Tuesday, October 12, 2010

നാണമില്ലേ മാതൃഭൂമീ... ഇങ്ങനെ നുണയെഴുതാന്‍? ...?

സത്യങ്ങളുടെ കഴുത്തറുക്കുന്ന കൊലപ്പുരകളാവുകയാണ് പത്രങ്ങളുടെ എഡിറ്റോറിയല്‍ ഡസ്‌കുകള്‍. എന്തും എഴുതാന്‍ കയ്യറപ്പില്ലാത്തവരുടെ വിഹാരരംഗമാണവിടം. നുണകളെഴുതുക, പിന്നീട് അവയ്ക്ക് വ്യാഖ്യാനം ചമയ്ക്കുക എന്നതാണ് വാര്‍ത്തയെഴുത്തിന്റെ ശൈലി. നുണകളും വ്യാഖ്യാനങ്ങളുമെല്ലാം സിപിഎമ്മിനും എല്‍ഡിഎഫ് സര്‍ക്കാരിനും എതിരെ. മനോരമയെന്നോ മാതൃഭൂമിയെന്നോ വ്യത്യാസമില്ലാതെ പത്രലോകം നിര്‍മ്മിക്കുന്ന നുണകള്‍ കൊണ്ടാണ് കോണ്‍ഗ്രസും യുഡിഎഫും എല്‍ഡിഎഫ് സര്‍ക്കാരിനെ ആക്രമിക്കുന്നത്.
ലോട്ടറി വിവാദത്തില്‍ മനോരമയും ആശ്രയിച്ചത് നുണകളെയാണ്. ലോട്ടറി അപവാദ പ്രചാരണത്തില്‍ ബഹുകാതം പിന്നിലായിപ്പോയതിന്റെ കേട് തീര്‍ക്കാന്‍ മാതൃഭൂമിയും രംഗത്തിറങ്ങി. കൊമ്പന്‍ പോയ വഴിയെ വെച്ചുപിടിക്കുകയാണ് മോഴയും. നുണയെഴുതുക; അത് വ്യാഖ്യാനിച്ച് പെരുംനുണയാക്കുക. ശൈലിയ്‌ക്കൊന്നും ഒരുവ്യത്യാസവുമില്ല.

ലോട്ടറിക്കേസ് - എജിയെ വി
ളിച്ചില്ല. അപ്പീല്‍ കൊടുത്തില്ല. സര്‍ക്കാര്‍ നിലപാട് മാര്‍ട്ടിന് തുണയായി എന്ന തലക്കെട്ടില്‍ ഇന്ന് (12-10-2010) മാതൃഭൂമി ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. സത്യവുമായി പുലബന്ധമെങ്കിലുമുളള ഏതെങ്കിലും ഒരുവാചകം ഈ വാര്‍ത്തയില്‍ കണ്ടുപിടിക്കുന്നവര്‍ക്ക് ഭൂട്ടാന്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം കിട്ടും.

കേസ് നടത്താന്‍ എജിയെ സര്‍ക്കാര്‍ വിളിച്ചില്ല എന്ന് തലയ്ക്ക് വെളിവുളള ആരും ആരോപിക്കില്ല. കാരണം സര്‍ക്കാരിന്റെ കേസ് നടത്താന്‍ ഭരണഘടനാപരമായി സൃഷ്ടിക്കപ്പെട്ട സ്ഥാപനമാണ് അഡ്വക്കേറ്റ് ജനറല്‍. ഹൈക്കോടതി ജഡ്ജിയുടെ പദവിയാണ് എജിയ്ക്ക്. എജിയറിയാതെ സര്‍ക്കാരിന് കേസുകള്‍ നടത്താനാവില്ല. സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരെ കേസ് നടത്താന്‍ ഏല്‍പ്പിക്കുന്നതും ആളെ തീരുമാനിക്കുന്നതുമെല്ലാം എജിയുടെ അറിവോടെയും അംഗീകാരത്തോടെയുമാണ്. യാഥാര്‍ത്ഥ്യം അതായിരിക്കെ, എജിയെ സര്‍ക്കാര്‍ വിളിച്ചില്ല എന്ന് എത്ര ഉളുപ്പില്ലാതെയാണ് മാതൃഭൂമി ലേഖകന്‍ തട്ടിവിടുന്നത്.

ലേഖകന്റെ നിയമപാണ്ഡിത്യം പോകുന്ന വഴി നോക്കു.

ഇദ്ദേഹത്തിനൊപ്പം (സുപ്രിംകോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ നാഗേശ്വര റാവു) സംസ്ഥാന സര്‍ക്കാരിന്റെ അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയില്‍ ഒരുതവണയെങ്കിലും ഹാജരായിരുന്നെങ്കില്‍ സര്‍ക്കാര്‍ വാദങ്ങള്‍ക്ക് ബലം കൂടിയേനെയെന്ന് ഒരു വിഭാഗം നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

അതാണ് കാര്യം.. സര്‍ക്കാരിന്റെ വാദം കേള്‍ക്കുമ്പോള്‍ ജഡ്ജി ഏറു കണ്ണിട്ട് നോക്കും. കസേരയിലെങ്ങാനും എജിയുണ്ടോ എന്ന്. വാദത്തിന്റെ ബലവും ബലക്കുറവും തീരുമാനിക്കുന്നത് നിയമപരമായ അതിന്റെ നിലനില്‍പ്പിലല്ല, വാദം നടക്കുമ്പോള്‍ ജഡ്ജിയുടെ മുന്നിലെ കസേരയില്‍ എജി ഉണ്ടോ ഇല്ലയോ എന്ന് നോക്കിയാണ്. എജിയില്ലെങ്കില്‍ ഏത് റാവു വന്ന് വാദിച്ചിട്ടും ഒരു ഫലവുമില്ല. ഏജിയുണ്ടെങ്കില്‍ ഏത് ശ്രേയാംസ് കുമാര്‍ വാദിച്ചാലും സര്‍ക്കാര്‍ പുല്ലുപോലെ ജയിക്കും.

സര്‍ക്കാരിന്റെ പാലങ്ങളും കെട്ടിടങ്ങളും പണിയുന്ന സ്ഥലങ്ങളില്‍ക്കൂടി എജി ഹാജരാകണമെന്നും ഈ നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയതായി നാളെ മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തേക്കാം. ബലം, സര്‍ക്കാരിന്റെ വാദങ്ങള്‍ക്ക് മാത്രം പോരല്ലോ.

വാര്‍ത്തയിലെ മറ്റൊരു വാദം ഇങ്ങനെ പോകുന്നു...
.... ലോട്ടറിക്കേസില്‍ ഏറെ വഴിത്തിരിവുണ്ടാക്കിയതാണ് 2008 ഫെബ്രുവരിയില്‍ ഹൈക്കോടതിയില്‍ നിന്നുണ്ടായ വിധി. സാന്റിയാഗോ മാര്‍ട്ടിന്റെ ലോട്ടറി വില്‍ക്കുന്നതില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് മാറ്റിക്കൊണ്ടായിരുന്നു 2008ല്‍ ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. ഈ വിധിയ്‌ക്കെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ സന്നദ്ധത കാണിച്ചിരുന്നില്ല.

ഭൂട്ടാന്‍ ലോട്ടറിയുടെ മുന്‍കൂര്‍ നികുതി വാങ്ങാന്‍ കേരള സര്‍ക്കാര്‍ വിസമ്മതിച്ചതിനെതിരെ മേഘാ ഡിസ്ട്രിബ്യൂട്ടഴ്‌സിന്റെ പ്രൊപ്പ്രൈറ്റര്‍ ജോണ്‍ കെന്നഡി നല്‍കിയ കേസില്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് പുറപ്പെടുവിച്ച വിധിയെക്കുറിച്ചാണ് ഈ പരാമര്‍ശം. WPC 36645/2007 നമ്പര്‍ കേസില്‍ വിധി വന്നത് 25-2-2008ന്. ഈ കേസിനെതിരെ കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ നമ്പര്‍ WA 528/2008. ഈ അപ്പീല്‍ നിലനില്‍ക്കെയാണ് അപ്പീല്‍ നല്‍കിയില്ലെന്ന് തലക്കെട്ടിലും അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ സന്നദ്ധത കാണിച്ചിരുന്നില്ല എന്ന് വാര്‍ത്തയിലും മാതൃഭൂമി ലേഖകന്‍ എഴുതിപ്പിടിപ്പിച്ചത്.

മാതൃഭൂമി വ്യാഖ്യാനിക്കുന്നതു പോലെ ലോട്ടറിക്കേസിലെ വഴിത്തിരിവൊന്നുമല്ല ഈ വിധി. അന്യസംസ്ഥാന ലോട്ടറികളുടെ വില്‍പന സംബന്ധിച്ച് സുപ്രിംകോടതി പല തവണ സ്വീകരിച്ച നിലപാടുകള്‍ക്കപ്പുറം വിധിയില്‍ ഒന്നുമില്ല. ഇപ്പോഴത്തെ സര്‍ക്കാരിന്റെ കാലത്ത് തന്നെ ഈ വിധിയ്ക്ക് മുമ്പ് ശ്രദ്ധേയമായ രണ്ടുവിധികള്‍ കേരള ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. WPC 30176/2006 എന്ന കേസില്‍ 2007 ജനുവരി 10ന് ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായരും WA 101/2007, 256/2007 എന്നീ അപ്പീലുകളിന്മേല്‍ അന്നത്തെ ആക്ടിംഗ് ചീഫ് ജസ്റ്റിസ് കെ എസ് രാധാകൃഷ്ണനും ജസ്റ്റിസ് എം എന്‍ കൃഷ്ണനും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചും പുറപ്പെടുവിച്ച വിധിന്യായങ്ങളും സ്വീകരിച്ച നിലപാടുകള്‍ തന്നെയാണ് ജസ്റ്റിസ് ആന്റണി ഡൊമിനിക്കും പിന്തുടര്‍ന്നത്.

പരമോന്നത കോടതിയും കേരള ഹൈക്കോടതിയും മുമ്പ് പുറപ്പെടുവിച്ച വിധിന്യായങ്ങള്‍ക്ക് വിരുദ്ധമാണ് മുന്‍കൂര്‍ അനുമതി സ്വീകരിക്കാത്ത സര്‍ക്കാരിന്റെ നടപടിയെന്നാണ് വിധിന്യായത്തില്‍ പറയുന്നത്. അപ്പോള്‍ പിന്നെ ഈ വിധിയെങ്ങനെ വഴിത്തിരിവാകും...? രാഷ്ട്രീയനേതാക്കളുടെ പ്രസ്താവനകളും ലേഖനങ്ങളും പ്രസംഗവുമൊക്കെ വളച്ചൊടിച്ചും ദുര്‍വ്യാഖ്യാനം നടത്തിയും വാര്‍ത്ത നിര്‍മ്മിച്ച് വിലസിയവര്‍ ഇപ്പോള്‍ കോടതിവിധിയെ പിടിച്ചിരിക്കുകയാണ്. നിയമവും വിധിയുമൊക്കെ തോന്നിയതുപോലെ വ്യാഖ്യാനിക്കും. ആരു ചോദിക്കാന്‍.. ആരോട് സമാധാനം പറയാന്‍... ഒന്നുകില്‍
വാര്‍ത്ത എഴുതുന്നവര്‍ക്ക് ബോധം വേണം. അല്ലെങ്കില്‍ നുണയും ദുര്‍വ്യാഖ്യാനവും തിരിച്ചറിയാനുളള ശേഷി ഡെസ്‌കിലിരിക്കുന്നവര്‍ക്കുണ്ടാകണം. ഇതൊന്നുമില്ലെങ്കില്‍ എജിയെ വിളിച്ചില്ല, എജി വന്നിരുന്നെങ്കില്‍ വാദങ്ങള്‍ക്ക് ബലം കൂടിയേനെ തുടങ്ങിയ മണ്ടത്തരങ്ങള്‍ നാം പത്രങ്ങളില്‍ വായിക്കേണ്ടി വരും.

നുണയില്‍ തുടങ്ങുന്ന വാര്‍ത്ത ഒടുങ്ങിയതും നുണയില്‍.. അവസാന വാചകം നോക്കുക.

എന്നാല്‍ ഒരു സംസ്ഥാനത്തിന്റെ / രാജ്യത്തിന്റെ പേരില്‍ അവരുടെ അംഗീകാരമില്ലാതെ ഒരു സ്വകാര്യവ്യക്തി നിയമവിരുദ്ധമായി പണം സമ്പാദനം നടത്തുന്നതിനെതിരെ സംസ്ഥാനസര്‍ക്കാരിന് കേസെടുക്കാനും വേണ്ടിവന്നാല്‍ അറസ്റ്റ് ചെയ്യാനും അവകാശമുണ്ടായിരുന്നുവെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ചൂണ്ടിക്കാട്ടാന്‍ കുറേ നിയമവിദഗ്ധരെ സദാസമയവും കീശയില്‍ കൊണ്ടുനടക്കുന്നത് കൊണ്ട് മാതൃഭൂമി ലേഖകന് ജോലി എളുപ്പമാണ്. ഈ നിയമവിദഗ്ധരെങ്ങാനും കോടതിയില്‍ പ്രത്യക്ഷപ്പെട്ടാല്‍ ജഡ്ജിമാര്‍ കൂട്ട ആത്മഹത്യ ചെയ്യുമെന്നത് മൂന്നരത്തരം.

കേസെടുക്കാനും വേണ്ടിവന്നാല്‍ അറസ്റ്റു ചെയ്യാനുമുളള അവകാശം ഏത് നിയമത്തിലാണ് ഉളളതെന്ന് ലേഖകന്‍ പറയുന്നില്ല. ലോട്ടറി നിയമത്തിലാണോ ചട്ടത്തിലാണോ ഐപിസിയിലാണോ എന്നൊക്കെ വായനക്കാര്‍ക്ക് വേണമെങ്കില്‍ പരസ്പരം ചോദിക്കാം.

ചിദംബരത്തിന്റെ ആഭ്യന്തരമന്ത്രാലയം നീട്ടിപ്പിടിച്ചെഴുതിയ കത്തുകളാണ് തന്റെ ഔദ്യോഗികാംഗീകാരം തെളിയിക്കാന്‍ സാന്റിയാഗോ മാര്‍ട്ടിന്‍ പൊക്കിപ്പിടിക്കുന്ന ഔദ്യോഗിക മുദ്രകള്‍. ഭൂട്ടാന്റെയും സിക്കിമിന്റെയും ഔദ്യോഗിക ഏജന്റാണ് സാന്റിയാഗോ മാര്‍ട്ടിന്‍ എന്ന് കേന്ദ്രം സര്‍ട്ടിഫിക്കറ്റെഴുതുമ്പോള്‍ പിന്നെ ഏത് വകുപ്പു വെച്ചാണ് സംസ്ഥാനം കേസെടുക്കുന്നതും അറസ്റ്റ് ചെയ്യുന്നതും. കക്കാന്‍ പഠിച്ചാല്‍ നില്‍ക്കാനും പഠിക്കേണ്ടേ. ലോട്ടറി വാര്‍ത്തകള്‍ എഴുതുന്നവര്‍ക്ക് പരിശീലനം നല്‍കാന്‍ ഉടന്‍ വി ഡി സതീശന്റെ സേവനം ഏര്‍പ്പെടുത്താന്‍ വീരേന്ദ്രകുമാര്‍ തയ്യാറാകുണം.

യഥാര്‍ത്ഥ മഞ്ഞപ്പത്രം എന്ന് പി ജയരാജന്‍ എംഎല്‍എ മുമ്പ് മാതൃഭൂമിയ്ക്ക് ചാര്‍ത്തിക്കൊടുത്ത വിശേഷണം ഒട്ടും അതിശയോക്തിപരമല്ലെന്ന് തെളിയിക്കുകയാണ് ആ പത്രത്തിന്റെ ലേഖകര്‍.

14 comments:

Shibu K. Nair said...

Do the reporter have the guts to quote any advocate instead of saying 'legal experts'? When reporting degrades to 'campaigning' reporters becomes 'Porters' only.
shibu

ജനശക്തി said...

നന്നായി ഈ ഉദ്യമം. ഭാവുകങ്ങള്‍.

അന്വേഷകന്‍ said...

വായിക്കപ്പെടേണ്ട ഒരു പോസ്റ്റ്‌..

ഭാവുകങ്ങള്‍ .

KUTTAN GOPURATHINKAL said...

വയറ്റുപ്പിഴപ്പാണു സര്‍, ജീവിച്ചു പോണ്ടേ..

ASOKAN said...

ippravsyam pani ettilla sir,ithu aalu vere

ASOKAN said...

ippravsyam pani ettilla sir,ithu aalu vere

കൊച്ചുസാറണ്ണൻ said...

“ പൂക്കാതിരിക്കാൻ എനിക്കാവതില്ല!
എഴുതാതിരിക്കാൻ...........!”

പൊളിച്ചെഴുത്തുകൾക്ക് ആശംസകൾ!

ഇ.എ.സജിം തട്ടത്തുമല said...

പൊളിച്ചെഴുത്തുകൾക്ക് ആശംസകൾ!

VPT said...

ഒരു പത്രം എത്രത്തോളം തരം താഴാമെന്നതിന് ഉത്തമ ഉദാഹരണമാണ് മാതൃഭൂമി

DAKF Trivandrum said...

ചില മണ്ടത്തരങ്ങള്‍ കണ്ടു ആസ്വദിക്കാന്‍ ഒരു രസമാണ്. മദനിയെ അറസ്റ്റു ചെയ്യുന്നതിനായി കര്‍ണാടക പോലിസ് കേരളത്തിലുള്ളപ്പോള്‍ മനോരമ ചാനലില്‍ ഒരു ന്യൂസ്‌ സ്ക്രോള്‍ വരുന്നു. " മദനിയെ അറസ്റ്റു ചെയ്യുന്നതില്‍ കേരള സര്‍ക്കാരിനു വാക്കുപാലിക്കാനായില്ല : വി. എസ്‌." വിശ്വാസം വരാത്തത് കൊണ്ട് ഇതെഴുതുന്നയാള്‍ മനോരമ ചാനലിലെ ഒരു സുഹൃത്തിനെ വിളിച്ചു ചോദിച്ചു. വീണ്ടും അടുത്ത 3 മിനിട്ടോളം സ്ക്രോള്‍ അങ്ങനെതന്നെ തുടരുന്നു. അതുകഴിഞ്ഞുള്ള സ്ക്രോള്‍ ഇങ്ങനെ " മദനിയെ അറസ്റ്റു ചെയ്യുന്നതില്‍ കേരള സര്‍ക്കാരിനു വാക്കുപാലിക്കാനായില്ല : വി. എസ്‌. യെദിയൂരപ്പ".
ഇത് വേരുമേര് ടൈപ്പിംഗ്‌ എറര്‍ ആണെന്ന് മലയാളികള്‍ കരുതുന്ന കാലം എന്നെ കഴിഞ്ഞു.

-ഗോപകുമാര്‍ ടി. കല്ലറ

സുധീർ സരോവരം said...

സ്വദേശാഭിമാനിയെ നാടുകടത്തിയതിൽ അഭിമാനിയ്ക്കുന്ന മലയാള മാധ്യമ മുതലാളിമാരിൽ നിന്നും ഇതും ഇതിനപ്പുറവും പ്രതീക്ഷിക്കാം........പ്രത്യെകിച്ചും ഇലക്ഷൻ അടുത്തുവരുമ്പോൾ..........

Pranavam Ravikumar said...

Relevant Post... Appreciate the effort took. Now my question is "What is proof reading?, Is there any one called Proof readers in the mentioned dialy?


Regards

Pranavam Ravikumar

Shanavas kodakkadan said...

സുഹൃത്തേ വളരെ കാലമായി കൊതിച്ചിരുന്ന ഒരു ഉദ്യമം.
വീണ്ടും നല്ല post പ്രതീക്ഷിക്കുന്നു...

നൂറനാട് യൂണിറ്റ് said...

വാര്‍ത്തകളുടെ തലക്കെട്ട് മാത്രം വായിക്കുന്ന മലയാളിക്ക് ഇതൊന്നും ഒരു പ്രശ്നമല്ല.