ഇന്ത്യാവിഷനില്‍ നിന്ന് ശ്രേയാംസ് കുമാറിന്റെ ചാനലില്‍ ചേക്കേറിയ എം എസ് ശ്രീകലയാണ് അവതാരക. പരിപാടിയില്‍ പങ്കെടുത്തത്, മുതിര്‍ന്ന (ഏതുവരെയാണോ ആവോ?) മാധ്യമപ്രവര്‍ത്തകന്‍ ബി ആര്‍ പി ഭാസ്‌കര്‍, വി എസ് അച്യുതാനന്ദന്റെ ആന്റണി പെരുമ്പാവൂര്‍ എന്നു പുകഴ്‌പെറ്റ ജോസഫ് സി മാത്യൂ, എസ്എഫ്‌ഐയുടെ കേന്ദ്രക്കമ്മിറ്റി അംഗം ചിന്താ ജെറോം. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യയിലെ 160 പാര്‍ലമെന്റ് മണ്ഡലങ്ങളിലെ ജയപരാജയങ്ങളെ ഫേസ് ബുക്ക് നിര്‍ണയിക്കുമെന്ന് ആരോ പ്രവചിച്ചതും കേട്ടാണ് ശ്രീകല മേപ്പടിക്കാരെ ചര്‍ച്ചയ്ക്കു ക്ഷണിച്ചത്. കേരളത്തിലെ പത്തുമണ്ഡലങ്ങളും ഇതിലുള്‍പ്പെടുമത്രേ.എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളും ഫേസ് ബുക്ക് അങ്കത്തിന് ചാവേറുകളെ നിയോഗിച്ചിട്ടുണ്ട് എന്നാണ് എം എസ് ശ്രീകലയുടെ കഠിനകഠോരമായ വെളിപ്പെടുത്തല്‍. പ്രധാനികളുടെ നാശം കുറയ്ക്കാന്‍ യുദ്ധത്തിന്റെ മുന്‍നിരയില്‍ അണിനിരത്തുന്ന പോരാളികളാണല്ലോ ചാവേറുകള്‍. അവറ്റയുടെ ജീവനാശം ഉറപ്പാണ്. സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തി യുദ്ധത്തില്‍ പങ്കെടുക്കുന്ന കാലാള്‍ സൈന്യത്തോടാണ് ഫേസ് ബുക്കുപോലുളള സംവാദാത്മകമായ സാമൂഹ്യമാധ്യമത്തില്‍ ഇടപെടുന്ന രാഷ്ട്രീയ പ്രവര്‍ത്തകരെ ശ്രീകല ഉപമിക്കുന്നത്.
ഫേസ് ബുക്ക് യുദ്ധക്കളമാണെന്നും അതിലൂടെ രാഷ്ട്രീയ പ്രചരണം നടത്തുന്നവര്‍ ചാവേറുകളുമാണെന്ന് സിദ്ധാന്തിച്ചുകൊണ്ടാണ് ശ്രീകല ചര്‍ച്ച തുടങ്ങുന്നത് : ''... ഓരോ പാര്‍ട്ടിയ്ക്കും സൈബര്‍ ചാവേര്‍, സൈബര്‍ ഗുണ്ട എന്നൊക്കെ അറിയപ്പെടുന്ന ആളുകളുണ്ട്. പാര്‍ട്ടി നിലപാട് എന്താണ് എന്നറിയാന്‍ ഇക്കൂട്ടരുടെ പോസ്റ്റുകള്‍ നോക്കിയാല്‍ മതി''യെന്ന് ശ്രേയാംസ് കുമാര്‍ വെളളമൊഴിച്ചു വളര്‍ത്തുന്ന മുളളുമുരിക്കിലിരുന്ന് ഈ കൊട്ടാരം കലാകാരി നെടുവീര്‍പ്പിടുന്നു. ആവേശം നുരഞ്ഞൊഴുകുന്ന വോയിസ് ഓവറിനൊപ്പം കാണിക്കുന്ന ദൃശ്യങ്ങളില്‍ ആ ചാവേറുകളെ ഈ ക്രമത്തില്‍ ശ്രീകല നമുക്കു പരിചയപ്പെടുത്തുന്നു: കിരണ്‍ തോമസ്, സെബിന്‍ എബ്രഹാം ജേക്കബ്, പ്രീജിത്ത് രാജ്.

''സംഘപരിവാര്‍ വളണ്ടിയര്‍മാര്‍ തന്നെയാണ് ഫേസ് ബുക്കിലെ കമന്റുകളിലും പോസ്റ്റുകളിലും ആദ്യം നിറഞ്ഞു നിന്നത്''.കേട്ടില്ലേ. സംഘപരിവാര്‍ വോളണ്ടിയര്‍മാര്‍ എന്ന്. മോഡി ആരാധകരെ 'സംഘപരിവാര്‍ വോളണ്ടിയര്‍' എന്നു ബഹുമാനിക്കുന്ന അതേ നാവു തന്നെയാണ് ഇടതുപക്ഷപാതം പ്രകടിപ്പിക്കുന്നവരെ സൈബര്‍ ഗുണ്ടയെന്നും സൈബര്‍ ചാവേറെന്നും ആക്ഷേപിക്കുന്നത്. അവിടെയും ശ്രീകല നിര്‍ത്തിയില്ല. ''നിങ്ങള്‍ സിപിഎമ്മിന്റെ സൈബര്‍ ചാവേറല്ലേ'' എന്ന് എസ്എഫ്‌ഐ കേന്ദ്രക്കമ്മിറ്റി അംഗം ചിന്താ ജെറോമിനോടു ശ്രീകല തുറന്നു തന്നെ ചോദിച്ചു. പിതൃശൂന്യ മാധ്യമപ്രവര്‍ത്തനം എന്ന എം. സ്വരാജ് വക നിരീക്ഷണം കാലാതിവര്‍ത്തിയാണ് എന്നു തെളിയിക്കാന്‍ കിട്ടുന്ന ഒരവസരവും മാതൃഭൂമി വേണ്ടെന്നു വെയ്ക്കുകയില്ല. അതാണ് യഥാര്‍ത്ഥപത്രത്തിന്റെയും ചാനലിന്റെയും കൈയിലിരുപ്പ്.ജി. ശേഖരന്‍ നായര്‍ മുതല്‍ കെ. എ. ജോണി വരെയുളളവരെ അരങ്ങിലും അണിയറയിലും അന്തപ്പുരങ്ങളിലും അഴിഞ്ഞാട്ടത്തിനു നിയോഗിക്കുന്ന മാതൃഭൂമിയുടെ ദൃഷ്ടിയില്‍ കിരണും സെബിനും പ്രീജിത്തും ചിന്താ ജെറോമുമൊക്കെ സെബര്‍ ചാവേറുകളും സൈബര്‍ ഗുണ്ടകളുമാണ്. സെബിനോട് മാതൃഭൂമിയ്ക്കുളള ചൊരുക്ക് പരസ്യമാണ്.
വീരേന്ദ്രകുമാറിന്റെ കിരാതഭരണത്തിനെതിരെ മാതൃഭൂമിയ്ക്കുളളില്‍ നീറിപ്പുകയുന്ന അസംതൃപ്തി പൊതുസമൂഹത്തിനു മുന്നില്‍ അവതരിപ്പിച്ചത് സെബിന്റെ പത്രാധിപത്യത്തിലുളള മലയാള്‍. അം എന്ന ന്യൂസ് പോര്‍ട്ടലാണ്. അതു പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ സെബിനെ നിയമക്കുരുക്കില്‍ പെടുത്തി ശ്വാസം മുട്ടിച്ചു നിശബ്ദനാക്കാമെന്നായിരുന്നു വീരേന്ദ്ര കിങ്കരന്മാരുടെ പൂതി. പക്ഷേ, കേസ് കേസിന്റെ വഴിക്കും സെബിന്‍ സെബിന്റെ വഴിക്കും പോയി. അങ്ങനെയൊരാളെ 'സൈബര്‍ ചാവേറെ'ന്നും 'സൈബര്‍ ഗുണ്ട'യെന്നും ആക്ഷേപിക്കുന്ന വോക്കല്‍ കോഡില്‍ ഗ്രീസു പുരട്ടുന്നതാരെന്ന് പ്രത്യേകം പറയണോ?
സൈബര്‍ ഗുണ്ട, സൈബര്‍ ചാവേര്‍ എന്നീ പ്രയോഗങ്ങള്‍ക്കു പശ്ചാത്തലമാകുന്ന ഫേസ് ബുക്ക് പോസ്റ്റുകളുടെ തിരഞ്ഞെടുപ്പ് ഒട്ടും യാദൃശ്ചികമല്ല. കെ. കെ. ലതിക എംഎല്‍എയുടെ ജയില്‍ സന്ദര്‍ശനത്തെക്കുറിച്ച് മനോരമ പ്രചരിപ്പിച്ച അപവാദങ്ങള്‍ക്കെതിരെ ദേശാഭിമാനി അസോസിയേറ്റ് എഡിറ്റര്‍ പി എം മനോജ് എഴുതിയ കുറിപ്പ് ഷെയര്‍ ചെയ്ത സെബിന്റെ ഫേസ് ബുക്ക് വാളാണ് 'സൈബര്‍ ഗുണ്ട' എന്ന പരാമര്‍ശത്തിനൊപ്പം വിഷ്വലില്‍ തെളിയുന്നത്.വാര്‍ത്തകളും വാര്‍ത്താവിശകലനങ്ങളും കാര്‍ട്ടൂണുകളും മുഖപ്രസംഗങ്ങളുമൊക്കെ സിപിഎമ്മിനെതിരെയുളള അപവാദപ്രചരണത്തിന് ഉപാധികളാക്കുന്ന മനോരമയെയും മാതൃഭൂമിയെയും വിട്ടുവീഴ്ചയില്ലാതെ തൊലിയുരിച്ചു തുറന്നുകാട്ടുന്ന ദേശാഭിമാനി ലേഖകനാണ് പി എം മനോജ്. മാതൃഭൂമിയുടെ മാനേജ്‌മെന്റിനെയും വാര്‍ത്താ ആഭാസങ്ങളെയും നിശിതമായി വിമര്‍ശിക്കുന്ന എഡിറ്റ് പേജ് ലേഖനം പി എം. മനോജിന്റെ പേരില്‍ പ്രത്യക്ഷപ്പെട്ടിട്ട് കാലം അധികമായില്ല.
അപ്പോള്‍ സെബിന്‍ ചെയ്ത കുറ്റം രണ്ടാണ്. ഒന്ന്, മാതൃഭൂമിയെന്ന തൊഴില്‍സ്ഥാപനത്തിലെ ക്രൂരമായ പീഡനങ്ങള്‍ പൊതുസമൂഹത്തെ അറിയിച്ചു. രണ്ട്, മാധ്യമങ്ങളെ നിശിതമായി തുറന്നുകാട്ടുന്ന മനോജിന്റെ ഫേസ് ബുക്ക് സ്റ്റാറ്റസ് ഷെയര്‍ ചെയ്യുക എന്ന സാഹസം കാട്ടി. ഈ കുറ്റങ്ങള്‍ ചെയ്തവനെ സിപിഎമ്മിന്റെ സൈബര്‍ ഗുണ്ടയെന്നും സൈബര്‍ ചാവേറെന്നും മാതൃഭൂമിയുടെ കൊട്ടാരം വിദൂഷക ആക്ഷേപിച്ചതില്‍ അത്ഭുതമില്ല. ഇത്തരം അധരലീലകള്‍ മടിയും മറയുമില്ലാതെ ചെയ്തുകൊടുക്കുന്നതിനാണല്ലോ അവിടെ ശമ്പളം കൊടുക്കുന്നത്.കിരണ്‍ തോമസിന്റെ പോസ്റ്റു തിരഞ്ഞെടുത്തതും ശ്രദ്ധാപൂര്‍വമാണ്. ''വിഎസ് കാലഹരണപ്പെട്ട പുണ്യവാളനാണ് എന്ന് പറഞ്ഞപ്പോള്‍ അന്ന് മുകുന്ദനു കിട്ടിയത് സിന്‍ഡിക്കേറ്റ് മീഡിയയുടെ കല്ലേറ്. ഇന്ന് സിപിഎം കാലഹരണപ്പെട്ടു എന്നു പറയുമ്പോള്‍ പൂച്ചണ്ട്.''. എന്നു തുടങ്ങുന്ന പോസ്റ്റും ഉന്നംവെയ്ക്കുന്നത് മാധ്യമങ്ങളുടെ ഇരട്ടത്താപ്പിനെയാണ്. മാതൃഭൂമിയ്ക്കു കലികയറാന്‍ വേറെന്തു വേണം? ഇത്തരം കുറ്റങ്ങള്‍ ചെയ്യുന്നവരെ വിശേഷിപ്പിക്കാന്‍ വീരേന്ദ്രകുമാര്‍ കൂലിക്ക് ആളെ വെയ്ക്കാതെ എഴുതിയ സ്റ്റൈല്‍ ബുക്കുണ്ട് മാതൃഭൂമിയില്‍. അതിലെ മുന്തിയ പ്രയോഗം തന്നെ ശ്രീകല തിരഞ്ഞെടുത്തു.ടി പി വധക്കേസുമായി ബന്ധപ്പെട്ട് വിഎസ് നടത്തിയ പ്രസ്താവനയെ ദല്ലാള്‍ നന്ദകുമാറുമായി ബന്ധിപ്പിക്കുക വഴി ആ വിഷയത്തില്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന പൊതുബോധത്തെ ആക്ഷേപിക്കാനാണ് പ്രിജിത്ത് രാജും ശ്രമിച്ചത്. ആ വഴിക്ക് പ്രിജിത്തിനും കിട്ടി, ശകാരം. സിപിഎമ്മിന്റെ സൈബര്‍ ചാവേറുകള്‍, സൈബര്‍ ഗുണ്ടകള്‍ എന്നു ലേബലിട്ട് മാതൃഭൂമി അവതരിപ്പിച്ച മൂവരില്‍ പ്രിജിത്ത് രാജ് മാത്രമാണ് പാര്‍ട്ടി നിലപാടുകള്‍ക്കു വേണ്ടി വീറോടെ വാദിക്കുന്നത്. മറ്റു രണ്ടുപേരുമാകട്ടെ, പല വിഷയങ്ങളിലും സിപിഎമ്മുമായുളള അഭിപ്രായവ്യത്യാസം ശക്തമായിത്തന്നെ തുറന്നു പ്രകടിപ്പിച്ചിട്ടുളളവരാണ്.
അപ്പോള്‍, സെബിന്‍, കിരണ്‍ എന്നിവരെ സൈബര്‍ ഗുണ്ടകള്‍ എന്ന് ആക്ഷേപിക്കുന്നതിനു കാരണം, സിപിഎമ്മുമായി അവര്‍ക്കുളള ബന്ധമല്ല എന്നു വ്യക്തമാണ്.
കിരണ്‍ തോമസ്, സൈബര്‍ മീഡിയയിലെ അറിയപ്പെടുന്ന മാധ്യമനിരീക്ഷകനാണ്. ചാനലുകളിലെയും പത്രങ്ങളിലെയും വാര്‍ത്തകളെ സസൂക്ഷ്മം നിരീക്ഷിച്ച് നിശിതമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്ന വ്യക്തി. സൂക്ഷ്മമായി വാര്‍ത്തകളും വാര്‍ത്താപരിപാടികളും നിരീക്ഷിക്കുക വഴി ഏതു മാധ്യമപ്രവര്‍ത്തകന്റെയും ഉറക്കംകെടുത്താന്‍ പോന്നവിധം മൂര്‍ച്ചയേറിയ വിശകലനവൈഭവത്തിനുടമ. വാര്‍ത്താവിശകലനം എന്ന പേരില്‍ ചാനലുകളില്‍ നടക്കുന്ന കെട്ടുകാഴ്ചകളെക്കാള്‍ എന്തുകൊണ്ടും വിശ്വാസ്യതയുളള ഇടപെടലുകളാണ് കിരണിന്റേത്. മാത്രമല്ല, ലക്ഷ്യവേധിയും. പല ജേണലിസ്റ്റു പുലികളെയും സോഷ്യല്‍ മീഡിയയില്‍ ഉടുതുണിയില്ലാതെ അവതരിപ്പിക്കുന്ന കിരണിനോട് ശ്രീകല ഉള്‍പ്പെടുന്ന സംഘത്തിനുളള പക ഊഹിക്കാവുന്നതേയുളളൂ.
പക്ഷേ, മാഡം ശ്രീകലേ. ആ സൈബര്‍ ചാവേറെന്ന പ്രയോഗമുണ്ടല്ലോ. അസാധ്യ തൊലിക്കട്ടിയുളളവര്‍ക്കേ ആ പ്രയോഗം വഴങ്ങൂ. ചാവുന്നതു വരെ യുദ്ധം ചെയ്യുന്നവനാണല്ലോ ചാവേര്‍. ചാവേറിനു ജീവനോടെ പിന്മടക്കമില്ല. സെബിനും പ്രിജിത്തും കിരണും സിപിഎമ്മിന്റെ ചാവേറുകളാണെങ്കില്‍, അവരെ ആരെങ്കിലും കൊല്ലണ്ടേ. എങ്കിലല്ലേ ആ പ്രയോഗം സാധുവാകൂ.
ആരാണ്, ശ്രീകലേ, സോഷ്യല്‍ മീഡിയയില്‍ ഇവരെയൊക്കെ കഴുത്തരിയാന്‍ ശേഷിയുളള വില്ലാളിവീരന്മാര്‍? ഇവര്‍ നടത്തുന്ന ചാവേര്‍പ്പണിയെ ചെറുത്തു തോല്‍പ്പിക്കുന്നതു പോകട്ടെ, ഒന്നുമുട്ടി നില്‍ക്കാനെങ്കിലും ശേഷിയുണ്ടോ, ശ്രീകലയുടെ ജനുസില്‍പ്പെട്ട ആര്‍ക്കെങ്കിലും? അത്രയ്ക്കു കൊമ്പു മുളച്ചവരെയൊന്നും സൈബര്‍ ലോകത്ത് ഇതേവരെ കണ്ടിട്ടില്ല. ഇവരെ നേരിടാന്‍ മാതൃഭൂമിയിലെ ആസ്ഥാന കൊലപാതകവീരന്മാരായ ജി. ശേഖരന്‍ നായരെയും കെ. എ. ജോണിയെയും ഡെപ്യൂട്ടേഷനില്‍ നിയമിക്കാന്‍ വീരേന്ദ്രമുതലാളിയോട് ഒന്നു നിര്‍ദ്ദേശിച്ചുനോക്കൂ. "സൈബര്‍റീത്തു" വെയ്ക്കാന്‍ ക്യൂ നില്‍ക്കുന്നത് ആരൊക്കെയായിരിക്കുമെന്നു നമുക്കു കാണാം.അവിടെയാണ് ശ്രീകലയുടെ ആയോധനമുറ വേറിട്ടതാകുന്നത്. പാടത്തെ പണിക്ക് പാടത്തുതന്നെ കൂലിയും ബോണസും കിട്ടുന്ന ഓണ്‍ലൈന്‍ അങ്കക്കളത്തിലാണ് സെബിനും കിരണും പ്രിജിത്തും മാറ്റുരയ്ക്കുന്നതെങ്കില്‍, ഇവര്‍ക്കു പ്രവേശനം പോലുമില്ലാത്ത ചാനല്‍ സ്റ്റുഡിയോയ്ക്കുളളിലെ ശീതീകകരിച്ച അങ്കത്തറയില്‍ നിന്നാണ് ശ്രീകലയുടെ പോര്‍വിളിയും ജയഭേരിയും. അവിടെ പരിചയെടുത്തു തടയാനും ഉറുമി വീശി തലയരിയാനും സെബിനും കിരണും പ്രീജിത്തുമില്ല. എതിരാളികള്‍ക്ക് പ്രവേശനം നിഷേധിച്ച യുദ്ധക്കളത്തില്‍ വെച്ചാണ് ശ്രീകല ജേതാവും സെബിന്‍, കിരണ്‍, പ്രിജിത്ത് എന്നിവര്‍ ചാവേറുകളുമാകുന്നത്.
ചര്‍ച്ച ചെയ്യാന്‍ വെച്ചിരിക്കുന്ന വിഷയത്തെക്കുറിച്ച് പ്രാഥമിക ധാരണപോലുമില്ലാതെയാണ് ശ്രീകല സൈബര്‍ ഗുണ്ടകളെ വേട്ടയാടാനിറങ്ങിയത്. ടോക് ഷോയ്ക്കിടയില്‍ ശ്രീകലയുടെ ചില ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകളുണ്ട്. അതിലൊന്ന് ഇങ്ങനെയാണ് :
''കേരളത്തില്‍ സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റ് ആക്ടിവിസം വിജയിച്ചതിന്റെ ആദ്യ ഉദാഹരണം. വിഎസ് അച്യുതാനന്ദന്റെ സ്ഥാനാര്‍ത്ഥിത്വം. അന്ന് കേരളത്തിലെ ഏറ്റവും വലിയ കേഡര്‍ പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വം ഫേസ് ബുക്കും എസ്എംഎസും ഇമെയിലുമൊക്കെ വഴി സ്വാധീനിക്കപ്പെട്ടു''.ഒന്നും തോന്നരുത് ശ്രീകലേ. അനന്തമജ്ഞാതമവര്‍ണനീയമാണീ തൊലിക്കട്ടി. സമ്മതിക്കാതെ തരമില്ല. 2006 സെപ്തംബറിലാണ് അമേരിക്കയില്‍ ആദ്യമായി ഫേസ്ബുക്ക് പൊതുജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ചത്. ഇന്ത്യയില്‍ അതു പ്രചാരത്തിലെത്താന്‍ കുറേ മണ്ഡലകാലങ്ങള്‍ കൂടി കഴിയേണ്ടിവന്നു. സത്യം അതായിരിക്കെ, 2006 മെയ് മാസത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വിഎസ് അച്യുതാനന്ദന്റെ സ്ഥാനാര്‍ത്ഥിനിര്‍ണയം വിവാദമായപ്പോള്‍ ഫേസ് ബുക്ക് സിപിഎമ്മിന്റെ കേന്ദ്രനേതൃത്വത്തെക്കേറി സ്വാധീനിച്ചു കളഞ്ഞുവെന്നും അതുവഴി കേരളത്തില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ആക്ടിവിസം വിജയിച്ചെന്നുമൊക്കെ ശ്രീകല തട്ടിവിട്ടത് മാര്‍ക്ക് സക്കര്‍ബെര്‍ഗ് അറിയണ്ട. താന്‍ പുറത്തിറക്കുന്നതിനു മുമ്പേ കേരളത്തില്‍ സംഗതി ചോര്‍ന്നുവെന്നറിഞ്ഞാല്‍ ആ പിഞ്ചുഹൃദയം പൊട്ടിച്ചിതറും.
സൈബര്‍ സ്‌പേസിലാണ് ഈ വിഡ്ഢിത്തം കാച്ചുന്നതെങ്കില്‍ നിമിഷങ്ങള്‍ക്കകമാണ് എട്ടിന്റെ പണി. കൊമ്പത്തെ മാധ്യമപ്രവര്‍ത്തകയുടെ (പ്രവര്‍ത്തകന്റെ) ക്രെഡിബിലിറ്റിയുടെ ആടയാഭരണങ്ങളും ആലഭാരങ്ങളും "സൈബര്‍ ഗുണ്ട"കളും "സൈബര്‍ ചാവേറു"കളും ഊരിവാങ്ങും. പക്ഷേ, അടച്ചുറപ്പുളള ചാനല്‍ സ്റ്റുഡിയോയ്ക്കുളളില്‍ ആ പേടി വേണ്ട. ഇതുപോലുളള എന്തു വിവരക്കേടും എഴുന്നെളളിക്കാം. ആരും ക്രെഡിബിലിറ്റി ചോദ്യം ചെയ്യുകയില്ല. സുഖം. സന്തോഷം.വിഡ്ഢിത്തങ്ങളെയും വിവരക്കേടിനെയും കൈയോടെ പിടിച്ച് തൊലിയുരിച്ചു കാണിക്കാന്‍ ചിലര്‍ ഒരുങ്ങിയിറങ്ങിയാല്‍ ജനാധിപത്യമാണ് അപകടത്തിലാവുക. ശ്രീകലയുടെ സിദ്ധാന്തം അനുസരിച്ച് വിവരക്കേടുകളുടെ ഏകപക്ഷീയമായ പ്രസരണമാണ് ജനാധിപത്യം. ആരും ചോദ്യം ചെയ്യാന്‍ പാടില്ല. കൗണ്ടര്‍ ചെക്കു നടത്തുമ്പോള്‍ പ്രസരണവീരന്റെയോ വീരത്തിയുടെയോ കളസം കീറിയാല്‍ ജനാധിപത്യത്തിന് എന്തുരക്ഷ? ഗീര്‍വാണം ഇങ്ങനെ:
"... ഡെമോക്രാറ്റിക് അല്ല എന്നു മാത്രമല്ല, ഈ സ്‌പേസിനെ സംഘടിതമായി , സിപിഎമ്മിനെ മാത്രമല്ല പറയുന്നത്.. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും സാമുദായികസംഘടനകളും സംഘടിതമായി ഈ ഇടത്തെ സ്വന്തം അണികളെ ഉപയോഗിച്ച് നിയന്ത്രിക്കാന്‍ പോകുന്നതിന്റെ അപകടം..."ഈ പറഞ്ഞതിന്റെ യുക്തിയെന്ത് എന്ന് വ്യാഖ്യാനിക്കാന്‍ സാക്ഷാല്‍ ആര്‍ ഹരികുമാറിനെക്കൊണ്ടുപോലും കഴിയില്ല. എന്താണ് ശ്രീകല പറയാന്‍ ശ്രമിക്കുന്നത്? എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും സാമുദായികസംഘടനകളുടെയും അണികള്‍ സംഘടിതമായി ഇറങ്ങിയാല്‍ സൈബര്‍ ഇടത്തെ എങ്ങനെ ആര്‍ക്കു നിയന്ത്രിക്കാനാകും? അവനവനു തോന്നിയ വഴിയേ വലിച്ചുപിടിക്കുന്നതിനെയാണോ മാതൃഭൂമി ചാനലില്‍ നിയന്ത്രണം എന്നു പറയുന്നത്? അതോ, എല്ലാവരും കൂടെ തമ്മിലടിച്ച് 'സൈബര്‍ ചോര' കുത്തിയൊഴുകുമെന്നോ? ഒരു ലോഡു 'സൈബര്‍ ശവം' വീഴുമെന്ന ഭീതിയാണോ?
ശരിയാണ്. അങ്ങനെ എല്ലാവരും സംഘടിതമായി ഇറങ്ങിയാല്‍ ഒരപകടമുണ്ട്. അതു തിരിച്ചറിഞ്ഞ മൂളയാണ് നരേന്ദ്രമോഡിയുടെ ആരാധകരെ 'സംഘപരിവാര്‍ വാളണ്ടിയര്‍' എന്നും ഇടതുപക്ഷ അനുഭാവികളെ സൈബര്‍ ഗുണ്ടയെന്നും സൈബര്‍ ചാവേറെന്നും കൃത്യമായി വിലയിരുത്തുന്നത്. ബിജെപിയും കോണ്‍ഗ്രസും മതസാമുദായിക സംഘടനകളും സംഘടിതമായി രംഗത്തിറങ്ങുന്നതുകൊണ്ട് മുഖ്യധാരാ മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഒരു ചേതവുമുണ്ടാവുകയില്ല. എന്നാല്‍ ഇടതുപക്ഷാനുഭാവികളും പ്രവര്‍ത്തകരും സംഘടിതരായി ഇറങ്ങിയാല്‍ അതല്ല സ്ഥിതി. മാധ്യമങ്ങള്‍ നിശിതമായ വിശകലനത്തിനു വിധേയമാകും. വരികളും ഖണ്ഡികകളും തിരിച്ച് വാര്‍ത്തകളും വിശകലനങ്ങളും ഇഴകീറി പരിശോധിക്കപ്പെടും.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്ന ലേബലുളളവര്‍ തട്ടിവിടുന്ന പൊതുബോധക്കിന്നാരങ്ങളെ അവര്‍ വലിച്ചുകീറും. രാജേശ്വരിമാരുടെ ജാതിവെറിയും വ്യക്തിവിരോധവും വിചാരണ ചെയ്യപ്പെടും. പ്രിന്റിലും ചാനലിലും ഏകപക്ഷീയമായി ചാര്‍ത്തിക്കിട്ടുന്ന കേമത്തങ്ങളുടെ കളസം കീറും.
മാതൃഭൂമിയ്‌ക്കെന്നല്ല ഒരു മാധ്യമസ്ഥാപനത്തിനും അതനുവദിക്കാനാവില്ല. വായില്‍ത്തോന്നുന്നത് വിളിച്ചുകൂവിയും എഴുതിക്കൂട്ടിയും സൂപ്പര്‍സ്റ്റാര്‍ പട്ടം പതിപ്പിച്ചെടുത്ത ഒരു മാധ്യമനിരീക്ഷകനും അതു പൊറുക്കുകയുമില്ല. അത്തരമൊരു വേഷത്തെത്തന്നെ കൃത്യമായി ശ്രീകല കൂട്ടുപിടിച്ചു. അഡ്വ. ജയശങ്കര്‍. ആക്രോശിച്ചും അധിക്ഷേപിച്ചും ജാതിവെറി ചീറ്റിയും പേരെടുത്ത ഈ പ്രഗത്ഭന്‍ ശ്രീകലയുടെ മുന്നില്‍ പ്രകടിപ്പിച്ചത് ഇതുവരെ പ്രേക്ഷകര്‍ കാണാത്ത ഒരു ഭാവാഭിനയമാണ്.പിണറായി വിജയനെ കവിളന്‍മടലിനു തല്ലണം എന്ന് ആക്രോശിച്ച വീരശൂരപരാക്രമിയുടെ മുഖത്ത് ഇക്കുറി എന്തൊരു ദയനീയത! പതം പറയുന്ന പരാതിക്കാരന്റെ ദൈന്യം. സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന, രാജ്യതാല്‍പര്യങ്ങള്‍ക്കു നിരക്കാത്ത അഭിപ്രായങ്ങളാണത്രേ ഫേസ് ബുക്കില്‍ പലപ്പോഴും അദ്ദേഹം കാണുന്നത്. ക്രിമിനല്‍ ശിക്ഷാനിയമത്തിലെയും ഐടി ആക്ടിലെയും പല വകുപ്പുകളുടെയും നഗ്നമായ ലംഘനമാണത്രേ ഫേസ് ബുക്ക് അഭിപ്രായപ്രകടനങ്ങള്‍. തടയാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ആരും ഇടപെടുന്നില്ലെന്നാണ് അഡ്വ. എ. ജയശങ്കര്‍ എന്ന മഹാവിപ്ലവകാരിയുടെ ദയനീയമായ പരാതി. ആരെയും എന്തും പറയാനുളള ചങ്കൂറ്റമുളള ജയശങ്കര്‍ ഇങ്ങനെ ഏങ്ങലടിച്ചു കണ്ണീരൊലിപ്പിച്ചാല്‍ ഏതു സൈബര്‍ ഗുണ്ടയുടെയും കരളലിഞ്ഞുപോകും.ഫേസ് ബുക്കിലെ അഭിപ്രായപ്രകടനങ്ങളപ്പാടെ നിയമവിരുദ്ധമാണെന്ന കാര്യത്തില്‍ ബിയാര്‍പി ഭാസ്‌കറിനും അഭിപ്രായവ്യത്യാസമില്ല. ചെറിയൊരു വിയോജിപ്പു ജോസഫ് സി മാത്യു പ്രകടിപ്പിച്ചപ്പോള്‍ ശ്രീകല ഇടയ്ക്കു കയറിപ്പറയുന്നു, ''എന്നിട്ടും വായിക്കാന്‍ പറ്റാത്ത പോസ്റ്റുകളാണ് പലതും'' എന്ന്. വായിച്ചുപോയാല്‍ ശ്രീകലയുടെ കണ്ണിന്റെ ഫിലമെന്റ് ഫ്യൂസായിപ്പോകുന്ന ഫേസ് ബുക്ക് പോസ്റ്റുകള്‍ തുരുതുരാ എഴുതുന്ന ആ സൈബര്‍ ഗുണ്ട ആരാണെന്ന് ഏതു സൈബര്‍ കണിയാനോടു ചോദിച്ചാലാണ് അറിയാനാവുക?160 പാര്‍ലമെന്റു മണ്ഡലങ്ങളിലെ ജയപരാജയങ്ങള്‍ ഫേസ് ബുക്ക് നിശ്ചയിക്കുമോ ഇല്ലയോ എന്നൊന്നുമല്ല അകം പുറം ചര്‍ച്ച ചെയ്തത്. പൊതുബോധയുക്തികളുടെ പ്രചാരകര്‍ക്കിടയില്‍ ചിന്താ ജെറോം വന്നുപെട്ടുപോയതാണ്. ബിആര്‍പി ഭാസ്‌കറും അഡ്വ. എ. ജയശങ്കറും വ്യക്തികളെന്ന നിലയിലും എം എസ് ശ്രീകല പ്രകൃതിവിരുദ്ധ മാധ്യമപ്രവര്‍ത്തനത്തിന് തനതുസംഭാവനകള്‍ നല്‍കുന്ന വീരേന്ദ്രകുമാറിന്റെ പ്രതിനിധിയെന്ന നിലയിലും പങ്കുവെച്ചത് സമാനസ്വഭാവമുളള ആശങ്കകളാണ്.
ഇപ്പറയുന്ന മാധ്യമപ്രവര്‍ത്തനത്തിന്റെ വലിയൊരു ഗുണഭോക്താവാണ് ജോസഫ് സി മാത്യൂ. പിണറായി വിജയന്റെ വീട് എന്ന പേരില്‍ പ്രചരിച്ച വ്യാജചിത്രത്തിനെതിരെ നിയമവ്യവസ്ഥയോടു പരാതിപ്പെട്ടതിനോടുപോലും പൊറുക്കാന്‍ കഴിയാത്തവിധത്തില്‍ വിഭാഗീയരോഗത്തിന് കീഴ്‌പ്പെട്ട ജോസഫ് സി മാത്യൂവിനെ അകംപുറം കാണിച്ചുതരുന്നു, ഈ ടോക്‌ഷോ.
എഴുതിക്കൂട്ടിയ കളളങ്ങളുടെയും പ്രചരിപ്പിച്ച അപവാദങ്ങളുടെയും കണക്കെടുത്താല്‍ മനോരമയ്ക്കു വളരെയൊന്നും പിന്നിലല്ല, മാതൃഭൂമി. ചാനലും നീങ്ങുന്നത് ആ വഴിക്കു തന്നെയാണ്. ലോജിക്കല്‍ ഫാലസികളോടു നിരന്തരം ഏറ്റുമുട്ടിയും വസ്തുതാപരമായ അഭിപ്രായപ്രകടനങ്ങള്‍ക്കു വേണ്ടി അക്ഷീണം യത്‌നിച്ചും സൈബര്‍ സംവാദങ്ങള്‍ക്കു പുതിയ രൂപവും ഭാവവും നല്‍കിയവരെ ഗുണ്ടകളെന്നും ചാവേറുകളെന്നും ചാപ്പയടിക്കുമ്പോള്‍ അക്കാര്യം അസന്നിഗ്ധമായി തെളിയുന്നു. സ്ഥലംമാറ്റ ഭീതിയില്ലാതെ കിടന്നുറങ്ങാന്‍ ഇത്തരം വേഷംകെട്ടലുകള്‍ സഹായിക്കുമെങ്കില്‍ എം എസ് ശ്രീകലയ്ക്കു നല്ലതു വരട്ടെ. ആമേന്‍
9 comments:
തികച്ചും ജനാധിപത്യ വിരുദ്ധമായ ആരോപണങ്ങളാണ് ശ്രീകല ഉന്നയിച്ചിരിക്കുന്നത്. കുറഞ്ഞപക്ഷം ഇവന്‍ ആരോപണം ഉന്നയിക്കുന്നവരെ ഉള്‍പെടുത്തി എങ്കിലും ചര്‍ച്ച നടത്തണമായിരുന്നു ..
സൈബെർ ഗുണ്ട ചാവേര് എന്നൊക്കെയുള്ള പ്രയോഗം നിലാവരം കുറഞ്ഞതായി..ശ്രീകല ചൂണ്ടികാണിച്ച പല ആളുകളുടെയും കംമ്നെട്സ് വായികാരുണ്ട്..ഈ പറഞ്ഞ രീത്യിൽ അല്ല അവർ പ്രതികരിക്കുന്നത് എന്ന് നിസംശയം പറയാം..വിയോജിക്കാം ..പക്ഷെ ആക്ഷേപം അതിര് കടന്നതായി പോയി..
adv ജയശങ്കറില്‍ ജാതിയകാഴ്ചപ്പാട് പുലര്‍ത്തുന്നവരോടുള്ള പരിഹാസമാണ് ഞാന്‍ കാണുന്നത്. വെളുത്ത സുന്ദര രൂപം നായര്‍ക്കും, കറുത്ത നിറം പുലയനും പതിച്ചു കൊടുത്തിരിക്കുന്ന പൊതുബോധത്തോടുള്ള പരിഹാസമാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെപ്പറ്റി നടത്തിയത്.
ഒരു വാചകമാണ് - ജഡ്ജി മകനെക്കൊന്നതിന് രാമനെ തൂക്കിക്കൊല്ലാന്‍ വിധിച്ചു. വ്യത്യസ്തവും, വിചിത്രവുമായ ആശയം വിപുലീകരിക്കുമ്പോള്‍ കിട്ടും. വ്യഖാതാവിന് എഴുതിയ ആള്‍ ഉദ്ദേശിച്ചതിന് വിരുദ്ധമായ അര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കാം. ഇഷ്ട്ടമല്ലാത്ത അച്ചിയല്ലേ. നേര്‍രേഖയിലും നമ്മള്‍ വളവേ കാണു.
വിവരദോഷം വിളമ്പാന്‍ ഒരു മാധ്യമംകിട്ടുകഎന്നത് ഒരു മഹാഭാഗ്യമാണ്,അവര്‍ ആ മുല്ലുമുരിക്കില്‍ വലിഞ്ഞുകയറി ആസ്വദിക്കട്ടെ നമുക്ക് മൂക്കത്ത് വിരല്‍വച്ച് കാഴ്ച്ചക്കാരാവാം
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്ന ലേബലുളളവര്‍ തട്ടിവിടുന്ന പൊതുബോധക്കിന്നാരങ്ങളെ അവര്‍ വലിച്ചുകീറും. രാജേശ്വരിമാരുടെ ജാതിവെറിയും വ്യക്തിവിരോധവും വിചാരണ ചെയ്യപ്പെടും. പ്രിന്റിലും ചാനലിലും ഏകപക്ഷീയമായി ചാര്‍ത്തിക്കിട്ടുന്ന കേമത്തങ്ങളുടെ കളസം കീറും. ...:)
വിവരദോഷം പറയുന്നവര്‍ക്കേ മാധ്യമ ശ്രദ്ധ കിട്ടൂ. ജനശ്രദ്ധ മാറ്റുകയും ജനത്തിന്റെ ബോധനിലവാരം താഴ്ത്തുകയുമാണ് അവരുടെ ലക്ഷ്യം. അവയെ അവഗണിക്കുകയും ബദല്‍ മാധ്യമ പ്രവര്‍ത്തനം നടത്തുകയുമാണ് ചെയ്യേണ്ടത്. മറുപടി പറഞ്ഞതുകൊണ്ട് കാര്യമില്ല.
ബദല്‍ മാധ്യമപ്രവര്‍ത്തനം നടത്തുന്നതില്‍ നിന്ന് താങ്കളെ ആരെങ്കിലും തടയുന്നുണ്ടോ?
ശീതീകരിച്ച സ്റ്റുഡിയോയിലിരുന്നു പിതൃശൂന്യ"മാധ്യമപ്രവര്‍ത്തനം നടത്താനേ ഇവര്‍ക്കൊക്കെ കഴിയൂ..സോഷ്യല്‍മീഡിയകളില്‍ ഇടുന്ന മിതവും കാലികപ്രാധാന്യവുമുള്ള കമന്റുകള്‍ക്ക് പുട്ടിന് തേങ്ങാപീരയിടുന്നതുപോലെ കിട്ടുന്ന മറുപടികളും,തെറിവിളികളുമൊക്കെ കിട്ടിക്കൊണ്ടിരിക്കുന്ന ഞങ്ങളെപ്പോലുള്ളവരെ സൈബര്‍ ഗുണ്ടയെന്നും,ചാവെറെന്നുമൊക്കെ വിശേഷിപ്പിക്കുന്ന ഇവര്‍ക്കൊക്കെ ഉളുപ്പുണ്ടോ..?
Post a Comment