Tuesday, December 14, 2010

മാമ്മന്‍ മാത്യുവിനോട് പറയാനുളളത്

ഡോ. ടി. എം. തോമസ് ഐസക്

(ലോട്ടറി വിവാദം - മറ്റൊരു ചൂതാട്ടം എന്ന പുസ്തകത്തിലെ ഒരധ്യായത്തില്‍ നിന്ന് - 2010 സെപ്തംബര്‍ 18ന് ദേശാഭിമാനി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം ഞങ്ങള്‍ ഇവിടെ പുനപ്രസിദ്ധീകരിക്കുന്നു...)

'ധര്‍മ്മോസ്മദ് കുലദൈവതം' എന്ന ആപ്തവാക്യത്തെ 'ധര്‍മ്മത്തെ ഞാന്‍ സദാ കൊല ചെയ്തുകൊണ്ടിരിക്കുന്നു' എന്ന് ഏതോ സരസന്‍ വികെഎന്‍ ശൈലിയില്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. സ്വന്തം തലക്കുറിയുടെ ഈ വ്യാഖ്യാനത്തെ ഒന്നാന്തരം 'ക്വാട്ടബിള്‍ ക്വാട്ടാ'ക്കി വളര്‍ത്തുകയാണ് മലയാള മനോരമ. തമസ്‌കരണം, വളച്ചൊടിക്കല്‍, വക്രീകരണം തുടങ്ങി പ്രചാരവേലയുടെ സകല അടവുകളും പയറ്റുന്നതാണ് ലോട്ടറി വിവാദം സംബന്ധിച്ച മനോരമ വാര്‍ത്തകള്‍.

അന്യസംസ്ഥാന ലോട്ടറി മാഫിയയുടെ നിയമലംഘനത്തെക്കുറിച്ച് ആറു വര്‍ഷത്തോളമായി കേന്ദ്രത്തിന് മുന്നില്‍ കെട്ടിക്കിടക്കുന്ന നിവേദനങ്ങളും ആവശ്യങ്ങളും പരിദേവനങ്ങളും കാണാതെയാണ് മലയാള മനോരമ ലോട്ടറി പരമ്പരയെഴുതിയത്. എ കെ ആന്റണിയുടെ കാലത്ത് ഉദ്യോഗസ്ഥ തലത്തില്‍ അയച്ച റിപ്പോര്‍ട്ടുകള്‍, മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഉമ്മന്‍ചാണ്ടി നടത്തിയ ഓര്‍മ്മപ്പെടുത്തലുകള്‍, ഇവയൊന്നും പരമ്പരയെഴുത്തുകാര്‍ അറിഞ്ഞില്ല. നാലാം വകുപ്പ് ലംഘനത്തിനെതിരെ നടപടി സ്വീകരിക്കാനുളള അവകാശം കേന്ദ്രസര്‍ക്കാരിനാണ് എന്നു വ്യക്തമാക്കുന്ന എണ്ണമറ്റ കോടതിയുത്തരവുകള്‍ വായിച്ചു നോക്കാനും കോയമ്പത്തൂര്‍ - സിക്കിം റൂട്ടില്‍ സര്‍ക്കീട്ടിനിറങ്ങിയ മനോരമയിലെ അപസര്‍പ്പകര്‍ ശ്രമിച്ചില്ല. ഇവയൊക്കെ തമസ്‌കരിച്ച് അവര്‍ സംസ്ഥാന സര്‍ക്കാരിനോട് നിരന്തരം ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരുന്നു.

വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് കൈയില്‍ കിട്ടി ആഴ്ചകള്‍ക്കകകം മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ അത് കേന്ദ്രസര്‍ക്കാരിന് അയച്ചിട്ടും ഈ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചു എന്ന പച്ചക്കളളം മനോരമ അച്ചടിച്ചുവെച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്യസംസ്ഥാന ലോട്ടറികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയ വിവരം പരമ്പരയിലെങ്ങുമില്ല. അതിനെതിരെ സമര്‍പ്പിക്കപ്പെട്ട കേസില്‍ കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായത്തില്‍ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിനെക്കുറിച്ച് സൂചിപ്പിക്കുന്ന ഭാഗങ്ങളുടെ നേര്‍ക്ക് പരമ്പരയെഴുത്തുകാര്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. ഈ റിപ്പോര്‍ട്ടിന്മേല്‍ നടപടി സ്വീകരിക്കാതിരിക്കുന്നത് ഖേദകരമാണെന്ന് തുറന്നടിക്കുന്ന സര്‍വകക്ഷി സംഘത്തിന്റെ നിവേദനത്തില്‍ ഉമ്മന്‍ചാണ്ടിയും ഒപ്പിട്ടുവെന്ന വസ്തുതയും മനോരമ തമസ്‌കരിച്ചു. യഥാസമയം കോടതിയിലും കേന്ദ്രസര്‍ക്കാരിനു മുന്നിലും ഹാജരാക്കിയ ഈ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിവെച്ചുവെന്ന് അച്ചടിക്കാന്‍ ഒരു മനസാക്ഷിക്കുത്തും മനോരമയ്ക്ക് ഉണ്ടായില്ല.

ഓര്‍ഡിനന്‍സ് വിവാദത്തിന്റെ തിരക്കഥ

''ഐസക് പ്രതിരോധത്തില്‍, ലോട്ടറി നികുതി ഓര്‍ഡിനന്‍സ് വെട്ടിയത് വിഎസ്, പാര്‍ട്ടി പിന്തുണച്ചില്ല, വിഎസും'' എന്ന അതിഭയങ്കര വെളിപ്പെടുത്തലുമായാണ് സെപ്തംബര്‍ 4ലെ മനോരമ പുറത്തിറങ്ങിയത്. സാധാരണ നറുക്കിന് ഏഴില്‍ നിന്ന് 25 ലക്ഷമായും ബംബറിന് 17 ലക്ഷത്തില്‍ നിന്ന് 50 ലക്ഷമായും നികുതി ഉയര്‍ത്തുന്ന ഓര്‍ഡിനന്‍സിന്റെ ഫയലില്‍ മുഖ്യമന്ത്രി എഴുതിയ ഒരു കുറിപ്പിനെയാണ് മനോരമയിലെ ഭാവനാശാലി ഇങ്ങനെ വളച്ചൊടിച്ചത്. സിപിഐഎം അധികാരത്തിലിരിക്കുമ്പോള്‍ പാര്‍ട്ടി അറിയാതെ ഇത്തരമൊരു ഓര്‍ഡിനന്‍സിനെക്കുറിച്ച് ആലോചന നടക്കുമെന്ന് വിശ്വസിക്കുന്നവരെയാണോ മനോരമ രാഷ്ട്രീയ റിപ്പോര്‍ട്ടിംഗിന് നിയോഗിക്കുന്നത് എന്ന ചോദ്യം അവിടെ നില്‍ക്കട്ടെ. ഓരോ തവണ നികുതി അടയ്ക്കുമ്പോഴും കൂടുതല്‍ വിശദമായ സ്റ്റേറ്റ്‌മെന്റ് വേണമെന്നും നാലാം വകുപ്പ് ലംഘനമില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ സര്‍ട്ടിഫിക്കറ്റ് നിഷ്‌കര്‍ഷിക്കണമെന്നുമൊക്കെയുളള നിബന്ധനങ്ങള്‍ അടങ്ങുന്നതാണ് ഓര്‍ഡിനന്‍സ്.

നികുതി കൊടുക്കുന്നവര്‍ നാലാംവകുപ്പിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ഒരു ഉപവകുപ്പ് കൂടി ചേര്‍ക്കണമെന്ന് ഓര്‍ഡിനന്‍സിനുളള ഫയലില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഫയല്‍ വന്നയുടനെ തന്നെ ഇതംഗീകരിച്ച് ഫയല്‍ നിയമവകുപ്പിന്റെ പരിശോധനയ്ക്ക് മുഖ്യമന്ത്രി വഴി തന്നെ അയയ്ക്കുകയും ചെയ്തു. ഈ നിര്‍ദ്ദേശത്തോടൊന്നും ആര്‍ക്കും ഒരെതിരഭിപ്രായവുമില്ല. മാത്രവുമല്ല നാലാം വകുപ്പ് നിബന്ധനകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ലോട്ടറി എന്നാണ് കേരളത്തിന്റെ നിയമത്തില്‍ പേപ്പര്‍ലോട്ടറിയെ നിര്‍വചിച്ചിരിക്കുന്നത് തന്നെ. വളരെ സ്പഷ്ടമായി നിയമത്തില്‍ എഴുതിയിരിക്കുന്ന കാര്യത്തെക്കുറിച്ച് ഒരു തര്‍ക്കവും ഉണ്ടാകേണ്ട കാര്യമില്ല.

ഒരു വിവാദത്തിനും അടിസ്ഥാനമില്ലാത്ത ഇക്കാര്യം വിവാദമാക്കി മാറ്റിയത് കേരള കൗമുദി കുടുംബത്തിലെ ഫ്‌ളാഷ് എന്ന ഉച്ചപ്പത്രത്തില്‍ ഇക്കഴിഞ്ഞ മൂന്നാം തീയതി പ്രത്യക്ഷപ്പെട്ട വാര്‍ത്തയാണ്. പ്ലാന്റ് ചെയ്യപ്പെട്ട ഈ വാര്‍ത്തയാണ് മനോരമയുടെ തലക്കെട്ടായത്. വിചിത്രമായ വാദങ്ങളാണ് വാര്‍ത്തയിലാകെ. ഓര്‍ഡിനന്‍സ് അതേപടി ഇറങ്ങിയിരുന്നെങ്കില്‍ അന്യസംസ്ഥാന ലോട്ടറിക്കാരില്‍ നിന്ന് നികുതി വാങ്ങേണ്ടി വരുമായിരുന്നത്രേ! മുഖ്യമന്ത്രിയുടെ സന്ദര്‍ഭോചിതമായ ഇടപെടലിലൂടെ ഈ ഗൂഢാലോചന തകര്‍ന്നുപോലും. ഇത്തരം വ്യാഖ്യാനങ്ങള്‍ പത്രത്തിന് നല്‍കുന്നത് ആരാണെന്ന് പത്രാധിപര്‍ അന്വേഷിക്കുന്നത് നന്ന്.

''വി എസ് ചേര്‍ത്ത വകുപ്പ് മുക്കാന്‍ മുമ്പും ശ്രമം. ഭേദഗതി വന്നാല്‍ ഗുണം സര്‍ക്കാര്‍ ലോട്ടറിയ്ക്ക്'' എന്നായി സെപ്തംബര്‍ അഞ്ചിന് മനോരമ. ''സിക്കിം ഭൂട്ടാന്‍ തടയപ്പെടും'' ഇതിന് ടിക്കര്‍ ബോക്‌സില്‍ വിശദീകരണവും.


കേന്ദ്രലോട്ടറി നിയമത്തിന്റെ നാലാം വകുപ്പിന്റെ ലംഘനമുണ്ടായാല്‍ നടപടിയെടുക്കാന്‍ സംസ്ഥാനത്തിന് അവകാശമില്ലെന്നും അതുകൊണ്ട് കേന്ദ്രം നടപടിയെടുക്കണമെന്നും ചൂണ്ടിക്കാട്ടി എത്രയോ കത്തുകള്‍ മുഖ്യമന്ത്രി തന്നെ അയച്ചിട്ടുണ്ട്. സര്‍വകക്ഷി നിവേദനത്തിലും ഇക്കാര്യം അടിവരയിട്ട് ആവര്‍ത്തിക്കുന്നുണ്ട്. കണ്‍മുന്നില്‍ കിടക്കുന്ന ഇത്തരം രേഖകളൊക്കെ അവഗണിച്ചാണ് ഈ തിരുമണ്ടന്‍ വ്യാഖ്യാനം മനോരമ ഒന്നാംപേജില്‍ തട്ടിവിട്ടത്.
തങ്ങളുടെ വാര്‍ത്താ വിശകലനങ്ങളും വ്യാഖ്യാനങ്ങളും മണ്ടത്തരങ്ങളാകുന്നതില്‍ പത്രത്തിനോ അതെഴുതുന്ന ലേഖകര്‍ക്കോ നാണക്കേട് തോന്നുന്നില്ലെങ്കിലും ലോട്ടറി നിയമത്തെക്കുറിച്ച് സാമാന്യവിവരമുളളവരെ ലജ്ജിപ്പിക്കുന്നുണ്ട്. നിയമലംഘനത്തിനെതിരെ നടപടിയെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് എന്തെങ്കിലും അവകാശം ഉണ്ടെന്ന് വ്യാഖ്യാനിക്കാവുന്ന പഴുതുപോലും കേന്ദ്രനിയമത്തില്‍ ഇല്ലെന്ന് ഉറപ്പുവരുത്തുന്ന പുതിയ കേന്ദ്രലോട്ടറി ചട്ടങ്ങള്‍ പുറത്തു വന്ന സാഹചര്യത്തിലാണ് മനോരമയുടെ ഭാവനാവിലാസങ്ങള്‍. ആ ചട്ടങ്ങളെ കോടതിയില്‍ ചോദ്യം ചെയ്യുന്നത് വലിയൊരു പാതകമാണെന്നാണ് മനോരമയുടെ വ്യാഖ്യാനം.


ഈ ഓര്‍ഡിനന്‍സ് വിവാദ തിരക്കഥയുടെ അടുത്ത അങ്കമെന്തെന്ന് ഇപ്പോഴേ പറഞ്ഞേക്കാം. അന്യസംസ്ഥാന ലോട്ടറി ഏജന്റുമാര്‍ സെക്ഷന്‍ 4 ലംഘനം നടത്തുന്നുവെന്ന് ആരോപിച്ച് അവരുടെ നികുതി നിരസിച്ചതിനെതിരെ കോടതിയില്‍ കേസ് നിലവിലുണ്ട്. കേസിലെ വിധി സര്‍ക്കാരിന് എതിരായാല്‍, ഓര്‍ഡിനന്‍സ് വൈകിയതുകൊണ്ടാണ് അത്തരമൊരു വിധി വന്നതെന്ന് പ്രചരിപ്പിക്കാനുളള അരങ്ങൊരുക്കലാണ് ഇപ്പോഴത്തെ കഥകള്‍ (അങ്ങനെയൊരു വ്യാഖ്യാനവുമായി മാതൃഭൂമി ഇക്കഴിഞ്ഞ ദിവസം രംഗപ്രവേശം ചെയ്തിട്ടുണ്ട്). നടപടി ക്രമങ്ങള്‍ പാലിച്ച് ഓര്‍ഡിനന്‍സ് പുറത്തിറങ്ങാന്‍ സ്വാഭാവികമായും വേണ്ടി വരുന്ന കാലയളവിനെ, ബോധപൂര്‍വമായ വൈകിക്കലായി വ്യാഖ്യാനിക്കുന്ന തിരക്കഥയും അണിയറയില്‍ തയ്യാറായിട്ടുണ്ട്.

പത്രപ്രവര്‍ത്തനമെന്നാല്‍ ഉപജാപമാണെന്ന് കരുതുന്ന മാധ്യമപ്രവര്‍ത്തകരുടെ ഒരു തലമുറ നമ്മുടെ സംസ്ഥാനത്തുണ്ട്. വരദാചാരിയുടെ തല, കാണാതെ പോയ സെക്രട്ടറിയേറ്റ് ഫയലുകള്‍ തുടങ്ങിയ പച്ചക്കളളങ്ങള്‍ സൃഷ്ടിച്ച് ലാവ്‌ലിന്‍ കേസില്‍ പരമ്പരയെഴുതിയ 'പ്രഗത്ഭമതികള്‍' ഇന്നും മനോരമയിലുമുണ്ട്. പച്ചനുണകള്‍ ബൈലൈന്‍ സഹിതം പ്രസിദ്ധീകരിക്കാനുളള ഉളുപ്പില്ലായ്മ തെളിയിക്കുന്നത് ഒന്നേയുളളൂ, മടങ്ങിവരാനാവാത്ത വിധം, അധപതനത്തിന്റെ പാതാളത്തിലേക്ക് അവര്‍ താണു പോയിരിക്കുന്നു.

മനോരമയുടെ പുതിയ പത്രാധിപരോട്
ആദരണീയനായ ശ്രീ കെ എം മാത്യുവിന്റെ വിയോഗത്തെ തുടര്‍ന്ന് മനോരമയുടെ പത്രാധിപരായി ചുമതലയേറ്റ ശ്രീ മാമ്മാന്‍ മാത്യുവിനോട് ഒരുകാര്യം സൂചിപ്പിക്കട്ടെ.

''പ്രാര്‍ത്ഥനയോടെ പുനരര്‍പ്പണം'' എന്ന തലക്കെട്ടില്‍ ആഗസ്റ്റ് 19ന് പേരുവെച്ച് താങ്കളെഴുതിയ ആദ്യമുഖപ്രസംഗം വളരെ കൗതുകത്തോടെയാണ് ഞാന്‍ വായിച്ചത്. "നേര്‍വഴി കാട്ടണേ"യെന്ന പ്രാര്‍ത്ഥനയോടെയാണ് മുഖ്യപത്രാധിപസ്ഥാനം ഏറ്റെടുക്കുന്നതെന്ന് അതില്‍ താങ്കള്‍ അവകാശപ്പെടുന്നുണ്ട്. "പാവനമായ പത്രധര്‍മ്മത്തിന്റെ അടയാള മുദ്രകളോടൊപ്പം പാരമ്പര്യത്തിന്റെ സുകൃതങ്ങളും നൂറ്റാണ്ടു പിന്നിട്ട മനോരമയുടെ തായ്‌വേരിലുണ്ട്" എന്നുമുണ്ട്, അവകാശവാദം.

പാവനമായ പത്രധര്‍മ്മം പരിപാലിക്കുന്നതിനിടയില്‍ മനോരമയില്‍ നിന്ന് നേരിട്ട ഒരനുഭവം താങ്കളുടെ ശ്രദ്ധയില്‍ പെടുത്തട്ടെ,

ലോട്ടറി പരമ്പരയില്‍ മനോരമ എന്നോട് ഒട്ടേറെ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. പരമ്പരയുടെ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ച പ്രതിപക്ഷ നേതാവിന്റെ ലേഖനത്തിലും ചോദ്യങ്ങളും വളച്ചൊടിക്കലുകളും അസത്യപ്രചരണവും വേണ്ടത്രയുണ്ടായിരുന്നു. ഇവയോട് പ്രതികരിച്ച് ഒരു ലേഖനം ഞാന്‍ മനോരമയ്ക്ക് അയച്ചുകൊടുത്തു. മനോരമയുടെ എഡിറ്റിംഗ് വൈഭവം പിറ്റേന്നു തന്നെ എനിക്ക് ബോധ്യപ്പെട്ടു. മര്‍മ്മപ്രധാനമായ ഉദ്ധരണികളത്രയും വെട്ടിക്കളഞ്ഞാണ് അവര്‍ എന്റെ മറുപടി പ്രസിദ്ധീകരിച്ചത്!

ലോട്ടറി നിയമലംഘനത്തിനെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടി കേന്ദ്രത്തിന് എഴുതിയ രണ്ടു കത്തുകള്‍, കേരളത്തിലെ സര്‍വകക്ഷി നിവേദക സംഘം കേന്ദ്രത്തിന് നല്‍കിയ മെമ്മോറാണ്ടം, കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി നല്‍കിയ നിര്‍ദ്ദേശം ഇവയില്‍ നിന്നെക്കെ എടുത്തു ചേര്‍ത്ത ഉദ്ധരണികളാണ് മുറിച്ചു മാറ്റിയത്.

മനോരമയുടെ അപവാദങ്ങളും പ്രതിപക്ഷനേതാവിന്റെ ആരോപണങ്ങളും വസ്തുതാവിരുദ്ധമാണെന്ന് തെളിയിക്കുന്ന ഉദ്ധരണികളായിരുന്നു അവ. എനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കുന്ന വസ്തുതകള്‍ക്ക് മേലാണ് താങ്കളുടെ പത്രം കത്രിക പ്രയോഗിച്ചത്. ആരോപണങ്ങള്‍ക്ക്് മറുപടി പറയാനുളള മൗലികാവകാശത്തെയാണ് മനോരമ ഹനിച്ചു കളഞ്ഞത്.

''സമര്‍പ്പിത പ്രയാണത്തില്‍ എനിക്കും എന്റെ സഹോദരങ്ങള്‍ക്കും കരുത്തുപകരാന്‍ മികവുറ്റ ഒരു പ്രൊഫഷണല്‍ ടീമിനെ സജ്ജമാക്കിയാണ് ഞങ്ങളുടെ പിതാവ് യാത്രയായത്'' എന്ന് മുഖപ്രസംഗത്തില്‍ താങ്കള്‍ ആശ്വസിക്കുന്നുണ്ട്. ആ ''പ്രൊഫഷണല്‍ ടീമിന്റെ'' അധാര്‍മ്മിക പ്രവര്‍ത്തനങ്ങളിലേയ്ക്കാണ് ഞാന്‍ താങ്കളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. നിശ്ചയമായും ഏത് മാധ്യമത്തിനും അതിന്റേതായ രാഷ്ട്രീയമുണ്ടാകാം. അത് തുറന്നുപ്രകടിപ്പിക്കരുത് എന്ന് ഒരു ശാഠ്യവും എനിക്കില്ലതാനും. എന്നാല്‍ നിര്‍ലോഭം നുണകളെഴുതിയും വസ്തുതകള്‍ പാടെ തമസ്‌കരിച്ചും നടത്തുന്ന രാഷ്ട്രീയ പ്രചാരവേല, കഴിവല്ല, ദൗര്‍ബല്യമാണ് എന്നെങ്കിലും മാമ്മന്‍ മാത്യു തിരിച്ചറിയണം.

Sunday, November 28, 2010

ലാവലിന്‍ - മരിച്ചതാര്.... കൊന്നതാര്....?

ക്രൈം നന്ദ - വീരേന്ദ്ര - ദീപക്  കുമാരന്മാരുടെ പിആര്‍ഒ വേഷം കെട്ടുകയാണോ മാതൃഭൂമി ലേഖകന്‍ കെ. എ. ജോണി എന്ന ചോദ്യത്തിനു ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല. പ്രസ്തുത ചര്‍ച്ച ഉയര്‍ന്ന ഗൂഗിള്‍ ഗ്രൂപ്പിലും തികഞ്ഞ നിശബ്ദതയാണ്. കെ എ ജോണി പുലര്‍ത്തുന്ന പത്രധര്‍മ്മത്തോട് മുഴങ്ങുന്ന മൗനം കൊണ്ട് ഐക്യദാര്‍ഢ്യം അറിയിക്കുകയാണ് മലയാളത്തിലെ പ്രമുഖ പത്രങ്ങളുടെ മുന്‍നിര ലേഖകന്മാര്‍ ഒരുപാടു പേരുളള ഫോര്‍ത്ത് എസ്റ്റേറ്റ് ക്രിട്ടിക് എന്ന ആഭിജാത്യ ചര്‍ച്ചാവേദി. ദീപക് കുമാര്‍ എന്ന വാര്‍ത്താ ഉറവിടവുമായി തനിക്ക് നല്ല ബന്ധമുണ്ട് എന്നാണ് ജോണി അവിടെ അവകാശപ്പെട്ടത്. എന്നിട്ടും, ആ  കൊലപാതക വെളിപ്പെടുത്തലിന്മേല്‍ ജോണിയുടെ അന്വേഷണ കൗതുകം ചിറകുവീശിപ്പറക്കാത്തതിനു കാരണം ചോദിക്കാന്‍ അവിടെയാര്‍ക്കും നാവു പൊന്തുന്നില്ല.

ഇത്തരമൊരു ദുരൂഹത പണ്ടും പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. 2007 സെപ്തംബര്‍ 12ന് മലയാള മനോരമയാണ് അത് തുടങ്ങി വെച്ചത്. അന്ന് പത്രത്തിന്റെ  ഉള്‍പേജില്‍ ഒരുകോളം വലിപ്പത്തില്‍ ഒരു വാര്‍ത്ത പ്രത്യക്ഷപ്പെട്ടു. തലക്കെട്ട് - ലാവലിന്‍ - ബോര്‍ഡ് മുന്‍ചെയര്‍മാന്റെ മരണവും അന്വേഷിച്ചേക്കും.

ഇനി ഫ്ലാഷ് ബാക്കാണ്. ചില തീയതികള്‍ ഒന്നോര്‍ത്തിരിക്കുക. ജി കാര്‍ത്തികേയന്റെ കാലത്ത് 1995 ആഗസ്റ്റ് പത്തിന് പിഎസ്‍പി പദ്ധതികളുടെ നവീകരണത്തിനു ധാരണാപത്രം ഒപ്പിടുന്നു. 1995 ഒക്ടോബറില്‍ ലാവലിനുമായി ചര്‍ച്ചകള്‍ക്ക് ജി കാര്‍ത്തികേയനും സംഘവും കാനഡ സന്ദര്‍ശിക്കുന്നു. 1996 ഫെബ്രുവരി 26ന് എസ്എന്‍സി ലാവലിനുമായി അടിസ്ഥാന കരാര്‍ ഒപ്പിടുന്നു. 1997 ഫെബ്രുവരി 10ന് പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ അനുബന്ധ കരാറുകള്‍. ഈ സമയത്ത് കെഎസ്ഇബിയുടെ ചെയര്‍മാനായിരുന്നു വി രാജഗോപാല്‍. 1998ല്‍ അദ്ദേഹം പദവി ഒഴി‍ഞ്ഞു. 1999 മാര്‍ച്ചില്‍ സെക്രട്ടേറിയറ്റിലെ തന്റെ മുറിയില്‍ കുഴഞ്ഞുവീണു മരിച്ചു.

ഈ മരണമാണ് 2007 സെപ്തംബര്‍ 12ന് വിവാദമാകുന്നത്.

വാര്‍ത്തയുടെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെയാണ്...
ലാവലിന്‍ ഇടപാടുമായി ബന്ധപ്പെട്ട ഫയലുകള്‍ പരിശോധിക്കുന്നതിനിടെയാണ് രാജഗോപാലിന്റെ കുറിപ്പുകളും അദ്ദേഹം രേഖപ്പെടുത്തിയ അഭിപ്രായവും അന്വേഷണ സംഘത്തിന്റെ ശ്രദ്ധയില്‍ പെട്ടത്. ലാവലിന്‍ ഇടപാടിനെക്കുറിച്ച് സര്‍ക്കാരിന്റേതില്‍ നിന്നു ഭിന്നമായ അഭിപ്രായമാണ് അദ്ദേഹം ഫയലില്‍ രേഖപ്പെടുത്തിയിരുന്നതത്രേ. അതിനു വ്യക്തമായ കാരണങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു. സെക്രട്ടേറിയറ്റില്‍ കുഴഞ്ഞു വീണാണ് അദ്ദേഹം മരിച്ചത്. മരണത്തിനിടയാക്കിയ പ്രത്യേക സംഭവവികാസം ഉണ്ടോയെന്ന് സിബിഐ പരിശോധിക്കുന്നതായി അറിയുന്നു. 
ഇത്രയും കാര്യങ്ങള്‍ എഴുതിയിട്ടും രാജഗോപാല്‍ എന്നാണ് മരിച്ചത് എന്ന വിവരം മാത്രം വാര്‍ത്തയില്‍ ഇല്ല. "അത്രേ", "അറിയുന്നു " തുടങ്ങിയ പ്രയോഗങ്ങളിലാണ് വാര്‍ത്തയിലെ വാക്യങ്ങള്‍ അവസാനിക്കുന്നത്. ച്ചാല്‍ ആര്‍ക്കും വലിയ തിട്ടമൊന്നുമില്ല.

മനോരമ ഒരു കോളത്തില്‍ നട്ടുപിടിപ്പിച്ചത്  പിറ്റേന്ന് മാതൃഭൂമിയില്‍ ആറുകോളം വലിപ്പമുളള ആല്‍മരമായി വളര്‍ന്നു. കോട്ടയം പുഷ്പനാഥിനെയും ബാറ്റണ്‍ബോസിനെയും കാതങ്ങള്‍ പിന്നിലാക്കുന്ന ഭാവനാവിലാസവുമായി അഞ്ചാം പേജില്‍ പ്രത്യക്ഷപ്പെട്ടത് തലസ്ഥാനത്തെ മാതൃഭൂമിയുടെ വിശേഷാല്‍ പരുന്ത്, സാക്ഷാല്‍ ജി. ശേഖരന്‍ നായര്‍. തലക്കെട്ട് ലാവലിന്‍ കരാറിനു സമ്മതിപ്പിക്കാന്‍ രാജഗോപാലിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തി...

ബഹുവിശേഷമാണ് വാര്‍ത്തയിലെ ഓരോ വാചകവും. എഫ്ഇസിയിലെ പത്രപ്രവര്‍ത്തക പണ്ഡിതന്മാര്‍ ഇതൊന്നു മനസിരുത്തി വായിക്കണം.
ലാവലിന്‍ കരാര്‍ പ്രശ്നത്തില്‍ ആദ്യം വഴങ്ങാതിരുന്ന മുന്‍‍വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ വി രാജഗോപാലിനെ മെരുക്കാനായി തമിഴ്നാട്ടില്‍ നെയ്‍വേലി ലിഗ്നൈറ്റ് കോര്‍പറേഷന്‍ വക ഗസ്റ്റ് ഹൗസില്‍ കൊണ്ടുപോയി ചര്‍ച്ച നടത്തിയതായി സിബിഐക്കു വിവരം ലഭിച്ചു.
(മെരുക്കല്‍ പണി നടത്താന്‍ ഈ ഗസ്റ്റ് ഹൗസില്‍ പ്രത്യേകയന്ത്രം വല്ലതുമുണ്ടോയെന്ന് ശേഖരന്‍ നായര്‍ക്കു മാത്രമേ അറിയൂ. കാലം കുറേ വൈകിയെങ്കിലും ഈ യന്ത്രത്തിന്റെ ചിത്രം സഹിതം ജോണിയ്ക്ക് വേണമെങ്കില്‍ അടുത്ത എക്സ്ക്ലൂസീവ് പടയ്ക്കാം. ചെന്നൈയിലല്ലേ പണി, നെയ്‍വേലിയിലെ ഗസ്റ്റ് ഹൗസ് തപ്പിപ്പിടിക്കാന്‍ ഏറെ മെനക്കെടേണ്ടി വരില്ല)
രാജഗോപാല്‍ എതിരായിരുന്നുവെങ്കിലും അക്കാലത്തു വൈദ്യുതി ബോര്‍ഡില്‍ ഉന്നതസ്ഥാനങ്ങള്‍ വഹിച്ചിരുന്ന സിദ്ധാര്‍ത്ഥ മേനോനും മാത്യു റോയിയും സര്‍ക്കാരിന് അനുകൂലമായ നിലപാടാണ് എടുത്തിരുന്നത്. തുടര്‍ന്ന് രാഷ്ട്രീയ നേതൃത്വം മൂന്നുപേരെയും കൊണ്ട് നെയ്‍വേലിക്കു പോവുകയായിരുന്നു. 
(എത്ര മനോഹരമായ പ്രയോഗം. രാഷ്ട്രീയ നേതൃത്വം മൂന്നുപേരെയും കൊണ്ടുപോയി പോലും. തലസ്ഥാനത്തെ വലിയ പത്രപ്പുലിയാണെങ്കിലും പിണറായി എന്ന് നേരെ എഴുതാന്‍ ശേഖരന്‍ നായര്‍ക്കു ഭയം).
ഇനിയാണ് ശേഖരണ്ണന്‍ കോട്ടയം പുഷ്പനാഥായി അവതരിക്കുന്നത്. വായിച്ചു കോരിത്തരിക്കിന്‍..
ഇക്കാരണങ്ങളാല്‍  രാജഗോപാലിന്റെ ആകസ്മിക മരണത്തെക്കുറിച്ചും അന്വേഷിക്കണമെന്ന ആലോചനയിലാണ് സിബിഐ അന്വേഷണ സംഘം.
(1997ല്‍ കരാര്‍. 1998ല്‍ വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞു. 1999ല്‍ മരണം - എന്നിട്ടും തളളിക്കയറ്റിയ പ്രയോഗം കണ്ടില്ലേ... "ആകസ്മിക മരണം")
നെയ്‍വേലിയില്‍ വെച്ച് രാജഗോപാല്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ നിലപാടിനോട് വഴങ്ങിയെങ്കിലും തിരിച്ചു വന്ന അദ്ദേഹം സദാസമയവും അസ്വസ്ഥനായിരുന്നു..
(ഹെന്റമ്മേ.... എത്ര കൊല്ലം നീണ്ട "അസ്വസ്ഥത". ഈ രാഷ്ട്രീയ നേതൃത്വം ആളൊരു ഭയങ്കരന്‍ തന്നെ)
ദാ വരുന്നു ഞെട്ടിപ്പിക്കുന്ന ആ വെളിപ്പെടുത്തല്‍....
ലാവലിന്‍ ഇടപാടില്‍ കനേഡിയന്‍ കമ്പനിയില്‍ നിന്നു കോഴയായി കിട്ടിയ പണത്തിന്റെ വിശദാംശങ്ങളും അത് നിക്ഷേപിച്ചതെവിടെയാണെന്നുളളതിന്റെ വിവരങ്ങളും സിബിഐക്കു ലഭിച്ചു. 
(മിസ്റ്റര്‍ കെ എ ജോണി, 2007 സെപ്തംബര്‍ 13ന് മാതൃഭൂമി അച്ചടിച്ചു വെച്ച വരികളാണ് ഇവ. ഇതേ പത്രം 2009 ജനുവരി 24ന് പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ തലക്കെട്ട്, കാന്‍സര്‍ സെന്റര്‍ - കോടികള്‍ എങ്ങോട്ടൊഴുകി? എന്നും. "പണം നിക്ഷേപിച്ചതെവിടെയെന്ന വിവരങ്ങള്‍ സിബിഐയ്ക്കു ലഭിച്ചു" എന്നുറപ്പിച്ചു പറഞ്ഞ പത്രം രണ്ടുകൊല്ലം കഴിഞ്ഞപ്പോള്‍  വായനക്കാരോടു ചോദിക്കുന്നു, കോടികള്‍ എങ്ങോട്ടൊഴുകി എന്ന്... ജേണലിസത്തിലെ മാതൃഭൂമി സ്ക്കൂളിന്റെ നിലവാരം താങ്കളെ ഒന്നോര്‍മ്മിപ്പിച്ചെന്നേയുളളൂ. നമുക്ക് ശേഖരഭാവനയുടെ ആകാശവിതാനത്തിലേക്കു തിരികെ വരാം). വാര്‍ത്തയില്‍ നിന്ന്...
ഇടനിലക്കാരായി നിന്നതും ചര്‍ച്ചകളില്‍ പങ്കെടുത്തതും എസ്എന്‍സി ലാവലിന്റെ മലയാളികളായ രണ്ടുദ്യോഗസ്ഥരാണെങ്കിലും കരാറുണ്ടാക്കിയതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതും കോഴ കൈപ്പറ്റിയതും ചെന്നൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണെന്നു തെളിഞ്ഞിട്ടുണ്ട്. 
നോട്ട് ദിസ് പോയിന്റ് യുവര്‍ ഓണര്‍മാര്‍. എന്നിട്ടെവിടെ കുറ്റപത്രത്തില്‍ ചെന്നൈ സ്ഥാപനത്തിന്റെ പേര്...? എവിടെ പ്രതിപ്പട്ടികയില്‍ ചെന്നൈ സ്ഥാപനത്തിലെ ഉദ്യോഗസ്ഥര്‍..? കളളപ്പണം വെളുപ്പിച്ചു കൊടുക്കുന്ന ഏര്‍പ്പാടും ഈ കമ്പനിക്കുണ്ടെന്ന് സിബിഐയ്ക്കു വിവരം ലഭിച്ചുവെന്ന് ഈ റിപ്പോര്‍ട്ടില്‍ ശേഖരന്‍ നായര്‍ എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്. കൊല്ലം മൂന്നു കഴിഞ്ഞില്ലേ. എന്നിട്ട് ആദായനികുതി വകുപ്പിന്റെ ഒരു റെയിഡ്, നടപടി... എന്തേ ഉണ്ടായില്ല...

സെപ്തംബര്‍ 14ന് ശേഖരന്‍ നായര്‍ വീണ്ടും എക്സ്ക്ലൂസീവുമായി രംഗത്തിറങ്ങി. രാജഗോപാലിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന ആലോചനയിലാണ് സിബിഐ സംഘം എന്ന് സെപ്തംബര്‍ 13ന് കൊടുത്ത എക്സ്ക്ലൂസീവിന്റെ ഫോളോ അപ്പ് തൊട്ടുപിറ്റേന്ന്... തലക്കെട്ട്... രാജഗോപാലിന്റെ മരണകാരണവും അന്വേഷിക്കാന്‍ അനുമതി.

അതാണ് ശേഖരന്‍ നായര്‍.. അനുമതിയൊക്കെ ഒപ്പിക്കാന്‍ അദ്ദേഹത്തിന് ഒറ്റ ദിവസമേ വേണ്ടൂ...

സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ട് കോടതിയിലുണ്ട്. മാധ്യമങ്ങള്‍ തലങ്ങും വിലങ്ങും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രിയപ്പെട്ട കെ എ ജോണി, ഒന്നന്വേഷിക്കുമോ.. 2007 സെപ്തംബറില്‍ മനോരമയും മാതൃഭൂമിയും കൊട്ടിഗ്ഘോഷിച്ച ഈ ദുരൂഹതയുടെ പരിണതിയെന്തെന്ന്...?

എന്തുകൊണ്ട് 2007 സെപ്തംബറില്‍ ഈ വാര്‍ത്തകള്‍ പൊട്ടിയൊഴുകി എന്നല്ലേ... സിപിഎം പതിനേഴാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായി ബ്രാഞ്ച് സമ്മേളനങ്ങള്‍ തുടങ്ങിയത് ഈ മാസത്തിലാണ്. അപ്പോള്‍ പിണറായി ഒരു കൊലപാതകത്തിനും കൂടി ഉത്തരവാദിയാണെന്ന് മൂന്നുനാലു ദിവസം വന്‍തലക്കെട്ടുകള്‍ സൃഷ്ടിച്ചാല്‍ സമ്മേളനവേദിയില്‍ അതാകുമല്ലോ ചര്‍ച്ച...

കേരളത്തിന്റെ പൊതുരംഗം ശുദ്ധീകരിക്കാന്‍ ചൂലുമായി ചെന്നൈ നഗരത്തില്‍ ഉറക്കമിളിച്ച് അലഞ്ഞു നടക്കുന്ന പ്രിയപ്പെട്ട കെ എ ജോണീ (i think would contribute in some way or other in cleansing the public sphere in kerala),

 ദേശാഭിമാനി സ്ക്കൂളിലെ ജേണലിസം ക്ലാസില്‍ അഭ്യസിക്കാന്‍ താല്‍പര്യമില്ലെന്നു വീമ്പിളക്കിയ  (I have no intention to be indoctrinated in journalism by the desabhimani school) താങ്കളെ മാതൃഭൂമി സ്ക്കൂള്‍ പയറ്റുന്ന രീതികളില്‍ ചിലത് ഓര്‍മ്മിപ്പിക്കുന്നുവെന്നേയുളളൂ. ഈ വിചാരണ ഇവിടെ അവസാനിക്കുന്നില്ല.. നമുക്കു വീണ്ടും കാണാം

Thursday, November 25, 2010

ആരുടെ പിആര്‍ഒയാണ് സാക്ഷാല്‍ കെ. എ. ജോണി?

വിഖ്യാതരായ പത്രപ്രവര്‍ത്തകരും വിവിധ മേഖലകളിലെ ആദരണീയ വ്യക്തിത്വങ്ങളും അടങ്ങുന്ന ഓണ്‍ലൈന്‍ ചര്‍ച്ചാവേദിയാണ് ഫോര്‍ത്ത് എസ്റ്റേറ്റ് ക്രിട്ടിക് എന്ന ഗൂഗിള്‍ ഗ്രൂപ്പ്. രാഷ്ട്രീയ സാമൂഹ്യ ഭരണമേഖലകളില്‍ അപാരമായ സ്വാധീനമുളളവരാണ് ഇതിലെ അംഗങ്ങള്‍ പലരും. അവിടെ രണ്ടു പത്രപ്രവര്‍ത്തകര്‍ തമ്മില്‍ കൗതുകകരമായ ഒരേറ്റുമുട്ടല്‍ നടക്കുകയാണ്. വിഷയം ലാവലിനും സാക്ഷിവേഷത്തിലെ പുതിയ അവതാരമായ ദീപക് കുമാറും.

ദേശാഭിമാനി അസോസിയേറ്റ് എഡിറ്റര്‍ പി എം മനോജും മാതൃഭൂമി ചെന്നൈ ബ്യൂറോയിലെ കെ എ ജോണിയും തമ്മില്‍ നടക്കുന്ന വാഗ്വാദത്തെ അടിസ്ഥാനമാക്കി ചില കാര്യങ്ങള്‍ പരസ്യമായി പറയുകയാണ്. അടച്ചിട്ട മുറിയില്‍ നടന്ന അഭിപ്രായസംഘട്ടനം പൊതുവേദിയില്‍ ചര്‍ച്ച ചെയ്യുന്നതിന്റെ ധാര്‍മ്മികതയും ന്യായാന്യായങ്ങളും തല്‍ക്കാലം വിസ്മരിക്കുന്നു. ദീപക് കുമാറിന്റെ ചെലവില്‍ കെ എ ജോണി മാതൃഭൂമിയില്‍ എഴുതിക്കൂട്ടുന്ന വാര്‍ത്തകളാണ് ഈ അഭിപ്രായസംഘട്ടനത്തിന്റെ കാതല്‍. വാര്‍ത്ത, വാര്‍ത്തയുടെ ഉറവിടം, താല്‍പര്യങ്ങള്‍ തുടങ്ങി പൊതുജനത്തിനും പത്രവായനക്കാരനും താല്‍പര്യമുളള തലങ്ങളിലേയ്ക്കു പടര്‍ന്നു കയറേണ്ടതാണ് ആ ചര്‍ച്ച. അതങ്ങനെ അടച്ചിട്ട മുറിയില്‍ നടന്നാല്‍ പോര. തന്റെ വാര്‍ത്തകള്‍ക്കു നേരെ ചൊരിയുന്ന വിമര്‍ശനങ്ങളെ കെ എ ജോണി എന്ന പത്രലേഖകന്‍ എങ്ങനെയാണ് പ്രതിരോധിക്കുന്നത് എന്നറിയാന്‍ താല്‍പര്യമുളളവര്‍ പൊതുസമൂഹത്തില്‍ വേറെയുമുണ്ട്. അതുകൊണ്ട്, എഫ്ഇസിയുടെ യവനിക ഉയര്‍ത്തി ഈ അഭിപ്രായസംഘട്ടനത്തെ വലിച്ചു പുറത്തിടുക തന്നെ വേണം.

ആദ്യം മനോജും ജോണിയും പറഞ്ഞതെന്ത് എന്ന് അവരുടെ വാചകങ്ങളില്‍ നമുക്കു കേള്‍ക്കാം.

മനോജ് - "അയാള്‍ സാക്ഷിയേ അല്ല. സി ബി ഐയുടെ പട്ടികയില്‍ അങ്ങനെ ഒരു   പേരില്ല. പണ്ട് ദിലീപ്   രാഹുലന്‍ എന്ന ആളിന്റെ കൂടെ പഠിച്ചു, ഒന്നിച്ചു എന്തോ ബിസിനസ് നടത്തി, സഹായം പറ്റി, ഒടുവില്‍ തെറ്റിപ്പിരിഞ്ഞു. അപ്പോള്‍ വിരോധം ആയി- ഇത്രയുമാണ് അറിഞ്ഞത്. മുഴുക്കുടിയന്‍. ലാവലിന്‍ കേസില്‍ ദുരൂഹത സൃഷ്ടിക്കാന്‍ അങ്ങനെ ഒരാളെ കിട്ടിയപ്പോള്‍   വീരേന്ദ്ര കുമാര്‍  ഏറ്റെടുത്തു. നന്ദകുമാര്‍ കൊണ്ട് നടക്കുന്നു. മാതൃഭൂമി ചെന്നൈ ബ്യൂറോവിലെ ജോണി ആണ് ദീപക് കുമാറിന്റെ പി ആര്‍ ഓ". ഇതൊക്കെ ഈ കേരളത്തിലേ നടക്കു. 
ജോണിയുടെ മറുപടി... I can understand the feelings ofMr. manoj. Since he is a political activist cum journalist it may be his duty to defend his political masters. But that in no way authorises him to raise baseless allegations against any one.
I dont hold any brief for Mr. Deepak kumar. My information is that deepak has divulged some critical information to the cbi team which is looking into the lavalin case. It is a fact that cbi has taken statements from deepak at various points of time. The cbi team under the investigative invofficer Mr. Ashok kumar has been examining various financial deals that took place during and after the lavalin scandal. And my information is that the documents handed over to cbi by deepak have been of great use in this regard. Just because the charge sheets are submitted it doesnt mean the end of an investigation. if the investigating agency is convinced it could bring in more witnesses and submit the relevant documents to the trial court. Mr.Ashok kumar was transferred while he was on to this process.if the cbi has got a flawless system the new investigative officer will have to continue this process.
As a journalist i have been reporting what i believe true to the best of my knowledge. i have reliable contacts with deeapakkumar and its my prerogative to file reports based on this which i think would contribute in some way or other in cleansing the public sphere in kerala. manoj has never called himself the pro of Comrade Pinarayee vijayan. Neither i have any intention in labelling him so. I know manoj is a senior journalist and i expect some minimum decency from his part when he addresses members of his fraternity.
I would also like to remind Mr.manoj of a very simple fact that Comrade Pinarayee Vijayan has so far not issued a statement denying any knowledge of either Mr.Dileep rahulan Or Mr. Deepak kumar.
I know the line between pr and journalism is very thin and delicate. And its my firm belief that i have not tasted the forbidden fruit.
johny.
മനോജിന്റെ ആരോപണം കൃത്യമാണ്; ദിലീപ് കുമാറിന്റെ പിആര്‍ഒയാണ് കെ എ ജോണി. ആ ആരോപണത്തോട് ജോണിയുടെ പ്രതികരണം രൂക്ഷമാണ്. പക്ഷേ, മനോജ് ദേശാഭിമാനിക്കാരനാണ്, പാര്‍ട്ടിക്കാരനാണ്, അതുകൊണ്ട് പിണറായി വിജയനെ പ്രതിരോധിക്കാനുളള നിയോഗം ഏറ്റെടുത്തേ പറ്റൂ തുടങ്ങി വ്യക്തമായ രാഷ്ട്രീയ വിശ്വാസം തുറന്നു പ്രകടിപ്പിക്കുന്നവര്‍ ഉന്നയിക്കുന്ന വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ പ്രയോഗിക്കുന്ന സ്ഥിരം പൂഴിക്കടകന്‍ അടവേ ജോണിയുടെ കൈയിലുളളൂ. അത്തരം മറുപടികള്‍ പറയാനുളള ജോണിയുടെ ജനാധിപത്യഅവകാശം നാം അംഗീകരിക്കുക തന്നെ വേണം. അതംഗീകരിച്ചുകൊണ്ട്, ചര്‍ച്ച അതിനുമപ്പുറത്തേയ്ക്കു പോകേണ്ടതുണ്ട്.

ദീപക് കുമാര്‍ എന്ന കഥാപാത്രത്തെ ജോണി കൈകാര്യം ചെയ്തത് എങ്ങനെയെന്ന് മാതൃഭൂമിയുടെ താളുകള്‍ അടിസ്ഥാനമാക്കിയും നാം പരിശോധിക്കണം. അതിന്റെ പശ്ചാത്തലത്തിലാണ് മനോജിന്റെ ആരോപണം നിലനില്‍ക്കുന്നതാണോ അല്ലയോ എന്നു വിലയിരുത്തേണ്ടത്.

ദീപക് കുമാര്‍ എന്ന ദൃക്‌സാക്ഷി അവതരിച്ച വിവരം വിളംബരം ചെയ്തത് സാക്ഷാല്‍ ക്രൈം നന്ദകുമാറാണ്. കശ്മലന് നല്ല നമസ്‌കാരം എന്ന തലക്കെട്ടില്‍ 2010 ഏപ്രില്‍ 21ന് ക്രൈം ഓണ്‍ലൈന്‍ എന്ന വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയിലാണ് ഈ വരവിന്റെ ആദ്യസൂചനകളുളളത്. ആ വാര്‍ത്തയിലെ പ്രസ്തുത ഭാഗം ഇങ്ങനെയായിരുന്നു;

ദിലീപ്‌ രാഹുലനൊപ്പം എസ്‌എന്‍സി ലാവലിന്‍ കമ്പനിയില്‍ 15 വര്‍ഷം ജോലി ചെയ്‌ത ദീപക്‌ കുമാര്‍ എന്ന മലയാളിയെയും ചോദ്യം ചെയ്‌തിട്ടില്ല. പിണറായി വിജയനുമായി എസ്‌എന്‍സി ലാവലിന്‍ കമ്പനി നടത്തിയ എല്ലാ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ദീപക്‌ കുമാറിന്‌ നേരിട്ട്‌ അറിയാം എന്നുമാത്രമല്ല ചില സാമ്പത്തിക ഇടപാടില്‍ ദൃക്‌സാക്ഷിയുമാണ്‌. പിണറായി വിജയന്‍ പണം കൈപ്പറ്റുന്നതിന്‌ ഈ ദീപക്‌ കുമാര്‍ നേരിട്ട്‌ സാക്ഷിയാണ്‌. പിണറായി വിജയന്‍ ലാവലിന്‍ ഇടപാടില്‍ നടത്തിയ ക്രമക്കേടുകളെ സംബന്ധിച്ച തെളിവുകളും രേഖകളും ദീപക്‌ കുമാര്‍ 4 ദിവസം മുമ്പ്‌ സിബിഐ എസ്‌പി മുരുകേഷിന്‌ ചെന്നൈയില്‍ നല്‍കിയിട്ടുണ്ട്‌. ചെന്നൈ സെറ്റില്‍ഡ്‌ മലയാളി ആണ്‌ ദീപക്‌ കുമാര്‍. 60 പേജുകള്‍ ഉള്ള സത്യവാങ്‌മൂലവും 140 പേജുകള്‍ ഉള്ള മറ്റ്‌ രേഖകളുമാണ്‌ ദീപക്‌ കുമാര്‍ സിബിഐ എസ്‌പി മുരുകേഷിന്റെ മുന്നില്‍ ഹാജരാക്കിയിരിക്കുന്നത്‌. തന്റെ ജീവന്‍ അപകടത്തില്‍ ആണെന്നും സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട്‌ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്‌ ദീപക്‌ കുമാര്‍.
ഈ വിവരങ്ങള്‍ തന്നെയാണ് തിരിച്ചും മറിച്ചും മലയാളത്തിലെ മറ്റെല്ലാ മാധ്യമങ്ങളും ദീപക് കുമാറിനെ സംബന്ധിച്ച് എഴുതിപ്പിടിപ്പിച്ചത്. സാക്ഷാല്‍ കെ എ ജോണിക്കാണ് ഈ അവതാരപുരുഷനുമായി ആദ്യ അഭിമുഖം തരപ്പെട്ടത്. അതിന്റെ അടിസ്ഥാനത്തില്‍ 2010 ഏപ്രില്‍ 25ന് ലക്ഷ്യം പൊയ്മുഖങ്ങള്‍ തുറന്നു കാട്ടല്‍ എന്ന തലക്കെട്ടില്‍ ജോണിയുടെ ബൈലൈനില്‍ മാതൃഭൂമിയില്‍ വാര്‍ത്ത പ്രത്യക്ഷപ്പെട്ടു. ക്രൈം ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ട വിവരങ്ങള്‍ക്കു പുറമെ, ദീപക്കിന്റെ കുടുംബപുരാണം, അമ്മൂമ്മയുടെ ഭൂമിയിലെ എകെജി സെന്റര്‍ തുടങ്ങിയ പൈങ്കിളിവിവരണങ്ങളാണ് ഈ വാര്‍ത്തയിലുളളത്.

ദീപക് കുമാറിന്റെ വെളിപ്പെടുത്തലുകളും അയാളുടെ ന്യായങ്ങളുമെല്ലാം വാര്‍ത്ത തന്നെയാണ്. പക്ഷേ, അതിലുപരി ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന വെളിച്ചപ്പെടലാണ് ദീപക് കുമാറിന്റേത്..

ലാവലിന്‍ കേസ് മാധ്യമങ്ങളില്‍ കത്തിക്കാളിയ കാലത്തൊന്നും ദീപക് കുമാര്‍ എന്ന വേഷം എന്തുകൊണ്ട് കേരളത്തില്‍ അവതരിച്ചില്ല എന്നതാണ് അതിലേറ്റവും പ്രസക്തമായ ചോദ്യം. അതിനൊരു തൃപ്തികരമായ മറുപടി ഉണ്ടാകണം. സാക്ഷിപ്പട്ടിക വഴി ഈ ദേഹത്തെ കോടതിയിലേക്കു കെട്ടിയെടുത്താല്‍ വിചാരണ വേളയില്‍ ആദ്യം ഉയരുന്ന ചോദ്യം അതായിരിക്കും. അതിനൊരു മറുപടിയില്ലെങ്കില്‍ സാക്ഷിയുടെ കളളിപൊളിയും.

വിജിലന്‍സ് അന്വേഷണവും സിബിഐ അന്വേഷണവും കൊടുമ്പിരിക്കൊണ്ട കാലത്ത് പണം കൈമാറുന്നത് നേരില്‍ കണ്ട ദൃക്‌സാക്ഷി, ശീതനിദ്രയിലായിരുന്നു. സിഎജി റിപ്പോര്‍ട്ട്, വിജിലന്‍സ് - സിബിഐ അന്വേഷണങ്ങള്‍, മൊഴിയെടുപ്പ്, കുറ്റപത്രം സമര്‍പ്പിക്കല്‍ എന്നിങ്ങനെ ഓരോഘട്ടങ്ങളിലും ഈ കേസ് ഉയര്‍ത്തിപ്പിടിച്ച് കേരളത്തിലെ മാധ്യമങ്ങള്‍ വന്‍പ്രചരണ കോലാഹലങ്ങള്‍ സംഘടിപ്പിച്ചിരുന്നു. അപ്പോഴെല്ലാം അഴിമതിയ്ക്കെതിരെയുളള ധാര്‍മ്മികരോഷത്തിന് അവധി കൊടുത്ത് ദൃക്‌സാക്ഷി കുഭകര്‍ണാസനം പരിശീലിക്കുകയായിരുന്നു.

ഒട്ടേറെ വര്‍ഷങ്ങള്‍ നീണ്ട ദീപക് കുമാറിന്റെ നിശബ്ദത ദുരൂഹം തന്നെയാണ്. "അമ്മൂമ്മയുടെ തറവാട്ടുവളപ്പിലാണ് എകെജി സെന്റര്‍ നില്‍ക്കുന്നത്, പുരാതന കമ്മ്യൂണിസ്റ്റ് തറവാട്ടിലാണ് താന്‍ ജനിച്ചത്" തുടങ്ങിയ ചപ്പടാച്ചികള്‍ കൊണ്ട് ഈ നിശബ്ദത പൂരിപ്പിക്കാനാവില്ല. എന്തുകൊണ്ട് ഇയാള്‍ ഇതുവരെ ഇതൊന്നും പറഞ്ഞില്ല എന്ന സംശയം കെ എ ജോണി എന്ന മാതൃഭൂമി ലേഖകന് ഇതുവരെ ഉണ്ടായതായി അദ്ദേഹത്തിന്റെ ഒരുവാര്‍ത്തയിലും തെളിവില്ല. ''ആദര്‍ശം അടിത്തറയാക്കിയ ഒരു പ്രസ്ഥാനത്തിന്റെ നേതാക്കള്‍ ജനങ്ങളെയും സമൂഹത്തെയും വഞ്ചിക്കുമ്പോള്‍ അവരുടെ പൊയ്മുഖങ്ങള്‍ തുറന്നുകാട്ടേണ്ടതുണ്ട്''- ലാവലിന്‍ കേസില്‍ സി.ബി.ഐ.ക്ക് കൂടുതല്‍ രേഖകള്‍ കൈമാറിയ തിരുവനന്തപുരം സ്വദേശിയും ചെന്നൈയില്‍ വ്യവസായിയുമായ ദീപക് കുമാര്‍ 'മാതൃഭൂമി'യോട് പറഞ്ഞു".എന്നാണ് ഏപ്രില്‍ 25ന് കെ എ ജോണി മാതൃഭൂമിയില്‍ സാക്ഷ്യപ്പെടുത്തിയത്.

ഈ വാര്‍ത്തയിലെ മറ്റുചില വാചകങ്ങളുടെ ഘടന നോക്കുക....

ദിലീപ് രാഹുലന്‍, കൊല്ലം ടി.കെ.എം. എന്‍ജിനീയറിങ് കോളേജില്‍ പഠിക്കുമ്പോള്‍ മുതല്‍ ദീപകിനറിയാം. 
35 വര്‍ഷം നീണ്ട സുഹൃദ്ബന്ധമാണ് ഇവര്‍ തമ്മിലുള്ളത്. 
ശരിയായ ദിശയില്‍ അന്വേഷണം മുന്നേറിയാല്‍ ലാവലിന്‍ കേസിലെ പ്രതികള്‍ക്ക് ശിക്ഷ കിട്ടുമെന്നുറപ്പാണ്. അതിനുള്ള തെളിവുകള്‍ സി.ബി.ഐ.ക്ക് മുന്നിലുണ്ട്.
റബര്‍ അധിഷ്ഠിത വ്യവസായമേഖലയില്‍ ഇന്ത്യയിലെ തുടക്കക്കാരില്‍ പ്രമുഖനാണ് ദീപക്. 
അപദാനങ്ങള്‍ എണ്ണിപ്പറഞ്ഞ് ദീപക് കുമാറിനെ ജോണി വായനക്കാര്‍ക്കു പരിചയപ്പെടുത്തുകയാണ്. "പ്ലീസ് ഇയാളെ നിങ്ങളൊന്നു വിശ്വസിക്കൂ" എന്ന് മുട്ടിന്മേല്‍ നിന്ന് വായനക്കാരോടു കേഴുന്ന ജോണിയുടെ വാക്യങ്ങള്‍ക്ക് ഒരു മൂന്നാംകിട പിആര്‍ പത്രക്കുറിപ്പിന്റെ നിലവാരമേയുളളൂ. ദീപക്  കുമാറിന്റെയും അയാളെ കെട്ടിയെഴുന്നെളളിച്ച അശ്ലീലകുമാറിന്റെയും പിആര്‍ഒ മാത്രമാണ് കെ എ ജോണി എന്നതിന് ആദ്യത്തെ തെളിവാണ് മേലുദ്ധരിച്ച വാചകങ്ങള്‍.

2010 മെയ് 18ന് ജോണി വക മറ്റൊരു വാര്‍ത്ത. സിബിഐ സാഹചര്യത്തെളിവുകള്‍ ശേഖരിക്കുന്നു എന്ന് തലക്കെട്ട്. ആദ്യ ഖണ്ഡിക ഇങ്ങനെ.
എസ്.എന്‍.സി. ലാവലിന്‍ കേസില്‍ സാഹചര്യത്തെളിവുകള്‍ ശേഖരിക്കുന്നതിന് സി.ബി.ഐ. ശ്രമം തുടങ്ങിയതായറിയുന്നു. തിരുവനന്തപുരം സ്വദേശിയും ചെന്നൈയില്‍ വ്യവസായിയുമായ ദീപക് കുമാര്‍ നല്കിയ മൊഴിയുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് സി.ബി.ഐ. ഈ കേസില്‍ അന്വേഷണം പുതുവഴികളിലൂടെ കൊണ്ടുപോകുന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സി.ബി.ഐ. ഉദ്യോഗസ്ഥര്‍ ദീപക്കുമായി ബന്ധപ്പെട്ട് ചില സംഭവങ്ങളുടെ വിശദാംശങ്ങള്‍ തേടിയിരുന്നു. എസ്.എന്‍.സി. ലാവലിനും കെ.എസ്.ഇ.ബി.യും തമ്മിലുണ്ടാക്കിയ കരാറിനു പിറകില്‍ പ്രവര്‍ത്തിച്ച മുഖ്യവ്യക്തിയെന്ന് ആരോപിക്കപ്പെടുന്ന ദിലീപ്‌രാഹുലനും കേസിലെ പ്രതികളും തമ്മിലുള്ള അടുപ്പത്തിന്റെ നിര്‍ണായകവിവരങ്ങള്‍ ദീപക് സി.ബി.ഐ.ക്ക് നല്കിയതായാണ് വിവരം. 
ഈ വാര്‍ത്തയുടെ മൂന്നാം ഖണ്ഡികയിലാണ് ജോണിയുടെ പത്രപ്രവര്‍ത്തന പ്രാഗത്ഭ്യം സമ്പൂര്‍ണമായി വെളിപ്പെടുന്നത്.
ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയനേതാക്കള്‍ക്ക് ദിലീപ്‌രാഹുലന്‍ നേരിട്ടുതന്നെയാണ് പണം കൈമാറിയിരുന്നതെന്നും ദിലീപിന്റെ ദുബായിലുള്ള കമ്പനിയില്‍ ജോലിനോക്കുന്ന ഒരു സ്ത്രീയുടെ കൊല്ലത്തുള്ള വീട് കേന്ദ്രീകരിച്ചായിരുന്നു പല പണമിടപാടുകളും ആസൂത്രണം ചെയ്തിരുന്നതെന്നും സി.ബി.ഐ.ക്ക് വിവരം ലഭിച്ചിട്ടുണ്ട്.
ഇനി, 5—09-2009 ല്‍ ക്രൈം നന്ദകുമാര്‍ സിബിഐയ്ക്ക് അയച്ച കത്തിലെ അഞ്ചാം പോയിന്റ് കേള്‍ക്കുക...

5. Dileep Rahulan had paid a huge amount to Pinarayi Vijayan at various locations including Kannur in Kerala. He had used various NRI bank accounts to withdraw money. For instance; he had used the bank account of Beena Abraham, who is Dileep Rahulan's girl friend. They were classmates and are now working together in Dubai.
വെളളപ്പേപ്പറില്‍ ക്രൈം നന്ദകുമാര്‍ ഓരോരോ വെളിപാടുകള്‍ എഴുതി സിബിഐയുടെ വിലാസത്തില്‍ പോസ്റ്റു ചെയ്യുന്നു. ആ വിവരങ്ങള്‍ പകര്‍ത്തിയെഴുതി, "സിബിഐയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്" എന്ന ടിപ്പണി ചേര്‍ത്ത് കെ എ ജോണി മാതൃഭൂമിയില്‍ വിളമ്പുന്നു. ഇനി പറയൂ മനോജേ... ജോണി ആരുടെ പിആര്‍ഒയാണ്. ദീപക് കുമാറിന്റെയോ ക്രൈം നന്ദകുമാറിന്റെയോ..... രണ്ടും കുമാറാണെന്നുവെച്ച്, ക്രൈം നന്ദകുമാറിന്റെ പിആര്‍ഒയെ കയറി ദീപക് കുമാറിന്റെ പിആര്‍ഒ എന്നു വിളിക്കാമോ...

ദിലീപ് കുമാറിന്റെ പരാതി പരിശോധിക്കും - സിബിഐ എന്ന തലക്കെട്ടില്‍ 2010 ഏപ്രില്‍ 22ന് മാതൃഭൂമിയില്‍ വാര്‍ത്തയുണ്ട്. അതിലിങ്ങനെ പറയുന്നു;
ലാവലിന്‍ കരാറില്‍ പിണറായി വിജയന്‍ കോടികള്‍ കോഴ വാങ്ങുന്നത് താന്‍ നേരില്‍ കണ്ടിട്ടുണ്ടെന്നാണ് ദീപക് കുമാര്‍ സിബിഐയെ അറിയിച്ചിട്ടുള്ളത്. സിബിഐയുടെ ചെന്നൈ ഓഫീസില്‍ ഇതു സംബന്ധിച്ച് അദ്ദേഹം പരാതിയും തുടര്‍ന്ന് മൊഴിയും നല്‍കിയിട്ടുണ്ട്. ചില പരാതികള്‍ പൂര്‍ണമല്ല. മറ്റു ചില പരാതികള്‍ കേട്ടറിവിന്റെ രീതിയിലുള്ളതാണ്. എന്നാല്‍ കൂടുതല്‍ വ്യക്തതയുള്ള വിവരങ്ങള്‍ ലഭിച്ചാല്‍ അവ തീര്‍ച്ചയായും സിബിഐ അന്വേഷിക്കുമെന്ന് പ്രോസിക്യൂട്ടര്‍ ബോധിപ്പിച്ചു.. എന്നാണ് വാര്‍ത്ത പറയുന്നത്
 അതായത്, അപൂര്‍ണവും കേട്ടറിവുകളില്‍ നിന്നു രൂപപ്പെട്ടവയുമാണ് ദിലീപ് കുമാറിന്റെ പരാതികളെന്ന് സിബിഐ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ച വാര്‍ത്തയും മാതൃഭൂമി തന്നെയാണ് റിപ്പോര്‍ട്ടു ചെയ്തത്. പക്ഷേ, ജോണിയുടെ അഭിപ്രായം വേറെയാണ്. കേട്ടില്ലേ മനോജിനോടു പറഞ്ഞത്.
"My information is that deepak has divulged some critical information to the cbi team which is looking into the lavalin case"
അപൂര്‍ണവും കേട്ടറിവുകളെ അടിസ്ഥാനമാക്കിയുളളതെന്നും സിബിഐ അഭിഭാഷകന്‍. ജോണി പറയുന്നു, ക്രിട്ടിക്കല്‍ ഇന്‍ഫര്‍മേഷനെന്ന്. ആരുടെ പിആര്‍ഒയാണു സാര്‍ താങ്കള്‍...

വെളിവും വെളളിയാഴ്ചയുമില്ലാതെ വായില്‍ തോന്നിയത് വിളിച്ചുകൂവുന്ന ദീപക് കുമാറിനെ ഏഷ്യാനെറ്റും മനോരമ ന്യൂസും ഇന്ത്യാവിഷനും നവംബര്‍ 11ന് മലയാളികള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചു. ഒരു കൊലപാതകത്തെക്കുറിച്ചുളള വെളിപ്പെടുത്തലുമായാണ് ടിയാന്‍ ചാനലുകളില്‍ ഉറഞ്ഞു തുളളിയത്. കുത്തിക്കൊന്നാലോ കുടല്‍ മാല വലിച്ചു പുറത്തിട്ടാലോ കൊല്ലപ്പെട്ടതാരെന്നോ, കൊന്നതാരെന്നോ താന്‍ പറയില്ല എന്ന ജല്‍പനം കേട്ട് മലയാളി മൂക്കത്തു വിരല്‍ വെച്ചു.

ആ വാര്‍ത്ത മാതൃഭൂമി റിപ്പോര്‍ട്ടു ചെയ്തത് ഇതാ ഇവിടെയുണ്ട്.

ചാനല്‍ സ്റ്റുഡിയോയില്‍ ലൈവായി മുഴങ്ങിയ ലാവലിന്‍ കേസിലെ കൊലപാതക വെളിപ്പെടുത്തലും ഒരു പത്രപ്രവര്‍ത്തകന്റെയും അന്വേഷണ ത്വരയെ ഉത്തേജിപ്പിച്ചില്ല. കൊന്നതാരെന്ന് ആര്‍ക്കും അറിയേണ്ട.... കൊല്ലപ്പെട്ടതാരെന്ന് ആര്‍ക്കുമറിയേണ്ട... എന്തിനായിരുന്നു കൊലപാതകമെന്നും ആര്‍ക്കും അറിയേണ്ട...

ദീപക് കുമാറിനെ ഇഹത്തിലും പരത്തിലും ആദ്യമായി ഇന്റര്‍വ്യൂ ചെയ്ത് കെ എ ജോണി 2010 ഏപ്രില്‍ 25ന് മാതൃഭൂമിയില്‍ ഇങ്ങനെയെഴുതി...

കഴിഞ്ഞ ഏപ്രില്‍ ആദ്യമാണ് ദീപക് 60 പേജ് വരുന്ന രേഖകള്‍ സി.ബി.ഐ.ക്ക് കൈമാറിയത്. ശരിയായ ദിശയില്‍ അന്വേഷണം മുന്നേറിയാല്‍ ലാവലിന്‍ കേസിലെ പ്രതികള്‍ക്ക് ശിക്ഷ കിട്ടുമെന്നുറപ്പാണ്. അതിനുള്ള തെളിവുകള്‍ സി.ബി.ഐ.ക്ക് മുന്നിലുണ്ട്. 
ഈ അറുപതു പേജു രേഖയിലും മൊഴിയിലും എന്തേ കൊലപാതക വിവരം വെളിപ്പെടുത്തിയില്ല എന്ന് ദിലീപ് കുമാറിനോട് ആരും ചോദിച്ചില്ല.

സിബിഐ സാഹചര്യത്തെളിവുകള്‍ ശേഖരിക്കുന്നു എന്ന തലക്കെട്ടില്‍ കെ എ ജോണി മെയ് 18ന് എഴുതിയ വാര്‍ത്തയില്‍ പറയുന്നത്,
തിരുവനന്തപുരം സ്വദേശിയും ചെന്നൈയില്‍ വ്യവസായിയുമായ ദീപക് കുമാര്‍ നല്കിയ മൊഴിയുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് സി.ബി.ഐ. ഈ കേസില്‍ അന്വേഷണം പുതുവഴികളിലൂടെ കൊണ്ടുപോകുന്നത്.
ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സി.ബി.ഐ. ഉദ്യോഗസ്ഥര്‍ ദീപക്കുമായി ബന്ധപ്പെട്ട് ചില സംഭവങ്ങളുടെ വിശദാംശങ്ങള്‍ തേടിയിരുന്നു. എസ്.എന്‍.സി. ലാവലിനും കെ.എസ്.ഇ.ബി.യും തമ്മിലുണ്ടാക്കിയ കരാറിനു പിറകില്‍ പ്രവര്‍ത്തിച്ച മുഖ്യവ്യക്തിയെന്ന് ആരോപിക്കപ്പെടുന്ന ദിലീപ്‌രാഹുലനും കേസിലെ പ്രതികളും തമ്മിലുള്ള അടുപ്പത്തിന്റെ നിര്‍ണായകവിവരങ്ങള്‍ ദീപക് സി.ബി.ഐ.ക്ക് നല്കിയതായാണ് വിവരംഎന്നാണ്. അവിടെയുമില്ല കൊലപാതകത്തെക്കുറിച്ചുളള വെളിപ്പെടുത്തല്‍.
ചാനല്‍ സ്റ്റുഡിയോകളില്‍ ആടിയ ഓട്ടന്‍ തുളളല്‍ കഴിഞ്ഞപ്പോള്‍ കെ എ ജോണി വീണ്ടും ദീപക് കുമാറിനെ അഭിമുഖം നടത്തി വാര്‍ത്തയെഴുതി. നവംബര്‍ 13ന് മാതൃഭൂമിയില്‍ വാര്‍ത്ത പ്രത്യക്ഷപ്പെട്ട വാര്‍ത്തയുണ്ടല്ലോ... അതാണ് വാര്‍ത്ത... വാര്‍ത്തയില്‍ ദിലീപ് രാഹുലനും ദീപക് കുമാറും ഒരുമിച്ചു നില്‍ക്കുന്ന ഒരു ബ്ലാക്ക് ആന്റ് വൈറ്റ്  ചിത്രം. ആ ചിത്രം കാതില്‍ചേര്‍ത്തുവെച്ചാല്‍... "ഓര്‍മ്മകളേ കൈവള ചാര്‍ത്തി വരൂ വിമൂകമീ വേദിയില്‍" എന്ന ശോകാര്‍ദ്രഗാനം കേള്‍ക്കാം. വാര്‍ത്തയുടെ തലക്കെട്ട്, കോഴപ്പണം നല്കാന്‍ ദിലീപ് രാഹുലന്‍ പണമെടുത്തതിന് തെളിവുണ്ടെന്ന് ദീപക് കുമാര്‍

സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങള്‍ കൈമാറിയെന്നും കനാറാ ബാങ്കില്‍ നിന്ന് പണമെടുക്കുന്നതു കണ്ടുവെന്നും കണ്ണൂരിലെ ദീപക് കുമാര്‍ ജോണിയോടു പറഞ്ഞു.

പക്ഷേ, ഇയാള്‍ വെളിപ്പെടുത്തിയ കൊലപാതകത്തെക്കുറിച്ച് എന്തെങ്കിലും ജോണി ചോദിച്ചെന്നോ സാക്ഷി മറുപടി പറഞ്ഞെന്നോ ഈ വാര്‍ത്തയിലില്ല.

ഇതെന്തു പത്രപ്രവര്‍ത്തനമാണ് ജോണി സാര്‍. വിധിയറിയാന്‍ കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന കേസ്. പ്രതിപ്പട്ടികയില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ മെമ്പറുമായ സാക്ഷാല്‍ പിണറായി വിജയന്‍. തെളിവെടുപ്പിന്റെ ഘട്ടത്തില്‍ അതാ പൊട്ടിവീഴുന്നു, ഒരുകൊലപാതകത്തെക്കുറിച്ചുളള വെളിപ്പെടുത്തല്‍. ഈ വെളിപ്പെടുത്തല്‍ നടത്തിയ ആളിനെ ഇന്റര്‍വ്യൂവിനു കിട്ടിയാല്‍ തമ്പാനൂര്‍ ബസ്റ്റാന്‍ഡില്‍ അലഞ്ഞുതിരിയുന്ന തെരുവുനായ പോലും തനിക്കറിയാവുന്ന ഭാഷയില്‍ ആദ്യം ചോദിക്കുന്നത് ആ കൊലപാതകത്തെക്കുറിച്ചായിരിക്കും. കുത്തിക്കുത്തിച്ചോദിച്ച് എന്തെങ്കിലും വിവരം ചോര്‍ത്തി സ്വന്തം ബൈലൈനില്‍ എക്‌സ്‌ക്ലൂസീവ് കാച്ചാനുളള മോഹത്തിന് ട്രെയിനിയെന്നോ ആസനത്തില്‍ ആലുകിളിച്ചവന്‍ എന്നോ ഭേദമില്ല. പക്ഷേ, അപൂര്‍വ ചേരുവകള്‍ ചേരുംപടി ചേര്‍ത്ത് ക്രൈം നന്ദകുമാറും വീരേന്ദ്രകുമാറും സൃഷ്ടിച്ചെടുത്ത കെ എ ജോണിയ്ക്കു മാത്രം അത്തരം പത്രപ്രവര്‍ത്തനരീതിയില്‍ യാതൊരു താല്‍പര്യവുമില്ല. ലാവലിന്‍ കേസില്‍ കത്തിക്കുത്തോ കൊലപാതകമോ നടന്നോട്ടെ, നമ്മുടെ ലക്ഷ്യം ഒന്നുമാത്രം.. നടേ ഉദ്ധരിച്ച ഇംഗ്ലീഷ് ഡയലോഗുകള്‍ തപ്പിയാല്‍ ഇങ്ങനെയൊരു വാചകം കിട്ടും.... which i think would contribute in some way or other in cleansing the public sphere in kerala.

പ്രസ്തുത മെയില്‍ ഗ്രൂപ്പില്‍ ജോണിയുടേതായി പ്രത്യക്ഷപ്പെട്ട അവസാന വാചകങ്ങള്‍ ഇങ്ങനെയാണ്...

I have no intention to be indoctrinated in journalism by the desabhimani school. As far as the lavalin case is concerned let us wait and see the outcome.

ജേണലിസത്തിന്റെ മാതൃഭൂമി സ്‌ക്കൂളില്‍ നിന്ന് ഒന്നാം റാങ്കില്‍ പഠിച്ചിറങ്ങിയ മിടുക്കനാണ് ജോണി സാര്‍. അദ്ദേഹത്തിനു ചേരുന്ന വിശേഷണം ക്രൈം നന്ദകുമാറിന്റെയോ ദിലീപ് കുമാറിന്റെയോ പിആര്‍ഒ എന്നല്ല. ചെന്നൈയിലെ ശേഖരന്‍ നായര്‍ എന്നാണ്. ജോണിസാറിനോട് ഒരെളിയ അഭ്യര്‍ത്ഥനയുണ്ട്. ഓഫീസിലെവിടെയെങ്കിലും പഴയ ലക്കങ്ങളുണ്ടെങ്കില്‍, 2007 സെപ്തംബര്‍ 13ന്റെ മാതൃഭൂമി തപ്പിയെടുക്കുക. അതില്‍ ലാവലിന്‍ കരാറിന് സമ്മതിപ്പിക്കാന്‍ രാജഗോപാലിന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന തലക്കെട്ടില്‍ ശേഖരന്‍ നായര്‍ വക ഏഴുകോളം നീളത്തില്‍ ഒരു സൃഷ്ടിയുണ്ട്. സിബിഐ അറിയുന്നു, സിബിഐയ്ക്ക് വിവരം ലഭിച്ചു, സിബിഐ പ്രതീക്ഷിക്കുന്നു, തുടങ്ങിയ പ്രയോഗങ്ങളില്‍ അവസാനിക്കുന്ന വാചകങ്ങളാണ് ആ വാര്‍ത്തയിലെമ്പാടും. വാര്‍ത്തയെഴുത്തിലും ഉപജാപത്തിലും ഗുരുവിനെ കടത്തിവെട്ടാന്‍ താങ്കള്‍ക്കു കഴിയട്ടെയെന്ന് ക്രൈം നന്ദകുമാറിന്റെ നാമത്തില്‍ സര്‍വേശ്വരനായ വീരേന്ദ്രകുമാറിനോടു പ്രാര്‍ത്ഥിക്കുന്നു.

ലാവലിന്‍ കേസിന്റെ അവസാനമാകുമ്പോഴും ഇവിടെയൊക്കെത്തന്നെ കാണണേ....

പിണറായി വിജയനോട് ഒരുവാക്ക്.... ജോണിയെഴുതുന്ന വാര്‍ത്തകള്‍ നിഷേധിച്ചില്ലെങ്കിലുണ്ടല്ലോ..... പിന്നെ ഒരു രക്ഷയുമില്ല.. എല്ലാം സത്യമാണെന്ന് ഈരേഴു പതിനാലുലകങ്ങളും വിധിയെഴുതിക്കളയും... .

പിന്നൊന്നും പറഞ്ഞിട്ടു കാര്യമില്ല...

Wednesday, November 3, 2010

മനോരമയുടെ ലോട്ടറി...

സര്‍ക്കാരിനെതിരെ  ഉപയോഗിക്കാന്‍ കിട്ടുന്നതെന്തും ‘ലോട്ടറി’യായി കരുതുന്ന ‘മനോരമ’യുടെ‘ഭാഗ്യാന്വേഷണ’വഴികള്‍...
മേഘ ഡിസ്ട്രിബ്യൂട്ടേഴ്സിനെതിരെയും മാര്‍ട്ടിനും കെന്നഡിക്കും എതിരെയും കേസെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു എന്ന ‘ബോക്സ്  വാര്‍ത്ത’യുമായാണ് ‘മനോരമ’ ഒക്ടോബര്‍ 31ന് ഇറങ്ങിയത്. കേസെടുക്കാന്‍ കഴിയില്ല എന്ന ധനവകുപ്പിന്റെയും മന്ത്രി ഐസക്കിന്റെയും നിലപാട് പൊളിക്കുന്നതാണ് മുഖ്യമന്ത്രിയുടെ നീക്കം എന്നും ‘മനോരമ’ക്കാരന്‍ എഴുതി.
(വാര്‍ത്തയുടെ പ്രസക്ത ഭാഗം) 


അടിച്ചല്ലോ ലോട്ടറി...!
വാര്‍ത്ത വന്നപാടെ ചാണ്ടിച്ചായന്‍ ചാടി വീണു... മാര്‍ട്ടിനെതിരെ മാത്രമല്ല, ഐസക്കിനെതിരെയും നടപടി വേണമെന്ന്...


എന്നാല്‍  അതേ ‘മനോരമ‘യുടെ നവംബര്‍ ഒന്നാംതീയതിയിലെ ’ഫ്ലാഷ് ന്യൂസ്‘  ഇതാ...


ഭൂട്ടാന്‍ ലോട്ടറിയുമായുള്ള കരാറുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ വ്യാജരേഖ ഹാജരാക്കിയതിന്റെ അടിസ്ഥാ‍നത്തിലാണ് കേസെടുക്കാന്‍ നിര്‍ദേശിച്ചതെന്ന്  ‘വെളിപാടു’ണ്ടായിരിക്കുന്നൂ..!
കേസെടുക്കാന്‍ ആധാരമായ വ്യാജരേഖാസമര്‍പ്പണം നടന്നിട്ട് നാലരക്കൊല്ലം പോയിട്ട് നാലാഴ്ച പോലും ആയില്ല എന്നിരിക്കെ ‘നാലര വര്‍ഷമായി തോമസ് ഐസക്  ഉന്നയിക്കുന്ന വാദം പൊളിച്ചുകൊണ്ടാണ്‘ വി എസ്സിന്റെ നീക്കം എന്ന് “വിശകലിച്ച”തും ചാണ്ടിച്ചായന്‍ അതില്‍ കയറി പിടിച്ചതും  വില്‍ക്കാത്ത ലോട്ടറിക്ക് സമ്മാനം പ്രഖ്യാപിച്ചതു പോലെയായിപ്പോയി!

അവലംബം - വിജി പിണറായിയുടെ ബസ്

http://www.google.com/buzz/VijiPinarayi/VNyX9kApzmF/%E0%B4%AE%E0%B4%A8-%E0%B4%B0%E0%B4%AE-%E0%B4%AF-%E0%B4%95-%E0%B4%95-%E0%B4%B2-%E0%B4%9F-%E0%B4%9F%E0%B4%B1

ആരാണു ജനങ്ങളെ മണ്ടന്മാരാക്കുന്നത്?

സദാ കള്ളംപറയുന്ന മാധ്യമങ്ങളെ തിരുത്താനെത്തിയവരാണ് കൌണ്ടര്‍മീഡിയ.ഇന്‍ എന്നാണ് ഖ്യാതി. പത്രമാധ്യമങ്ങളില്‍ പണികിട്ടാത്തവരും കിട്ടിയ ശേഷം 'പണി' കിട്ടിയവരുമായ 'വാര്‍ത്തറപ്പായി'മാരാണ് ഇവിടെ ഒഴിവുസമയവിനോദമെന്ന നിലയില്‍ മാധ്യമവിചാരം ചെയ്യുന്നത്. തങ്ങള്‍ എതിര്‍ക്കുന്നതായി അവകാശപ്പെടുന്ന അതേ അധമ മാധ്യമസംസ്കാരത്തെ പിന്‍പറ്റിക്കൊണ്ടും ഏറെക്കുറെ സ്വാംശീകരിച്ചുകൊണ്ടുമാണ് ഇവര്‍ വാര്‍ത്ത ആഹരിക്കുകയും വിരേചിക്കുകയും ചെയ്യുന്നത്. ഡേറ്റയില്ലാതെ വാര്‍ത്തയെഴുതുക, വാര്‍ത്തയെന്ന ലേബലില്‍ കഥയെഴുതുക, കഥ നിലനിര്‍ത്താന്‍ കൃത്രിമമായി ഡേറ്റ സൃഷ്ടിക്കുക, ലഭ്യമായ ഡേറ്റ വളച്ചൊടിക്കുക തുടങ്ങിയ പണികളാണ് പത്രങ്ങള്‍ ചെയ്യുന്നതെന്നാണ് ഇവരുടെ അഭിപ്രായം. അതേ പണിതന്നെയാണ് തങ്ങളും ചെയ്യുന്നതെന്ന് മാത്രം ഇവര്‍ സമ്മതിച്ചുതരില്ല. അര്‍ദ്ധസത്യങ്ങളും അസത്യങ്ങളും ചാലിച്ച് ലേഖനങ്ങളെഴുതുകയും അത് പലയിടങ്ങളിലും പകര്‍ത്തിയൊട്ടിച്ച് സായൂജ്യമടയുകയുമാണ് സാര്‍ത്ഥവാഹകസംഘം.

"ദേശാഭിമാനീ, സഖാക്കളെ മണ്ടന്മാരാക്കല്ലേ..." എന്ന തലക്കെട്ടില്‍ സുദീപ് കെഎസ് എഴുതിയ ലേഖനമാണ് സിന്‍ഡിക്കേറ്റ് മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള ഇവരുടെ ഗംഭീരന്‍ ചുവടുവയ്പ്പ്. എസ്ഡിപിഐ, ബിജെപി എന്നീ വര്‍ഗ്ഗീയകക്ഷികള്‍ക്ക് ഇക്കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞത് സിപിഎമ്മിന്റെ സഹായത്താലാണെന്ന് വായിക്കുന്നവര്‍ക്കു തോന്നണം എന്ന ലക്ഷ്യത്തോടെയാണ് ലേഖനം എഴുതിയിരിക്കുന്നത്. ഇത്തരം സജസ്റ്റീവ് വാര്‍ത്തകളെ ലീഡാക്കിയാണ് മംഗളം മുതല്‍ മനോരമ വരെ പിടിച്ചുനില്‍ക്കുന്നതെന്ന് പുരപ്പുറത്തുകയറി വിളിച്ചുകൂവുന്ന ഇവര്‍ തന്നെവേണം ഇങ്ങനെ ചെയ്യാന്‍!

എസ്ഡിപിഐക്കും ബിജെപിക്കും മാത്രമല്ല, യുഡിഎഫിനും സിപിഎം വോട്ടുമറിച്ചുവെന്നും സുദീപ് ദിവാസ്വപ്നം കാണുന്നു. സുദീപിന്റെ താപ്പുപയോഗിച്ച് മരംകയറാന്‍ പരിശീലിക്കുന്ന നിഷ്പക്ഷമതികളെ മുട്ടിയിട്ട് ബ്ലോഗിലും ബസിലും ഫേസ്ബുക്കിലും ഓര്‍ക്കുട്ടിലുമൊന്നും വേറെയൊന്നും വായിക്കാന്‍ കിട്ടാത്ത അവസ്ഥ.

പറയുന്നതില്‍ കാര്യമുണ്ടെന്ന് തോന്നിക്കുന്ന തരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ചില വാര്‍ഡുകളിലെയും ബ്ലോക്കുകളിലെയും കണക്കുകള്‍ ഉദ്ധരിച്ച് ഇവിടെയൊക്കെ സിപിഎമ്മും ഇടതുമുന്നണിയും മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു എന്നു പറഞ്ഞുകൊണ്ടാണ് ഈ പ്രചരണം. മതത്തിനു രാഷ്ട്രീയത്തില്‍ ഇടപെടാമെന്നും അതവരുടെ ദൈവശാസ്ത്രപരമായ അവകാശമാണെന്നുമൊക്കെയുള്ള യുഡിഎഫ് വായ്‌ത്താരിയോ, ആരുടെയും വോട്ട് വേണ്ടെന്ന് ഞങ്ങള്‍ പറയില്ല എന്ന വിശാലാര്‍ത്ഥത്തിലുള്ള പ്രസ്താവനകളോ, വല്ലച്ചിറയിലും, പുത്തിഗൈയിലും, കണ്ണാടിയിലും, പുതുശ്ശേരിയിലും, ഇടുക്കിയിലെ ചില ഭാഗങ്ങളിലും ഒക്കെ നടന്നതും കേരളത്തിലെ പല വാര്‍ഡുകളിലും ആവര്‍ത്തിച്ചതും ആയ കോലീബീപി പരീക്ഷണങ്ങളെപ്പറ്റിയോ, ആപ്പിള്‍-മാങ്ങ ഫലിതങ്ങളെപ്പറ്റിയോ, പൌരമുന്നണി ഇടപാടുകളെപ്പറ്റിയോ ഒന്നും ഈ ലേഖനം ഒന്നും പറയുന്നില്ല. ഓരോ കക്ഷിയോടും ഇടതുപക്ഷവും വലതുപക്ഷവും എടുത്തിട്ടുള്ള നിലപാടുകളെപ്പറ്റിയും ഇതിനൊന്നും പറയാനില്ല. ആകെ ഉള്ളത് ചില കണക്കുകളും അതിന്റെ അടിസ്ഥാനത്തിലുള്ള വിഷലിപ്തമായ സൂചനകളും മാത്രം.

കേരളത്തില്‍ അങ്ങോളമിങ്ങോളം ബിജെപി, എസ്ഡിപിഐ (പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയപാര്‍ട്ടി) എന്നീ കക്ഷികളുമായി യുഡിഎഫ് ഒളിഞ്ഞും തെളിഞ്ഞുമുണ്ടാക്കിയ അപകടകരമായ സഖ്യങ്ങളും ഒത്തുകളികളും തെരഞ്ഞെടുപ്പിനു ശേഷമുള്ള വിശദമായ വിശകലനത്തില്‍ കൂടുതല്‍ വ്യക്തമാകും എന്നറിയാവുന്നവര്‍ ഒരു പ്രീഎം‌പ്റ്റീവ് സ്ട്രൈക്ക് എന്ന നിലയിലാണ് ചെറി പിക്ക് ചെയ്ത ഈ കണക്കുകള്‍ പുറത്ത് വിട്ടിട്ടുള്ളത് എന്ന് സംശയം തോന്നിപ്പിക്കുംവിധമാണ് തെരഞ്ഞെടുപ്പ് ഫലം വന്നതിന്റെ പിറ്റേന്ന് മുതല്‍ തന്നെ ഇത് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്. ഇങ്ങനെ പ്രചരിപ്പിക്കപ്പെടുന്ന വാര്‍ഡുകളിലെയും ബ്ലോക്കുകളിലെയും പഴയകാല ചരിത്രം പരിശോധിക്കുന്നതിലൂടെ ഈ പ്രചരണത്തിന്റെ പൊള്ളത്തരം വെളിവാകുന്നുണ്ട്. ഇടതുപക്ഷത്തിനു തദ്ദേശതെരഞ്ഞെടുപ്പില്‍ ഏറ്റവും മികച്ച വിജയം ലഭിച്ച 2005ല്‍ ഈ ലേഖനത്തില്‍ പറയുന്ന ഇടങ്ങളില്‍ ലഭിച്ച വോട്ടും ആരൊക്കെയായിരുന്നു അന്ന് മത്സരിച്ചിരുന്നത്, അവരില്‍ ചിലര്‍ ഇന്ന് ഏത് പക്ഷത്താണ് എന്നൊക്കെ പരിശോധിക്കാം.

൧. ബിജെപി ജയിച്ച വാര്‍ഡുകള്‍

പാലക്കാട് ജില്ല

പാലക്കാട്ടെ പട്ടിക്കര, ശ്രീരാമപാളയം, വടക്കന്തറ, വടക്കന്തറ ഈസ്റ്റ്‌ , മേലാമുറി എന്നിവിടങ്ങളിലെ കണക്ക് നോക്കാം. ബി.ജെ.പിക്ക് വേണ്ടി ഇടതുപക്ഷം വോട്ടുമറിച്ചു എന്ന് ആരോപിക്കപ്പെടുന്ന ഇടങ്ങള്‍.

പട്ടിക്കര 

ഇടതുപക്ഷത്തിന് തീരെ സ്വാധീനമില്ലാത്ത ഇവിടെ നിന്ന് കഴിഞ്ഞ തവണയും ജയിച്ചത് ബിജെപി തന്നെയായിരുന്നു. ഇടതുമുന്നണിക്ക് വേണ്ടി കഴിഞ്ഞ തവണ ഈ വാര്‍ഡില്‍ മത്സരിച്ചത് ഡിഐസി ആയിരുന്നു. ഡിഐസി ഇത്തവണ നില്‍ക്കുന്നത് യുഡിഎഫ് പക്ഷത്താണ്. സ്വാഭാവികമായും ഇടതുപക്ഷത്തിനു ഇന്നത്തെ നിലയില്‍ വോട്ട് കുറയുമെന്നത് പ്രത്യേകിച്ച് എടുത്ത് പറയേണ്ടതില്ല.

ശ്രീരാമപാളയം

കഴിഞ്ഞ തവണ ബിജെപി ജയിച്ച വാര്‍ഡ്. ഇടതുപക്ഷത്തിനു സ്ഥാനാര്‍ത്ഥി ഇല്ലായിരുന്നു. കഴിഞ്ഞ തവണ 900 വോട്ട് നേടിയ ബിജെപി ഇത്തവണ 600ല്പരം വോട്ടുകളില്‍ ഒതുങ്ങി. കഴിഞ്ഞ തവണത്തേക്കാള്‍ 300 വോട്ട് ബിജെപിക്ക് കുറഞ്ഞ ഇവിടെയും വോട്ട് മറിച്ചെന്ന് പറയണമെങ്കില്‍ സാമാന്യത്തില്‍ കുറഞ്ഞ വിവരദോഷം വേണ്ടിവരും.

വടക്കന്തറ

കഴിഞ്ഞ തവണയും ബിജെപി ജയിച്ച വാര്‍ഡ്. ഇത്തവണയും ബിജെപി തന്നെ ജയിച്ചിരിക്കുന്നു. കഴിഞ്ഞ തവണയും ഇത്തവണയും യുഡിഎഫിനും വളരെ കുറഞ്ഞ വോട്ടുകള്‍ മാത്രം.

വടക്കന്തറ ഈസ്റ്റ്

കഴിഞ്ഞ തവണയും ബിജെപി ജയിച്ചിരുന്ന വാര്‍ഡ്. ഇത്തവണ അവര്‍ക്ക് 56 വോട്ട് ഇവിടെ കുറഞ്ഞിട്ടുണ്ട്.

മേലാമുറി

കഴിഞ്ഞ തവണയും ബിജെപി വന്‍ ഭൂരിപക്ഷത്തിനു ജയിച്ച വാര്‍ഡ്. സ്വതന്ത്രന്മാരായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥികള്‍. കോണ്‍ഗ്രസിനാണ് ഈ മണ്ഡലത്തില്‍ വോട്ട് കൂടി എന്നു പറയാവുന്നത്. അതും ബിജെപിക്ക് ഇടതുപക്ഷം വോട്ട് മറിച്ചതിനാല്‍ ആയിരിക്കുമോ?

ഇനി പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലേക്ക് വരാം

ശ്രീരാമകൃഷ്ണാശ്രമം

എല്‍ഡിഎഫ് ജയിച്ചിരുന്ന മണ്ഡലം. കഴിഞ്ഞ തവണ ബിജെപി നേടിയത് 216 ഉം ഇത്തവണ 269 ഉം വോട്ടുകള്‍. കോണ്‍ഗ്രസ് 58ല്‍ നിന്ന് 234ലേക്ക് എത്തിയിരിക്കുന്നു. ഡിഐസിക്കും കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിനും സ്വാധീനമുള്ള മേഖല. അവര്‍ ഇപ്പോള്‍ യുഡിഎഫില്‍.

ശ്രീവല്ലഭ

കഴിഞ്ഞ തവണയും ബിജെപി വന്‍ ഭൂരിപക്ഷത്തിനു ജയിച്ച വാര്‍ഡ്. ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥിയും ഒരു സ്വതന്ത്രനും മാത്രം മത്സരരംഗത്ത്. ആര്‍എസ്എസിന്റെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന വാര്‍ഡാണിത്.

മതില്‍ഭാഗം

ബിജെപി നല്ല ഭൂരിപക്ഷത്തില്‍ കഴിഞ്ഞ തവണ ജയിച്ച മറ്റൊരു വാര്‍ഡ്. ഇത്തവണ അവര്‍ക്ക് 41 വോട്ട് കുറഞ്ഞപ്പോള്‍ യുഡിഎഫിനു 154 വോട്ട് കൂടി. ഇടതുപക്ഷത്തിനു കൂട്ടത്തിലെ കക്ഷികള്‍ വിട്ടുപോയിട്ടും കുറഞ്ഞത് 66 വോട്ട് മാത്രം. ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ ഒന്ന്.

അഴിയിടത്ത് ചിറ

കഴിഞ്ഞ തവണ ഇടതുപക്ഷം 3 വോട്ടിനു ജയിച്ച വാര്‍ഡ്. കോണ്‍ഗ്രസിനു കഴിഞ്ഞ തവണ സ്ഥാനാര്‍ത്ഥി ഇല്ലായിരുന്നു. അത്തവണ നിന്ന സ്വതന്ത്രന്‍ പിടിച്ച 90 വോട്ട് യുഡിഎഫിന്റേതാണെങ്കില്‍ ഇത്തവണ ഇവിടെ അവര്‍ക്ക് 210 വോട്ട് കിട്ടിയിട്ടുണ്ട്. ഇടതുപക്ഷമുന്നണിയില്‍ നിന്ന് യുഡിഎഫിലേക്ക് ഡിഐസി വന്നതിന്റെ ഇഫക്ട്. ഇടതുപക്ഷത്തിനു കുറഞ്ഞത് ഡിഐസി മുഖേനയും മറ്റും യുഡിഎഫിനു ലഭിച്ച വോട്ടുകള്‍.

പത്തനംതിട്ടയിലേക്ക് വരാം

കൊടുംതറ

കഴിഞ്ഞ തവണ യുഡിഎഫ് ജയിച്ച മണ്ഡലം. ഇത്തവണ ബിജെപി. കഴിഞ്ഞ തവണ 167 വോട്ട് പിടിച്ച സ്വതന്ത്രന്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി കണക്കാക്കിയാല്‍ ഇടതുപക്ഷത്തിനു വോട്ട് നഷ്ടം 30നടുത്ത്. അല്ലെങ്കില്‍ ഇടത് സ്വതന്ത്രന്‍ ഇത്തവണ 132 വോട്ട് നേടിയിരിക്കുന്നു. ബിജെപിക്ക് കൂടിയത് ഏതാണ്ട് 190നടുത്ത് വോട്ട്. ഇടതുപക്ഷത്തു നിന്നല്ല ഈ വോട്ടെന്ന് വ്യക്തം.

അഴൂര്‍

കഴിഞ്ഞ തവണ വന്‍ ഭൂരിപക്ഷത്തോടെ യുഡിഎഫ് ജയിച്ച വാര്‍ഡ്. ഇത്തവണ അവര്‍ക്ക് വന്ന നഷ്ടം 266 വോട്ടുകള്‍. ബിജെപിക്ക് നേട്ടം 181 വോട്ടുകള്‍. ഇടതുപക്ഷത്തിനു 115 വോട്ടുകള്‍ കുറഞ്ഞു. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് മൊത്തം പോള്‍ ചെയ്ത വോട്ടുകളില്‍ ഇത്തവണ കുറവ് കാണുന്ന ഒരു വാര്‍ഡ്.

കാസര്‍കോട് ജില്ലയിലെ കണക്കൊന്ന് നോക്കാം

കുമ്പള ബ്ലോക്ക്

കഴിഞ്ഞ തവണ യുഡിഎഫ് ആയിരത്തില്പരം വോട്ടുകള്‍ക്ക് ജയിച്ച ഇവിടെ ഇത്തവണ ബിജെപി ജയിച്ചു. യുഡിഎഫിനു കുറവ് വന്ന വോട്ട് 1200നടുത്ത്. ബിജെപി നേടിയത് 1400 വോട്ടിനടുത്ത്. ഇടതുപക്ഷത്തിനു കുറവ് വന്ന വോട്ട് ഏതാണ്ട് 400നടുത്ത്. ഡിഐസിക്ക് സ്വാധീനമുള്ള പ്രദേശമാണിതെന്ന് സമീപപ്രദേശങ്ങളില്‍ കഴിഞ്ഞ തവണത്തെ സ്ഥാനാര്‍ത്ഥിവിന്യാസം പരിശോധിച്ചാല്‍ വ്യക്തമാകുന്നുണ്ട്.

നീര്‍ച്ചാല്‍

കഴിഞ്ഞ തവണയും ബിജെപി തന്നെ ജയിച്ചിരുന്ന സ്ഥലം. ഇത്തവണ അവര്‍ക്ക് 413 വോട്ട് കുറഞ്ഞു. കോണ്‍ഗ്രസിനു നിസ്സാരമായ കുറവ് വന്ന ഇടം. പക്ഷേ, കഴിഞ്ഞ തവണ ഡിഐസി സ്ഥാനാര്‍ത്ഥിയായിരുന്നു ഇടതുപക്ഷത്തു നിന്ന് ഇവിടെ മത്സരിച്ചിരുന്നത്. ഏതാണ്ട് 500 വോട്ട് കുറഞ്ഞു ഡിഐസി പോയ ഇടതുപക്ഷത്തിന്. ആ വോട്ടത്രയും യുഡിഎഫ് പെട്ടിയില്‍ വീണിട്ടുമില്ല. എല്ലാവര്‍ക്കും വോട്ട് കുറഞ്ഞ ഈ ബ്ലോക്കിന്റെ കണക്കും ഇടതുപക്ഷം വോട്ടുമറിച്ചു എന്നതിനു തെളിവായി ഉയര്‍ത്തിക്കാട്ടുന്ന വിദ്യ ഗംഭീരം തന്നെ അല്ലേ?

രാംദാസ് നഗര്‍

കഴിഞ്ഞ തവണ ബിജെപി ഏതാണ്ട് 4800 വോട്ടുകള്‍ക്ക് ജയിച്ച ഇടം. ഇത്തവണയും അവര്‍ അത്ര തന്നെ വോട്ടുകള്‍ക്ക് ജയിച്ചിരിക്കുന്നു. കഴിഞ്ഞ തവണയും ഇടതുപക്ഷം മൂന്നാം സ്ഥാനത്തു തന്നെ ആയിരുന്നു. എല്ലാവര്‍ക്കും വോട്ട് കുറഞ്ഞ മറ്റൊരു ഇടം. ഇതും ഇടതുപക്ഷത്തിനെതിരായ പ്രചരണത്തിനുപയോഗിക്കപ്പെടുന്നു.

ഒളിയതടുക്ക

കഴിഞ്ഞ തവണ ഏതാണ്ട് 1000 വോട്ടുകള്‍ക്ക് ബിജെപി ജയിച്ച സ്ഥലം. ഇടതുപക്ഷം മൂന്നാം സ്ഥാനത്തായിരുന്നു. ഇത്തവണ ബിജെപി 168 വോട്ടുകള്‍ക്ക് വിജയിച്ചു. ഇടതുപക്ഷം ഇത്തവണയും മൂന്നാം സ്ഥാനത്ത് തന്നെ.

കാസര്‍കോട് ജില്ലാപഞ്ചായത്ത്

കാസര്‍കോട് ജില്ലാ പഞ്ചായത്തില്‍ ലഭിച്ച വോട്ട് നോക്കാം എന്ന പേരില്‍ അവര്‍ കൊടുത്തിരിക്കുന്ന ഡാറ്റയില്‍ കാര്യങ്ങള്‍ വ്യക്തമല്ല. ഒരു പക്ഷെ എത്രയും പെട്ടെന്ന് പുറത്തിറക്കേണ്ടതിന്റെ തിരക്കില്‍ വസ്തുതാപരമായ കാര്യങ്ങളും ക്രോസ് ചെക്ക് ചെയ്യാതിരുന്നതാവാം. EDANEER ആണ് അവര്‍ ഉദ്ദേശിക്കുന്നതെന്ന് ഇലക്ഷന്‍ കമീഷന്‍ വെബ് സൈറ്റ് വിശദമായി നോക്കിയതില്‍ നിന്ന് മനസ്സിലാകുന്നു. സ്ഥാനാര്‍ഥികളുടെ പേരുകള്‍ EDANEERല്‍ ആണ് കാണുന്നത്.

ഇവിടെ കഴിഞ്ഞതവണ 800നടുത്ത് വോട്ടുകള്‍ക്ക് യുഡിഎഫ് ജയിച്ച സ്ഥലം. അന്ന് ഇടതുപക്ഷത്തു നിന്ന് മത്സരിച്ചത് ഡിഐസി. ഇത്തവണ ഡിഐസി യുഡിഎഫിന്റെ കൂടെ. കഴിഞ്ഞ തവണത്തെ മൊത്തം വോട്ടും ഇത്തവണത്തെ മൊത്തം വോട്ടും തമ്മില്‍ വലിയ അന്തരം ഉള്ളതിനാല്‍ ആ രീതിയിലൊരു താരതമ്യം ശരിയാകുമെന്ന് തോന്നുന്നില്ല. എല്ലാവര്‍ക്കും നല്ല രീതിയില്‍ വോട്ടുകള്‍ ഇതുമൂലം വര്‍ദ്ധിച്ചിട്ടുണ്ട്. എങ്കിലും ഇത് ഇടതുപക്ഷത്തിനെതിരായി ഉപയോഗിക്കപ്പെടുന്നു.

കാരടുക്ക ബ്ലോക്ക്

അധൂര്‍

ഇത്തവണ ഇലക്ഷന്‍ കമ്മീഷന്റെ വെബ് സൈറ്റില്‍ അദൂരും അധൂരും കാണുന്നു. ലേഖനത്തില്‍ പരാമര്‍ശിക്കുന്നത് Adhur  ആണെന്ന് ഇലക്ഷന്‍ കമ്മീഷന്റെ വെബ് സൈറ്റിലെ ഫലം പരിശോധിച്ചതില്‍ നിന്ന് മനസ്സിലാകുന്നു. ആ പേരില്‍ കഴിഞ്ഞ തവണ ഒന്നും കാണുന്നില്ലാത്തതിനാല്‍ താരതമ്യം സാധ്യമല്ല.

കുമ്പടാജെ

കഴിഞ്ഞ തവണയും ബിജെപി ജയിച്ച ഇടം. ഇടതുപക്ഷം 2005ല്പോലും മൂന്നാം സ്ഥാനത്തായിരുന്ന ഇടം. എല്ലാവര്‍ക്കും വോട്ട് കുറഞ്ഞിട്ടുണ്ടെങ്കിലും ഏറ്റവും അധികം കുറഞ്ഞത് ബിജെപിക്കും യുഡിഎഫിനും. ഇതും ഇടതുവിരുദ്ധപ്രചരണത്തിനുപയോഗിക്കപ്പെടുന്നു.

മൊവ്വാര്‍

കഴിഞ്ഞ തവണ ഈ പേരില്‍ ഒരു വാര്‍ഡോ ബ്ലോക്കോ കാണാത്തതിനാല്‍ താരതമ്യം സാധ്യമല്ല.

൨. എസ്ഡിപിഐ ജയിച്ച വാര്‍ഡുകള്‍

ഇനി എസ്ഡിപിഐ ജയിച്ചുകയറിയ ഇടങ്ങളിലെ പാറ്റേണ്‍ നോക്കാം

കാസര്‍കോട് നഗരസഭ

കൊല്ലമ്പാടി

മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി കഴിഞ്ഞ തവണ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ഇടം. ഇടതുപക്ഷത്തിനു ഇവിടെ ഉള്ള സ്വാധീനം ഊഹിക്കാവുന്നതേ ഉള്ളൂ. ഇത്തവണത്തെ കുറഞ്ഞ വോട്ടും അത് തന്നെ സൂചിപ്പിക്കുന്നു. ബിജെപിക്കും സ്വാധീനമില്ലെന്ന് ലഭിച്ച വോട്ടില്‍ നിന്ന് മനസ്സിലാകുന്നു. എസ്ഡിപിഐക്ക് ലഭിച്ച വോട്ടിന് ഉത്തരം പറയേണ്ടത് മുസ്ലീം ലീഗാണ്.

കണ്ണൂര്‍ നഗരസഭ

കസാനക്കോട്ട സൌത്ത്

കഴിഞ്ഞ തവണ ഇടതുപക്ഷത്തു നിന്ന് ഐഎന്‍എല്‍ നേരിയ ഭൂരിപക്ഷത്തിന് മത്സരിച്ച് ജയിച്ച വാര്‍ഡാണിത്. ഐഎന്‍എല്‍ അന്ന് 560 വോട്ട് നേടിയിരുന്നു. ഇത്തവണ അവര്‍ യുഡിഎഫിനൊപ്പം പോയിട്ടും യുഡിഎഫിന്റെ വോട്ടില്‍ നാമമാത്രമായ വര്‍ദ്ധന മാത്രമേ വന്നിട്ടുള്ളൂ. ബാക്കി വോട്ട് എവിടെപ്പോയി എന്നതിന് ഉത്തരം പറയേണ്ടത് ഐഎന്‍എല്‍ ആണ്.

ഈ വാര്‍ഡിന് സമീപസ്ഥമായ വാര്‍ഡുകളില്‍ (ആറക്കല്‍, നീര്‍ച്ചാല്‍, മുഴത്തടം മുതലായവ) ലീഗ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചതിന്റെ കണക്കുനോക്കിയാല്‍ ഈ പ്രദേശത്തെ രാഷ്ട്രീയത്തെക്കുറിച്ച് ഏകദേശധാരണകിട്ടും. എസ്ഡിപിഐ മത്സരിക്കാത്ത നീര്‍ച്ചാല്‍ വെസ്റ്റ് വാര്‍ഡിലെ റിസല്‍ട്ട് പ്രത്യേകം നോക്കുക. നീര്‍ച്ചാല്‍ വെസ്റ്റില്‍ കോണിചിഹ്നത്തില്‍ മത്സരിച്ച മുസ്ലീംലീഗിന്റെ പി താഹിറ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നേടിയത് 820 വോട്ട്. അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തില്‍ മത്സരിച്ച സിപിഎമ്മിന്റെ സി പി ഖദീജയ്ക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആകെ നേടാനായത് 69 വോട്ട്. ഇവിടെ എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയില്ല എന്ന് വീണ്ടും പറയട്ടെ. ഇതില്‍പ്പരം കാര്യങ്ങള്‍ വിശദീകരിക്കേണ്ടതില്ലല്ലോ.

തൊടുപുഴ നഗരസഭ

കീരിക്കോട്

കഴിഞ്ഞ തവണ എല്‍ഡിഎഫ് പാനലില്‍ ഡിഐസി ജയിച്ച വാര്‍ഡാണിത്. ഇത്തവണ അവര്‍ യുഡിഎഫില്‍ ചേക്കേറിയിട്ടും യുഡിഎഫിന് 64 വോട്ട് കുറയുകയാണ് ചെയ്തിട്ടുള്ളത്. ഇടതുപക്ഷത്തിനു ലഭിച്ച 230 വോട്ട് ഇടതുപക്ഷത്തിനുള്ള വോട്ടാണ്. തങ്ങള്‍ക്ക് വോട്ട് കുറവു വന്നതിനും ഡിഐസി വോട്ട് എവിടെപ്പോയി എന്നതിനും ഉത്തരം പറയേണ്ടത് യുഡിഎഫ് ആണ്. ആ ഉത്തരത്തില്‍ എസ്ഡിപിഐക്ക് ലഭിച്ച വോട്ട് ആരുടേത് എന്ന ചോദ്യത്തിനുള്ള ഉത്തരവും ഉണ്ട്.

ഷൊറണൂര്‍ നഗരസഭ


മുനിസിപ്പല്‍ ഓഫീസ് വാര്‍ഡ്

കഴിഞ്ഞ തവണ യുഡിഎഫ് 480 വോട്ട് നേടി ജയിച്ച ഇടം. ഇടതുപക്ഷത്തിനു ലഭിച്ച വോട്ട് 295. വിമതശല്യം, സഖ്യകക്ഷികളുടെ കൊഴിഞ്ഞ് പോക്ക് എന്നിവയാല്‍ ദുര്‍ബലരും അവശരുമായി എന്ന് മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുന്ന ഇടതുപക്ഷത്തിനു ഇവിടെ ഉണ്ടായ വോട്ട് നഷ്ട്രം 121 മാത്രം. യുഡിഎഫിനു വന്ന നഷ്ടം  290! ഇടതുപക്ഷത്തു നിന്ന് കൊഴിഞ്ഞ കക്ഷികളെ കൂടെച്ചേര്‍ത്തത് കൂടെ കൂട്ടി വായിച്ചാല്‍ എസ്ഡിപിഐക്ക് കിട്ടിയ വോട്ട് എവിടെ നിന്ന് എന്ന് വ്യക്തമാകും.

വഞ്ചിനാട് ഡിവിഷന്‍ (വാഴക്കുളം ബ്ലോക്ക്)

ഇനി കൈവെട്ട് കേസിലെ പ്രതി മത്സരിച്ച വാര്‍ഡിന്റെ കാര്യം നോക്കാം. വാഴക്കുളം ബ്ലോക്കിലെ വഞ്ചിനാട് ഡിവിഷനിലാണ് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പ്രൊഫ. എ അനസ് തടവില്‍കിടന്നു മത്സരിച്ചുജയിച്ചത്. ദേശാഭിമാനി പ്രസിദ്ധീകരിച്ച ഉല്‍ക്കണ്ഠയുടെ 'ഭൂരിപക്ഷം'നല്‍കുന്ന വാഴക്കുളം എന്ന ലേഖനത്തില്‍ ഇതിന്റെ വിശദാംശങ്ങള്‍ ഉണ്ട്.

കഴിഞ്ഞ തവണ വഞ്ചിനാട് എന്നൊരു ഡിവിഷന്‍ ഇലക്ഷന്‍ കമ്മീഷന്റെ വെബ്സൈറ്റില്‍ കാണുന്നില്ല. അതിനാല്‍ അത്തരത്തിലുള്ള താരതമ്യം സാധ്യമല്ല. സമീപപ്രദേശങ്ങളായ ചെറുവേലിക്കുന്ന്, ഒട്ടിക്കല്‍, പള്ളിപ്പുറം തുടങ്ങിയ പല ഇടങ്ങളിലും കഴിഞ്ഞ പ്രാവശ്യം ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളായി മത്സരിച്ചിരുന്നത് ഡിഐസി ആയിരുന്നു. സ്വാഭാവികമായും സിപിഎമ്മിന് സ്വാധീനം കുറവുള്ള പ്രദേശമാണിതെന്ന് മനസ്സിലാക്കാം.

മുസ്ലീം ഭൂരിപക്ഷ പ്രദേശമായ വാഴക്കുളം കുന്നത്തുനാട് നിയമസഭാ നിയോജകമണ്ഡലത്തിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്തായാണ് സ്ഥിതിചെയ്യുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ എംഎം മോനായി നിസ്സാരവോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കുന്നത്തുനാട്ടില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. അദ്ദേഹത്തിന് സഹായമായതാവട്ടെ, കുന്നത്തുനാടിന്റെ തെക്കന്‍ മേഖലയായ തിരുവാനിയൂര്‍, ആയിക്കരനാട്, പൂത്രിക്ക, പുത്തന്‍കുരിശ് തുടങ്ങിയ പഞ്ചായത്തുകളാണ്.

1982 മുതല്‍ നാലുതവണ കുന്നത്തുനാട് മണ്ഡലത്തില്‍നിന്നും ജയിച്ചത്‌ കോണ്‍ഗ്രസിന്റെ അതികായനായ സാക്ഷാല്‍ ടി.എച്ച്. മുസ്തഫയാണ്. ഈ പറഞ്ഞ വാഴക്കുളത്തുതന്നെയാണ് അദ്ദേഹം താമസിക്കുന്നത്. കരുണാകരനെയും മകന്‍ മുരളീധരനെയും പിറകെ നടന്ന് കുറ്റംപറയുന്ന മുസ്തഫയെ തോല്‍പ്പിക്കുക എന്നത് കരുണാകരനെ പിന്തുണയ്ക്കുന്നവരുടെയും ആവശ്യമായിരുന്നു.

കഴിഞ്ഞ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഡിഐസി സഹായത്താല്‍ എല്‍ഡിഎഫ് ആണ് ഈ പഞ്ചായത്ത് പിടിച്ചത്. ഡിഐസിയിലെ ബാബു സെയ്താലി അവിടെ വൈസ് പ്രസിഡന്റും ആയിരുന്നു. ബാബു സെയ്താലി ഇത്തവണയും ജയിച്ചിട്ടുണ്ട്. വാഴക്കുളം പ്രദേശം ഒരിക്കലും എല്‍ഡിഎഫ് മേല്‍ക്കോയ്മയുള്ള സ്ഥലം അല്ല.

വാഴക്കുളം പഞ്ചായത്തിലെ ചെറുവേലിക്കുന്ന്, വഞ്ചിനാട്, മുടിക്കല്‍, പള്ളിപ്രം, പള്ളിക്കവല, മൗലൂദ്പുര എന്നീ വാര്‍ഡുകളും വെങ്ങോല പഞ്ചായത്തിലെ കണ്ടന്തറ, പാത്തിപ്പാലം വാര്‍ഡുകളും ചേര്‍ന്നതാണ് വഞ്ചിനാട് ഡിവിഷന്‍. വാര്‍ഡ് തലത്തില്‍ ലഭിച്ച വോട്ടുകള്‍ കൂട്ടിനോക്കിയാല്‍ എല്‍ഡിഎഫിന് 2829 വോട്ടു ലഭിച്ചിട്ടുണ്ട്. യുഡിഎഫിനാകട്ടെ, 4369 വോട്ടും. എസ്ഡിപിഐ രണ്ടുവാര്‍ഡുകളില്‍ മാത്രമേ മത്സരിച്ചിട്ടുള്ളൂ. അതില്‍ തന്നെ ഒരിടത്ത് തീരെ കുറവുവോട്ട് മാത്രമേ സമാഹരിച്ചിട്ടുള്ളൂ. മത്സരിച്ച രണ്ട് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലുംകൂടെ എസ്ഡിപിഐ നേടിയത് 365 വോട്ടാണ്.

അതേ സമയം വഞ്ചിനാട് ബ്ലോക്ക് ഡിവിഷനില്‍ 3992 വോട്ടുപിടിക്കാന്‍ എസ്ഡിപിഐക്കായി. അതായത്, എസ്ഡിപിഐ മത്സരിക്കാത്ത ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍നിന്നും അവര്‍ക്ക് ബ്ലോക്ക് ഡിവിഷനിലേക്ക് വോട്ടുകിട്ടി. ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ ലഭിച്ച വോട്ടുമായി താരതമ്യം ചെയ്യുമ്പോള്‍ യുഡിഎഫിന് ബ്ലോക്ക് ഡിവിഷനില്‍ 2280 വോട്ട് കുറവുവന്നു. 2089 വോട്ടാണ് യുഡിഎഫ് നേടിയത്. എല്‍ഡിഎഫിനാവട്ടെ, 1163 വോട്ടു നഷ്ടത്തില്‍ 1666 വോട്ടും ലഭിച്ചും. ഇവിടെ കോണ്‍ഗ്രസ് എസിന്റെ പ്രതിനിധിയായിരുന്നു എല്‍ഡിഎഫ് പാനലില്‍ ബ്ലോക്കിലേക്ക് മത്സരിച്ചത്.

ഈ ഡിവിഷനിലെ ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ നാലിടത്തുമാത്രമെ സിപിഎം മത്സരിച്ചൂള്ളൂ. നാലിടത്തുംകൂടി കിട്ടിയത് 1606 വോട്ടാണ്. ഒരിടത്ത് കോണ്‍ഗ്രസ് എസും ബാക്കി മൂന്ന് വാര്‍ഡുകളില്‍ സ്വതന്ത്രരുമായിരുന്നു, എല്‍ഡിഎഫിനുവേണ്ടി അങ്കത്തിനിറങ്ങിയത്. ഈ നാലുവാര്‍ഡുകളില്‍ എല്‍ഡിഎഫ് 1223 വോട്ടുകള്‍ ഗ്രാമപഞ്ചായത്തിലേക്ക് സമാഹരിച്ചിട്ടുണ്ട്. അതില്‍ സിപിഎം വോട്ടുകളും പെടും. ആ വോട്ടുകള്‍ എല്‍ഡിഎഫ് പെട്ടിയില്‍ തന്നെ വീണതുകൊണ്ടാണ് ബ്ലോക്ക് ഡിവിഷനിലെ കോണ്‍ഗ്രസ് എസ് സ്ഥാനാര്‍ത്ഥിക്ക് 1666 വോട്ടുലഭിച്ചത്. ചുരുക്കത്തില്‍ ഒറ്റയ്ക്കെടുത്താല്‍ സിപിഎമ്മിന് ഇവിടെ വോട്ടുചോര്‍ച്ച ഉണ്ടായിട്ടില്ല എന്ന് വ്യക്തമാണ്. എന്നാല്‍ എല്‍ഡിഎഫ് വോട്ട് ചോര്‍ന്നിട്ടുമുണ്ട്.

ഇവിടെ സംഭവിച്ചിരിക്കുന്നത്, അനസിനനുകൂലമായ ഒരു പ്രാദേശിക ചായ്‌വാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഒരാള്‍ക്കു മൂന്നുവോട്ടുള്ളതിനാല്‍ പൊതുവെ കഴിവുള്ളതോ അറിയപ്പെടുന്നതോ ആയ ഒരാള്‍ക്കു് "ഒരു വോട്ടെനിക്കു്, ബാക്കി രണ്ടും നിങ്ങളുടെ പാര്‍ട്ടിക്ക്" എന്നുപറഞ്ഞ് വോട്ടുപിടിക്കുന്ന സ്ഥിതി ഉണ്ടാകുന്നുണ്ട്. ഉറച്ച രാഷ്ട്രീയബോധ്യമില്ലാത്തവരുടെയിടയില്‍ പെട്ടെന്ന് വിലപ്പോവുന്ന ഒരു അഭ്യര്‍ത്ഥനയാണിത്. അതിലൂടെ അവര്‍ കൂടുതല്‍ വോട്ടുനേടുകയും ജയിക്കുകയും ചെയ്യും. ഇതാണ് ഇവിടെ സംഭവിച്ചിരിക്കുന്നതെന്നു് മാത്രമേ പറയാന്‍ കഴിയൂ. ഈ കണക്ക് സൂചിപ്പിക്കുന്നത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയ്ക്ക് യു‍ഡിഎഫ്, എല്‍ഡിഎഫ് ഭേദമെന്യേ വോട്ടുകള്‍ ലഭിച്ചിട്ടുണ്ട് എന്നു തന്നെയാണ്. എന്നാല്‍ സിപിഎം വോട്ടുകള്‍ നഷ്ടമായതായി പറയാനുമാവില്ല.

എങ്കിലും ഈ ഡിവിഷനിലെ ഫലം ഒരു സൂചന നല്‍കുന്നുണ്ട്. കേരളത്തില്‍ വര്‍ഗീയദ്രുവീകരണം ഉണ്ടാകുന്നത് ഇടതുപക്ഷത്തിന് പൊതുവില്‍ ക്ഷതമേല്‍പ്പിക്കുന്നു എന്നതാണത്. ഇവിടെ നടന്ന വര്‍ഗീയദ്രുവീകരണത്തിലൂടെ കൂടുതല്‍ വോട്ട് നഷ്ടമായത് യുഡിഎഫിനാണെങ്കിലും ഫലത്തില്‍ ഇടതുപക്ഷം മൂന്നാമതാവുകയും തീവ്രവലതുപക്ഷം വിജയംനേടുകയുമാണ് ചെയ്തിരിക്കുന്നത്. ഒന്നാംസ്ഥാനത്തും രണ്ടാംസ്ഥാനത്തും എത്തിയിരിക്കുന്നത് വലതുപക്ഷം തന്നെയാണ്. എസ്ഡിപിഐക്ക് കാര്യമായ ശേഷിയുള്ളതുകൊണ്ടാണ് അവര്‍ ഒറ്റയ്ക്കു മത്സരിച്ചത്. ശേഷികുറഞ്ഞ പലയിടങ്ങളിലും അവര്‍ യുഡിഎഫിനെ സഹായിക്കുകയായിരുന്നു എന്നതും കാണാതിരുന്നുകൂടാ.

ഉപസംഹാരം

മുകളിലെ വിശദീകരണങ്ങളില്‍ നിന്ന് വ്യക്തമാകുന്ന ചില കാര്യങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം. പരാമര്‍ശിക്കപ്പെടുന്ന മണ്ഡലങ്ങളൊക്കെ


  1. ഇടതുപക്ഷത്തിനു സ്വാധീനം കുറവുള്ളതോ രാഷ്ട്രീയ പരിതസ്ഥിതിയില്‍ വന്ന മാറ്റങ്ങള്‍ മൂലം സ്വാധീനം കുറവായതോ ആയ ഇടങ്ങള്‍
  2. ഇത്തവണ ഇടതുപക്ഷത്തിന്റെ കൂടെ ഇല്ലാത്തതും വലതുപക്ഷത്തിന്റെ കൂടെപ്പോയവരും ആയവര്‍ മുന്‍പ് മത്സരിച്ചിരുന്ന ഇടങ്ങള്‍
  3. എല്ലാവര്‍ക്കും വോട്ട് കുറഞ്ഞ മണ്ഡലങ്ങള്‍
  4. എല്ലാവര്‍ക്കും നല്ല രീതിയില്‍ വോട്ട് കൂടിയ മണ്ഡലങ്ങള്‍
  5. ഇടതുപക്ഷത്തിനു കുറഞ്ഞതിനേക്കാള്‍ എത്രയോ അധികം വോട്ട് വലതുപക്ഷത്തിനു കുറഞ്ഞ മണ്ഡലങ്ങള്‍
  6. ഇടതുപക്ഷം മുന്‍പും മൂന്നാം സ്ഥാനത്തു തന്നെ വന്നിരുന്ന മണ്ഡലങ്ങള്‍


ഇത്തരത്തില്‍ "വസ്തുതാപരമായി ശരി" ആയ കാര്യങ്ങള്‍ എങ്ങിനെ അവയുടെ യാഥാര്‍ത്ഥ്യത്തില്‍ നിന്നും ഇപ്പോഴത്തെ സാഹചര്യങ്ങളിലും നിന്നും മണ്ഡലങ്ങളുടെയും വാര്‍ഡുകളുടെയും അവ ഉള്‍പ്പെടുന്ന പ്രദേശങ്ങളുടെയും പൊതുരാഷ്ട്രീയ പരിതസ്ഥിതി പരിഗണിക്കാതെയും പഴയ ചരിത്രം പരിഗണിക്കാതെയും തെറ്റിദ്ധരിപ്പിക്കപ്പെടുന്ന തരത്തില്‍ ഇടതുപക്ഷത്തിനെതിരെ ഉപയോഗിക്കപ്പെടുന്നു എന്നതിനു ഉത്തമ ഉദാഹരണമാണ് കെഎസ് സുദീപിന്റെ ഈ പോസ്റ്റ്. ഇതൊരു ഒറ്റപ്പെട്ട സംഭവവും അല്ല. ട്വിറ്ററിലും, ബസ്സിലും, ഫേസ്ബുക്കിലുമൊക്കെ കോട്ട് ചെയ്യപ്പെടുകയും ഒന്നിനു പത്തായി പെരുപ്പിച്ച് കാണിക്കപ്പെടുകയും ചെയ്യുന്ന പല തരം കമന്റുകളുടെയും അടിസ്ഥാനം ഇത്തരത്തിലുള്ള വ്യാജമായ നിര്‍മിതികളാണ്. പ്രൊപ്പഗാന്‍ഡ എന്ന് തീര്‍ത്തും വിളിക്കാവുന്ന ഇത്തരം ലേഖനങ്ങള്‍ നിഷ്പക്ഷരെന്ന് കരുതപ്പെടുന്ന മാധ്യമപ്രമുഖകരുടെ വെബ്സൈറ്റിലും ബ്ലോഗിലുമൊക്കെ ഇടം തേടുക കൂടി ചെയ്യുമ്പോള്‍ അവയ്ക്ക് അരുതാത്ത വിശ്വാസ്യത കൈവരിക കൂടി ചെയ്യുന്നുണ്ട്.

ഇടതുപക്ഷത്തിനെതിരെയുള്ള തെറ്റായ പ്രചരണം എന്നതുമാത്രമല്ല ഇതിന്റെ പ്രശ്നം. ഈ പ്രചരണത്തിന്റെയൊക്കെ മറവിലൂടെ യഥാര്‍ത്ഥപ്രതികള്‍ രക്ഷപ്പെടുക കൂടി ചെയ്യുന്നുണ്ട്. ഈയൊരു വശം തീര്‍ച്ചയായും തുറന്നുകാട്ടപ്പെട്ടേ മതിയാകൂ. നമ്മുടെ സമൂഹത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും ഇനിയും വര്‍ദ്ധിച്ചേക്കാവുന്നതും ആയ അപകടകരമായ ധ്രുവീകരണങ്ങളെ മുളയില്‍ തന്നെ നുള്ളുന്നതിനു യഥാര്‍ത്ഥ പ്രതികളെ വെളിച്ചത്തു കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്.

ഈ ലേഖനത്തില്‍ പറഞ്ഞതല്ലാത്ത ചില "വസ്തുതകളും" മറ്റു പലയിടങ്ങളിലും കാണാന്‍ ഇടയുണ്ട്. എങ്കിലും അവയുടെയെല്ലാം അടിസ്ഥാനപരമായ ദൌര്‍ബല്യം മുകളിലെ വിശദീകരണങ്ങളില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നവയില്‍ ഏതെങ്കിലും ഒന്നായിരിക്കും എന്നത് സ്വയം പരിശോധിച്ച് മനസ്സിലാക്കാവുന്നതേ ഉള്ളൂ. സിപിഎമ്മിന് വിപ്ലവംപോര എന്നുപറഞ്ഞ് ഇറങ്ങിപ്പുറപ്പെടുന്ന അതിവിപ്ലവകാരികള്‍ക്ക് എപ്പോഴും പറ്റാറുള്ള അപചയമാണ് സുദീപിനും സംഭവിച്ചിരിക്കുന്നത്. പ്രശ്നങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്തുന്നതിനുപകരം വ്യക്തിഗതമായ വെറും സംശയത്തിന്റെ ചെലവില്‍ മുന്‍കൂട്ടിയുണ്ടാക്കിയ ഒരു സിദ്ധാന്തം സ്ഥാപിച്ചെടുക്കുന്നതിനുവേണ്ടിയുള്ള അസംസ്കൃതവസ്തുവായി അതിനെ രൂപാന്തരപ്പെടുത്തുന്നിടത്താണ് പ്രശ്നം രൂക്ഷമാവുന്നത്. ഇന്ത്യയിലെ ഇടതുപക്ഷത്തെ പൊതുവില്‍ ദുര്‍ബലപ്പെടുത്താനല്ലാതെ പ്രാദേശിക കൂട്ടായ്മകളില്‍ രക്ഷകനെകാത്തിരിക്കുന്ന ഈ റൊമാന്റിക്‍ രക്തപുഷ്പങ്ങള്‍ക്ക് മറ്റൊന്നുമാവില്ല. ഇനിയെങ്കിലും സ്വപ്നലോകത്തുള്ള സഞ്ചാരം നിര്‍ത്തി ശാസ്ത്രീയചിന്തയുടെ വെളിച്ചത്തില്‍ കാര്യങ്ങളെ വിലയിരുത്താന്‍ സുദീപിനെപ്പോലെയുള്ളവര്‍ തയ്യാറാവുമെന്ന് വെറുതെ കിനാവുകണ്ടോട്ടെ. സ്വപ്നങ്ങള്‍ നിങ്ങള്‍ക്കുമാത്രമുള്ളതല്ലല്ലോ...

Monday, November 1, 2010

ഒഞ്ചിയം സഖാക്കള്‍ക്ക് അഭിവാദ്യങ്ങള്‍....

പിട‍ഞ്ഞുതീരുന്ന പ്രാണന്‍ അല്‍പനേരത്തേയ്ക്ക് പിടിച്ചു നിര്‍ത്തിയാണ് ചോരയില്‍ കൈമുക്കി സഖാവ് മണ്ടോടി കണ്ണന്‍ ലോക്കപ്പുമുറിയുടെ ചുവരില്‍ അരിവാളും ചുറ്റികയും വരച്ചത്. ആ രണധീരന്റെ സമരക്കരുത്തിന് മുന്നില്‍ ചൂളിച്ചുരുണ്ടത് കോണ്‍ഗ്രസിനും നെഹ്രുവിനും സിന്ദാബാദ് വിളിച്ചാല്‍ മോചിപ്പിക്കാമെന്ന പ്രലോഭനവും. ഓര്‍മ്മകളിലും ചരിത്രത്തിലും ഒഞ്ചിയത്തിന് അര്‍ത്ഥം ഒന്നേയുളളു. തലകുനിക്കാനറിയാത്ത, കീഴടക്കാനാവാത്ത ആത്മാഭിമാനം.

ചോരക്കറ ചുരണ്ടിനീക്കിയാല്‍ ഒഞ്ചിയത്തിന്റെ ചരിത്രത്തില്‍ വഞ്ചനയുടെ കറുപ്പും കാണാം. ചതിച്ചു കൊന്നതാണ് ഒഞ്ചിയം സഖാക്കളെ. അറസ്റ്റിലായ പുളിയില്‍ വീട്ടില്‍ ചോയിക്കാരണവരെയും മകന്‍ കണാരനെയും വിട്ടുതരാമെന്ന് വ്യാമോഹിപ്പിച്ച് കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരെ ചെന്നാട്ടത്താഴ വയലിലേയ്ക്ക് വിളിച്ചുവരുത്തുകയായിരുന്നു പോലീസും കോണ്‍ഗ്രസ് ഒറ്റുകാരും. മോചിപ്പിക്കപ്പെടുന്ന സഖാക്കളെ സ്വീകരിക്കാന്‍ വന്നവരെ ഒരു പ്രകോപനവുമില്ലാതെ പൊലീസ് വെടിവെച്ചിട്ടു.

അധികാരത്തിന്റെ മുഷ്കിനു കീഴടങ്ങാന്‍ എന്നിട്ടും അഭിമാനമുളള ജനത തയ്യാറായില്ല. എട്ടുപേരെയും ഒരു കുഴിയില്‍ കുഴിച്ചുമൂടാമെന്ന പോലീസിന്റെ മോഹത്തെ അവര്‍ ചെറുത്തുതോല്പ്പിച്ചു. ഓരോരോരുത്തരെ ഓരോ സ്ഥലത്ത് മറവുചെയ്യണമെന്ന ആവശ്യത്തിന് മുന്നില്‍ സര്ക്കാരിന് കീഴടങ്ങേണ്ടി വന്നു.

ജന്മിത്തത്തെ വെല്ലുവിളിച്ച കുറ്റത്തിന്, മണ്ടോടി കണ്ണനെ തല്ലിക്കൊല്ലാനും അളവക്കല്‍ കൃഷ്ണനടക്കം എട്ടുപേരെ വെടിവെച്ചു കൊല്ലാനും പൊലീസിനെ നിയോഗിച്ചത് കോണ്‍ഗ്രസുകാരാണ്. തങ്ങളുടെ അധികാരത്തെ വെല്ലുവിളിക്കുന്നവരോട് നിറതോക്കുകള്‍ മറുപടി പറയും എന്ന് ഓര്‍മ്മിപ്പിക്കാന്‍ എട്ടുപേരെ ചുട്ടുതളളി. രണ്ടുപേരെ ഇടിച്ചുകൊന്നു.

ആ കോണ്‍ഗ്രസാണ് ഒറ്റുകാരുടെയും കുലംകുത്തികളുടെയും ചെലവില്‍ ഇന്ന് ആര്‍ത്ത് ചിരിക്കുന്നത്. കൂടെച്ചിരിക്കാന്‍ മനോരമയുണ്ട്, മാതൃഭൂമിയുണ്ട്, സകല ചാനല്‍ ചാവാലികളും പത്രച്ചട്ടമ്പികളുമുണ്ട്. കമ്മ്യൂണിസ്റ്റുകാരന്‍ അധികാരത്തില്‍ വന്നാല്‍ വിഷം കഴിച്ചു മരിക്കുമെന്ന് പ്രതിജ്ഞ ചെയ്തവര്‍, കമ്മ്യൂണിസത്തെ പ്രപഞ്ചത്തില്‍ നിന്ന് കെട്ടുകെട്ടിക്കാന്‍ വ്രതമെടുത്തവര്‍, ത്യാഗധനരായ ജനനേതാക്കളുടെ ജ്വലിക്കുന്ന ജീവിതത്തെ അപവാദങ്ങളില്‍ കുളിപ്പിച്ചവര്‍, ഒരേസ്വരത്തില്‍, ഒരേ താളത്തില്‍ ആര്‍ത്തുവിളിക്കുന്നു; "ഒഞ്ചിയത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തിരിച്ചടി".

ആദിയും അന്തവുമില്ലാത്ത പ്രപഞ്ചത്തില്‍, കലര്‍പ്പില്ലാത്തൊരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരു പഞ്ചായത്തു ഭരിക്കാനിറങ്ങുമ്പോള്‍ വിഷക്കുപ്പി തപ്പുന്നില്ല, മനോരമയിലെ പുതിയ തലമുറ. പകരം, യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിജയത്തിനും വളര്‍ച്ചയ്ക്കും മാമ്മുക്കുട്ടിച്ചായന്റെയും പരിവാരങ്ങളുടെയും സമ്പൂര്‍ണ സഹായം. അവര്‍ക്കെതിരെ നുണക്കഥകളില്ല. അപവാദപ്രചരണമില്ല. മനോരമ അണിയിച്ചൊരുക്കിയ വര്‍ണത്തേരിലേറി ടി പി ചന്ദ്രശേഖരനും സംഘവും കേരളം സമത്വസുന്ദര കമ്മ്യൂണിസ്റ്റ് ലോകമാക്കും.

ശരിയാണ്. ഒഞ്ചിയം പഞ്ചായത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി തോറ്റു. 2005ല്‍ ആകെ 16 സീറ്റുകളുണ്ടായിരുന്ന സിപിഎമ്മിന് ഒഞ്ചിയത്ത് ഇപ്പോള്‍ 17ല്‍ വെറും അഞ്ച്. അന്ന് കിട്ടിയ 9128 വോട്ടുകളുടെ സ്ഥാനത്ത് ഇന്ന് ഇടതുമുന്നണി നേടിയത് വെറും 6632 വോട്ടുകള്‍. ശതമാനം 60 ല്‍ നിന്ന് 40 ആയി ഇടിഞ്ഞു താണു.

മറുവശത്തോ. മണ്ടോടി കണ്ണനെ ഇടിച്ചുകൊന്ന, എട്ടു ധീരസഖാക്കളെ ചതിച്ച് വെടിവെച്ച് വീഴ്ത്തിയ കോണ്‍ഗ്രസിന്റെ സഹായത്തോടെ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ വീമ്പിളക്കുന്നു.

2005ല്‍ ഒരു സീറ്റും 5341 വോട്ടുകളുമായിരുന്നു ഒഞ്ചിയത്ത് യുഡിഎഫിന്റെ വിഹിതം. ഇന്നത് 4 സീറ്റുകളായി ഉയര്‍ന്നു. പക്ഷേ, വോട്ട് വിഹിതം 2796 ആയി ഇടിഞ്ഞു. 2005ല്‍ എല്ലാ സീറ്റിലും മത്സരിച്ച യുഡിഎഫിന് ഇന്ന് 11 വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളില്ല. അതില്‍ എട്ടിടത്താണ് "കമ്മ്യൂണിസ്റ്റ് തനിത്തങ്കങ്ങള്‍" ജയിച്ചുകയറിയത്. സിപിഎമ്മും യുഡിഎഫും നേര്‍ക്കുനേര്‍ മത്സരിച്ച വാര്‍ഡുകളിലത്രയും "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍" വോട്ടുചെയ്തത് കൈപ്പത്തിയ്ക്ക്. ശേഷിച്ച വാര്‍ഡുകളില്‍ കൈപ്പത്തിക്കാരന്‍ "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍ക്ക് '' വോട്ടുചെയ്തു.

സിപിഎമ്മുമായി നേര്‍ക്കുനേര്‍ മത്സരിച്ച മണ്ഡലങ്ങളില്‍ ശരാശരി 520 വോട്ടുകള്‍ നേടിയ "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍ക്ക്", കോണ്‍ഗ്രസ് ജയിച്ച മണ്ഡലങ്ങളില്‍ കിട്ടിയ വോട്ടുകള്‍ എത്രയെന്ന് കാണുക. ചെമ്മക്കുന്ന് - 76, വലിയ മാടക്കര - 23, കണ്ണുവയല്‍ - സ്ഥാനാര്ത്ഥിയില്ല, അറയ്ക്കല്‍ 191. കോണ്‍ഗ്രസിനോട് ഏറ്റുമുട്ടി സിപിഎം ജയിച്ച മാടക്കരയില്‍ "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍ക്ക്" കിട്ടിയത് വെറും 32 വോട്ട്.

2005ല്‍ നിന്നും 2496 വോട്ടുകള്‍ സിപിഎമ്മിന് ഇക്കുറി കുറഞ്ഞു. കോണ്‍ഗ്രസിന് 2545 വോട്ടുകളും. കമ്മ്യൂണിസ്റ്റുകാരേക്കാള്‍ കൂടുതല്‍ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരായത് കോണ്‍ഗ്രസുകാരാണെന്നര്‍ത്ഥം. 11 വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളെയെ നിര്‍ത്താതെ, 2545 വോട്ടുകള്‍ ദാനം ചെയ്ത് കോണ്‍ഗ്രസ് വിജയിപ്പിച്ചു നിര്‍ത്തിയിരിക്കുകയാണ് "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരെ". സിപിഎമ്മില്‍ നിന്ന് 20 ശതമാനം വോട്ടുചോര്‍ന്നപ്പോള്‍ 18 ശതമാനം വോട്ടുകള്‍ കോണ്‍ഗ്രസ് വക സംഭാവന.

സിപിഎമ്മിന് നഷ്ടപ്പെട്ട സീറ്റിനെയും വോട്ടിനെയും കുറിച്ച് വാചാലരാകുന്ന മാധ്യമങ്ങളൊന്നും "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി"യുടെ വോട്ടുവിഹിതത്തിന്‍റെ പകുതി കോണ്‍ഗ്രസുകാരന്റെ സംഭാവനയാണെന്ന് പറയുന്നതേയില്ല. ഒരു രാത്രി ഇരുട്ടിവെളുത്തപ്പോള്‍ ഒഞ്ചിയത്തെ പകുതിയോളം കോണ്‍ഗ്രസുകാര്‍ "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റു"കാരായി രൂപം മാറിയത് നമ്മുടെ മാധ്യമങ്ങള്‍ അറിഞ്ഞിട്ടേയില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഒറ്റികൊടുത്തവരും കോണ്‍ഗ്രസും ചേര്‍ന്ന് നേടിയതാണ് ഈ വിജയമെന്ന് വിളിച്ചുപറഞ്ഞാല്‍ ആരുടെ മുഖമാണ് നഷ്ടപ്പെടുന്നത് എന്ന് അവര്‍ക്ക് നിശ്ചയമുണ്ട്. ഒറ്റുകാരെക്കൊണ്ടുളള ആവശ്യങ്ങള്‍ തീര്‍ന്നിട്ടില്ല.

എന്നാല്‍ ഒഞ്ചിയത്തെ സാധാരണ ജനത ആ സത്യം തിരിച്ചറിയുകയാണ്. നുണ പറഞ്ഞും വഞ്ചിച്ചുമാണ് പ്രാണനെപ്പോലെ ചെങ്കൊടിയെ സ്നേഹിച്ച തങ്ങളെ പാര്‍ട്ടിയില്‍ നിന്ന് അടര്‍ത്തിയെടുത്തത് എന്നവര്‍ വേദനയോടെ ഉള്‍ക്കൊളളുന്നു. ആര്‍ത്തിരമ്പിയ വ്യാജപ്രചരണങ്ങളില്‍ കുടുങ്ങിപ്പോയവര്‍ അന്ന് തിരിച്ചറിഞ്ഞിരുന്നില്ല, സഖാവ് മണ്ടോടി കണ്ണന്റെ കൊലയാളികളുമായി ഭരണമധുവിധു ആഘോഷിക്കാനാണ് "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരുടെ" ഈ പടപ്പുറപ്പാടെന്ന്. രക്തസാക്ഷികളുടെ പേരില്‍ ഒഴുക്കിയത് മുതലക്കണ്ണീരാണെന്നും അവരുടെ ചെലവില്‍ കുത്തിയൊഴുക്കിയ ആവേശം കൃത്രിമമാണെന്നും തിരിച്ചറിഞ്ഞ ഒരു ജനതയുടെ പ്രതികാരം ഒറ്റുകാരെ കാത്തിരിക്കുന്നുണ്ട്.

പഴയ ചതിയില്‍ ഒഞ്ചിയത്തെ സഖാക്കള്‍ക്ക് നഷ്ടപ്പെട്ടത് ജീവനായിരുന്നുവെങ്കില്‍, ഇന്ന് ഒരു തിരഞ്ഞെടുപ്പ് വിജയം. ചതി തിരിച്ചറിയുന്ന ജനത ഇന്നല്ലെങ്കില്‍ നാളെ ആ വിജയം അവരെ തിരികെ ഏല്‍പ്പിക്കുക തന്നെ ചെയ്യും. ഒറ്റുകാരില്‍ നിന്ന് നാടിനെ രക്ഷിക്കാന്‍ അവസാനനിമിഷം വരെ പോരാടിയ ഒഞ്ചിയത്തെ ധീരസഖാക്കള്‍ക്ക് അഭിവാദ്യങ്ങള്‍.


വോട്ടു കണക്കുകള്‍ അറിയാന്‍ ഡോ. സൂരജിന്റെ ബസ് കാണുക.Wednesday, October 13, 2010

കോമാളിയ്ക്കറിയാമോ കോടതിവിധി

ഒരുഗതിയും പരഗതിയുമില്ലാതെ തിരഞ്ഞെടുപ്പുഗോദയില്‍ കിടന്നു പരുങ്ങുന്ന ഉമ്മന്‍ചാണ്ടിയെ എങ്ങനെയെങ്കിലും ഒന്നു രക്ഷിച്ചെടുക്കാന്‍ മനോരമ പെടുന്നപാട് ചില്ലറയൊന്നുമല്ല. ലോട്ടറി കേന്ദ്രീകരിച്ച് കെട്ടിപ്പൊക്കിയ സ്വപ്നസൗധം സിംഗ്‍വി വന്ന് ഇടിച്ചിട്ടു. അക്കാലമൊന്ന് അതിജീവിക്കാന്‍ ചാണ്ടിയും രമേശും സതീശും തോമസുമൊക്കെ വിളിച്ച ഈശ്വരന്മാരില്ല, നോറ്റ നോമ്പുകളോ പോയ ദേവാലയങ്ങളോ എണ്ണാവതുമല്ല. സിംഗ്‍വിയെ കോണ്‍ഗ്രസ് മണിയറയിലെ കട്ടിലിനടിയില്‍ ഒളിപ്പിച്ചതോടെ ജനം എല്ലാം മറന്നുവെന്നും കളി ഒന്നേന്ന് തുടങ്ങിയെന്നുമാണ് അച്ചായന്‍ പത്രം ഭാവിക്കുന്നത്. പക്ഷേ സിംഗ്‍‍വി ഇംപാക്ട് അങ്ങനെയങ്ങ് വിട്ടുപോകുന്നുമില്ല.

സംശയമുണ്ടെങ്കില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച എഡിറ്റ് പേജില്‍ മനോരമ പ്രസിദ്ധീകരിച്ച കോട്ടയില്‍ കുടുങ്ങിയ എലിക്കുഞ്ഞന്‍സ് എന്ന ആക്ഷേപഹാസ്യ അപഹാസ്യം വായിക്കുക. ഫലിതം എന്ന വ്യാജേനെ എന്തൊക്കെയോ എഴുതിപ്പിടിപ്പിച്ച് മാലോകരെ ചിരിപ്പിക്കാന്‍ വിമതന്‍ എന്ന ദേഹം അത്യദ്ധ്വാനം ചെയ്യുന്നുവെങ്കിലും ആക്ഷേപഹാസ്യക്കാരന്റെ തൊലിക്കട്ടി കണ്ടാണ് നാട്ടുകാര്‍ പൊട്ടിപ്പൊട്ടി ചിരിക്കുന്നത്.

ഫലിത ബിന്ദുക്കള്‍ "കാണ്ഡം കാണ്ഡമായി" വായിച്ചാലും....

രാവണന്‍കോട്ടയില്‍നിന്നു രക്ഷപ്പെടാന്‍ വഴിയറിയാതെ കുഴങ്ങി നില്‍ക്കുന്ന ചിന്നനെലിയെ ബാലപ്രസിദ്ധീകരണങ്ങളില്‍ കണ്ടിട്ടില്ലേ? ചിന്നനെലിയെ വീട്ടിലെത്താന്‍ സഹായിക്കണമെന്നായിരിക്കും വായനക്കാര്‍ക്കുള്ള നിര്‍ദേശം. എലിക്കുഞ്ഞനെ സഹായിക്കാന്‍ വിമതന്‍ എത്ര ശ്രമിച്ചിട്ടും ഇതുവരെ നടന്നിട്ടില്ല. എന്നാല്‍, അതീവബുദ്ധിശാലികളായ വായനക്കാര്‍ ഏറെയുള്ളതുകൊണ്ട് എലിക്കുഞ്ഞന്‍ വീടെത്താതെ പോവില്ലെന്നു സമാശ്വസിച്ചു പിന്‍വാങ്ങാറാണു പതിവ്.

ബാലജനസഖ്യം വഴി അച്ചായന്‍ പത്രം ഊതിപ്പെരുപ്പിച്ച് വലുതാക്കിയ ഉമ്മന്‍ചാണ്ടിയാണ് പെരുവഴിയില്‍ കിടന്ന് മൂക്കു ചീറ്റുന്നത്. പറയാന്‍ ഒരു വിഷയമില്ല. വിക്കിയും മൂളിയും തപ്പിയും തടഞ്ഞും പറഞ്ഞൊപ്പിക്കുന്നതൊന്നും ഏശുന്നില്ല. മനോരമയും മാതൃഭൂമിയും ജാക്കി വെച്ച് പൊക്കിയിട്ടും ചാണ്ടിക്കുഞ്ഞിന്റെ നമ്പരുകളൊന്നും ഏല്‍ക്കുന്നുമില്ല. മാമ്മന്‍ മാത്യു മുതല്‍ വിമതന്‍ വരെയും വീരേന്ദ്രകുമാരന്‍ മുതല്‍ ഇന്ദ്രന്‍ വരെയും ആഞ്ഞു പിടിക്കുന്നത് ഒറ്റലക്ഷ്യത്തോടെ.. ഈ പാവം എലിക്കുഞ്ഞനെ കരകയറ്റിയേ പറ്റൂ. പക്ഷേ ഫലമെന്ത്... ചാണ്ടി രക്ഷപെടുന്നുമില്ല, മൂക്കൊലിപ്പ് ഒടുങ്ങുന്നുമില്ല.

വിമതന്‍ പറയുന്നു....
സിങ്വി സാര്‍ വന്നു മൂന്നു ദിവസം പഞ്ചനക്ഷത്രത്തില്‍ കുളിച്ചുണ്ടും കുടിച്ചുണ്ടും താമസിച്ചു മടങ്ങിയതോടെ ഐസക് മന്ത്രി രാവണന്‍കോട്ടയില്‍നിന്നു തടി സലാമത്താക്കിയെന്നു തോന്നിയതാണ്. പക്ഷേ, എന്തു ചെയ്യാം? കോട്ടവാതില്‍ കഷ്ടിച്ചു കടന്നപ്പോള്‍ അതാ, മുന്നില്‍ വായും പിളര്‍ന്നു നില്‍ക്കുന്ന ഒരു കിടങ്ങ്!

രാവണന്‍കോട്ട പണിഞ്ഞ് ഐസക്കിനെ അതിലുളളില്‍ തളയ്ക്കാമെന്ന് മോഹിച്ച് കളത്തിലിറങ്ങിയത് മനോരമയാണ്. ലാവലിന്‍ കേസില്‍ കളളക്കഥകള്‍ ചമച്ച പരിചയമുളള ജി വിനോദ്, സഞ്ജയ് ചന്ദ്രശേഖര്‍ തുടങ്ങിയ അപവാദപ്രതിഭകള്‍ക്കായിരുന്നു കൊട്ടേഷന്‍. പേജായ പേജൊക്കെ ലോട്ടറിക്കളളങ്ങളാല്‍ പൂത്തുലഞ്ഞു...പല നിറങ്ങളില്‍ പല വലിപ്പത്തില്‍ ഗംഭീരതലക്കെട്ടുകള്‍. നുണയില്‍ മുങ്ങിയ പരമ്പരകള്‍... ഐസക് കുടുങ്ങിയത് തന്നെന്ന് മാമ്മുക്കുട്ടിച്ചായന്‍ ഉറപ്പിച്ചു. പത്രം കെട്ടിയ മനക്കോട്ടയുടെ സ്കെച്ചും പ്ലാനും വിമതന്‍ വരച്ചിട്ടു.

അതായത് .... രാവണന്‍ കോട്ട കെട്ടുന്നത് മനോരമ, കോട്ടവാതില്‍ കഷ്ടിച്ച് കടന്നുവെന്ന് വിധിക്കുന്നത് മനോരമ. കിടങ്ങ് കിടക്കുന്നുവെന്ന് മനോരമ. അത് കണ്ട് ഐസക്ക് വാ പൊളിക്കുന്നുവെന്ന് മനോരമ.. ചുരുക്കത്തില്‍ ആണ്ടിയുടെ അടിയെക്കുറിച്ച് ആണ്ടി വക മഹാകാവ്യം. കാവ്യത്തിന് അവാര്‍ഡ് പ്രഖ്യാപിക്കുന്നതും നിരൂപണം എഴുതുന്നതും സാക്ഷാല്‍ ആണ്ടി...

ഇനിയാണ് ആണ്ടിയുടെ നിഷ്പക്ഷന്‍ കളി...

കോട്ടയില്‍നിന്നു രക്ഷപ്പെടുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കളും അത്ര ഭാഗ്യവാന്‍മാരൊന്നുമല്ല. മാര്‍ട്ടിന്‍സാറുമായി ബന്ധപ്പെട്ട കഥകളൊന്നും നേതാക്കളെക്കുറിച്ചു കേള്‍ക്കുന്നില്ലെന്നതു വലിയ ആശ്വാസമാണ്. എന്നാല്‍, കഥയുടെ പരിണാമഗുപ്തി എന്താണെന്ന് ആര്‍ക്കും പിടികൊടുക്കാതെയാണു ലോട്ടറി നാടകം പുരോഗമിക്കുന്നത് എന്നതുകൊണ്ട് ഏതു നിമിഷവും എന്തും സംഭവിക്കാം. മണികുമാര്‍ സുബ്ബ കോണ്‍ഗ്രസിനു വരുത്തിവച്ച ചീത്തപ്പേര് നാട്ടുകാര്‍ ഒരുവിധം മറന്നുവരുമ്പോഴായിരുന്നു സിങ്വി സാറിന്റെ എഴുന്നള്ളത്ത്. കുറച്ചുനാളത്തേക്കു വാ തുറക്കേണ്ടെന്നു സാറിനോടു നിര്‍ദേശിച്ചതുകൊണ്ടു തല്‍ക്കാലം കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്കു തലയില്‍ മുണ്ടിടാതെ പുറത്തിറങ്ങാമെന്ന നില വന്നിട്ടുണ്ടെന്ന് ആശ്വസിക്കാം.

മാര്‍ട്ടിന്‍സാറുമായി ബന്ധപ്പെട്ട കഥകളൊന്നും നേതാക്കന്മാരെക്കുറിച്ച് കേള്‍ക്കുന്നില്ലെന്നത് വലിയ ആശ്വസമാണ് പോലും. ആര്‍ക്ക്... മാര്‍ട്ടിന്‍ കോടതി കയറുമ്പോഴൊക്കെ രക്ഷിക്കാന്‍ ഓടിയെത്തുന്നത് ചിദംബരത്തിന്റെ പെമ്പിളേം തൃപ്പുത്രനുമാണെന്ന് ഇന്നേവരെ വിമതന്റെ പത്രം എഴുതിയിട്ടില്ല. അത് മറച്ചു വെച്ച് മനോരമ കൃത്രിമമായി നിര്‍മ്മിച്ചതാണ് ഈ പറയുന്ന "ആശ്വാസം". മാര്‍ട്ടിനെതിരെ നടന്ന വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയിട്ടും നടപടിയെടുക്കാത്തത് ചിദംബരത്തിന്‍റെ വകുപ്പ്. വിഎസ് അയച്ച അന്വേഷണ റിപ്പോര്‍ട്ട് മുക്കിയത് മന്‍മോഹന്‍ സിംഗ്. ലോട്ടറി മാഫിയയ്ക്കെതിരെ നിവേദനങ്ങളും പരാതികളും പ്രവഹിക്കുമ്പോള്‍ ഭൂട്ടാനിലേയ്ക്ക് നോക്കി ഏമ്പക്കം വിട്ടവര്‍ മനമോഹന്‍, ശിവരാജ് പാട്ടീല്‍, ചിദംബരം മുതല്‍പേര്‍.

ചുരുക്കത്തില്‍ "കേരളത്തെ കുത്തിപ്പൊളിച്ച് കൊളളയടിച്ച് വാ മകനേ" എന്ന് സാന്റിയാഗോ മാര്‍ട്ടിന്‍റെ തലയില്‍ കൈവെച്ച് അനുഗ്രഹിച്ച് അയച്ചത് കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരിലെ കൊടികെട്ടിയ വീരന്മാരും. മാര്‍ട്ടിന് ആവശ്യം വരുമ്പോഴൊക്കെ അനുകൂലമായ രേഖകളും കത്തുകളും ചമയ്ക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഊണും ഉറക്കവും കളഞ്ഞ് കാത്തിരിക്കുന്നു. ഇതൊന്നും ഇന്നേവരെ മനോരമ പുറത്തുപറഞ്ഞിട്ടില്ല. ജി വിനോദും സഞ്ജയ് ചന്ദ്രശേഖറും നടത്തിയ ലോട്ടറി വേട്ടയില്‍ ചിദംബരത്തിന്‍റെയും ശിവരാജ് പാട്ടിലീന്റെയും കഥകളില്ല. അപ്പോള്‍ പിന്നെ കോണ്‍ഗ്രസുകാര്‍ക്ക് തലയില്‍ മുണ്ടിടാതെ പുറത്തിറങ്ങാമല്ലോ.

മാത്രവുമല്ല മണികുമാര്‍ സുബ്ബയെന്നൊരുത്തന്‍ കോണ്‍ഗ്രസിന് ചീത്തപ്പേര് വരുത്തിവെച്ചുപോലും. ച്ചാല്‍... സല്‍പ്പേരിന്റെ പാലാഴിയില്‍ അതുവരെ നീന്തിത്തുടിക്കുകയായിരുന്നു കോണ്‍ഗ്രസ്. സുബ്ബ വന്നതോടെ സംഗതി ചീത്തപ്പേരായി. സുബ്ബ പാര്‍ലമെന്‍റിലേയ്ക്ക് മത്സരിച്ചത് 1998ല്‍. സോണിയ കോണ്‍ഗ്രസില്‍ അംഗത്വമെടുത്ത അതേവര്‍ഷം. സോണിയയ്ക്കൊപ്പം സുബ്ബയ്ക്കും വെച്ചടി കേറ്റമായിരുന്നു. മൂവട്ടം എം പി. ആസാം പിസിസി ട്രഷറര്‍. സുബ്ബയ്ക്കൊപ്പം ചീത്തപ്പേരും വളര്‍ന്നു. കൊലപാതകക്കേസില്‍ നേപ്പാളിലെ ജയിലിലായിരുന്നത്രേ വാസം. ജയില്‍ ചാടിയ സുബ്ബ ആസാം അസംബ്ലയില്‍ എംഎല്‍എ ആയി പൊങ്ങി. പാര്‍ട്ടി കോണ്‍ഗ്രസ്, ചിഹ്നം കൈപ്പത്തി.

പൗരത്വം സംബന്ധിച്ച് സിബിഐ കേസ്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാകെ പലവിധം ലോട്ടറിക്കേസുകള്‍. സുബ്ബ മഹാ സംഭവമായി. മഹാസംഭവത്തെ എംപിയാക്കി കോണ്‍ഗ്രസ് ആദരിച്ചു. സുബ്ബയുടെ വീരകൃത്യങ്ങളെ ന്യായീകരിച്ച് പത്രസമ്മേളനം നടത്തിയത് സാക്ഷാല്‍ പ്രണബ് മുഖര്‍ജി. ഒടുവിലിപ്പോള്‍ ബലാത്സംഗക്കേസില്‍ പ്രതിയായി സുബ്ബ ഒളിവില്‍.
പക്ഷേ, ദോഷം പറയരുത്. ഈ വിവരങ്ങളൊന്നും മനോരമയുടെ ലോട്ടറി പരമ്പരയില്‍ ഇല്ല. സുബ്ബയെക്കുറിച്ച് മാതൃഭൂമിയും മിണ്ടിയില്ല. ഇവരാരും മിണ്ടാതിരുന്നിട്ടും കോണ്‍ഗ്രസിന് എങ്ങനെ ചീത്തപ്പേരുണ്ടായി എന്നാണ് അത്ഭുതം. ..

കുറച്ചുനാളത്തേയ്ക്ക് വാ തുറക്കേണ്ടെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍റ് സിംഗ്‍വി സാറിനോട് നിര്‍ദ്ദേശിച്ചുപോലും. തുറന്ന വായില്‍ നിന്ന് തെറിച്ചുവീണത് ഒന്നാന്തരം വാദങ്ങളായിരുന്നുവെന്ന് വിമതന്‍ മിണ്ടുന്നില്ല. പ്രതിദിനം 24 നറുക്കെടുപ്പ് നടത്താന്‍ സാന്‍റിയാഗോ മാര്‍ട്ടിനെ അനുവദിക്കണമെന്നായിരുന്നു ആവശ്യം. അതിനുളള ന്യായമോ കേന്ദ്രലോട്ടറി ചട്ടത്തില്‍ അങ്ങനെ പറയുന്നുണ്ടത്രേ. ചട്ടമുണ്ടാക്കിയതാര്... ചിദംബരം...

മാര്‍ട്ടിന് യഥേഷ്ടം കൊള്ളനടത്താന്‍ വേണ്ടി ചിദംബരം ചട്ടമുണ്ടാക്കുന്നു. ആ ചട്ടം പാലിക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് കോടതിയില്‍ വാദിക്കുന്നു. എന്നിട്ടും മനോരമ രാവണന്‍കോട്ട കെട്ടുന്നത് ഐസക്കിനെ കുടുക്കാന്‍. കിടങ്ങ് കുഴിക്കുന്നത് ഐസക്കിനെ വീഴ്ത്താന്‍.

സിം‍ഗ്‍വിയ്ക്ക് വക്കാലത്തും വക്കീല്‍ഫീസും നല്‍കിയത് സാന്റിയാഗോ മാര്‍ട്ടിന്‍. തിന്നാനും കുടിക്കാനും കിടക്കാനും പണമൊഴുക്കിയത് സാന്റിയാഗോ മാര്‍ട്ടിന്‍. തനിക്ക് വക്കാലത്ത് തന്നത് ഭൂട്ടാന്‍ സര്‍ക്കാരാണെന്ന സിം‍ഗ്‍വിയുടെ വാദത്തിന് നേരത്തോടുനേരം പോലും ആയുസുണ്ടായില്ല. എന്നിട്ടും മാര്‍ട്ടിന്റെ വക്കാലത്ത് ഭൂട്ടാന്‍റേതായത് എങ്ങനെയാണ് അന്വേഷിക്കാന്‍ മനോരമയിലെ പത്രപ്പുലികള്‍ പരക്കം പാഞ്ഞില്ല.

മനോരമക്കാര്‍ എന്തന്വേഷിക്കണമെന്നും എന്തെഴുതണമെന്നും ഉമ്മന്‍ചാണ്ടി നിശ്ചയിക്കും. മനസിലുണ്ടെങ്കില്‍ മനോരമയിലുണ്ടെന്ന പരസ്യവാചകത്തിലെ അദൃശ്യനായ കര്‍ത്താവ് ഉമ്മന്‍ചാണ്ടിയാണ്. ഉമ്മന്‍ചാണ്ടിയുടെ മനസിലുളളതേ മനോരമയില്‍ അച്ചടിക്കപ്പെടൂ. ഉമ്മന്‍ചാണ്ടി കല്‍പ്പിക്കും, സതീശന്‍ വ്യാഖ്യാനിക്കും. ജി വിനോദ്, സഞ്ജയ് ചന്ദ്രശേഖര്‍ തുടങ്ങിയ തൂലികാനാമങ്ങള്‍ വഴി പുറംലോകം വായിക്കും.

ഇവരൊക്കെ എഴുതിക്കൂട്ടിയത് കൊണ്ട് തോമസ് ഐസക് രാവണന്‍ കോട്ടയില്‍ കുടുങ്ങിപ്പോയെന്ന് വിമതന്‍ നിരീക്ഷിക്കും. നാട്ടുകാര്‍ അവരുടെ പാടുനോക്കി പോവും.

ഐസക്കിനെ വീഴ്ത്താന്‍ മനോരമ കുഴിച്ച കിടങ്ങ് ഇതായിരുന്നു.

കോയമ്പത്തൂരിലെ മാര്‍ട്ടിന്‍സാറിന്റെ മേഘത്തെ തള്ളിപ്പറഞ്ഞു കിടങ്ങു താണ്ടാമെന്നു കരുതിയപ്പോള്‍ അതാ വരുന്നു അടുത്ത ശകുനംമുടക്കി. മേഘത്തിന്റെ കയ്യില്‍നിന്ന് എന്തിനു 30 മാസം കാശു വാങ്ങിയെന്നായി അടുത്ത ചോദ്യം.

ഈ ചോദ്യം ചോദിച്ചവന്‍ ജി. വിനോദ്. ചോദ്യം ചോദിക്കാനേ പുളളിക്കറിയൂ. ഉത്തരം തേടാന്‍ കോടതിവിധികളൊന്നും വായിച്ച് മനസിലാക്കാനുളള കപ്പാക്കുറ്റിയില്ലാതായിപ്പോയി. സംശയനിവാരണം നടത്താന്‍ ആകെയുളള അത്താണി വിഡി സതീശനും. ഐസക് മേഘയുടെ കയ്യില്‍ നിന്ന് നികുതി വാങ്ങാന്‍ വിസമ്മതിച്ചെന്നും അവര്‍ കോടതിയില്‍ പോയെന്നും കോടതി മേഘയ്ക്ക് അനുകൂലമായി കേസ് വിധിച്ചെന്നും തെളിവായി സ്വീകരിച്ച് ഉമ്മന്‍ചാണ്ടി നല്‍കിയ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ആയിരുന്നുവെന്നും അക്കാര്യം വെടിപ്പോടെ കോടതിവിധിയില്‍ പറഞ്ഞിട്ടുണ്ടെന്നും ജി വിനോദിനറിയില്ല. സതീശനൊട്ട് പറഞ്ഞുകൊടുത്തുമില്ല. അതുകൊണ്ട് ടിയാന്‍ ഒരു തറവേല ചെയ്തു.

താന്‍ ചോദിച്ചത് ഒരു മഹാചോദ്യമാണെന്നും ആ ചോദ്യം കണ്ട് തോമസ് ഐസക്ക് പകച്ചു പനിച്ചു വിറച്ചുകിടക്കുകയാണെന്നും വേറേ പേരില്‍ മനോരമയില്‍ തന്നെ എഴുതിവെച്ചു...

ആണ്ടിയുടെ അടിയെക്കുറിച്ച് സാക്ഷാല്‍ ആണ്ടി രചിക്കുന്ന മഹാകാവ്യങ്ങള്‍ ഇനിയും തുടരും...Tuesday, October 12, 2010

ഷെയിം... മാതൃഭൂമീ... ഷെയിം....നാണമില്ലേ മാതൃഭൂമീ... ഇങ്ങനെ നുണയെഴുതാന്‍? ...?

സത്യങ്ങളുടെ കഴുത്തറുക്കുന്ന കൊലപ്പുരകളാവുകയാണ് പത്രങ്ങളുടെ എഡിറ്റോറിയല്‍ ഡസ്‌കുകള്‍. എന്തും എഴുതാന്‍ കയ്യറപ്പില്ലാത്തവരുടെ വിഹാരരംഗമാണവിടം. നുണകളെഴുതുക, പിന്നീട് അവയ്ക്ക് വ്യാഖ്യാനം ചമയ്ക്കുക എന്നതാണ് വാര്‍ത്തയെഴുത്തിന്റെ ശൈലി. നുണകളും വ്യാഖ്യാനങ്ങളുമെല്ലാം സിപിഎമ്മിനും എല്‍ഡിഎഫ് സര്‍ക്കാരിനും എതിരെ. മനോരമയെന്നോ മാതൃഭൂമിയെന്നോ വ്യത്യാസമില്ലാതെ പത്രലോകം നിര്‍മ്മിക്കുന്ന നുണകള്‍ കൊണ്ടാണ് കോണ്‍ഗ്രസും യുഡിഎഫും എല്‍ഡിഎഫ് സര്‍ക്കാരിനെ ആക്രമിക്കുന്നത്.
ലോട്ടറി വിവാദത്തില്‍ മനോരമയും ആശ്രയിച്ചത് നുണകളെയാണ്. ലോട്ടറി അപവാദ പ്രചാരണത്തില്‍ ബഹുകാതം പിന്നിലായിപ്പോയതിന്റെ കേട് തീര്‍ക്കാന്‍ മാതൃഭൂമിയും രംഗത്തിറങ്ങി. കൊമ്പന്‍ പോയ വഴിയെ വെച്ചുപിടിക്കുകയാണ് മോഴയും. നുണയെഴുതുക; അത് വ്യാഖ്യാനിച്ച് പെരുംനുണയാക്കുക. ശൈലിയ്‌ക്കൊന്നും ഒരുവ്യത്യാസവുമില്ല.

ലോട്ടറിക്കേസ് - എജിയെ വി
ളിച്ചില്ല. അപ്പീല്‍ കൊടുത്തില്ല. സര്‍ക്കാര്‍ നിലപാട് മാര്‍ട്ടിന് തുണയായി എന്ന തലക്കെട്ടില്‍ ഇന്ന് (12-10-2010) മാതൃഭൂമി ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. സത്യവുമായി പുലബന്ധമെങ്കിലുമുളള ഏതെങ്കിലും ഒരുവാചകം ഈ വാര്‍ത്തയില്‍ കണ്ടുപിടിക്കുന്നവര്‍ക്ക് ഭൂട്ടാന്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം കിട്ടും.

കേസ് നടത്താന്‍ എജിയെ സര്‍ക്കാര്‍ വിളിച്ചില്ല എന്ന് തലയ്ക്ക് വെളിവുളള ആരും ആരോപിക്കില്ല. കാരണം സര്‍ക്കാരിന്റെ കേസ് നടത്താന്‍ ഭരണഘടനാപരമായി സൃഷ്ടിക്കപ്പെട്ട സ്ഥാപനമാണ് അഡ്വക്കേറ്റ് ജനറല്‍. ഹൈക്കോടതി ജഡ്ജിയുടെ പദവിയാണ് എജിയ്ക്ക്. എജിയറിയാതെ സര്‍ക്കാരിന് കേസുകള്‍ നടത്താനാവില്ല. സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരെ കേസ് നടത്താന്‍ ഏല്‍പ്പിക്കുന്നതും ആളെ തീരുമാനിക്കുന്നതുമെല്ലാം എജിയുടെ അറിവോടെയും അംഗീകാരത്തോടെയുമാണ്. യാഥാര്‍ത്ഥ്യം അതായിരിക്കെ, എജിയെ സര്‍ക്കാര്‍ വിളിച്ചില്ല എന്ന് എത്ര ഉളുപ്പില്ലാതെയാണ് മാതൃഭൂമി ലേഖകന്‍ തട്ടിവിടുന്നത്.

ലേഖകന്റെ നിയമപാണ്ഡിത്യം പോകുന്ന വഴി നോക്കു.

ഇദ്ദേഹത്തിനൊപ്പം (സുപ്രിംകോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ നാഗേശ്വര റാവു) സംസ്ഥാന സര്‍ക്കാരിന്റെ അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയില്‍ ഒരുതവണയെങ്കിലും ഹാജരായിരുന്നെങ്കില്‍ സര്‍ക്കാര്‍ വാദങ്ങള്‍ക്ക് ബലം കൂടിയേനെയെന്ന് ഒരു വിഭാഗം നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

അതാണ് കാര്യം.. സര്‍ക്കാരിന്റെ വാദം കേള്‍ക്കുമ്പോള്‍ ജഡ്ജി ഏറു കണ്ണിട്ട് നോക്കും. കസേരയിലെങ്ങാനും എജിയുണ്ടോ എന്ന്. വാദത്തിന്റെ ബലവും ബലക്കുറവും തീരുമാനിക്കുന്നത് നിയമപരമായ അതിന്റെ നിലനില്‍പ്പിലല്ല, വാദം നടക്കുമ്പോള്‍ ജഡ്ജിയുടെ മുന്നിലെ കസേരയില്‍ എജി ഉണ്ടോ ഇല്ലയോ എന്ന് നോക്കിയാണ്. എജിയില്ലെങ്കില്‍ ഏത് റാവു വന്ന് വാദിച്ചിട്ടും ഒരു ഫലവുമില്ല. ഏജിയുണ്ടെങ്കില്‍ ഏത് ശ്രേയാംസ് കുമാര്‍ വാദിച്ചാലും സര്‍ക്കാര്‍ പുല്ലുപോലെ ജയിക്കും.

സര്‍ക്കാരിന്റെ പാലങ്ങളും കെട്ടിടങ്ങളും പണിയുന്ന സ്ഥലങ്ങളില്‍ക്കൂടി എജി ഹാജരാകണമെന്നും ഈ നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയതായി നാളെ മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തേക്കാം. ബലം, സര്‍ക്കാരിന്റെ വാദങ്ങള്‍ക്ക് മാത്രം പോരല്ലോ.

വാര്‍ത്തയിലെ മറ്റൊരു വാദം ഇങ്ങനെ പോകുന്നു...
.... ലോട്ടറിക്കേസില്‍ ഏറെ വഴിത്തിരിവുണ്ടാക്കിയതാണ് 2008 ഫെബ്രുവരിയില്‍ ഹൈക്കോടതിയില്‍ നിന്നുണ്ടായ വിധി. സാന്റിയാഗോ മാര്‍ട്ടിന്റെ ലോട്ടറി വില്‍ക്കുന്നതില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് മാറ്റിക്കൊണ്ടായിരുന്നു 2008ല്‍ ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. ഈ വിധിയ്‌ക്കെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ സന്നദ്ധത കാണിച്ചിരുന്നില്ല.

ഭൂട്ടാന്‍ ലോട്ടറിയുടെ മുന്‍കൂര്‍ നികുതി വാങ്ങാന്‍ കേരള സര്‍ക്കാര്‍ വിസമ്മതിച്ചതിനെതിരെ മേഘാ ഡിസ്ട്രിബ്യൂട്ടഴ്‌സിന്റെ പ്രൊപ്പ്രൈറ്റര്‍ ജോണ്‍ കെന്നഡി നല്‍കിയ കേസില്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് പുറപ്പെടുവിച്ച വിധിയെക്കുറിച്ചാണ് ഈ പരാമര്‍ശം. WPC 36645/2007 നമ്പര്‍ കേസില്‍ വിധി വന്നത് 25-2-2008ന്. ഈ കേസിനെതിരെ കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ നമ്പര്‍ WA 528/2008. ഈ അപ്പീല്‍ നിലനില്‍ക്കെയാണ് അപ്പീല്‍ നല്‍കിയില്ലെന്ന് തലക്കെട്ടിലും അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ സന്നദ്ധത കാണിച്ചിരുന്നില്ല എന്ന് വാര്‍ത്തയിലും മാതൃഭൂമി ലേഖകന്‍ എഴുതിപ്പിടിപ്പിച്ചത്.

മാതൃഭൂമി വ്യാഖ്യാനിക്കുന്നതു പോലെ ലോട്ടറിക്കേസിലെ വഴിത്തിരിവൊന്നുമല്ല ഈ വിധി. അന്യസംസ്ഥാന ലോട്ടറികളുടെ വില്‍പന സംബന്ധിച്ച് സുപ്രിംകോടതി പല തവണ സ്വീകരിച്ച നിലപാടുകള്‍ക്കപ്പുറം വിധിയില്‍ ഒന്നുമില്ല. ഇപ്പോഴത്തെ സര്‍ക്കാരിന്റെ കാലത്ത് തന്നെ ഈ വിധിയ്ക്ക് മുമ്പ് ശ്രദ്ധേയമായ രണ്ടുവിധികള്‍ കേരള ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. WPC 30176/2006 എന്ന കേസില്‍ 2007 ജനുവരി 10ന് ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായരും WA 101/2007, 256/2007 എന്നീ അപ്പീലുകളിന്മേല്‍ അന്നത്തെ ആക്ടിംഗ് ചീഫ് ജസ്റ്റിസ് കെ എസ് രാധാകൃഷ്ണനും ജസ്റ്റിസ് എം എന്‍ കൃഷ്ണനും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചും പുറപ്പെടുവിച്ച വിധിന്യായങ്ങളും സ്വീകരിച്ച നിലപാടുകള്‍ തന്നെയാണ് ജസ്റ്റിസ് ആന്റണി ഡൊമിനിക്കും പിന്തുടര്‍ന്നത്.

പരമോന്നത കോടതിയും കേരള ഹൈക്കോടതിയും മുമ്പ് പുറപ്പെടുവിച്ച വിധിന്യായങ്ങള്‍ക്ക് വിരുദ്ധമാണ് മുന്‍കൂര്‍ അനുമതി സ്വീകരിക്കാത്ത സര്‍ക്കാരിന്റെ നടപടിയെന്നാണ് വിധിന്യായത്തില്‍ പറയുന്നത്. അപ്പോള്‍ പിന്നെ ഈ വിധിയെങ്ങനെ വഴിത്തിരിവാകും...? രാഷ്ട്രീയനേതാക്കളുടെ പ്രസ്താവനകളും ലേഖനങ്ങളും പ്രസംഗവുമൊക്കെ വളച്ചൊടിച്ചും ദുര്‍വ്യാഖ്യാനം നടത്തിയും വാര്‍ത്ത നിര്‍മ്മിച്ച് വിലസിയവര്‍ ഇപ്പോള്‍ കോടതിവിധിയെ പിടിച്ചിരിക്കുകയാണ്. നിയമവും വിധിയുമൊക്കെ തോന്നിയതുപോലെ വ്യാഖ്യാനിക്കും. ആരു ചോദിക്കാന്‍.. ആരോട് സമാധാനം പറയാന്‍... ഒന്നുകില്‍
വാര്‍ത്ത എഴുതുന്നവര്‍ക്ക് ബോധം വേണം. അല്ലെങ്കില്‍ നുണയും ദുര്‍വ്യാഖ്യാനവും തിരിച്ചറിയാനുളള ശേഷി ഡെസ്‌കിലിരിക്കുന്നവര്‍ക്കുണ്ടാകണം. ഇതൊന്നുമില്ലെങ്കില്‍ എജിയെ വിളിച്ചില്ല, എജി വന്നിരുന്നെങ്കില്‍ വാദങ്ങള്‍ക്ക് ബലം കൂടിയേനെ തുടങ്ങിയ മണ്ടത്തരങ്ങള്‍ നാം പത്രങ്ങളില്‍ വായിക്കേണ്ടി വരും.

നുണയില്‍ തുടങ്ങുന്ന വാര്‍ത്ത ഒടുങ്ങിയതും നുണയില്‍.. അവസാന വാചകം നോക്കുക.

എന്നാല്‍ ഒരു സംസ്ഥാനത്തിന്റെ / രാജ്യത്തിന്റെ പേരില്‍ അവരുടെ അംഗീകാരമില്ലാതെ ഒരു സ്വകാര്യവ്യക്തി നിയമവിരുദ്ധമായി പണം സമ്പാദനം നടത്തുന്നതിനെതിരെ സംസ്ഥാനസര്‍ക്കാരിന് കേസെടുക്കാനും വേണ്ടിവന്നാല്‍ അറസ്റ്റ് ചെയ്യാനും അവകാശമുണ്ടായിരുന്നുവെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ചൂണ്ടിക്കാട്ടാന്‍ കുറേ നിയമവിദഗ്ധരെ സദാസമയവും കീശയില്‍ കൊണ്ടുനടക്കുന്നത് കൊണ്ട് മാതൃഭൂമി ലേഖകന് ജോലി എളുപ്പമാണ്. ഈ നിയമവിദഗ്ധരെങ്ങാനും കോടതിയില്‍ പ്രത്യക്ഷപ്പെട്ടാല്‍ ജഡ്ജിമാര്‍ കൂട്ട ആത്മഹത്യ ചെയ്യുമെന്നത് മൂന്നരത്തരം.

കേസെടുക്കാനും വേണ്ടിവന്നാല്‍ അറസ്റ്റു ചെയ്യാനുമുളള അവകാശം ഏത് നിയമത്തിലാണ് ഉളളതെന്ന് ലേഖകന്‍ പറയുന്നില്ല. ലോട്ടറി നിയമത്തിലാണോ ചട്ടത്തിലാണോ ഐപിസിയിലാണോ എന്നൊക്കെ വായനക്കാര്‍ക്ക് വേണമെങ്കില്‍ പരസ്പരം ചോദിക്കാം.

ചിദംബരത്തിന്റെ ആഭ്യന്തരമന്ത്രാലയം നീട്ടിപ്പിടിച്ചെഴുതിയ കത്തുകളാണ് തന്റെ ഔദ്യോഗികാംഗീകാരം തെളിയിക്കാന്‍ സാന്റിയാഗോ മാര്‍ട്ടിന്‍ പൊക്കിപ്പിടിക്കുന്ന ഔദ്യോഗിക മുദ്രകള്‍. ഭൂട്ടാന്റെയും സിക്കിമിന്റെയും ഔദ്യോഗിക ഏജന്റാണ് സാന്റിയാഗോ മാര്‍ട്ടിന്‍ എന്ന് കേന്ദ്രം സര്‍ട്ടിഫിക്കറ്റെഴുതുമ്പോള്‍ പിന്നെ ഏത് വകുപ്പു വെച്ചാണ് സംസ്ഥാനം കേസെടുക്കുന്നതും അറസ്റ്റ് ചെയ്യുന്നതും. കക്കാന്‍ പഠിച്ചാല്‍ നില്‍ക്കാനും പഠിക്കേണ്ടേ. ലോട്ടറി വാര്‍ത്തകള്‍ എഴുതുന്നവര്‍ക്ക് പരിശീലനം നല്‍കാന്‍ ഉടന്‍ വി ഡി സതീശന്റെ സേവനം ഏര്‍പ്പെടുത്താന്‍ വീരേന്ദ്രകുമാര്‍ തയ്യാറാകുണം.

യഥാര്‍ത്ഥ മഞ്ഞപ്പത്രം എന്ന് പി ജയരാജന്‍ എംഎല്‍എ മുമ്പ് മാതൃഭൂമിയ്ക്ക് ചാര്‍ത്തിക്കൊടുത്ത വിശേഷണം ഒട്ടും അതിശയോക്തിപരമല്ലെന്ന് തെളിയിക്കുകയാണ് ആ പത്രത്തിന്റെ ലേഖകര്‍.