Thursday, July 12, 2012

ഷാജഹാനേ, താങ്കള്‍ എവിടെയാണ് എല്ലു സൂക്ഷിക്കുന്നത്?


എല്ലിന്‍കഷണം ചവിട്ടിപ്പിടിച്ചു കുരച്ചു ചാടുന്ന വളര്‍ത്തുനായ എത്രവേഗമാണ് പ്രകൃതിവിരുദ്ധ മാധ്യമപ്രവര്‍ത്തനത്തിന്റെ കൊടിയടയാളമായി മാറിയത്?  

യജമാനനെറിയുന്ന എല്ലിന്‍തുണ്ടിനു വേണ്ടിത്തന്നെയാണ് വളര്‍ത്തുനായ കുരച്ചു ചാടുന്നത്. ആര്‍ക്കു നേരെ കുരയ്ക്കണമെന്നും ആരുടെ മുന്നില്‍ വാലു ചുരുട്ടണമെന്നും കല്‍പ്പിക്കുന്നത് തുടലുപിടിക്കുന്ന യജമാനനും. കല്‍പ്പനയനുസരിക്കുന്നതിന്റെ കൂലിയാണ് എല്ലിന്‍കഷണം. അതെറിയുന്ന യജമാനനു നേരെ ഒരു വളര്‍ത്തു നായും ഇന്നോളം കുരച്ചിട്ടില്ലെന്ന് ഏഷ്യാനെറ്റിന്റെ കോഴിക്കോടു ബ്യൂറോ ചീഫും സമ്മതിക്കും.അപ്പോള്‍പ്പിന്നെ എല്ലിന്‍കഷണം വായില്‍ വെച്ചുകൊണ്ടാണോ വെയ്ക്കാതെയാണോ നായ കുരയ്ക്കുന്നത് എന്ന ചര്‍ച്ചയ്ക്ക് എന്തു പ്രസക്തി? പരിചയസമ്പന്നനായ വളര്‍ത്തുനായ, എല്ലിന്‍കഷണം ചവിട്ടിപ്പിടിച്ചു തന്നെ യജമാനന്‍ വിരല്‍ചൂണ്ടുന്നവനു നേരെ കുരയ്ക്കും.

സിനേറിയോ മനസിലാകാന്‍ കാലചക്രം സ്വല്‍പം റീവൈന്‍ഡു ചെയ്യണം. സ്ഥലം കോഴിക്കോട്. തീയതി 2011 ജനുവരി 29. കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ മൂന്നു പത്രസമ്മേളനങ്ങളാണ് അന്നു കോഴിക്കോടു നടന്നത്. തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ വ്യാജ സീഡി സൃഷ്ടിച്ച് റൗഫ് പടയ്ക്കൊരുങ്ങുന്നു എന്നു വെളിപ്പെടുത്താന്‍ ലീഗ് ഹൗസില്‍ കുഞ്ഞാലിക്കുട്ടി വക വെടി ആദ്യം. മറുപടിയുമായി പ്രസ് ക്ലബില്‍ റൗഫ്. റൗഫിനു മറുപടിയുമായി അല്‍പം സമയത്തിനകം വീണ്ടും കുഞ്ഞാലിക്കുട്ടി.

 "എന്താ ഷാജഹാനേ, ഒന്നു പ്ലസന്റാവ്" എന്ന് പേരെടുത്തുവിളിച്ചാണ് റൗഫിന്റെ വാദം പൊളിക്കാന്‍ ആ പത്രസമ്മേളനത്തില്‍ കുഞ്ഞാലിക്കുട്ടി ഏഷ്യാനെറ്റ് ബ്യൂറോ ചീഫിന്റെ സഹായം തേടിയത്. റൗഫിനെ ചോദ്യങ്ങള്‍ കൊണ്ടു വശം കെടുത്തിയ ബ്യൂറോ ചീഫ് സാക്ഷാല്‍ കുഞ്ഞാപ്പയ്ക്കു മുന്നില്‍ അക്ഷരാര്‍ത്ഥത്തില്‍ വിനീതനായി. കുഞ്ഞാലിക്കുട്ടിയ്ക്ക് അഹിതമായ ഒരു ചോദ്യവും ആ നാവില്‍ നിന്നും വീണില്ല. എല്ലിന്‍ കഷണം ചവിട്ടിപ്പിടിച്ച് റൗഫിനു നേരെ കുരയ്ക്കാനും കുഞ്ഞാലിക്കുട്ടിയ്ക്കു മുന്നില്‍ വാലു ചുരുട്ടാനും മെയ്‍വഴക്കം കാണിച്ച അതേ ഷാജഹാന്‍ കാളിയത്താണ്  "ഞാന്‍ വായില്‍ എല്ലു സൂക്ഷിക്കുന്നില്ല" എന്ന് മാതൃഭൂമി വഴി പരസ്യം ചെയ്യുന്നത്. .

ആ തലക്കെട്ടിലുണ്ട് എല്ലാം. ഷാജഹാന്‍ വായില്‍ എല്ലു സൂക്ഷിക്കുന്നില്ല എന്ന പ്രഖ്യാപനത്തിന്റെ അര്‍ത്ഥം ഷാജഹാന് എല്ലു കിട്ടുന്നില്ല എന്നല്ല. ഷാജഹാന് എല്ലു കിട്ടുന്നുണ്ട്, അതു സൂക്ഷിക്കുന്നുമുണ്ട്. പക്ഷേ, വായിലല്ല എന്നു മാത്രം. താന്‍ കുരയ്ക്കുന്നുണ്ട് എന്നും ആര്‍ക്കെതിരെയാണെന്നും ഷാജഹാന്‍ വളച്ചുകെട്ടലില്ലാതെ സമ്മതിച്ചുകഴിഞ്ഞു. റൗഫ് - കുഞ്ഞാലിക്കുട്ടി എപ്പിസോഡില്‍ ഈ കുരച്ചു ചാടല്‍  കണ്ടവര്‍ക്ക് എല്ലെറിഞ്ഞു കൊടുക്കുന്നതാരെന്നും അതെന്തിനുവേണ്ടിയെന്നും വ്യക്തമായി അറിയാം.

അതറിയാത്തവരുടെ മുന്നിലേയ്ക്കാണ് ‘അന്വേഷണോദ്യോഗസ്ഥന്‍ മാധ്യമങ്ങളെ ഫോണില്‍ വിളിച്ചത് 3000 തവണ‘ എന്ന തലക്കെട്ടില്‍ ദേശാഭിമാനി 2012 ജൂലൈ 10ന് പ്രസിദ്ധീകരിച്ച വാര്‍ത്ത വന്നു വീണത്. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിക്കുന്ന സംഘത്തിലെ അംഗമായ ഡിവൈഎസ്‍പി ജോസി ചെറിയാന്‍ കോഴിക്കോട്ടെ മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ ഫോണ്‍ സല്ലാപങ്ങളെക്കുറിച്ചാണ് ആ വാര്‍ത്ത. അതിലിങ്ങനെ പറയുന്നു.
“ഡിവെഎസ്പിയും മാധ്യമപ്രവര്‍ത്തകരും ഫോണില്‍ കൂടുതലായി ബന്ധപ്പെട്ട ദിവസങ്ങളിലും അതിന്റെ തൊട്ടടുത്ത ദിവസവും സിപിഐ എമ്മിനെ കരിതേച്ച് വന്‍വാര്‍ത്തകളാണ് ചാനലുകളിലും പത്രങ്ങളിലും വന്നത്. ഏഷ്യാനെറ്റ് ലേഖകന്‍ ഷാജഹാന്‍ (9847036674), റിപ്പോര്‍ട്ടര്‍ ടിവിയിലെ അരുണ്‍ശങ്കര്‍ (8547007040), മനോരമ ന്യൂസിലെ നിഖില്‍ (9895701735), മനോരമ ലേഖകന്‍ വി ആര്‍ പ്രതാപ് (9946103402), മാതൃഭൂമി ലേഖകന്‍ എ പി ഷൗക്കത്തലി (9495090392), മാധ്യമം ലേഖകന്‍ ബാബു ചെറിയാന്‍ (9645006315) എന്നിവരുമായാണ് ജോസി ചെറിയാന്‍ നിരന്തരം ഫോണില്‍ സംസാരിച്ചത്. ചില ദിവസങ്ങളില്‍ ഓരോരുത്തരുമായും അഞ്ചും ആറും തവണ സംസാരിച്ചു. ഇന്ത്യാവിഷന്‍, മംഗളം, വീക്ഷണം, ചന്ദ്രിക തുടങ്ങിയ മാധ്യമങ്ങളുടെ ലേഖകരും ഡിവൈഎസ്പിയുമായി ബന്ധം പുലര്‍ത്തി. റിപ്പോര്‍ട്ടര്‍ ടിവിയിലെ കെ ആര്‍ ഷാജു (8547007037), മംഗളത്തിലെ ഷിന്റുലാല്‍ (9846295331) തുടങ്ങിയവരുമായും സംസാരിച്ചിട്ടുണ്ട്.“
ഈ വാര്‍ത്തയോടുളള പ്രതികരണമാണ് മാതൃഭൂമി പത്രത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ പ്രത്യക്ഷപ്പെട്ട   ‘ഞാന്‍ വായില്‍ എല്ല് സൂക്ഷിക്കുന്നില്ല’ എന്ന കുറിപ്പ്.  ദേശാഭിമാനി വാര്‍ത്ത തന്നെയാണ് പ്രകോപനം എങ്കിലും സമര്‍ത്ഥമായി അത് മറച്ച് വെച്ച് ഫേസ്‌ബുക്കില്‍ കണ്ട ചില കമന്റുകളെയാണ് ലേഖകന്‍ മറുകുറിക്കുള്ള ആയുധമാക്കുന്നത്. ആ തമസ്കരണമാകട്ടെ, മറ്റൊരു കുടില ബുദ്ധിയുടെ പ്രയോഗവും. 

ഷാജഹാന്റെ  പറയുന്നു. “പക്ഷേ, ഈ കേസുമായി ബന്ധപ്പെട്ട് ഒരിക്കല്‍പ്പോലും ഷൗക്കത്തലിയെ ഞാന്‍ വിളിച്ചിട്ടില്ല. ഷൗക്കത്തലിയുമായി മുഖപരിചയംപോലും എനിക്കില്ല. “

ഷാജഹാന്‍ കാളിയത്തിന് എല്ലിന്‍ കഷണമെറിഞ്ഞു കൊടുക്കുന്നത് ഷൗക്കത്ത് അലിയാണെന്നല്ല, ജോസി ചെറിയാനാണെന്നാണ് ദേശാഭിമാനിയുടെ ആരോപണം. അതവര്‍ തെളിച്ചു തന്നെ പറഞ്ഞിട്ടുണ്ട്. ഡിവൈഎസ്‍പി ജോസി ചെറിയാന്റെ 9497990123 എന്ന ഔദ്യോഗിക നമ്പരില്‍ നിന്ന് ഷാജഹാന്റെ 9847036674 എന്ന നമ്പരിലേയ്ക്ക് വിളിച്ചുവെന്നാണ് ആരോപണം. ജോസി ചെറിയാന്‍ വിളിച്ചോ എന്ന ചോദ്യത്തിന് ഷൗക്കത്തലിയെ വിളിച്ചില്ല എന്നുത്തരം പറയുന്ന വിദ്യ കുഞ്ഞാലിക്കുട്ടിയില്‍ നിന്നാണോ ഷാജഹാന്‍ വശത്താക്കിയത്?

ഒഞ്ചിയത്തെ പാര്‍ട്ടിപിളര്‍പ്പും ചരിത്രവും അപ്പപ്പോള്‍ പോലീസിന് കിട്ടിക്കൊണ്ടിരുന്ന സൂചനകളുമൊക്കെ താന്‍ വാര്‍ത്തയാക്കിയിട്ടുണ്ട് എന്ന് ഷാജഹാന്‍ സമ്മതിക്കുന്നു. ഒഞ്ചിയത്തെ സംഭവവികാസങ്ങളുടെ ചരിത്രം റിപ്പോര്‍ട്ടു ചെയ്ത വകയിലാണ് ഷാജഹാന്‍ ആര്‍എംപിയുടെ ഏഷ്യാനെറ്റ് യൂണിറ്റിന്റെ സെക്രട്ടറി കൂടിയായി മാറിയത്. ഒഞ്ചിയത്ത് ആര്‍എംപി നേടിയ വിജയം യുഡിഎഫിന്റെ ഔദാര്യമായിരുന്നു എന്ന വസ്തുത ഷാജഹാന്റെ അവലോകനങ്ങളിലെവിടെയും പ്രത്യക്ഷപ്പെട്ടതേയില്ല. പാര്‍ലമെന്റ്, പഞ്ചായത്തു തിരഞ്ഞെടുപ്പുകളില്‍ നേടിയ വോട്ടുകള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍എംപിയ്ക്കു നിലനിര്‍ത്താനായില്ല എന്ന സത്യം ഷാജഹാന്‍ അറിഞ്ഞ മട്ടേ കാണിച്ചിട്ടില്ല. ആര്‍എംപിക്കാര്‍ സിപിഎമ്മുകാര്‍ക്കെതിരെ ബോംബെറിഞ്ഞതും പാര്‍ട്ടി ഓഫീസുകള്‍ തകര്‍ത്തതുമൊക്കെ തമസ്കരിച്ചും തന്റെ കൂറ് ഷാജഹാന്‍ തെളിയിച്ചു.  ഉമേഷ് ബാബുവിന്റെ കൊലവെറിയുടെയും കെ എസ് ഹരിഹരന്റെ കുടിപ്പകയുടെയും വേണുവിന്റെ നുണകളുടെയും വാരാന്ത്യം ജയശങ്കരന്റെ അപവാദശൗര്യത്തിന്റെയും സങ്കരമാണ് ഷാജഹാന്റെ ഒഞ്ചിയം റിപ്പോര്‍ട്ടുകള്‍. നടന്ന  സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുകയല്ല ഷാജഹാന്‍ ചെയ്തത്. മറിച്ച് വസ്തുതകളെ പല കഷണങ്ങളായി മുറിച്ച് ആര്‍എംപിക്കാരുടെ കുറിപ്പടിയനുസരിച്ച് പാകം ചെയ്ത സെന്‍സേഷണല്‍ വിഭവങ്ങള്‍ വിളമ്പുകയായിരുന്നു ഷാജഹാന്‍.

“ഏത് വാര്‍ത്തയാണ് വ്യാജം? നേതാക്കളുടെ അറസ്റ്റോ? സംശയിക്കപ്പെടുന്നവരെന്ന് ഞാനടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞവരെയൊക്കെ അറസ്റ്റുചെയ്തില്ലേ?“ എന്നൊക്കെ ഷാജഹാന്‍ ചോദിക്കുന്നുണ്ട്. അറസ്റ്റിലായാല്‍ അറസ്റ്റിലായി എന്ന് വാര്‍ത്ത നല്‍കുന്നതിനെ ആരും  വ്യാജവാര്‍ത്ത എന്ന് ആക്ഷേപിച്ചിട്ടില്ല.  കേസിലെ ഓരോ ഘട്ടത്തിലും  പരസ്പര വിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന മാധ്യമശൈലിയെയാണ് സിപിഎം എതിര്‍ക്കുന്നത്. . ഓരോ വാര്‍ത്തയും നല്‍കുന്നതിലെ രീതി, പക്ഷം പിടിക്കല്‍, വളച്ചൊടിക്കല്‍ ഇതൊന്നും ലേഖകന്‍ ചെയ്യാത്തതും അല്ല. ആഴത്തിലുളള ചര്‍ച്ച വേണമെങ്കില്‍, മെയ് നാലു മുതല്‍ ഷാജഹാന്‍ ഏഷ്യാനെറ്റു വഴി പ്രചരിപ്പിച്ച ഓരോ വാര്‍ത്തയുടെയും വീഡിയോ ഹാജരാക്കട്ടെ. വാര്‍ത്തയേത്, വ്യാജപ്രചരണമേത് എന്ന് നമുക്കു ചര്‍ച്ച ചെയ്യാം.

വസ്തുതകളെ ഷാജഹാന്‍ എങ്ങനെയാണ് സമീപിക്കുന്നത് എന്നതിന്റെ സൂചനകള്‍ അദ്ദേഹത്തിന്റെ മാതൃഭൂമി കുറിപ്പിലുണ്ട്. ഞാന്‍ വായില്‍ എല്ലു സൂക്ഷിക്കുന്നില്ല എന്ന ലേഖനം ആരംഭിക്കുന്നത് ഇപ്രകാരമാണ്.
"ഡിവൈ.എസ്.പി. ഷൗക്കത്തലിയുടെ ചെരുപ്പുനക്കി സിപിഎണ്മിനെതിരെ വാര്‍ത്ത പടച്ചുണ്ടാക്കുന്ന ഇത്തരം മാധ്യമ പ്രവര്‍ത്തകരെ തിരിച്ചറിയുക. അറസ്റ്റു ചെയ്ത സഖാവ് മോഹനന്‍ യാത്ര ചെയ്യുന്ന വാഹനം പിന്തുടര്‍ന്ന് നടത്തിയ നാടകീയമായ അറസ്റ്റ് ലൈവ് സംപ്രേക്ഷണം നടത്താന്‍ ഡിവൈഎസ്‍പി ഈ ആര്‍എംപി പ്രവര്‍ത്തകനായ റിപ്പോര്‍ട്ടറെ ഏല്പിക്കുകയായിരുന്നു...'
കമന്റ്: ഇവനെയല്ലേ ജയരാജന്‍ സഖാവ് ചാമ്പിയത്. എന്നിട്ടും ഇവന്റെ കഴപ്പ്
മാറാത്തത് കഷ്ടം. ലൈക്ക് 15'
കമന്റ്: ഇവനെയാണോ? നമ്മള്‍ അടുത്തതായി തട്ടുന്നത്? ലൈക്ക് 21.
പ്രസ്തുത ഫേസ് ബുക്ക് വാളിന്റെ ലിങ്ക് ഇവിടെ കാണാം.അവിടെ നൂറ്റമ്പതോളം കമന്റില്ല. ഈ കുറിപ്പെഴുതുമ്പോള്‍ അതിലുളളത് ആകെ 99 കമന്റുകളാണ്. അതില്‍ ഏതാണ്ട് അറുപതോളം കമന്റുകള്‍ ആ പോസ്റ്റിനോടുളള വിയോജനവും സിപിഎമ്മിനെതിരെ രൂക്ഷമായ വിമര്‍ശനവുമാണ്. സിപിഎമ്മിനെ അനുകൂലിക്കുന്ന, ഷാജഹാനെ വിമര്‍ശിക്കുന്ന കമന്റുകള്‍ ഇതുവരെ നാല്‍പതു തികഞ്ഞിട്ടില്ല. 

"ഇവനെയല്ലേ ജയരാജന്‍ സഖാവ് ചാമ്പിയത്. എന്നിട്ടും ഇവന്റെ കഴപ്പ് മാറാത്തത് കഷ്ടം" എന്നൊരു കമന്റ് അവിടെയുണ്ട്. പക്ഷേ, അതിന് പതിനഞ്ച് ലൈക്കില്ല. ഒരു ലൈക്കു പോലുമില്ല. മാത്രമല്ല, ആ പോസ്റ്റില്‍ ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ വീണത് രാജീവ് മുംബൈ, മജീദ് കൊട്ടിയൂര്‍, ഫസലുദ്ദീന്‍ കരുനാഗപ്പളളി, അബ്ദുല്‍ ഗഫൂര്‍ മണ്ണാര്‍ക്കാട് എന്നിവര്‍ സിപിഎമ്മിനെതിരെ എഴുതിയ കമന്റുകള്‍ക്കാണ്. ആ കമന്റുകളിലെ മുകളിലും താഴെയും സിപിഎമ്മിനെതിരെയുളള രൂക്ഷ വിമര്‍ശനങ്ങളാണ്.


 വസ്തുനിഷ്ഠമായി ആ ചര്‍ച്ചയെ സമീപിക്കുന്നവര്‍ ഇതില്‍ നിന്നെന്തു മനസിലാക്കണം? കമന്റുകളുടെ എണ്ണവും ലൈക്കുകളുമൊടെ വണ്ണവുമൊക്കെ പരിശോധിച്ചാല്‍ ആ ചര്‍ച്ചയില്‍ ആധിപത്യം നേടിയത് സിപിഎം വിരുദ്ധതയാണ്. സിപിഎമ്മുകാര്‍ എഴുതിയതായി ഷാജഹാന്‍ ഉദ്ധരിക്കുന്ന കമന്റുകളേക്കാള്‍ കടുപ്പമുളളത് സിപിഎമ്മിനെതിരെ അവിടെയിപ്പോഴും കിടപ്പുണ്ട്.  ആ ചര്‍ച്ചയില്‍  അനൂപ് പീറ്റര്‍ എന്നയാളിന്റെ അഭിപ്രായം ഇതായിരുന്നു. "i show the middle finger to the person who shared this photo, mohanne pole ulla thendikakle palayam marketil fish varunna pennugale kondu thallikkanam".

ഇങ്ങനെ കൊണ്ടും കൊടുത്തും മുന്നേറിയതാണ് ആ ചര്‍ച്ച. അതില്‍ നിന്ന് ചില കഷണങ്ങള്‍ മുറിച്ചെടുത്താണ് ഷാജഹാന്‍, തന്റെ മാതൃഭൂമി ലേഖനം നിര്‍മ്മിച്ചിരിക്കുന്നത്. സിപിഎം വിരുദ്ധത മേല്‍ക്കൈ നേടിയ ഒരു ചര്‍ച്ചയെയാണ് തനിക്കെതിരെ സിപിഎമ്മുകാര്‍ ഫേസ് ബുക്കില്‍ നടത്തിയ കൊലവിളിയായി ഷാജഹാന്‍ മാതൃഭൂമിയില്‍ വക്രീകരിച്ചത്.  ഫേസ് ബുക്കിലെ ചര്‍ച്ച വായിക്കുന്നവര്‍ എത്തിച്ചേരുന്ന നിഗമനമല്ല, മാതൃഭൂമി ലേഖനം വായിക്കുന്നവരില്‍ ഉണ്ടാകുന്നത്. ഫേസ് ബുക്ക് ആക്സസ് ഇല്ലാത്തവരും ഉണ്ടായിട്ടും ഈ ചര്‍ച്ച വായിക്കാത്തവരുമായ ലക്ഷക്കണക്കിന് വായനക്കാരെ ബോധപൂര്‍വം തെറ്റിദ്ധരിപ്പിക്കുകയാണ് ഷാജഹാന്‍. ഫേസ് ബുക്കില്‍ ഒരു ലൈക്കു പോലും കിട്ടാത്ത കമന്റിന് പതിനഞ്ചു ലൈക്കു കിട്ടി എന്ന് വാദിക്കാനും വ്യാഖ്യാനിക്കാനും ഉളുപ്പില്ലാത്ത ഷാജഹാനെന്ന   മാധ്യമ പ്രവര്‍ത്തകനെ കൈയോടെ പിടിക്കുന്നു, മാതൃഭൂമി ലേഖനം. ഇങ്ങനെയാണ് ഷാജഹാന്‍ വാര്‍ത്തകളുണ്ടാക്കുന്നത്.

വേറെയുമുണ്ട് നുണ. ഷാജഹാന്‍ എഴുതുന്നു. "പി. മോഹനന്റെ അറസ്റ്റ് ലൈവായി ഞാന്‍ ജോലി ചെയ്യുന്ന ചാനല്‍ സംപ്രേക്ഷണം ചെയ്തിട്ടില്ല".

പച്ചക്കളളമാണിത്. സിനിമാ സ്റ്റൈലില്‍ പി. മോഹനന്റെ അറസ്റ്റും പോലീസ് ജീപ്പിന്റെ അകമ്പടിയോടെ മോഹനന്‍ സഞ്ചരിച്ച വാഹനം വടകര പോലീസ് സ്റ്റേഷനിലെത്തുന്നതും ഏഷ്യാനെറ്റ് ലൈവായി കാണിച്ചു. അതു വിവാദമായി. ഷൗക്കത്തലിയുടെ ജീപ്പ് മോഹനന്‍ മാഷുടെ കാറിനു കുറുകെ നിര്‍ത്തുമ്പോള്‍ സംഭവസ്ഥലത്ത് ഏഷ്യാനെറ്റിന്റെ കാമറാ സംഘം ഉണ്ടായിരുന്നു. ആ ദൃശ്യങ്ങള്‍ കിട്ടിയത് ഏഷ്യാനെറ്റിനു മാത്രമായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സിപിഎം രംഗത്തുവന്നു. ദൃശ്യങ്ങള്‍ ഏഷ്യാനെറ്റില്‍ നിന്ന് പകര്‍ത്തി  കൈരളി പീപ്പിള്‍ വാര്‍ത്തയാക്കി.  സംഭവം വിവാദമായി. അറസ്റ്റിന്റെ വിവരം ചോര്‍ന്നതും ജീപ്പ് ചെയ്സും കുറുകേ നിര്‍ത്തലുമൊക്കെ പകര്‍ത്താന്‍ ഏഷ്യാനെറ്റിന് കഴിഞ്ഞതെങ്ങനെയെന്നുമൊക്കെ ചോദ്യങ്ങളുയര്‍ന്നു. അപ്പോള്‍ ഏഷ്യാനെറ്റ് ചെയ്തതെന്തെന്നോ? കുറച്ചു നേരത്തേയ്ക്ക് ആ ദൃശ്യങ്ങള്‍ പിന്‍വലിച്ച് തങ്ങളുടെ ലോഗോ എംബെഡ് ചെയ്യാതെ ദൃശ്യങ്ങള്‍ എല്ലാ ചാനലുകള്‍ക്കും കൈമാറി.  അങ്ങനെ ദൃശ്യങ്ങള്‍ പൊതു സ്വത്താക്കി. ആ ദൃശ്യങ്ങള്‍ മറ്റുളളവര്‍ പ്രക്ഷേപണം ചെയ്തു തുടങ്ങിയതിനു ശേഷമാണ് ഏഷ്യാനെറ്റും രംഗത്തിറങ്ങിയത്. ഇതൊക്കെ പലര്‍ക്കും  അറിയാമെന്ന് ഷാജഹാനുമറിയാം. എന്നിട്ടും ഇത്തരം പരാമര്‍ശങ്ങളുളള ലേഖനവുമായി രംഗത്തിറങ്ങാന്‍ അദ്ദേഹത്തിന് മടിയോ ഭയമോ ഇല്ല. ഇങ്ങനെ കളളം പറഞ്ഞും വസ്തുതകള്‍ വക്രീകരിച്ചും തമസ്കരിച്ചും നടത്തുന്ന മാധ്യമ പ്രവര്‍ത്തനത്തെയാണ് സിപിഎം എതിര്‍ക്കുന്നത്.

ചാനല്‍ പരിപാടികള്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കാനുളള സംവിധാനമില്ലാത്തത് ഷാജഹാനെപ്പോലുളളവര്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം ചില്ലറയൊന്നുമല്ല. പക്ഷേ, പത്രങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. മനോരമയും മാതൃഭൂമിയും പ്രചരിപ്പിച്ച നുണ വാര്‍ത്തകളുടെ ശേഖരമുണ്ട്. ആ വാര്‍ത്തയെഴുതിവരൊക്കെ ഡിവൈ‍എസ്‍പി ജോസ് ചെറിയാന്‍  സല്ലപിച്ചവരുടെ പട്ടികയിലുണ്ട്. ഒരു പത്രത്തില്‍ മാത്രം വന്ന കളള വാര്‍ത്തകളുണ്ട്. ഒന്നിലേറെപ്പോര്‍ ഒരു പോലെ പ്രചരിപ്പിച്ച കളളവാര്‍ത്തകളും. അതില്‍ പലതും തങ്ങളുടെ ആക്ഷേപത്തിന്റെ തെളിവായി സിപിഎം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ആ വാര്‍ത്തകളുടെ ദൃശ്യരൂപത്തിനപ്പുറമൊന്നും ഷാജഹാനും ചെയ്തിട്ടില്ല.

"വായില്‍ എല്ലു സൂക്ഷിക്കാറില്ല", "നിനക്കു വേണ്ടിയല്ല ഹൃദയം മിടിക്കുന്നത്" തുടങ്ങിയവയൊക്കെ ഇരുതല മൂര്‍ച്ചയുളള പ്രയോഗങ്ങളാണ്. ഷാജഹാനടക്കം ഡിവൈഎസ്‍പി ജോസി ചെറിയാന്റെ സല്ലാപപ്പട്ടികയില്‍ ഉള്‍പ്പെട്ട പലര്‍ക്കും എല്ലു കൊടുക്കുന്നതാരെന്നും അവരുടെ ഹൃദയം മിടിക്കുന്നത് ആര്‍ക്കു വേണ്ടിയാണെന്നുമൊക്കെ അങ്ങാടിപ്പാട്ടാണ്. അതുകൊണ്ട് പൈങ്കിളി ഡയലോഗുകള്‍ ഉപേക്ഷിച്ച് വസ്തുതകള്‍ വസ്തുതകളായി പറയാനുളള തന്റേടമാണ് ഷാജഹാന്‍ കാണിക്കേണ്ടത്.

തെരുവിലൊരാള്‍ വെട്ടിമുറിക്കപ്പെട്ടു എന്ന് പറയാനുള്ള ഷാജഹാന്റെയോ മറ്റേതെങ്കിലും മാധ്യമപ്രവര്‍ത്തകന്റെയോ അവകാശത്തെ, സ്വാതന്ത്യത്തെ ആരും ചോദ്യം ചെയ്തിട്ടില്ല. പക്ഷെ, വെട്ടിമുറിക്കപ്പെട്ട വാര്‍ത്തകള്‍ക്കിടയിലൂടെ നുണ കയറ്റിവിടുന്ന തന്ത്രം ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും.  പോലീസ് പുറത്ത് വിടാത്തതും കുറ്റാരോപിതര്‍ നിഷേധിച്ചിട്ടുള്ളതുമായ മൊഴികള്‍ തുടര്‍ച്ചയായി മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതിനെ വ്യാജവാര്‍ത്ത ചമയ്ക്കല്‍ എന്നല്ലാതെ മറ്റൊന്നും വിളിക്കാനാവില്ല. അത് ഷാജഹാന് ഇഷ്ടപ്പെടുന്നുണ്ടോ എന്നത് വേറെ കാര്യം.  വാര്‍ത്തകള്‍ തങ്ങള്‍ക്ക് തോന്നിയ രീതിയില്‍ കൊടുക്കുന്നതും  തമസ്കരിക്കുന്നതും വസ്തുതകള്‍ വക്രീകരിച്ച് അവതരിപ്പിക്കുന്നതുമൊക്കെ ഏത് തരം സ്വതന്ത്രമാധ്യമപ്രവര്‍ത്തനത്തിന്റെ പരിധിയില്‍ വരും?

അതുകൊണ്ട്, പ്രിയപ്പെട്ട ഷാജഹാന്‍ കാളിയത്തേ,  കടിച്ചുകീറാനുളള വെറിയോടെ  തുടലുപൊട്ടിക്കാന്‍ വളര്‍ത്തുനായ കാണിക്കുന്ന വെപ്രാളം അതിന്റെയുളളിലെ അടങ്ങാത്ത സ്വാതന്ത്ര്യദാഹത്തിന്റെ തിരതളളലായി വകവെച്ചുതരണമെന്നു വാശി പിടിക്കരുത്.  തുടലു പിടിക്കുന്ന യജമാനനോടു കാണിക്കുന്ന കൂറിന്റെ പ്രകടനമാണത്. അതുകൊണ്ട് നിങ്ങള്‍ കുരച്ചോളൂ. പക്ഷേ, ചവിട്ടിപ്പിടിച്ചിരിക്കുന്ന എല്ലിന്‍ കഷണങ്ങള്‍ ഡിവൈഎസ്‍പി ജോസി ചെറിയാനും ഷൗക്കത്തലിയുമൊക്കെ  തന്നതാണ് എന്നു പറയാനുളള സ്വാതന്ത്ര്യം സിപിഎമ്മിനും വേണം. അവരെ അതേല്‍പ്പിച്ചതാര് എന്ന് ചോദിക്കാനുളള സ്വാതന്ത്ര്യവും...