Wednesday, April 27, 2011

മെര്‍ക്കിസ്റ്റണ്‍ വിവാദവും ഗൗരീദാസന്‍ നായരും

മെര്‍ക്കിസ്റണ്‍ ഭൂമി ഐഎസ്ആര്‍ഒയ്ക്ക് വിറ്റതുമായി ബന്ധപ്പെട്ട് കേരളത്തില്‍ വന്‍വിവാദം തുടങ്ങിയത് 2007 ജൂലൈ മാസത്തിലാണ്. പൊന്‍മുടിയില്‍ ഐഎസ്ആര്‍ഒ സ്ഥാപിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് എന്ന സ്ഥാപനത്തിനു തറക്കല്ലിടാന്‍ ആഗസ്റ് 18ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് എത്തുമെന്ന് 2007 ജൂലൈ 22 ഞായറാഴ്ച സി ഗൌരിദാസന്‍ നായര്‍ വക വാര്‍ത്ത ഹിന്ദുവില്‍ പ്രത്യക്ഷപ്പെട്ടു. മെര്‍ക്കിസ്റണ്‍ എസ്റേറ്റില്‍ നിന്ന് 85 ഏക്കര്‍ ഭൂമി ഐഎസ്ആര്‍ഒ വാങ്ങാനുളള ഡീല്‍ ശനിയാഴ്ച രാത്രി ഉറപ്പിച്ചുവെന്നും വാര്‍ത്ത പ്രഖ്യാപിച്ചു. വാര്‍ത്തയുടെ മര്‍മ്മം ഇതായിരുന്നു :

The Prime Minister has tentatively given August 18 as the date for the ceremony, but highly placed sources said there could be a date change depending on Dr. Singh’s convenience and logistical issues.

നോട്ട് ദിസ് പോയിന്റ്. വസ്തു വാങ്ങാനുളള ഡീല്‍ ഉറപ്പിച്ചതിന്റെ തൊട്ടുപിറ്റേന്ന് തറക്കല്ലിടാന്‍ പ്രധാനമന്ത്രിയെ തരപ്പെടുത്തുന്നു, തീയതിയും തീരുമാനിക്കുന്നു. എന്നാല്‍ തറക്കല്ലിടാന്‍ പോയിട്ട് സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനു പോലും പ്രധാനമന്ത്രി വന്നില്ല.

പരിസ്ഥിതി ദുര്‍ബലപ്രദേശമായി നോട്ടിഫൈ ചെയ്ത എസ്റേറ്റ് സ്വകാര്യവ്യക്തി വില്‍ക്കാന്‍ തീരുമാനിച്ചത് വിവാദമായി. വാക്പയറ്റും ആരോപണ പ്രത്യാരോപണങ്ങളും ഉയര്‍ന്നു. കേരളത്തിന്റെ ചീഫ് സെക്രട്ടറിയുടെ കസേര തെറിപ്പിക്കുന്നതില്‍ വരെ അതെത്തി. അത്രയ്ക്ക് മൂര്‍ച്ചയേറിയതായിരുന്നു ആ വിവാദം.

വിവാദം കത്തിക്കാളവെ 2007 ഒക്ടോബര്‍ 5 വെളളിയാഴ്ച ദീപിക പത്രത്തിന്റെ ഏഴാംപേജില്‍ ഒരു പരമ്പര പ്രത്യക്ഷപ്പെട്ടു. ഒരു സംഘം ലേഖകന്മാര്‍ തയ്യാറാക്കിയ ആ പരമ്പര സി. ഗൌരിദാസന്‍ നായര്‍ എന്ന ദി ഹിന്ദുവിന്റെ സ്പെഷ്യല്‍ കറസ്പോണ്ടന്റിന് എതിരെ ആയിരുന്നു. സാദാ രാഷ്ട്രീയക്കാരന്റെ വീട്ടുവരാന്ത മുതല്‍ മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും അടുക്കളപ്പുറത്തുവരെ സ്വാതന്ത്യ്രമുളള ചില മാധ്യമ പ്രവര്‍ത്തകരാണ് ബ്രോക്കറുടെ വേഷത്തിലെത്തുന്നതെങ്കില്‍ പ്രധാനമന്ത്രിയുടെ പേരില്‍ പോലും പിരിവു നടത്താം എന്നു തുടങ്ങി രൂക്ഷമായ ആക്രമണമാണ് പത്രം ഗൌരിദാസന്‍ നായര്‍ക്കെതിരെ നടത്തിയത്.

പരമ്പരയുടെ ആദ്യഭാഗം അവസാനിപ്പിച്ചത് ഇങ്ങനെയായിരുന്നു.... വാര്‍ത്തയുടെ വിശ്വാസ്യതയുടെ കാര്യത്തില്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ലാത്ത ഹിന്ദു ദിനപത്രത്തില്‍ നിന്ന് വ്യാജവാര്‍ത്തകള്‍ ആരും പ്രതീക്ഷിക്കുന്നില്ല. വിശ്വാസ്യത നിലനിര്‍ത്താന്‍ ഹിന്ദുവിന് പ്രത്യേക മാനദണ്ഡങ്ങളുമുണ്ട്. പിന്നെ, കളവായ വാര്‍ത്ത തങ്ങളുടെ പത്രത്തില്‍ കയറിക്കൂടാനിടയായ സാഹചര്യങ്ങളെ ദി ഹിന്ദു വളരെ ഗൌരവത്തോടെയാണ് കാണുന്നത്. അതുകൊണ്ടു തന്നെ അവര്‍ അന്വേഷണവും തുടങ്ങിക്കഴിഞ്ഞു.

എന്നാല്‍ ഇതിന്റെ പിന്നിലേയ്ക്കു നടന്നു പോയപ്പോഴാണ് ചില വിവരങ്ങള്‍ പുറത്തു വന്നത്. സ്ഥലത്തിന്റെ ഉടമസ്ഥന്‍ സേവി മനോമാത്യുവും ഗൌരീദാസന്‍ നായരുമായുളള ബന്ധം... വാര്‍ത്ത വന്നതിന്റെ തലേന്ന് നക്ഷത്ര ഹോട്ടലില്‍ നടന്ന ഫൈവ് കോഴ്സ് ഡിന്നര്‍ വിത്ത് കോക്ടെയില്‍ പാര്‍ട്ടി. ഇതിനു ശേഷം നടന്ന ചില കൈമാറലുകള്‍... ഈ കണ്ടെത്തലുകള്‍ക്ക് കുറേ പുറകിലേയ്ക്കു പോയപ്പോള്‍ മറ്റു ചില വിവരങ്ങളും ലഭിച്ചു. അടിക്കടിയുളള വിദേശയാത്രകള്‍... പ്രത്യേകിച്ച് തായ്ലന്റ് സന്ദര്‍ശനം.. സിഐഎ എന്ന അമേരിക്കന്‍ ചാര സംഘടന നിയന്ത്രിക്കുന്ന യഎസ്ഐഎസിന്റെ അതിഥിയായുളള അമേരിക്കന്‍ സന്ദര്‍ശനം. ഇങ്ങനെ നിരവധി നിരവധി കഥകള്‍... ഈ കഥകള്‍ മാന്യനായ പത്രപ്രവര്‍ത്തകന്റെ സമകാലികരോട് സംശയത്തോടെ വിവരിച്ചപ്പോള്‍ അവരുടെ മറുപടി.. സുഹൃത്തേ, മഞ്ഞുമലയുടെ മുകളറ്റമല്ലേ ഇത്.. ഇനിയെന്തെല്ലാം... പുറത്തുവന്നതിനെക്കാള്‍ ഭീകരമല്ലേ വരാനിരിക്കുന്നത്....


ഈ പരമ്പരയുടെ പേരിലാണോ സിപിഎം ഗൌരിദാസന്‍ നായരോട് ഫോണില്‍ കുമ്പസാരിച്ചത്? ചെക്കുട്ടിയാണ് മറുപടി പറയേണ്ടത്...

പരമ്പരയുടെ രണ്ടും മൂന്നും ഭാഗങ്ങളില്‍ ദീപിക ഗൌരിദാസന്‍ നായരെ കടിച്ചു കീറി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ അധികാരദല്ലാള്‍ വേഷം വലിച്ചു കീറിയ പരമ്പര വെളിപ്പെടുത്തിയ ഒരു വിവരവും നിഷേധിക്കപ്പെട്ടില്ല. ആരും മാനനഷ്ടക്കേസ് കൊടുത്തില്ല. പത്രപ്രവര്‍ത്തക യൂണിയന്‍ പ്രമേയം പാസാക്കുകയോ പ്രസ് ക്ളബില്‍ ഉണ്ണാവൃതം (പീനവൃതം എന്നു തിരുത്തണം) അനുഷ്ഠിക്കുകയോ ഉണ്ടായില്ല.

പരമ്പര പ്രസിദ്ധീകരിച്ചത് ദീപിക. ദീപിക സമം ഫാരിസ് അബൂബേക്കര്‍. അദ്ദേഹം സമം പിണറായി എന്നൊരു സമവാക്യം സൃഷ്ടിച്ചാണ് മാപ്പുപറച്ചില്‍ കഥ പ്ളാന്റു ചെയ്തത് എങ്കില്‍ ചെക്കുട്ടിയ്ക്ക് അവിടെയും തെറ്റി. ആ ന്യായം പറയുന്നതിനു മുമ്പ് 2007 ഒക്ടോബര്‍ ഒന്നിന്റെ പുറത്തിറങ്ങിയ മാധ്യമം വാരിക തപ്പിപ്പിടിക്കുക. അതില്‍ 26 മുതല്‍ 31വരെ പേജുകളില്‍ വൈരുദ്ധാത്മക പരിസ്ഥിതി ബോധത്തെക്കുറിച്ച് ചില കാര്യങ്ങള്‍ എന്ന തലക്കെട്ടില്‍ വിജു വി നായര്‍ എഴുതിയ ലേഖനമുണ്ട്. 28, 29 പേജുകളില്‍ ഗൌരിദാസന്‍ നായരെക്കുറിച്ച് ഇങ്ങനെ പറഞ്ഞിരിക്കുന്നു.

ഇനിയാണ് മേജര്‍ സെറ്റ് കഥകളി. ഭൂമി ഏതായാലും കിട്ടി. നേരത്തെ ഉറപ്പിച്ചിരുന്ന കച്ചോടം ഉറപ്പായി. എങ്കിലും വല്ല അലമ്പുമുണ്ടായാലോ? അതുകൊണ്ട് എത്രയും വേഗം ബഹിരാകാശ പളളിക്കൂടത്തിന്റെ കല്ലിടണം. അത് പ്രധാനമന്ത്രിയെപ്പോലൊരാളാണ് ഇടുന്നതെങ്കില്‍ പിന്നെ സംസ്ഥാന സര്‍ക്കാര്‍ തൊട്ട് സകല കശ്മലന്മാരുടെയും നാവടപ്പിക്കാം. ക്രയവിക്രയക്കാര്‍ ബുദ്ധിയില്‍ ഒട്ടും പിന്നാക്കമല്ലല്ലോ...

ആ ബുദ്ധി ഇറങ്ങി വന്നത് ദി ഹിന്ദു ദിനപത്രം വഴിയാണ്. സത്യത്തില്‍ പാരിസ്ഥിതിക ദുര്‍ബല പ്രദേശത്ത് ഭൂമിയിടപാടിനു ശ്രമം നടക്കുന്നു എന്ന വസ്തുത ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ഈ പത്രത്തിലെ റോയ് മാത്യുവാണ്. സാധാരണഗതിയില്‍ ഇത്തരം പ്രമേയങ്ങളുടെ ബീറ്റിലുളള റോയിയെ പിന്നെ ഇന്നേവരെ പൊന്മുടിക്കേസ് റിപ്പോര്‍ട്ടിംഗില്‍ കണ്ടിട്ടില്ല. പകരം മറ്റൊരാള്‍ ഇതിന്റെ ഹോള്‍സെയില്‍ വിപണനം ഏറ്റെടുക്കുകയുണ്ടായി. സെപ്ഷ്യല്‍ കറസ്പോണ്ടന്റ് സി ഗൌരീദാസന്‍ നായര്‍.

കഴിഞ്ഞ ജൂലൈ 22ന് അദ്ദേഹത്തിന്റേതായി വാര്‍ത്ത വരുന്നു. Manmohan Sing to lay the foundations in the third week of August.

 നാളിതുവരെ പത്രങ്ങള്‍ പോയിട്ട് സംസ്ഥാന സര്‍ക്കാര്‍ പോലും അറിയാത്ത വിവരമാണിത്. പ്രധാനമന്ത്രി സന്ദര്‍ശിക്കണമെങ്കില്‍ രണ്ടു മാസം മുമ്പേ സംസ്ഥാന സര്‍ക്കാരിനെ വിവരമറിയിച്ചിരിക്കണം. അങ്ങനെയാണ് പ്രോട്ടോക്കോള്‍. ഇവിടെ സര്‍ക്കാര്‍ അറിഞ്ഞില്ലെന്ന് ഔദ്യോഗികമായി പ്രതികരണം തന്നെയുണ്ടായി. പക്ഷേ, നമ്മുടെ ദേശീയ പത്രം സംഗതി തിരുത്തിയില്ല. വല്യ പത്രമല്ലേ, അവരെയാണ് പ്രധാനമന്ത്രി തന്റെ കാര്യപരിപാടികള്‍ ആദ്യമറിയിക്കുന്നത് എന്ന് വിചാരിക്കാം.

മേല്‍പറഞ്ഞ സ്പെഷ്യല്‍ കറസ്പോണ്ടന്റിന് ആവേശം മൂത്തുമൂത്ത് ഏതാണ്ടൊരു കാമ്പയിന്‍ പോലെയായി. രസം അതുമല്ല. ഇക്കഴിഞ്ഞ സെപ്തംബര്‍ 2ന് പത്രത്തില്‍ മേപ്പടി ലേഖകന്റെ മറ്റൊരു റിപ്പോര്‍ട്ട് - VS convenes meet on land sale to ISRO  - അതില്‍ കേരള സര്‍ക്കാരിന്റെ നിയമപരമായ നിലപാടായി എഴുതിപ്പിടിപ്പിച്ചിരിക്കുന്ന വരികള്‍ അത്രയും നേരത്തെ വേറൊരിടത്ത് വന്നത്. മറ്റെങ്ങുമല്ല, തര്‍ക്കവസ്തു തന്റെ വകയാണെന്നു പറഞ്ഞ് സാക്ഷാല്‍ സേവി മനോമാത്യു സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ അതേവരികള്‍. പത്രപ്രവര്‍ത്തനത്തെപ്പറ്റി എന്‍ റാം ചമച്ച ഗീര്‍വാണങ്ങളില്‍ ഒന്ന് അജണ്ടയുണ്ടാവണം ഈ പണിയ്ക്ക് എന്നാണ്. പത്രാധിപരെ അക്ഷരംപ്രതി അനുസരിക്കുന്ന ഇത്തരം വാലുകളെ നമ്മള്‍ വായനക്കാര്‍ അഭിനന്ദിക്കുക തന്നെ വേണം.

പ്രധാനമന്ത്രി വരുന്നു എന്ന് ഹിന്ദുലേഖകന്‍ പറഞ്ഞയുടനെ മന്ത്രിസഭ പോലുമറിയാതെ പൊതുഖജനാവില്‍ നിന്ന് ഒരു കോടി രൂപ അനുവദിക്കുന്നു. ഉദ്യോഗസ്ഥ മേല്‍വൃന്ദം പൊന്മുടിയില്‍ ഹെലിപ്പാടു കെട്ടാന്‍. പണി ശഠേന്നു തുടങ്ങുകയും ചെയ്തു. എങ്ങനെ തുടങ്ങാതിരിക്കും. ജൂലൈ 22ന് മാന്യപത്രത്തിലെ മാന്യലേഖകന്‍ പ്രഖ്യാപിച്ചത് ആഗസ്റ് മൂന്നാം വാരം  മന്‍മോഹന്‍ വരുമെന്നല്ലേ. കഷ്ടിച്ച് ഇരുപത്തിയഞ്ചു ദിവസം. സര്‍ക്കാരിന് അറിയിപ്പ് കിട്ടിയില്ലെന്നു വെച്ച് ദേഹണ്ഡം തുടങ്ങാതിരിക്കാനാവുമോ?

സേവി മനോമാത്യുവിനു വേണ്ടി ഹിന്ദു പത്രത്തെ അതിലെ ഒരു വ്യക്തിമാത്രം ഇങ്ങനെ കൊണ്ടുപിടിച്ച് ഉപയോഗിക്കുന്നതിനു പിന്നിലെ കഥ വേറെയാണ്. കഴിഞ്ഞ ജൂലൈ 21ന് കോവളത്തെ സമുദ്ര ഹോട്ടലില്‍ നടന്ന രാത്രിവിരുന്നില്‍ പങ്കെടുത്തവര്‍ക്കെല്ലാം അറിയാവുന്ന ആ തൊമ്മിക്കഥ എഴുതാന്‍ പറ്റിയ ഒരാളുണ്ട് - വിരുന്നിനെ അനുഗ്രഹിച്ച മലയാള സാഹിത്യത്തിലെ ഒരു പ്രമുഖ തച്ചന്‍. ഇവിടെ മനോമാത്യുവിന്റെ ഇംഗിതം ലളിതമായിരുന്നു. പ്രധാനമന്ത്രി വന്ന് തറക്കല്ലിടുമെന്ന് പ്രചരിപ്പിച്ചാല്‍ ഇടപാട് വേഗവും സുതാര്യവുമാകും. അതിന് വിശ്വാസ്യതയുളള ഒരു ദേശീയ പത്രം വേണം. ഇത്തരം പത്രങ്ങളെന്നു കേട്ടാല്‍ മുട്ടിടിക്കുന്ന ഐഎഎസ് പുംഗന്മാരെ പറ്റിക്കാന്‍ പറ്റിയ വഴി...


ഇങ്ങനെയാണ് ശാന്തകുമാര്‍ വേലപ്പന്‍ നായര്‍, 2007ലെ ഹിന്ദു വാര്‍ത്തയെ തുടര്‍ന്ന് കുടം പൊട്ടിപ്പുറത്തു ചാടിയ മെര്‍ക്കിസ്റണ്‍ വിവാദത്തില്‍ സി. ഗൌരീദാസന്‍ നായരുടെ പങ്ക് മാധ്യമങ്ങല്‍ അടയാളപ്പെടുത്തിയത്.

ചേക്കുട്ടിയും എം ജി രാധാകൃഷ്ണനുമൊന്നും ഇക്കാര്യം എഫ്ഇസിയില്‍ പറയാതിരുന്നതിന്റെ കാരണമാണ് വേദവാക്യങ്ങള്‍ക്കു വേണ്ടി ഇവരെ ആശ്രയിക്കുന്നവര്‍ അവിടെ ഉറക്കെ ചോദിക്കേണ്ടത്. മെര്‍ക്കിസ്റണ്‍ വിവാദവുമായി ബന്ധപ്പെട്ട് ഗൌരിയ്ക്കെതിരെ ഉയര്‍ന്ന ആരോപണം സിപിഎമ്മിന്റെ സൃഷ്ടിയാണോ? 2007 ആഗസ്റ് 18ന് മന്‍മോഹന്‍ സിംഗ് കേരളത്തില്‍ സ്പേസ് ഇന്‍സ്റിറ്റ്യൂട്ടിന് തറക്കല്ലിടാനെത്തുമെന്ന് ഗൌരിയെ തെറ്റിദ്ധരിപ്പിച്ചത് പിണറായി വിജയനാണോ? ഏകെജി സെന്ററില്‍ നിന്നാണോ ആ വ്യാജവിവരം ഗൌരിയിലെത്തിയത്. ഗൌരിയെ കേരളത്തിലെ സിപിഎമ്മുകാര്‍ തെറ്റിദ്ധരിപ്പിച്ച് ഒരു വാര്‍ത്ത കൊടുക്കുകയും ആ വാര്‍ത്തയെ തുടര്‍ന്ന് ഗൌരിയുടെ കീര്‍ത്തിയ്ക്ക് ഹാനികരമാകുന്ന വിധത്തില്‍ ആരോപണങ്ങള്‍ ഉയരുകയും ചെയ്തു എന്ന് ഗൌരിയോ മറ്റാരെങ്കിലുമോ രേഖാമൂലമോ അല്ലാതെയോ ആരെങ്കിലും സിപിഎം കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ടോ? എന്തിന്റെ പേരിലാണ് സിപിഎം അന്വേഷണം നടത്തിയത്?

അന്വേഷണം നടത്തിയവര്‍ ദീപികയില്‍ പരമ്പരയെഴുതിയവരില്‍ നിന്നോ വിജു വി നായരില്‍ നിന്നോ വിശദീകരണമോ തെളിവെടുപ്പോ നടത്തിയിട്ടുണ്ടോ? പിണറായി വിജയനോ അദ്ദേഹത്തിന്റെ അനുയായികളോ തങ്ങളെ വിലയ്ക്കെടുക്കുകയായിരുന്നുവെന്ന് ഇവരാരെങ്കിലും സിപിഎമ്മിന്റെ അന്വേഷണ സംഘത്തോട് സമ്മതിച്ചിട്ടുണ്ടോ?

ആഗസ്റ് 18ന് പ്രധാനമന്ത്രി വരുമെന്ന് ഗൌരിയെ തെറ്റിദ്ധരിപ്പിച്ചത് കേരളത്തിലെ സിപിഎമ്മിലെ ഔദ്യോഗിക വിഭാഗമാണ് എന്ന്  അന്വേഷണത്തില്‍ ബോധ്യമായിട്ടുണ്ടോ? അങ്ങനെ തെറ്റിദ്ധരിപ്പിച്ചതിനാണോ പിബി മെമ്പര്‍ ഗൌരിയെ ചേക്കുട്ടിയ്ക്ക് സിസി വെച്ച് ഫോണില്‍ വിളിച്ച് മാപ്പു പറഞ്ഞത്? സംഗതി സിപിഎം അവിടം കൊണ്ടു നിര്‍ത്തിയോ? ഗൌരിയുടെ ജീവനും കീര്‍ത്തിയും തൊഴിലും നശിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ പാര്‍ട്ടി എന്തെങ്കിലും നടപടിയെടുത്തോ? ഈ ചോദ്യങ്ങള്‍ക്കൊന്നും നീലന്‍, ചേക്കുട്ടി, എം ജി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ക്ക് മറുപടിയുണ്ടാവില്ല. കാരണം അവര്‍ മറ്റുളളവരോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ അവതാരമെടുത്തവരാണ്. ഒരു ചോദ്യത്തിനും ഉത്തരം പറയേണ്ട ബാധ്യത അവര്‍ക്കില്ല. അവരോടു ചോദ്യം ചോദിച്ചാല്‍ ചില വിലാസങ്ങളും ഫോണ്‍ നമ്പരും തന്ന് ചോദ്യങ്ങള്‍ അങ്ങോട്ടു മതി എന്നാജ്ഞാപിക്കും. അതിന്റെ പഴിയും രാഷ്ട്രീയഗുരുവിന്റെ തലയിലിടും.

ഈ വിഗ്രഹങ്ങളെ എന്തിനു പൂജിക്കണം എന്ന് എഫ്ഇസിയിലെ വിവരമുളള പ്രജകള്‍ ആത്മപരിശോധന നടത്തട്ടെ.
 
(ഒന്നാംഭാഗം - ഉടഞ്ഞു ചിതറുന്ന ബൈലൈന്‍ വിഗ്രഹങ്ങള്‍ )

ഉടഞ്ഞു ചിതറുന്ന ബൈലൈന്‍ വിഗ്രഹങ്ങള്‍


തങ്ങള്‍ക്കു നേരെ ഉയരുന്ന ഏതുവിമര്‍ശനത്തോടും അഗാധമായ അസഹിഷ്ണുത പുലര്‍ത്തുന്നതിലും പത്രലോകത്തെ പ്രമാണി വര്‍ഗം പരസ്പരം ഐക്യപ്പെടുന്നുണ്ട്. ഫോര്‍ത്ത് എസ്റേറ്റ് ക്രിട്ടിക് എന്ന ഗൂഗിള്‍ ഗ്രൂപ്പില്‍ നടക്കുന്ന മാധ്യമ ചര്‍ച്ചകളില്‍ ഒട്ടുമുക്കാലും ബാക്കിയാക്കുന്നത് ഈ സത്യമാണ്. കുറേയേറെ ബൈലൈന്‍ വിഗ്രഹങ്ങളെ തച്ചുടച്ചു മുന്നേറിയ അത്തരമൊരു ചര്‍ച്ചയെ സംബന്ധിക്കുന്നതാണ് ഈ ലേഖനം.


ഇന്ത്യാ ടുഡേ ലേഖകന്‍ എം ജി രാധാകൃഷ്ണന്റെ ഒരു വിഎസ് വിശകലനത്തില്‍ നിന്നാണ് എല്ലാം തുടങ്ങിയത്. ന്യൂസ് ചാനലുകളിലെ വാര്‍ത്താ വിശകലന വിദഗ്ധരില്‍ വിഎസ് വിരുദ്ധനായാണ് എം ജി രാധാകൃഷ്ണന്‍ അറിയപ്പെടുന്നത്. പി. ഗോവിന്ദപ്പിളളയുടെ മകനാണ് അദ്ദേഹം. സൌമ്യന്‍. മാന്യന്‍, മര്യാദക്കാരന്‍.

വോട്ടെടുപ്പു കഴിഞ്ഞ് വെറുതെയിരുന്നപ്പോഴാണത്രേ എംജിആറിന്റെ മനസ് അപ്രതീക്ഷിതമായി വിഎസിലേയ്ക്കു ചാഞ്ഞത്. ചിന്തകള്‍ അദ്ദേഹം വിശദമായി എഴുതി എഫ്ഇസിയില്‍ ചര്‍ച്ചയ്ക്കു വെച്ചു. ആരാധകര്‍ ബലേഭേഷ് വിളിച്ചു പറന്നെത്തി. അക്കൂട്ടത്തില്‍ കേമപ്പെട്ട താങ്ങ് എന്‍ഡിഎഫിന്റെ മുഖപത്രമായ തേജസിന്റെ പത്രാധിപര്‍ എന്‍. പി. ചേക്കുട്ടി വക (ഇദ്ദേഹം എന്‍പിസി എന്നാകുന്നു അറിയപ്പെടുന്നത്) ആയിരുന്നു.

തങ്ങളില്‍ പലരുടെയും രാഷ്ട്രീയ ഗുരുവായ പി. ഗോവിന്ദപ്പിളളയുടെ ബൌദ്ധിക പൌര്‍ണമിയും തെളിഞ്ഞ ചിന്തയും അദ്ദേഹത്തിന്റെ മകനിലൂടെ പുറത്തുവരുന്നു എന്നാണ് ചെക്കുട്ടി വെച്ചു കാച്ചിയത് : Now I see the intellectual brilliance and clear-thinking of PG --the political guru of many of us--  making its presence felt again through his son.

പിജിയെ തന്റെ രാഷ്ട്രീയഗുരുവായി ചേക്കുട്ടി വാഴിച്ച വിവരം രാധാകൃഷ്ണന്‍ പിതാവിനോടു പറഞ്ഞിരിക്കാന്‍ വഴിയില്ല. പറഞ്ഞിരുന്നെങ്കില്‍ പ്രായാധിക്യത്തിന്റെ എല്ലാ അവശതയും പുത്രവാത്സല്യവും മറന്ന് വന്ദ്യവയോധികനായ ആ സഖാവ് എംജിആറിന്റെ നടുവിനു ചവിട്ടിയേനെ.  ഇവനൊക്കെയായിട്ടാണോ നീ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നതെന്ന് ആട്ടിയേനെ...

താന്‍ രാഷ്ട്രീയവിദ്യാഭ്യാസം നല്‍കിയവന്‍ വര്‍ഗീയ ഭീകര സംഘടനയായ എന്‍ഡിഎഫിന്റെ മുഖപത്രത്തില്‍ പത്രാധിപരായി വാഴുക, സാക്ഷാല്‍ ബിന്‍ലാദനെ ചെഗുവേരയോട് ഉപമിക്കാന്‍ ഉളുപ്പില്ലാത്ത മാര്‍ക്സിസ്റ് സൈദ്ധാന്തികനായി വളരുക.. പിജിയെപ്പോലൊരു ഗുരുവിന് അഭിമാനിക്കാന്‍ വേറെന്തു വേണം.... അതവിടെ നില്‍ക്കട്ടെ..

ദി ഹിന്ദു പത്രത്തിന്റെ സ്പെഷ്യല്‍ കറസ്പോണ്ടന്റ് സി. ഗൌരീ ദാസന്‍ നായരാണ് ചര്‍ച്ച വഴിതിരിച്ചത്. രാധാകൃഷ്ണന്‍ പറഞ്ഞതൊക്കെ തന്നെയാണ് താന്‍ പറയാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത് എന്നായി ഗൌരി. 2006 മാന്‍ ഓഫ് ദി മൊമന്റ് എന്ന തലക്കെട്ടില്‍ താനെഴുതിയ ലേഖനത്തില്‍ ഈ ആശയമുണ്ടായിരുന്നുവെന്നും അതെഴുതിയതിന് വലിയ വില കൊടുക്കേണ്ടി വന്നുവെന്നും എഴുതിയപ്പോള്‍ ഗൌരിദാസന്‍ നായരുടെ കണ്ഠമിടറുകയും കൈ വിറയ്ക്കുകയും ചെയ്തിട്ടുണ്ടാവണം. അദ്ദേഹത്തിന്റെ വാക്കുകള്‍ ഉദ്ധരിക്കട്ടെ:
I paid a heavy price with my life, reputation and almost my job for the position I had taken then in that story of mine as also my despatches. I was insulted in public and private and all kinds of stories were spread about me. Simply because I tried to say the truth, about the transformation of a major political leader and the way he understood, articulated and acted, to quote you, 'avant-garde' politics.
ഗൌരി എഴുതിയ വാര്‍ത്ത ഇവിടെ കാണാം. ഇതെഴുതിയ  പത്രലേഖകന്റെ ജീവനും കീര്‍ത്തിയും തൊഴിലും അപകടാവസ്ഥയിലായെങ്കില്‍ ഗുരുതരമായ സ്ഥിതിവിശേഷമാണത്. ആ അനുഭവം ഒരു ഓണ്‍ഗ്രൂപ്പിന്റെ അകത്തളങ്ങളില്‍ പരിഭവം പറച്ചിലായി മുഴങ്ങിത്തീരേണ്ടതുമല്ല. പക്ഷേ, ഈ ആഭിചാരപ്രവൃത്തി ചെയ്തതാര് എന്ന് ഗൌരി വെളിപ്പെടുത്തിയില്ല. എല്ലാം അറിയാവുന്ന എം ജി രാധാകൃഷ്ണനും നീലന്‍ നീലകണ്ഠനും ഒന്നും വിട്ടു പറഞ്ഞതുമില്ല. I would like to blame it on some very small men  എന്ന് എംജിആറും It is the ignorance and the arrogance of the cronies  that rule  എന്ന് നീലനും തങ്ങളുടെ സ്വന്തം ഗൌരിയെ ആശ്വസിപ്പിച്ചു. ഗൌരിയ്ക്കും തൃപ്തിയായി. വാര്‍ത്തയെഴുതിയതിന്റെ പേരില്‍ ജീവനും ജോലിയ്ക്കും കീര്‍ത്തിയ്ക്കും നേരെ വെല്ലുവിളി ഉയര്‍ന്നാല്‍ ചില മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ ഇങ്ങനെയൊക്കെ സമാധാനിച്ചു കളയും.

അരങ്ങ് ഇങ്ങനെ കൊഴുത്തപ്പോള്‍ ആര്‍. രാംകുമാര്‍ എന്ന എഫ്ഇസി പ്രജ വേറൊരു വഴിക്ക് ചിന്തിച്ചു. ഗൌരീവാര്‍ത്ത അദ്ദേഹം ഇഴകീറി. ആ പരിശോധനയില്‍ കുഞ്ഞാലിക്കുട്ടിയെ കൈകാര്യം ചെയ്യുന്ന കാര്യത്തിലൊഴിച്ചാല്‍ ഉമ്മന്‍ ചാണ്ടിയും സാമാന്യം വലിയ ഒരു മാന്‍ ഓഫ് സീസണ്‍ ആണെന്ന് 2006ല്‍ ഗൌരി വിശകലനം ചെയ്ത കാര്യം വെളിപ്പെട്ടു. വിഎസിനെ ഉമ്മന്‍ചാണ്ടിയോട് തുലനപ്പെടുത്തിയാല്‍ പിണറായി വിജയന്റെ ആരാധകര്‍ പ്രകോപിതരാകേണ്ട കാര്യമില്ല. ഉമ്മന്‍ചാണ്ടിയും ഏതാണ്ട് വിഎസിന് തുല്യനാണെന്ന് വിശകലിച്ചതില്‍ പ്രകോപിതരായി വിഎസ് അനുകൂലികളാരെങ്കിലുമാണോ ഗൌരിയുടെ ജീവനും കീര്‍ത്തിയ്ക്കും തൊഴിലിനും വില പറഞ്ഞത് എന്ന സംശയവും പ്രസക്തം. പക്ഷേ, ഈ സംശയം രാംകുമാറിനും ഉണ്ടായില്ല.


എങ്കിലും രാംകുമാറിന്റെ മറ്റൊരു ആരോപണം എഫ്ഇസിയെ പ്രകമ്പനം കൊള്ളിച്ചു.  2006ലെ വാര്‍ത്തയല്ല, 2007ല്‍ പ്രസിദ്ധീകരിച്ച മറ്റൊരു വാര്‍ത്തയാണ് ഗൌരിയെ ദി ഹിന്ദുവിലും മാധ്യമലോകത്തും പ്രതിക്കൂട്ടില്‍ നിര്‍ത്തിയത് എന്നായിരുന്നു ആ ആരോപണം. രാംകുമാറിന്റെ സ്വന്തം വാചകങ്ങള്‍ ഇങ്ങനെ:
The real story was another false and cooked up (read, planted) story about an explosively corrupt land deal in 2007 that led to such an outpour of complaints against the journalist. It seems there were direct pointers in that story towards a not-so-nice-deal between asthaana journalists and real estate dealers.
കടന്നല്‍ക്കൂട്ടില്‍ പതിച്ച കരിങ്കല്ലായി ഈ ആരോപണം. ഗൌരിയെ പ്രതിരോധിക്കാന്‍ ചാടിയിറങ്ങിയത് സാക്ഷാല്‍ ചെക്കുട്ടി. ഉപാധികളില്ലാതെ ആരോപണം പിന്‍വലിച്ചില്ലെങ്കില്‍ അസുഖകരമായ പലതും സംഭവിക്കുമെന്നായി ലാദനെ ചെഗുവേരയാക്കിയ മഹാമനീഷി. സംഭവിച്ചതിനൊക്കെ ഗൌരിയോട് ഏതോ സിപിഎം പിബി മെമ്പര്‍ ഫോണ്‍ വിളിച്ചു മാപ്പു പറഞ്ഞുവെന്നും മേപ്പടിയാന്‍ വെളിപ്പെടുത്തി. പിജിയില്‍ നിന്ന് രാഷ്ട്രീയ ശിഷ്യനായതിനാല്‍ സിപിഎം പിബി മെമ്പര്‍മാര്‍ ആരെ ഫോണില്‍ വിളിച്ച് എന്തു പറഞ്ഞാലും ഇതിയാനും കൂടി സിസി വെയ്ക്കാറുണ്ടെന്ന വിവരം പാവം രാംകുമാറിന് അറിയുമായിരുന്നില്ല. ഫോണില്‍ വിളിച്ച നേതാവിന്റെ പേര് താനായിട്ടു പറയുന്നില്ലെന്നും അത് രാംകുമാര്‍ അന്വേഷിച്ചു കണ്ടുപിടിക്കണം എന്നുമായിരുന്നു കല്‍പ്പന.

ജസിലെ തോറാ'ബോറ'നെ തരിമ്പും വകവെച്ചില്ല രാംകുമാര്‍. ഒരുത്തന്റെ ജീവനും തൊഴിലും കീര്‍ത്തിയും നശിപ്പിക്കുന്ന ദുഷ്ടത ഫോണ്‍ വിളിച്ച് രഹസ്യമായി സെറ്റില്‍ ചെയ്യേണ്ടതാണോ എന്നു തിരിച്ചു ചോദിച്ചു അദ്ദേഹം. പത്രലോകത്തിനെതിരെയാണ് തന്റെ ആരോപണമെന്നും ചുണയുണ്ടെങ്കില്‍ തൂക്കിക്കൊല്ലാനും രാംകുമാര്‍ ചേക്കുട്ടിയെ വെല്ലുവിളിച്ചു. താന്‍ ഒന്നാന്തരം പത്രപ്രവര്‍ത്തകനായതു കൊണ്ട് പല സിപിഎം പിബി മെമ്പര്‍മാരെയും അറിയാമെന്നായിരുന്നു ചെക്കുട്ടിയുടെ മറുപടി. അരിയെത്ര എന്നു ചോദിച്ചാല്‍ മുരിങ്ങാക്കായ പൊക്കിക്കാണിക്കുന്ന തറവേലയും പിജിയാണ് പഠിപ്പിച്ചതെന്ന് ഇക്കുറി ചേക്കുട്ടി അവകാശപ്പെട്ടില്ല. തെരഞ്ഞെടുപ്പു സംബന്ധിച്ച് രാംകുമാറിന്റെ നിരീക്ഷണങ്ങള്‍ കേമമാണെന്നും എന്നാല്‍ ഗൌരിയ്ക്കെതിരെ ആരോപണം ഉന്നയിച്ചത് അനാവശ്യവും നിര്‍ഭാഗ്യകരവുമാണെന്ന് ആര്‍വിജി മേനോന്‍ വിധിയെഴുതി. ഗൌരിയ്ക്കൊക്കെ എതിരെ അങ്ങനെയൊക്കെ പറയാമോ എന്നു വ്യംഗ്യം. ആര്‍ക്കെതിരെ എന്തു പറയണമെന്നൊക്കെ തീരുമാനിക്കാന്‍ ഞങ്ങള്‍ കുറേപ്പേരിവിടെയില്ലേ എന്ന് വാചാലം..

ചേക്കുട്ടിയ്ക്ക് ഗൌരിയോട് തീര്‍ത്താല്‍ തീരാത്ത പകയുണ്ടാകണം. രാംകുമാറിനെ ചെക്കുട്ടി പ്രകോപിപ്പിക്കുന്തോറും ഗൌരിയുടെ മുഖം കൂടുതല്‍ വികൃതമായി. വാദപ്രതിവാദം തകര്‍ത്തു മുന്നേറിയപ്പോള്‍ തന്റെ സംശയങ്ങള്‍ രാംകുമാര്‍ ഇങ്ങനെ ക്രോഡീകരിച്ചു:

ഗൌരിയ്ക്കെതിരെ ഹിന്ദുവിന്റെ എഡിറ്റര്‍ക്ക് പരാതികള്‍ പ്രവഹിച്ചത് 2006ലെ അദ്ദേഹത്തിന്റെ വിഎസ് ലേഖനത്തെ തുടര്‍ന്നാണോ, അതോ 2007ലെ മെര്‍ക്കിസ്റണ്‍ വാര്‍ത്തയെ  തുടര്‍ന്നാണോ. ഉത്തരം ഗൌരിയാണ് പറയേണ്ടത്...

തന്റെ ആരോപണം ഗൌരി ഉന്നയിച്ചത് എഫ്ഇസിയിലാണ്. അതിന്മേല്‍ അതിലെ അംഗങ്ങള്‍ ഉന്നയിക്കുന്ന ഏത് സംശയത്തിനും മറുപടി പറയാനുളള ബാധ്യതയും ഗൌരിയ്ക്കുണ്ട്. ഗൌരിയ്ക്കു വേണ്ടി ചേക്കുട്ടി കുരച്ചതു കൊണ്ട് കാര്യങ്ങളില്‍ തീരുമാനമാവുകയില്ലല്ലോ.  ഗൌരിയോട് രാംകുമാര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക്, സിപിഎം കേന്ദ്രക്കമ്മിറ്റി ഓഫീസിന്റെ വിലാസം ചൂണ്ടിക്കാട്ടി അങ്ങോട്ടു ഫോണ്‍ ചെയ്തു ചോദിക്ക് എന്ന് ചെക്കുട്ടി അലറുന്നതിന്റെ യുക്തി എല്ലാവര്‍ക്കും മനസിലാവുകയില്ല. കാരണം നമ്മളെയൊന്നും പിജിയല്ലല്ലോ രാഷ്ട്രീയം പഠിപ്പിച്ചത്.

പിന്നീടങ്ങോട്ട് തമാശകളുടെ മലവെളളപ്രവാഹമായിരുന്നു. ഗൌരിപ്പട രാംകുമാറിനെതിരെ ചീറിയടുത്തു. മെര്‍ക്കിസ്റണ്‍ വാര്‍ത്തയെക്കുറിച്ചുളള ചര്‍ച്ച മുന്നേറിയാല്‍ വിശേഷാല്‍പരുന്തിന്റെ ചിറകുകള്‍ ഇളകിവീഴും എന്ന് നന്നായി അറിയാവുന്നവരൊക്കെയും നിരന്നു നിന്ന് രാംകുമാറിനെ തെറിവിളിച്ചു. നെഞ്ചത്തടിയും നിലവിളിയും പതംപറച്ചിലുമായി സംഗതി മുന്നേറിയപ്പോള്‍ സാക്ഷാല്‍ എംജിആര്‍ വീണ്ടും രംഗപ്രവേശം ചെയ്തു. തനിക്ക് നാലു ദശാബ്ദമായി ഗൌരിയെ അറിയാമെന്നും പലകാര്യങ്ങളിലും തങ്ങള്‍ക്ക് അഭിപ്രായവ്യത്യാസമുണ്ടെങ്കിലും ഒരിക്കലും ഗൌരിയുടെ അന്തസിനെ താന്‍ സംശയിക്കില്ലൊരിക്കലും എന്ന് അദ്ദേഹം നിരുദ്ധകണ്ഠനായി വിലപിച്ചു.
ഇങ്ങനെ പോയി ആ വിലാപം:
Now about the particular story on the land-scam which is said to have caused inquiry etc. Being such a muthirnna pathrapravarthakan in tvm for long and also Gouri's long time friend,  I feel ashamed to confess that it was all news to me. I still don't have a clue about its aftermath. But reading it again I can't fathom what is so terribly wrong about that story
2006ലെ വാര്‍ത്ത കേമം, 2007ലെ വാര്‍ത്തയും കേമം എന്നൊക്കെ കേട്ടപ്പോള്‍ വേറൊരു പ്രജയായ ശാന്തകുമാര്‍ വേലപ്പന്‍ നായര്‍ക്ക് ഇങ്ങനെ ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല :
As somebody who has very little idea of what happened in 2006 or 2007 with regard Gowri's article, let me try to decipher the situation, and conclude why a resolution of this issue cannot be done at FEC. 
ഇതെഴുതുന്നതു വരെയും ഇതിനൊരു മറുപടി അവിടെ കിട്ടിയിട്ടില്ല. മെര്‍ക്കിസ്റണ്‍ ഭൂമിക്കച്ചവടവും തുടര്‍ന്നു നടന്ന വിവാദങ്ങളിലും ഈ വാര്‍ത്തയ്ക്കും അതെഴുതിയ ഗൌരിദാസന്‍ നായര്‍ക്കും നിര്‍ണായകമായ പങ്കുണ്ട് എന്ന് അക്കാലത്ത് പത്രങ്ങളിലടക്കം വാര്‍ത്ത വന്നുവെന്നും, മാധ്യമ ലോകത്തു നിന്നു തന്നെയാണ് ആ വിമര്‍ശനങ്ങള്‍ ഉണ്ടായതെന്നും അവിടെ ആരും പറഞ്ഞില്ല.

ഗൌരിദാസന്‍ നായര്‍ക്കെതിരെ പരാതികളയച്ചതും ആരോപണങ്ങളുന്നയിച്ചതും മാധ്യമലോകത്തെ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ തന്നെയായിരുന്നു. അന്നും മൌനം തന്നെയായിരുന്നു ഗൌരിയുടെ പ്രതികരണം. പ്രസ് ക്ളബിലും പത്ര പ്രവര്‍ത്തക യൂണിയനിലുമൊക്കെ അംഗങ്ങളായവരാണ് ഇതൊക്കെ ചെയ്തത്. തനിക്കെതിരെ നടന്നത് അപവാദപ്രചരണമാണെങ്കില്‍, സത്യവിരുദ്ധമായ ആക്ഷേപങ്ങളാണ് അവയെങ്കില്‍ പത്രപ്രവര്‍ത്തക യൂണിയനെയെങ്കിലും അതു ബോധ്യപ്പെടുത്താനുളള ബാധ്യത ഗൌരിയ്ക്കുണ്ട്. അങ്ങനെയെന്തെങ്കിലും നടന്നിട്ടുളളതായി ഗൌരിയ്ക്കു വേണ്ടി എഫ്ഇസിയില്‍ അണിനിരന്ന ചേക്കുട്ടി, നീലന്‍, എംജിആര്‍ പ്രഭൃതികളാരും വെളിപ്പെടുത്തുന്നില്ല. മറിച്ച് ഈ നടന്നതിനൊക്കെ ഏതോ സിപിഎം പോളിറ്റ് ബ്യൂറോ മെമ്പര്‍ ഗൌരിയെ ഫോണില്‍ വിളിച്ചു മാപ്പു പറഞ്ഞുവെന്ന പച്ചക്കളളമാണ് ചെക്കുട്ടി എഫ്ഇസിയില്‍ തട്ടിവിട്ടത്. ചെക്കുട്ടിയെക്കാള്‍ നല്ല ബന്ധങ്ങള്‍ സിപിഎമ്മുമായി പലകാരണങ്ങളാലും ഉളള, ഗൌരിയുമായി നാലു പതിറ്റാണ്ടുകാലത്തെ സുദീര്‍ഘമായ വ്യക്തിബന്ധമുളള എംജിആര്‍ പോലും ചേക്കുട്ടി പറഞ്ഞാകണം ഈ ഫോണ്‍ കഥ അറിഞ്ഞത്.

മെര്‍ക്കിസ്റണ്‍ വിവാദം കൃത്യമായി പിന്തുടര്‍ന്നവര്‍ക്ക് ഗൌരിയ്ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പുതിയ വാര്‍ത്തയല്ല. ഇങ്ങനെയൊരു വിവാദം നടന്നിട്ടുണ്ട് എന്നും ഒരുവിഭാഗം മാധ്യമപ്രവര്‍ത്തകര്‍ തന്നെയാണ് അതിനു പിന്നിലെന്നും തുറന്നെഴുതാന്‍ എം ജി രാധാകൃഷണന്‍ മുതല്‍ ചെക്കുട്ടി വരെയുളള ഒരാളിനും ധൈര്യമുണ്ടായില്ല. ഒളിക്കേണ്ടത് ഒളിക്കാനും മറയ്ക്കേണ്ടത് മറയ്ക്കാനും വളച്ചൊടിക്കേണ്ടത് വളച്ചൊടിക്കാനും ഒരു മടിയുമില്ലാത്ത ഈ വിഗ്രഹങ്ങളെ എറിഞ്ഞു തകര്‍ത്തുകൊണ്ടല്ലാതെ പുതിിയ മാധ്യമസംസ്ക്കാരത്തിന് പിറവിയൊരുക്കാനാവില്ല. എഫ്ഇസിയില്‍ നിന്ന് ഈ ചര്‍ച്ച പൊതുസമൂഹത്തിലേയ്ക്ക് കൊണ്ടുവരുന്നതിന്റെ കാരണം അതുമാത്രമാണ്. മാധ്യമലോകത്തെ ഗ്രൂപ്പിസവും പടലപ്പിണക്കവും അസൂയയുമൊക്കെ  ഗൌരിദാസൻ നായർക്കെതിയെയുള്ള ആരോപണങ്ങള്‍ക്ക് പിന്നിലുണ്ടാകാം. എന്നാല്‍ അതുപോലും സിപിഎമ്മിന്റെ ചുമലില്‍ പ്രതിഷ്ഠിക്കുക എന്ന നീചകൃത്യമാണ് എഫ്ഇസിയിലെ മാധ്യമ പ്രമാണിമാര്‍ ചെയ്തത്. അവരുടെ തനിനിറം എഫ്ഇസിയിലെ അംഗങ്ങള്‍ മാത്രം അറിഞ്ഞാല്‍ പോര. ഈ വിഗ്രഹങ്ങളെ പൂജിക്കുന്ന പുറംലോകത്തെ ഭക്തവൃന്ദവും ഈ കഥകളറിയണം.
ആ കഥ ഇവിടെ തുടരുന്നു...

മെര്‍ക്കിസ്റ്റണ്‍ വിവാദവും ഗൗരീദാസന്‍ നായരും