ഒരു പരമരസികനെയാണ് ദില്ലി ബ്യൂറോയില്‍ തങ്ങളുടെ ചീഫ്
റിപ്പോര്‍ട്ടറായി മലയാള മനോരമ നിയോഗിച്ചിരിക്കുന്നത്. പേര് തോമസ് ഡൊമനിക്. ഒരു കൈ
കൊണ്ട് ടിയാന് ബാലരമയിലെ സൂപ്പര്‍ഹിറ്റുകളായ മീശ മാര്ജാരന്, ജംബനും തുമ്പനും,
ശിക്കാരി ശംഭു തുടങ്ങിയ ചിത്രകഥകള്‍ക്കു സ്ക്രിപ്റ്റെഴുതും. സൈമള്ട്ടേനിയസ്ലി
മറ്റേ കൈകൊണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കു വാഴ്ത്തുമൊഴി ചമയ്ക്കും. തോമസ് ഡൊമനിക്
പറയാന്‍ ശ്രമിക്കുന്നത് ഇത്രേയുളളൂ. മീശ മാര്‍ജാരനും ശിക്കാരി ശംഭുവും
വീരസാഹസികന്മാരാകുന്ന അതേ അടവുകള്‍ കൊണ്ടാണ് കേരളത്തിലെ കൊടികെട്ടിയ കോണ്‍ഗ്രസ്
നേതാക്കള്‍ രാജ്യതലസ്ഥാനത്ത് പിഴച്ചു പോകുന്നത്.
കാലം 2008 ജൂലൈ. പാര്‍ലമെന്റില്‍ മന്മോഹന് സിംഗ് സര്‍ക്കാര്‍
വിശ്വാസ വോട്ടെടുപ്പ് അതിജീവിച്ച സമയം. വയലാര്‍ രവിയായിരുന്നു അക്കാലം യുപിഎയുടെ
പാര്‍ലമെന്ററികാര്യ മന്ത്രി. പിറ്റേന്ന് മനോരമയില്‍ വയലാര്‍ രവിയ്ക്കു നേരെ ഒരു
വാഴ്ത്തുവെടി പൊട്ടി. കാഞ്ചി വലിച്ചത് ഇതേ തോമസ് ഡൊമനിക്. ഒറ്റക്കെട്ടായി നേടിയ
വിജയം എന്നായിരുന്നു കീര്‍ത്തനത്തിന്റെ തലക്കെട്ട്. ആദ്യത്തെ പാരഗ്രാഫു
ഇങ്ങനെയായിരുന്നു.
"വിശ്വാസവോട്ടു കഴിഞ്ഞു നേരം വെളുക്കുമ്പോള്‍ മൂന്നു വിളികള്‍ പാര്‍ലമെന്ററികാര്യ മന്ത്രി വയലാര്‍ രവിയുടെ മൊബൈല്‍ ഫോണില്‍ ഊഴംകാത്തു നിന്നു. ആദ്യത്തേത്, യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടേത്. രണ്ടാമത്തേത് പ്രധാനമന്ത്രി മന്മോഹന് സിംഗിന്റേത്. മൂന്നാമത്തേത് വിദേശകാര്യമന്ത്രിയും കോണ്‍ഗ്രസിന്റെ ബുദ്ധികേന്ദ്രവുമായ പ്രണാബ് മുഖര്‍ജിയുടേത്. മൂവരും രവിയെ ക്ഷണിച്ചത് ഹ്രസ്വ കൂടിക്കാഴ്ചയ്ക്കാണ്. പറഞ്ഞതും ഒന്നു തന്നെ. കാര്യക്ഷമതയോടെ ദൗത്യം നിറവേറ്റിയതിന്."
നേരം വെളുക്കുന്നതിനു മുമ്പേ, സഫ്ദര്‍ജംഗ് റോഡിലുളള വയലാര്‍ജിയുടെ
വീട്ടില്‍കയറി പുളളിയുടെ മൊബൈല്‍ ഫോണിലെ കോള്‍ ലിസ്റ്റു പരിശോധിച്ച് മുന്‍ഗണനാക്രമം
തെറ്റാതെ കാര്യം റിപ്പോര്‍ട്ടു ചെയ്യാന്‍ ശിക്കാരി ശംഭുവിന്റെ പ്രത്യുല്‍ന്നമതിത്വവും
വിപദിധൈര്യവും വേണം. ആ രചനാശൈലി നോക്കൂ. വിശ്വാസവോട്ടു കഴിഞ്ഞു നേരം
വെളുക്കുമ്പോള്‍ മൂന്നു വിളികള്‍ പാര്‍ലമെന്ററികാര്യ മന്ത്രി വയലാര്‍ രവിയുടെ
മൊബൈല്‍ ഫോണില്‍ ഊഴംകാത്തു നിന്നു എന്നാണ് ലീഡ് ഡയലോഗ്. "ഊഴം കാത്തു നിന്നു" എന്ന ഒറ്റപ്രയോഗം മതി, തോമസ്
ഡൊമനിക്കിന്റെ ക്രാഫ്റ്റു മനസിലാക്കാന്‍.
ഇറാക്കില്‍ നിന്ന് നെഴ്സുമാര്‍ സുരക്ഷിതരായി കേരളത്തിലെത്തിയതിന്റെ ക്രെഡിറ്റ് മുഴുവന്‍ തോമസ് ഡൊമിനിക്ക് ഉമ്മന്‍ചാണ്ടിയ്ക്കു തീറെഴുതുമ്പോള്‍ കുഞ്ഞൂഞ്ഞിനു കിട്ടുന്നതും ശിക്കാരി ശംഭുവിന്റെ പ്രതിഛായ തന്നെ. ഉണര്‍ന്നു പ്രവര്‍ത്തിച്ചു കേരളം, വിശ്രമമില്ലാതെ മുഖ്യമന്ത്രി എന്ന തലക്കെട്ടിലാണ് തിരക്കഥ.
അതിങ്ങനെ മുന്നേറുന്നു-,
തിക്രിത്തിലെ യുദ്ധമേഖലയില്‍ കുടുങ്ങിയ നെഴ്സുമാരുടെ സുരക്ഷാകാര്യത്തില്‍ അടുത്ത നടപടി എന്തായിരിക്കുമെന്ന ചോദ്യമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നത്. ഐഎസ്ഐഎസ് നിര്‍ദ്ദേശിക്കുന്നത് അനുസരിച്ച് പ്രശ്നമേഖലയില്‍ നിന്ന് ഒഴിഞ്ഞു പോകണമെങ്കില്‍ മുഖ്യമന്ത്രി പറയണമെന്ന് നെഴ്സുമാര്‍ നിലപാടെടുത്തു. സുരക്ഷിതമേഖലയിലേയ്ക്കു നീങ്ങുന്നതാണ് കൂടുതല്‍ മെച്ചമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉപദേശം. (അടിവരയിട്ട ഭാഗം അമര്‍ത്തി വായിക്കുക)
എട്ടുകാലി മമ്മൂഞ്ഞും ശിക്കാരി ശംഭുവും കെട്ടിപ്പിടിച്ചു
കരണം മറിയുന്ന അത്യപൂര്‍വമായ തിരക്കഥാസന്ദര്‍ഭം. ഇപ്പറഞ്ഞതൊന്നും നെഴ്സുമാര്‍
സമ്മതിച്ചു തരില്ലെങ്കിലെന്ത്, താനാണിതൊക്കെ ചെയ്തത് എന്നറിഞ്ഞ് ഉമ്മന്‍ചാണ്ടിയ്ക്കെങ്കിലും
കോരിത്തരിക്കാമല്ലോ. നെടുമ്പാശേരിയില്‍ വന്നിറങ്ങിയ നെഴ്സുമാരെ പല പത്രങ്ങളും
ചാനലുകളും സമീപിച്ച് അനുഭവസാക്ഷ്യം പകര്‍ത്തിയിരുന്നു. മനോരമയിലുമുണ്ട്
അങ്ങനെയൊരെണ്ണം. കുറുപ്പന്തറ സ്വദേശി ഷെറിന് വര്‍ഗീസിന്റേത്. ഭീതിയുടെ ഇരുട്ടില്‍
നിമിഷങ്ങളെണ്ണി 46 പേര് എന്നാണ് തലക്കെട്ട്. തിരിച്ചും മറിച്ചും വായിച്ചാലും
ഉമ്മന്‍ചാണ്ടി പറഞ്ഞാലേ പ്രശ്നമേഖലയില്‍ നിന്ന് ഒഴിഞ്ഞു പോകൂ എന്നൊരു നിലപാട്
തങ്ങളെടുത്തിരുന്നതായി ഷെറിന് വര്‍ഗീസ് പറയുന്നേയില്ലേ.
വിന്‍സി സെബാസ്റ്റ്യന്‍ എന്ന നെഴ്സിന്റെ അനുഭവം ദി
ഹിന്ദുവില്‍ ഇങ്ങനെ.
“But they never crossed our path till last Tuesday or Wednesday when they asked us to move out, as the building was to be bombed. Officials at the Embassy, when told about the directive, were apprehensive and suggested that we stay put. However, around 12 p.m. [local time] on Thursday, they forced us all out and put Bangladeshi and Indian nurses in two separate buses. Blasts occurred in the hospital building as we were boarding the bus and some of us sustained minor pellet injuries.”
തിക്രിത് മുതല്‍
കൊച്ചി വരെ.... പേടിയും കൊണ്ടൊരു യാത്ര ' എന്ന തലക്കെട്ടില്‍ നെഴ്സുമാരുടെ അനുഭവക്കുറിപ്പു മാതൃഭൂമിയും
പ്രസിദ്ധീകരിച്ചു. അതില്‍ നിന്ന് -
വ്യാഴാഴ്ച രണ്ടു വണ്ടികളുമായി അവര്‍ വീണ്ടുമെത്തി. പതിനഞ്ചു മിനിറ്റിനുള്ളില്‍ അവിടെ നിന്ന് ഇറങ്ങിക്കൊള്ളണമെന്ന് അന്ത്യശാസനം നല്കി. ആസ്പത്രിക്ക് ചുറ്റും ബോംബ് വച്ചിട്ടുണ്ടെന്നും അത് എപ്പോള്‍ വേണമെങ്കിലും പൊട്ടാമെന്നും അവര്‍ പറഞ്ഞപ്പോള്‍ ഞങ്ങളുടെ നല്ല ജീവനങ്ങ് പോയി. വന്നവരുടെ വേഷവും രൂപവും കണ്ടാല്‍ പേടിതോന്നും. ഇവര്‍ക്കൊപ്പം പോകുന്നതെങ്ങനെ? പക്ഷേ, പോകാതിരിക്കാന്‍ വഴിയൊന്നുമില്ല. ഇതിനിടെ, ഏഴു നിലയുള്ള ആസ്പത്രി കെട്ടിടത്തില്‍ നിന്ന് ഞങ്ങളെ ഒഴിപ്പിക്കുമ്പോള്‍ മൂന്നാം നിലയില്‍ വെടിവയ്പ് നടക്കുന്നുണ്ടായിരുന്നു. ചില്ല് തെറിച്ച് കൂട്ടത്തില്‍ ചിലര്‍ക്ക് നിസ്സാര പരിക്കേറ്റു.
ആശുപത്രിയ്ക്കു
ചുറ്റും ബോംബു വെച്ചിട്ടുണ്ടെന്ന് പറയുന്ന തീവ്രവാദികളെ ഉമ്മന്‍ചാണ്ടിയുടെ പേരു
പറഞ്ഞ് പ്രതിസന്ധിയിലാക്കുന്ന മലയാളി നെഴ്സുമാരെ സങ്കല്പ്പിക്കാന് മീശ മാര്‍ജാരനെയും
ശിക്കാരി ശംഭുവിനെയും സൃഷ്ടിച്ച തലച്ചോറിനേ
സാധ്യമാകൂ.
മനോരമയുടെ തമാശകള്‍
അവിടംകൊണ്ടും തീരുന്നില്ല.
ഇറാക്കില്‍
കുടുങ്ങിയ മലയാളി നെഴ്സുമാരെ വിജയകരമായി നാട്ടിലെത്തിച്ച സംഭവവികാസങ്ങളിലേയ്ക്കു
ഉമ്മന്‍ചാണ്ടി തിരിഞ്ഞു നോക്കിയിട്ടുണ്ട്, മനോരമയില്‍. നാലു പ്രതിസന്ധികള്‍,
പ്രാര്‍ത്ഥിച്ചെടുത്ത തീരുമാനം എന്ന തലക്കെട്ടിനു കീഴെയാണ് വീരകൃത്യം വിവരിച്ചിരിക്കുന്നത്.
സംഗതി ഇങ്ങനെ
തുടങ്ങുന്നു:
നെഴ്സുമാരെ മോചിപ്പിക്കുന്നതിനുളള സാഹസിക യജ്ഞത്തിനിടയില്‍ താന്‍ നേരിട്ടത് നാലു പ്രതിസന്ധികളാണെന്ന് ഉമ്മന്‍ചാണ്ടി. വിമതരെ വിശ്വാസത്തിലെടുക്കണോ എന്നതായിരുന്നു ആദ്യത്തെ ചോദ്യം. നെഴ്സുമാരെ മോചിപ്പിക്കാന്‍ നാലു സാധ്യതകളാണ് മുന്നിലുണ്ടായിരുന്നത്. ഒന്ന് – റെഡ് ക്രോസ് – റെഡ് ക്രെസന്റ് ഇടപെടല്‍. രണ്ട് – യുഎന്‍ മാധ്യസ്ഥം. മൂന്ന് – സൈനിക നടപടി. നാല് – വിമതര്‍ പറയുന്നതു പോലെ ചെയ്യുക.
നിയമസംവിധാനമോ ഭരണകൂടമോ ഇല്ലാത്ത അവസ്ഥയില്‍ ആദ്യ രണ്ടു സാധ്യതയും അപ്രസക്തമായിരുന്നു. സൈനിക ബലപ്രയോഗത്തിലൂടെ നെഴ്സുമാരെ മോചിപ്പിക്കുക എന്നാണ് ഇറാഖി സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്. പക്ഷേ, ജീവഹാനി സംഭവിക്കാനുളള സാധ്യത ഉളളതിനാല്‍ അതു നിരാകരിച്ചു. ഒടുവിലാണ് വിമതരെ വിശ്വാസത്തിലെടുക്കാന്‍ തീരുമാനിച്ചത്.
നെഴ്സുമാരെ മോചിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി എന്തോ "സാഹസിക
യജ്ഞം" അനുഷ്ഠിച്ചത്രേ. അത്രയ്ക്കു സാഹസപ്പെട്ട് ഉമ്മന്‍ചാണ്ടി എന്താണ് ചെയ്തത്? ഷെറിന് വര്‍ഗീസ് മനോരമയോടു
പറഞ്ഞതു തന്നെ ഉദ്ധരിക്കാം.
മൊസൂളിലെ സങ്കേതത്തില്‍ ഞങ്ങളെത്തി. പ്രാര്‍ത്ഥനാ നിര്‍ഭരമായ ഒരു രാത്രി. ഞങ്ങളുടെ പ്രാര്‍ത്ഥനയ്ക്കു മറുപടി കിട്ടി. വെളളിയാഴ്ച രാവിലെ വിമതന്മാരുടെ തലവന്മാരെന്നു തോന്നിച്ച മൂന്നാലു പേര് ഞങ്ങളോടു സംസാരിച്ചു. നിങ്ങള്‍ ഇന്ത്യാക്കാര്‍ ലോകത്തിന്റെ പലഭാഗങ്ങളിലായി ജോലി ചെയ്യുന്നു. നിങ്ങളുടെ സേവനം ലോകത്തിന് ആവശ്യമാണ്. ഞങ്ങള്‍ നിങ്ങളെ ഉപദ്രവിക്കില്ല. നിങ്ങളെ ഞങ്ങള്‍ ഇന്ത്യന്‍ എംബസിയ്ക്കു കൈമാറും. ഭയപ്പെടേണ്ട.
ഇന്ത്യന്‍ നെഴ്സുമാരുടെ സേവനം ലോകത്തിന് ആവശ്യമാണെന്നും അവരെ
സുരക്ഷിതമായി ഇന്ത്യന്‍ എംബസിയ്ക്കു കൈമാറുമെന്നും വിമതര്‍ ജൂലൈ നാലിനു തന്നെ തങ്ങള്‍ക്ക്
ഉറപ്പു നല്‍കിയിരുന്നുവെന്ന് നെഴ്സുമാര്‍ തന്നെ പറയുന്നു. അതു വിശ്വസിച്ചതാണത്രേ
ഉമ്മന്‍ചാണ്ടി അനുഷ്ഠിച്ച "സാഹസിക യജ്ഞം". ബഡായിയടിയില്‍ മേജര്‍ രവി എത്രയും വേഗം
ഉമ്മന്‍ചാണ്ടിയ്ക്കു ശിക്ഷ്യപ്പെടണം. ശിക്കാരി ശംഭുവായി അഭിനയിക്കാന്‍ കുഞ്ഞൂഞ്ഞു
കച്ച മുറുക്കിയാല്‍ കണ്ടത്തില്‍ കുടുംബം എന്തു ചെയ്യും. തിരക്കഥ തട്ടിക്കൂട്ടാന്‍
ആളെ ഏര്‍പ്പാടാക്കുകയല്ലാതെ.
പക്ഷേ, അടവു പാളിപ്പോയി എന്നറിയാന്‍ മനോരമ മാത്രം
വായിച്ചാല്‍ മതി. ജൂലൈ അഞ്ചിന്റെ മലയാള മനോരമ നിവര്‍ത്തിപ്പിടിക്കുക. ജോമി തോമസ്
വക റിപ്പോര്‍ട്ട് ഒന്നാം പേജിലുണ്ട്. മൂന്നാംകോളത്തിലെ പാരഗ്രാഫ് ഇങ്ങനെ –
"എന്നാല്‍ നെഴ്സുമാരെ ഐഎസ്ഐഎസ് ബന്ദികളാക്കിയെന്ന വ്യാഖ്യാനത്തോട് മന്ത്രാലയത്തിലെ ചിലര്‍ വിയോജിച്ചു. നാട്ടിലേയ്ക്കു മടങ്ങാന്‍ താല്പര്യമുളളവര്ക്ക് അതിനു സൗകര്യമൊരുക്കാമെന്നും മറ്റുളളവര്‍ക്കു പുതിയ കരാറില്‍ തുടരാമെന്നും വിമതരുടെ പ്രതിനിധി നെഴ്സുമാരോടു വ്യക്തമാക്കിയിരുന്നു. വിമാനത്താവളത്തിലേയ്ക്കുളള യാത്ര ഇപ്പോള്‍ സുരക്ഷിതമല്ലെന്ന മുന്നറിയിപ്പും നല്കി. ബന്ധുക്കളുമായും മറ്റും ഫോണില്‍ സംസാരിക്കാന്‍ നെഴ്സുമാരെ അനുവദിച്ചതും അവരെ ബന്ദികളായല്ല ഐഎസ്ഐഎസുകാര്‍ കണക്കാക്കിയത് എന്നതിനു തെളിവത്രേ".
നെഴ്സുമാരെ ബന്ദികളാക്കാനോ ഉപദ്രവിക്കാനോ വിമതസേനയ്ക്ക്
ഒരുദ്ദേശവുമുണ്ടായിരുന്നില്ല. അങ്ങേയറ്റം മാന്യമായാണ് അവരോട് പെരുമാറിയത് എന്ന്
ഏതാണ്ടെല്ലാവരും ഒരേസ്വരത്തില്‍ പറയുന്നു. തിക്രിത്തില്‍ ആധിപത്യമുറപ്പിച്ച നാള്
മുതല്‍ ഇന്ത്യന്‍ എംബസിയുമായി നെഴ്സുമാര്‍ ബന്ധം പുലര്‍ത്തുകയും ചെയ്തിരുന്നു.
അവര്‍ക്കാവശ്യം രണ്ടേ രണ്ടു കാര്യങ്ങള്‍ മാത്രം : സുരക്ഷിതമായി
വിമാനത്താവളത്തിലെത്തുക, കയറിപ്പോരാന്‍ അവിടെയൊരു വിമാനമുണ്ടാവുക.
ഇതുറപ്പുവരുത്താന്‍ ഇന്ത്യ പോലൊരു രാജ്യത്തിന് ചതുരുപായങ്ങളും കുരുട്ടുബുദ്ധിയും കുതന്ത്രങ്ങളും സമംചേര്‍ത്ത് നയതന്ത്രസര്‍ക്കസ് നടത്തേണ്ട കാര്യമൊന്നുമില്ല. കുതന്ത്രങ്ങളുടെ കുലപതിയായ ഉമ്മന്‍ചാണ്ടിയെപ്പോലൊരാള്‍ ദില്ലിയിലും ആലുവ ഗസ്റ്റ് ഹൗസിലും ഉറക്കമൊഴിഞ്ഞിരുന്ന് ഫേസ് ബുക്ക് അപ്ഡേറ്റു ചെയ്യേണ്ട കാര്യവുമില്ല.
ഇതുറപ്പുവരുത്താന്‍ ഇന്ത്യ പോലൊരു രാജ്യത്തിന് ചതുരുപായങ്ങളും കുരുട്ടുബുദ്ധിയും കുതന്ത്രങ്ങളും സമംചേര്‍ത്ത് നയതന്ത്രസര്‍ക്കസ് നടത്തേണ്ട കാര്യമൊന്നുമില്ല. കുതന്ത്രങ്ങളുടെ കുലപതിയായ ഉമ്മന്‍ചാണ്ടിയെപ്പോലൊരാള്‍ ദില്ലിയിലും ആലുവ ഗസ്റ്റ് ഹൗസിലും ഉറക്കമൊഴിഞ്ഞിരുന്ന് ഫേസ് ബുക്ക് അപ്ഡേറ്റു ചെയ്യേണ്ട കാര്യവുമില്ല.
കാര്യങ്ങളൊക്കെ ഉമ്മന്‍ചാണ്ടിയും തുറന്നു പറഞ്ഞിട്ടുണ്ട്.
ജൂലൈ മൂന്നിന് അദ്ദേഹം ഫേസ് ബുക്കില്‍ ഇങ്ങനെയെഴുതി.
വിദേശകാര്യമന്ത്രി ശ്രീമതി സുഷമ സ്വരാജിനെ ശ്രീ കെ.എം. മാണി, ശ്രീ രമേശ് ചെന്നിത്തല, ശ്രീ മഞ്ഞളാംകുഴി അലി എന്നിവരുമൊത്ത് സന്ദര്‍ശിച്ച് രണ്ടുവട്ടം ഇറാഖ് പ്രശ്നം ചര്‍ച്ച ചെയ്തു. അവിടെയുള്ള ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് കേരളത്തില്‍ നിന്നുള്ള നഴ്സുമാരുടെ, സുരക്ഷയ്ക്കും മോചനത്തിനും ആവശ്യമെന്ന് തോന്നിയ സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായങ്ങള്‍ അവരെ അറിയിച്ചു. മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നു. വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ അവര്‍ക്ക് നിര്‍ദ്ദേശം നല്കുകയുണ്ടായി. ഇറാഖില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് അവിടെ നിന്ന് സുരക്ഷിതമായി തിരിച്ചെത്തുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന അഭ്യര്‍ത്ഥനയില്‍ അവിടത്തെ എംബസിയുമായി ചര്‍ച്ച നടത്തി വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നാണ് ഞങ്ങള്‍ പൂര്‍ണമായും വിശ്വസിക്കുന്നത്. ഇന്നത്തെ അവിടത്തെ സാഹചര്യങ്ങളില്‍ നടപടികളുമായി മുന്നോട്ടുപോകുന്നത്തിനു പരിമിതികളുണ്ട്. അതിനുള്ളില്‍ നിന്ന് ആവശ്യമായ സഹായം ചെയ്യും. റെഡ് ക്രോസ് ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകളുടെ സഹായം തേടും.
"ഇന്നത്തെ സാഹചര്യത്തില്‍ ഇടപെടാന്‍ പരിമിതിയുണ്ട്" എന്ന്
മൂന്നാം തീയതി പറയുമ്പോള്‍ ഇറാക്കിലെ തീവ്രവാദികളുടെ "സല്‍സ്വഭാവ"ത്തെക്കുറിച്ച്
ഉമ്മന്‍ചാണ്ടിയ്ക്ക് വേണ്ടത്ര ധാരണ ഇല്ലായിരുന്നു. അതുകൊണ്ടാണ് എങ്ങാനും ബിരിയാണി
കിട്ടിയില്ലെങ്കിലോ എന്നു കരുതി "ഇടപെടാന്‍ പരിമിതിയുണ്ട്" എന്നൊരു താങ്ങു
താങ്ങിയത്.
ജൂലൈ നാലാം തീയതി ആയപ്പോള്‍ ചിത്രം മാറി. നെഴ്സുമാരെ
സുരക്ഷിതരായി വിട്ടയയ്ക്കാന് വിമതസേന സന്നദ്ധമാണെന്ന് അസന്നിഗ്ധമായി ബോധ്യമായി. അതോടെ
കുബുദ്ധി ഉണര്‍ന്നു. താന്‍ ഉറക്കമൊഴിഞ്ഞ് അധ്വാനിച്ചതുകൊണ്ടാണ് നെഴ്സുമാര്‍
മോചിതരായത് എന്നു വരുത്തണം. ഇല്ലെങ്കില്‍ പിന്നെന്ത് ഉമ്മന്‍ചാണ്ടി. കുഞ്ഞൂഞ്ഞു
മനസില്‍ കാണുന്നത് മനോരമ മാനത്തു കാണും. തോമസ് ഡൊമിനിക്കും സംഘവും പേനയെടുത്തു.
പിന്നെ എഴുത്തോട് എഴുത്ത്..
.
.
അനന്തരം, ഉണര്‍ന്നു പ്രവര്‍ത്തിച്ചു കേരളം, വിശ്രമമില്ലാതെ
മുഖ്യമന്ത്രി, നാലു പ്രതിസന്ധികള്‍, പ്രാര്‍ത്ഥിച്ചെടുത്ത
തീരുമാനം തുടങ്ങിയ തലക്കെട്ടുകള്‍ നിരന്നു...
---------- Forwarded message ----------
From: A***** J******* <A*****.J*****@erbilairport.net>
Date: Tue, Jul 8, 2014 at 12:39 PM
Subject: re rescue flight
To: **********@gmail.com
Dear Sir,
to my
knowledge, the flight arrived and departed safely with the nurses on board.
Flights entering Iraqi airspace and proceeding to land in Iraq require flight
permission from Baghdad, based Iraq Civil Aviation Authority. Each day
Erbil Airport receives a list of flights with permission to land at
Erbil.
My
understanding is that the airport ground handler has been in touch with the
agent handling the rescue flights and arrangements are now in place for further
flights as and when they are needed.
To my knowledge
there were no delays.
regs
A****** J******
2 comments:
മീശമാര്ജാരന് ബാലരമയിലല്ല, ബാലഭൂമിയിലാണു്. തോമസ് ഡൊമനിക് തന്നെയാണോ അതും എഴുതുന്നതു എന്നറിയില്ല.എന്തായാലും well said, മാതൃഭൂമിയിലെയും മനോരമയിലെയും ഇറാക്കി ത്രില്ലര്‍ വായിച്ചതിന്റെ മടുപ്പ് ഇപ്പഴാണു് മാറിയതു.
Victory has many fathers!!!!!!!!!!
Post a Comment