടസ് പദ്ധതിയുടെ ഭാഗമാണ് നീക്കം എന്നാണ് വാര്‍ത്തയുടെ ലീഡ്.

വാര്‍ത്ത വായിച്ചാലെന്തു തോന്നും? നിയമസഭാ തിരഞ്ഞെടുപ്പു മുന്നില്‍കണ്ട് കേരളത്തിലെ സിപിഎമ്മുകാരെ റാഞ്ചാന്‍ ഓപ്പറേഷന്‍ ലോട്ടസ് എന്നൊരു പദ്ധതി ബിജെപി രൂപീകരിച്ചു, അതു പ്രകാരം അമിത് ഷാ ചില നിര്‍ദ്ദേശങ്ങള്‍ കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് നല്‍കി. ആ വിവരം ചൂടോടെ മനോരമാ ന്യൂസിന്‍റെ ദില്ലി ഗ്യാങ്‍ലീഡര്‍ വി വി ബിനുവിനു ലഭിച്ചു. ടിയാന്‍ ചാനലിലും പത്രത്തിലുമായി വാര്‍ത്ത നല്‍കി. ഇത്രയുമാണ് വാര്‍ത്തയില്‍ നിന്ന് വായനക്കാരന്‍ മനസിലാക്കേണ്ട വിവരങ്ങള്‍.

പക്ഷേ, കുറച്ചു പഴക്കം ചെന്ന പദ്ധതിയാണ് ഈ ഓപ്പറേഷന്‍ ലോട്ടസ്. മാത്രമല്ല, കേരളത്തിലെ സിപിഎമ്മുകാരെ റാഞ്ചാന്‍ അമിത് ഷാ സംവിധാനം ചെയ്ത പദ്ധതിയുമല്ല ഓപ്പറേഷന്‍ ലോട്ടസ്. ഈ പദ്ധതിയെക്കുറിച്ച് നാം ആദ്യം കേള്‍ക്കുന്നത് കര്‍ണാടകത്തില്‍ നിന്നാണ്. ദേവഗൗഡയുടെ ജനതാദളില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും എംഎല്‍എമാരെ റാഞ്ചാന്‍ യദ്യൂരപ്പ ആവിഷ്കരിച്ച പദ്ധതിയാണ് "ഓപ്പറേഷന്‍ ലോട്ടസ്". 2008ലായിരുന്നു സര്‍ക്കസ്. അന്ന് റാഞ്ചാന്‍ പാകത്ത് കൈയും പൊക്കി ചെന്നത് ബിജെപി പാളയത്തിലേയ്ക്ക് ആദ്യം ഓടിച്ചെന്നത് കോണ്‍ഗ്രസിന്‍റെ എംഎല്‍എമാരായിരുന്നു.

കേരളത്തിലും  ഓപ്പറേഷന്‍ ലോട്ടസിനെക്കുറിച്ചുളള കഥകള്‍ പ്രചരിച്ചത് മോദിയുടെ സന്ദര്‍ശന വേളയിലാണ്. BJP's Space Mission in Kerala എന്ന തലക്കെട്ടില്‍ 2013 നവംബര്‍ 15ന് എം ജി രാധാകൃഷ്ണന്‍ ഇന്ത്യാ ടുഡേയിലെഴുതിയ ലേഖനം നെറ്റില്‍ ഇപ്പോഴും വായിക്കാന്‍ കിട്ടും. അതില്‍ ഇങ്ങനെ പറയുന്നു -

The ISRO case is the latest in a series of political operations Modi has initiated since April as part of Operation Lotus in Kerala. BJP is shunned by all political parties in both the ruling United Democratic Front and the Opposition Left Democratic Front, mainly due to the fear that an alliance with it might antagonise the minorities who form 45 per cent of the population. This has made BJP unable so far to get more than 10 per cent of the vote share in any elections even though Kerala tops the country in the number of RSS shakhas at 4,310, four times that of Gujarat. Modi himself has announced that bjp would win at least two of the 20 Lok Sabha seats this time.
ഈ ലക്ഷ്യത്തോടെയാണ് മോദി ശിവഗിരി മഠത്തിലും അമൃതാനന്ദ മയീ മഠത്തിലും എത്തിയതെന്നും എം ജി രാധാകൃഷ്ണന്‍ തുടരുന്നു. 2014ലെ തിരഞ്ഞെടുപ്പില്‍ രണ്ടു സീറ്റുകളില്‍ ലഭിക്കുകയായിരുന്നു മോദിയുടെ ലക്ഷ്യം.
അതായത്, ഓപ്പറേഷന്‍ ലോട്ടസിനെക്കുറിച്ചുളള വിവരം പുതിയതല്ല. വ്യത്യസ്ത ജാതി വിഭാഗങ്ങളെ ബിജെപിയിലേയ്ക്ക് ആകര്‍ഷിക്കാന്‍ പ്രത്യേക പദ്ധതികള്‍ ബിജെപി ആസൂത്രണം ചെയ്തിട്ടുണ്ട്. കേരളത്തില്‍ മാത്രമല്ല, ദേശീയതലത്തില്‍ പല ഉന്നത നേതാക്കളെയും ബിജെപി ലക്ഷ്യമിടുന്നുണ്ട്. സോണിയയും രാഹുലുമായി തെറ്റി സ്ഥാനം രാജിവെച്ച കോണ്‍ഗ്രസ് നേതാവ് ജയന്തി നടരാജന്‍ ബിജെപിയില്‍ ചേരുമെന്ന് വാര്‍ത്തയുണ്ട്.

മന്‍മോഹന്‍ മന്ത്രിസഭയിലെ വനിതാ ശിശുക്ഷേമ മന്ത്രിയായിരുന്ന കൃഷ്ണാ തിരാഥ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേക്കേറുക മാത്രമല്ല, ഇക്കഴിഞ്ഞ ദില്ലി അസംബ്ലി തിരഞ്ഞെടുപ്പില്‍ പട്ടേല്‍ നഗറില്‍ നിന്ന് താമര ചിഹ്നത്തില്‍ മത്സരിക്കുകയും ചെയ്തു. ദില്ലി ഇലക്ഷനില്‍ ഭൂട്ടാസിംഗിന് കോണ്‍ഗ്രസ് ടിക്കറ്റു നിഷേധിച്ചതില്‍ പ്രതിഷേധിച്ച് മകന്‍ അര്‍വീന്ദര്‍ സിംഗ് ലൗലി ബിജെപിയില്‍ ചേര്‍ന്നു.

കോണ്‍ഗ്രസിലെ പ്രാദേശികനേതാക്കളും പ്രവര്‍ത്തകരുമല്ല, അഖിലേന്ത്യാ നേതാക്കളും കേന്ദ്രമന്ത്രിമാരും എംഎല്‍എമാരും ബിജെപിയില്‍ ചേരാന്‍ തക്കം പാര്‍ത്തു നില്‍ക്കുമ്പോഴാണ് സിപിഎമ്മിന്‍റെ പ്രാദേശിക പ്രവര്‍ത്തകരെപ്പിടിക്കാന്‍ അമിത് ഷാ നിര്‍ദ്ദേശം നല്‍കിയെന്ന ഓലപ്പാമ്പുമായി വി വി ബിനു ജൂലൈ 10ന് അവതരിച്ചത്.

ഈ വാര്‍ത്തയുടെ തുടര്‍ച്ചയാണ് സുജിത് നായരുടെ ജൂലൈ 11ലെ പ്രകടനം. സിപിഎമ്മുകാരെ റാഞ്ചാന്‍ അമിത് ഷാ കേരളത്തിലെ ബിജെപി നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കിയെന്ന അമിട്ട് ജൂലൈ പത്തിനു പൊട്ടുന്നു. "സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയിലേയ്ക്കു ചേക്കേറുന്നുവെന്ന പ്രചരണം ശരിവെയ്ക്കുന്ന കണക്കു"കളുമായി ജൂലൈ പതിനൊന്നിന് സുജിത് നായര്‍ പ്രത്യക്ഷപ്പെടുന്നു. ഇങ്ങനെയാണ് മനോരമ പ്രൊപ്പഗാന്‍ഡ സംവിധാനം ചെയ്യുന്നത്.

കളി ഇവിടംകൊണ്ടു തീര്‍ന്നില്ല. ന്യൂനപക്ഷത്തിന് സിപിഎമ്മില്‍ ഒരു റോളുമില്ലെന്നു കൂടി വരുത്തിത്തീര്‍ത്താലേ അവരൊന്നടങ്കം ഉമ്മന്‍ചാണ്ടിയുടെ കൂടാരം ലക്ഷ്യമാക്കി നടക്കൂ. അതിനാണ് ജൂലൈ 13ന്‍റെ സുജിത് നായരുടെ വാര്‍ത്ത. തലക്കെട്ടിങ്ങനെ - സിപിഎമ്മില്‍ ന്യൂനപക്ഷം 20 ശതമാനം മാത്രമെന്ന് റിപ്പോര്‍ട്ട്. ലീഡു വായിച്ചാല്‍ ചിരിച്ചു മണ്ണു കപ്പും.

കേരളത്തിലെ ആകെ പാര്‍ടി അംഗങ്ങളില്‍ ന്യൂനപക്ഷമായിത്തന്നെ മുസ്ലിം - ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ തുടരുന്നുവെന്ന് സിപിഎം റിപ്പോര്‍ട്ട് എന്നത്രേ സുജിത് നായരുടെ നിരീക്ഷണം. ഈ ഡയലോഗിന്‍റെ അര്‍ത്ഥമെന്തെന്ന് ഉമ്മന്‍ചാണ്ടിയുടെ പ്രസ് സെക്രട്ടറി പി ടി ചാക്കോയ്ക്കെങ്കിലും അറിയാമോ ആവോ?

അങ്ങനെ പ്രത്യേകിച്ച് അര്‍ത്ഥമൊന്നും പറയാനില്ലെങ്കിലും മുസ്ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും വ്യക്തമായ ഒരു സൂചന സുജിത് നായര്‍ നല്‍കുന്നുണ്ട്. സിപിഎമ്മില്‍ നിങ്ങള്‍ ന്യൂനപക്ഷമാണ്. ഭൂരിപക്ഷവും ചേക്കേറിയിരിക്കുന്നത് ഉമ്മന്‍ചാണ്ടിയുടെ കൂടാരത്തിലാണ് . അതുകൊണ്ട്, അങ്ങോട്ടേയ്ക്കു പോവുക.

പ്രചാരവേലയില്‍ ബാന്‍ഡ് വാഗണ്‍ ഇഫക്ട് എന്നൊരിനമുണ്ട്. അതിന്‍റെ ലക്ഷ്യങ്ങളിലൊന്ന് വിക്കി ഇങ്ങനെ നിര്‍വചിക്കുന്നു -
This technique reinforces people's natural desire to be on the winning side. This technique is used to convince the audience that a program is an expression of an irresistible mass movement and that it is in their best interest to join.

ഉമ്മന്‍ചാണ്ടിയ്ക്കു വേണ്ടി സൂക്ഷ്മമായി ആസൂത്രണം ചെയ്യപ്പെട്ട പ്രൊപ്പഗാന്‍ഡയാണ് വി വി ബിനുവിന്‍റെ ജൂലൈ 10ന്‍റെയും  സുജിത് നായരുടെ ജൂലൈ 11, 13 തീയതികളിലെയും വാര്‍ത്തകള്‍. "ബിജെപി അടക്കമുളള പാര്‍ടികളിലേയ്ക്ക് സിപിഎമ്മുകാര്‍ ചേക്കേറുന്നു എന്ന പ്രചാരണം ശരിവെയ്ക്കുന്നതാണ് ഈ കണക്ക്",  "തുടർച്ചയായ തോൽവികളിലൂടെ കേരളത്തിൽ യുഡിഎഫിനൊപ്പം നിൽക്കാൻ പ്രാപ്‌തിയില്ലാത്ത മുന്നണിയായി എൽഡിഎഫ് ദുർബലപ്പെടുന്നു എന്ന തോന്നലാണു ശക്‌തമായി വരുന്നത്" തുടങ്ങിയ നിരീക്ഷണങ്ങള്‍ വ്യക്തമായ ലക്ഷ്യത്തോടെ തന്നെയാണ് തയ്യാറാക്കിയിരിക്കുന്നതും.

വാര്‍ത്താ വിശകലനങ്ങള്‍ എന്ന പേരില്‍ സുജിത് നായര്‍ എഴുതിക്കൂട്ടുന്ന അസംബന്ധങ്ങള്‍, അദ്ദേഹത്തിന്‍റെ വീക്ഷണവൈകല്യത്തിന്‍റെയോ പത്രപ്രവര്‍ത്തനത്തിന്‍റെ അടിസ്ഥാന മൂല്യങ്ങളെക്കുറിച്ചുളള അറിവില്ലായ്മയുടെയോ ലക്ഷണമല്ല. ഇങ്ങനെയൊക്കെ ചെയ്യാനാണ് അദ്ദേഹത്തിന് മനോരമ ശമ്പളം നല്‍കുന്നത്. കിട്ടുന്ന കൂലിയ്ക്കുളള ജോലി വെടിപ്പായി ചെയ്യാനുളള ആഗ്രഹം അദ്ദേഹത്തിനുണ്ട്. പക്ഷേ, മുന്‍ഗാമികളെ അപേക്ഷിച്ച് പ്രാപ്തിക്കുറവുണ്ടെന്നു മാത്രം. അതുകൊണ്ടാണ് അദ്ദേഹത്തിന്‍റെ ഗീര്‍വാണങ്ങള്‍ അസംബന്ധങ്ങളെന്ന് മറ്റുളളവര്‍ എളുപ്പത്തില്‍ തിരിച്ചറിയുന്നത്.

അപ്പോൾ ഞാൻ എന്‍റെ ജോലി തുടരട്ടെ എന്നാണ് സുജിത് നായരുടെ വിശദീകരണത്തിന്‍റെ വിരാമവാക്യം. "ഇമ്മാതിരി ഉച്ചക്കിറുക്കുകളുമായി ഇനിയും ഇതുവഴി വരൂ" എന്നു മാത്രം നമുക്ക് അദ്ദേഹത്തോടു മറുപടി പറയാം.

1 comment:

radiant-n56789011.wordpress.c TV3066510903724.. Malayalam newspaper. PRESS CURTVM/TC/41 2015 said...

Thiruvananthapuram =

Neyyatinkara.PERUMPAZHUTHOOR Pin Code is 695126. PERUMPAZHUTHOOR is located in NA

THIRUVANANTHAPURAM, KERALA, India.http://www.indiapost.gov.in .NA Post Office is a Sub Post Office, which comes under the Head Post Office Neyyattinkara H.O.Sandhwanam media News Media website Kerala Newspaper- . -News Media website.Facebook.

://janayugomonline.com/http://www.niamasb ha.org/http://ha.org/http://www.livelaw.in/https://ma layala.m.india today.in/PARLIAMENT OF INDIA डीली

SANTHWANAMCHANNELSUNIL. ADDRESS: Tax

Tower, Killippalam, Karamana

Thiruvananthapuram.6910012

002Mailtvmac1splcir@keralataxes.gov.in Ph2785052 Fax: -Address: Sujith

BhavanKadavancode Colony Perumpazhuthoor-

Thiruvananthapuram District

Email: n56789011-gmail.com

www.youtube.com/sunilin.b7589 UDYAM-KL-12-

0046333 GST IN:N.BManaging Director Mob: 6238217504 0471-2463799