Wednesday, April 27, 2011

മെര്‍ക്കിസ്റ്റണ്‍ വിവാദവും ഗൗരീദാസന്‍ നായരും

മെര്‍ക്കിസ്റണ്‍ ഭൂമി ഐഎസ്ആര്‍ഒയ്ക്ക് വിറ്റതുമായി ബന്ധപ്പെട്ട് കേരളത്തില്‍ വന്‍വിവാദം തുടങ്ങിയത് 2007 ജൂലൈ മാസത്തിലാണ്. പൊന്‍മുടിയില്‍ ഐഎസ്ആര്‍ഒ സ്ഥാപിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് എന്ന സ്ഥാപനത്തിനു തറക്കല്ലിടാന്‍ ആഗസ്റ് 18ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് എത്തുമെന്ന് 2007 ജൂലൈ 22 ഞായറാഴ്ച സി ഗൌരിദാസന്‍ നായര്‍ വക വാര്‍ത്ത ഹിന്ദുവില്‍ പ്രത്യക്ഷപ്പെട്ടു. മെര്‍ക്കിസ്റണ്‍ എസ്റേറ്റില്‍ നിന്ന് 85 ഏക്കര്‍ ഭൂമി ഐഎസ്ആര്‍ഒ വാങ്ങാനുളള ഡീല്‍ ശനിയാഴ്ച രാത്രി ഉറപ്പിച്ചുവെന്നും വാര്‍ത്ത പ്രഖ്യാപിച്ചു. വാര്‍ത്തയുടെ മര്‍മ്മം ഇതായിരുന്നു :

The Prime Minister has tentatively given August 18 as the date for the ceremony, but highly placed sources said there could be a date change depending on Dr. Singh’s convenience and logistical issues.

നോട്ട് ദിസ് പോയിന്റ്. വസ്തു വാങ്ങാനുളള ഡീല്‍ ഉറപ്പിച്ചതിന്റെ തൊട്ടുപിറ്റേന്ന് തറക്കല്ലിടാന്‍ പ്രധാനമന്ത്രിയെ തരപ്പെടുത്തുന്നു, തീയതിയും തീരുമാനിക്കുന്നു. എന്നാല്‍ തറക്കല്ലിടാന്‍ പോയിട്ട് സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനു പോലും പ്രധാനമന്ത്രി വന്നില്ല.

പരിസ്ഥിതി ദുര്‍ബലപ്രദേശമായി നോട്ടിഫൈ ചെയ്ത എസ്റേറ്റ് സ്വകാര്യവ്യക്തി വില്‍ക്കാന്‍ തീരുമാനിച്ചത് വിവാദമായി. വാക്പയറ്റും ആരോപണ പ്രത്യാരോപണങ്ങളും ഉയര്‍ന്നു. കേരളത്തിന്റെ ചീഫ് സെക്രട്ടറിയുടെ കസേര തെറിപ്പിക്കുന്നതില്‍ വരെ അതെത്തി. അത്രയ്ക്ക് മൂര്‍ച്ചയേറിയതായിരുന്നു ആ വിവാദം.

വിവാദം കത്തിക്കാളവെ 2007 ഒക്ടോബര്‍ 5 വെളളിയാഴ്ച ദീപിക പത്രത്തിന്റെ ഏഴാംപേജില്‍ ഒരു പരമ്പര പ്രത്യക്ഷപ്പെട്ടു. ഒരു സംഘം ലേഖകന്മാര്‍ തയ്യാറാക്കിയ ആ പരമ്പര സി. ഗൌരിദാസന്‍ നായര്‍ എന്ന ദി ഹിന്ദുവിന്റെ സ്പെഷ്യല്‍ കറസ്പോണ്ടന്റിന് എതിരെ ആയിരുന്നു. സാദാ രാഷ്ട്രീയക്കാരന്റെ വീട്ടുവരാന്ത മുതല്‍ മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും അടുക്കളപ്പുറത്തുവരെ സ്വാതന്ത്യ്രമുളള ചില മാധ്യമ പ്രവര്‍ത്തകരാണ് ബ്രോക്കറുടെ വേഷത്തിലെത്തുന്നതെങ്കില്‍ പ്രധാനമന്ത്രിയുടെ പേരില്‍ പോലും പിരിവു നടത്താം എന്നു തുടങ്ങി രൂക്ഷമായ ആക്രമണമാണ് പത്രം ഗൌരിദാസന്‍ നായര്‍ക്കെതിരെ നടത്തിയത്.

പരമ്പരയുടെ ആദ്യഭാഗം അവസാനിപ്പിച്ചത് ഇങ്ങനെയായിരുന്നു.... വാര്‍ത്തയുടെ വിശ്വാസ്യതയുടെ കാര്യത്തില്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ലാത്ത ഹിന്ദു ദിനപത്രത്തില്‍ നിന്ന് വ്യാജവാര്‍ത്തകള്‍ ആരും പ്രതീക്ഷിക്കുന്നില്ല. വിശ്വാസ്യത നിലനിര്‍ത്താന്‍ ഹിന്ദുവിന് പ്രത്യേക മാനദണ്ഡങ്ങളുമുണ്ട്. പിന്നെ, കളവായ വാര്‍ത്ത തങ്ങളുടെ പത്രത്തില്‍ കയറിക്കൂടാനിടയായ സാഹചര്യങ്ങളെ ദി ഹിന്ദു വളരെ ഗൌരവത്തോടെയാണ് കാണുന്നത്. അതുകൊണ്ടു തന്നെ അവര്‍ അന്വേഷണവും തുടങ്ങിക്കഴിഞ്ഞു.

എന്നാല്‍ ഇതിന്റെ പിന്നിലേയ്ക്കു നടന്നു പോയപ്പോഴാണ് ചില വിവരങ്ങള്‍ പുറത്തു വന്നത്. സ്ഥലത്തിന്റെ ഉടമസ്ഥന്‍ സേവി മനോമാത്യുവും ഗൌരീദാസന്‍ നായരുമായുളള ബന്ധം... വാര്‍ത്ത വന്നതിന്റെ തലേന്ന് നക്ഷത്ര ഹോട്ടലില്‍ നടന്ന ഫൈവ് കോഴ്സ് ഡിന്നര്‍ വിത്ത് കോക്ടെയില്‍ പാര്‍ട്ടി. ഇതിനു ശേഷം നടന്ന ചില കൈമാറലുകള്‍... ഈ കണ്ടെത്തലുകള്‍ക്ക് കുറേ പുറകിലേയ്ക്കു പോയപ്പോള്‍ മറ്റു ചില വിവരങ്ങളും ലഭിച്ചു. അടിക്കടിയുളള വിദേശയാത്രകള്‍... പ്രത്യേകിച്ച് തായ്ലന്റ് സന്ദര്‍ശനം.. സിഐഎ എന്ന അമേരിക്കന്‍ ചാര സംഘടന നിയന്ത്രിക്കുന്ന യഎസ്ഐഎസിന്റെ അതിഥിയായുളള അമേരിക്കന്‍ സന്ദര്‍ശനം. ഇങ്ങനെ നിരവധി നിരവധി കഥകള്‍... ഈ കഥകള്‍ മാന്യനായ പത്രപ്രവര്‍ത്തകന്റെ സമകാലികരോട് സംശയത്തോടെ വിവരിച്ചപ്പോള്‍ അവരുടെ മറുപടി.. സുഹൃത്തേ, മഞ്ഞുമലയുടെ മുകളറ്റമല്ലേ ഇത്.. ഇനിയെന്തെല്ലാം... പുറത്തുവന്നതിനെക്കാള്‍ ഭീകരമല്ലേ വരാനിരിക്കുന്നത്....


ഈ പരമ്പരയുടെ പേരിലാണോ സിപിഎം ഗൌരിദാസന്‍ നായരോട് ഫോണില്‍ കുമ്പസാരിച്ചത്? ചെക്കുട്ടിയാണ് മറുപടി പറയേണ്ടത്...

പരമ്പരയുടെ രണ്ടും മൂന്നും ഭാഗങ്ങളില്‍ ദീപിക ഗൌരിദാസന്‍ നായരെ കടിച്ചു കീറി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ അധികാരദല്ലാള്‍ വേഷം വലിച്ചു കീറിയ പരമ്പര വെളിപ്പെടുത്തിയ ഒരു വിവരവും നിഷേധിക്കപ്പെട്ടില്ല. ആരും മാനനഷ്ടക്കേസ് കൊടുത്തില്ല. പത്രപ്രവര്‍ത്തക യൂണിയന്‍ പ്രമേയം പാസാക്കുകയോ പ്രസ് ക്ളബില്‍ ഉണ്ണാവൃതം (പീനവൃതം എന്നു തിരുത്തണം) അനുഷ്ഠിക്കുകയോ ഉണ്ടായില്ല.

പരമ്പര പ്രസിദ്ധീകരിച്ചത് ദീപിക. ദീപിക സമം ഫാരിസ് അബൂബേക്കര്‍. അദ്ദേഹം സമം പിണറായി എന്നൊരു സമവാക്യം സൃഷ്ടിച്ചാണ് മാപ്പുപറച്ചില്‍ കഥ പ്ളാന്റു ചെയ്തത് എങ്കില്‍ ചെക്കുട്ടിയ്ക്ക് അവിടെയും തെറ്റി. ആ ന്യായം പറയുന്നതിനു മുമ്പ് 2007 ഒക്ടോബര്‍ ഒന്നിന്റെ പുറത്തിറങ്ങിയ മാധ്യമം വാരിക തപ്പിപ്പിടിക്കുക. അതില്‍ 26 മുതല്‍ 31വരെ പേജുകളില്‍ വൈരുദ്ധാത്മക പരിസ്ഥിതി ബോധത്തെക്കുറിച്ച് ചില കാര്യങ്ങള്‍ എന്ന തലക്കെട്ടില്‍ വിജു വി നായര്‍ എഴുതിയ ലേഖനമുണ്ട്. 28, 29 പേജുകളില്‍ ഗൌരിദാസന്‍ നായരെക്കുറിച്ച് ഇങ്ങനെ പറഞ്ഞിരിക്കുന്നു.

ഇനിയാണ് മേജര്‍ സെറ്റ് കഥകളി. ഭൂമി ഏതായാലും കിട്ടി. നേരത്തെ ഉറപ്പിച്ചിരുന്ന കച്ചോടം ഉറപ്പായി. എങ്കിലും വല്ല അലമ്പുമുണ്ടായാലോ? അതുകൊണ്ട് എത്രയും വേഗം ബഹിരാകാശ പളളിക്കൂടത്തിന്റെ കല്ലിടണം. അത് പ്രധാനമന്ത്രിയെപ്പോലൊരാളാണ് ഇടുന്നതെങ്കില്‍ പിന്നെ സംസ്ഥാന സര്‍ക്കാര്‍ തൊട്ട് സകല കശ്മലന്മാരുടെയും നാവടപ്പിക്കാം. ക്രയവിക്രയക്കാര്‍ ബുദ്ധിയില്‍ ഒട്ടും പിന്നാക്കമല്ലല്ലോ...

ആ ബുദ്ധി ഇറങ്ങി വന്നത് ദി ഹിന്ദു ദിനപത്രം വഴിയാണ്. സത്യത്തില്‍ പാരിസ്ഥിതിക ദുര്‍ബല പ്രദേശത്ത് ഭൂമിയിടപാടിനു ശ്രമം നടക്കുന്നു എന്ന വസ്തുത ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ഈ പത്രത്തിലെ റോയ് മാത്യുവാണ്. സാധാരണഗതിയില്‍ ഇത്തരം പ്രമേയങ്ങളുടെ ബീറ്റിലുളള റോയിയെ പിന്നെ ഇന്നേവരെ പൊന്മുടിക്കേസ് റിപ്പോര്‍ട്ടിംഗില്‍ കണ്ടിട്ടില്ല. പകരം മറ്റൊരാള്‍ ഇതിന്റെ ഹോള്‍സെയില്‍ വിപണനം ഏറ്റെടുക്കുകയുണ്ടായി. സെപ്ഷ്യല്‍ കറസ്പോണ്ടന്റ് സി ഗൌരീദാസന്‍ നായര്‍.

കഴിഞ്ഞ ജൂലൈ 22ന് അദ്ദേഹത്തിന്റേതായി വാര്‍ത്ത വരുന്നു. Manmohan Sing to lay the foundations in the third week of August.

 നാളിതുവരെ പത്രങ്ങള്‍ പോയിട്ട് സംസ്ഥാന സര്‍ക്കാര്‍ പോലും അറിയാത്ത വിവരമാണിത്. പ്രധാനമന്ത്രി സന്ദര്‍ശിക്കണമെങ്കില്‍ രണ്ടു മാസം മുമ്പേ സംസ്ഥാന സര്‍ക്കാരിനെ വിവരമറിയിച്ചിരിക്കണം. അങ്ങനെയാണ് പ്രോട്ടോക്കോള്‍. ഇവിടെ സര്‍ക്കാര്‍ അറിഞ്ഞില്ലെന്ന് ഔദ്യോഗികമായി പ്രതികരണം തന്നെയുണ്ടായി. പക്ഷേ, നമ്മുടെ ദേശീയ പത്രം സംഗതി തിരുത്തിയില്ല. വല്യ പത്രമല്ലേ, അവരെയാണ് പ്രധാനമന്ത്രി തന്റെ കാര്യപരിപാടികള്‍ ആദ്യമറിയിക്കുന്നത് എന്ന് വിചാരിക്കാം.

മേല്‍പറഞ്ഞ സ്പെഷ്യല്‍ കറസ്പോണ്ടന്റിന് ആവേശം മൂത്തുമൂത്ത് ഏതാണ്ടൊരു കാമ്പയിന്‍ പോലെയായി. രസം അതുമല്ല. ഇക്കഴിഞ്ഞ സെപ്തംബര്‍ 2ന് പത്രത്തില്‍ മേപ്പടി ലേഖകന്റെ മറ്റൊരു റിപ്പോര്‍ട്ട് - VS convenes meet on land sale to ISRO  - അതില്‍ കേരള സര്‍ക്കാരിന്റെ നിയമപരമായ നിലപാടായി എഴുതിപ്പിടിപ്പിച്ചിരിക്കുന്ന വരികള്‍ അത്രയും നേരത്തെ വേറൊരിടത്ത് വന്നത്. മറ്റെങ്ങുമല്ല, തര്‍ക്കവസ്തു തന്റെ വകയാണെന്നു പറഞ്ഞ് സാക്ഷാല്‍ സേവി മനോമാത്യു സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ അതേവരികള്‍. പത്രപ്രവര്‍ത്തനത്തെപ്പറ്റി എന്‍ റാം ചമച്ച ഗീര്‍വാണങ്ങളില്‍ ഒന്ന് അജണ്ടയുണ്ടാവണം ഈ പണിയ്ക്ക് എന്നാണ്. പത്രാധിപരെ അക്ഷരംപ്രതി അനുസരിക്കുന്ന ഇത്തരം വാലുകളെ നമ്മള്‍ വായനക്കാര്‍ അഭിനന്ദിക്കുക തന്നെ വേണം.

പ്രധാനമന്ത്രി വരുന്നു എന്ന് ഹിന്ദുലേഖകന്‍ പറഞ്ഞയുടനെ മന്ത്രിസഭ പോലുമറിയാതെ പൊതുഖജനാവില്‍ നിന്ന് ഒരു കോടി രൂപ അനുവദിക്കുന്നു. ഉദ്യോഗസ്ഥ മേല്‍വൃന്ദം പൊന്മുടിയില്‍ ഹെലിപ്പാടു കെട്ടാന്‍. പണി ശഠേന്നു തുടങ്ങുകയും ചെയ്തു. എങ്ങനെ തുടങ്ങാതിരിക്കും. ജൂലൈ 22ന് മാന്യപത്രത്തിലെ മാന്യലേഖകന്‍ പ്രഖ്യാപിച്ചത് ആഗസ്റ് മൂന്നാം വാരം  മന്‍മോഹന്‍ വരുമെന്നല്ലേ. കഷ്ടിച്ച് ഇരുപത്തിയഞ്ചു ദിവസം. സര്‍ക്കാരിന് അറിയിപ്പ് കിട്ടിയില്ലെന്നു വെച്ച് ദേഹണ്ഡം തുടങ്ങാതിരിക്കാനാവുമോ?

സേവി മനോമാത്യുവിനു വേണ്ടി ഹിന്ദു പത്രത്തെ അതിലെ ഒരു വ്യക്തിമാത്രം ഇങ്ങനെ കൊണ്ടുപിടിച്ച് ഉപയോഗിക്കുന്നതിനു പിന്നിലെ കഥ വേറെയാണ്. കഴിഞ്ഞ ജൂലൈ 21ന് കോവളത്തെ സമുദ്ര ഹോട്ടലില്‍ നടന്ന രാത്രിവിരുന്നില്‍ പങ്കെടുത്തവര്‍ക്കെല്ലാം അറിയാവുന്ന ആ തൊമ്മിക്കഥ എഴുതാന്‍ പറ്റിയ ഒരാളുണ്ട് - വിരുന്നിനെ അനുഗ്രഹിച്ച മലയാള സാഹിത്യത്തിലെ ഒരു പ്രമുഖ തച്ചന്‍. ഇവിടെ മനോമാത്യുവിന്റെ ഇംഗിതം ലളിതമായിരുന്നു. പ്രധാനമന്ത്രി വന്ന് തറക്കല്ലിടുമെന്ന് പ്രചരിപ്പിച്ചാല്‍ ഇടപാട് വേഗവും സുതാര്യവുമാകും. അതിന് വിശ്വാസ്യതയുളള ഒരു ദേശീയ പത്രം വേണം. ഇത്തരം പത്രങ്ങളെന്നു കേട്ടാല്‍ മുട്ടിടിക്കുന്ന ഐഎഎസ് പുംഗന്മാരെ പറ്റിക്കാന്‍ പറ്റിയ വഴി...


ഇങ്ങനെയാണ് ശാന്തകുമാര്‍ വേലപ്പന്‍ നായര്‍, 2007ലെ ഹിന്ദു വാര്‍ത്തയെ തുടര്‍ന്ന് കുടം പൊട്ടിപ്പുറത്തു ചാടിയ മെര്‍ക്കിസ്റണ്‍ വിവാദത്തില്‍ സി. ഗൌരീദാസന്‍ നായരുടെ പങ്ക് മാധ്യമങ്ങല്‍ അടയാളപ്പെടുത്തിയത്.

ചേക്കുട്ടിയും എം ജി രാധാകൃഷ്ണനുമൊന്നും ഇക്കാര്യം എഫ്ഇസിയില്‍ പറയാതിരുന്നതിന്റെ കാരണമാണ് വേദവാക്യങ്ങള്‍ക്കു വേണ്ടി ഇവരെ ആശ്രയിക്കുന്നവര്‍ അവിടെ ഉറക്കെ ചോദിക്കേണ്ടത്. മെര്‍ക്കിസ്റണ്‍ വിവാദവുമായി ബന്ധപ്പെട്ട് ഗൌരിയ്ക്കെതിരെ ഉയര്‍ന്ന ആരോപണം സിപിഎമ്മിന്റെ സൃഷ്ടിയാണോ? 2007 ആഗസ്റ് 18ന് മന്‍മോഹന്‍ സിംഗ് കേരളത്തില്‍ സ്പേസ് ഇന്‍സ്റിറ്റ്യൂട്ടിന് തറക്കല്ലിടാനെത്തുമെന്ന് ഗൌരിയെ തെറ്റിദ്ധരിപ്പിച്ചത് പിണറായി വിജയനാണോ? ഏകെജി സെന്ററില്‍ നിന്നാണോ ആ വ്യാജവിവരം ഗൌരിയിലെത്തിയത്. ഗൌരിയെ കേരളത്തിലെ സിപിഎമ്മുകാര്‍ തെറ്റിദ്ധരിപ്പിച്ച് ഒരു വാര്‍ത്ത കൊടുക്കുകയും ആ വാര്‍ത്തയെ തുടര്‍ന്ന് ഗൌരിയുടെ കീര്‍ത്തിയ്ക്ക് ഹാനികരമാകുന്ന വിധത്തില്‍ ആരോപണങ്ങള്‍ ഉയരുകയും ചെയ്തു എന്ന് ഗൌരിയോ മറ്റാരെങ്കിലുമോ രേഖാമൂലമോ അല്ലാതെയോ ആരെങ്കിലും സിപിഎം കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ടോ? എന്തിന്റെ പേരിലാണ് സിപിഎം അന്വേഷണം നടത്തിയത്?

അന്വേഷണം നടത്തിയവര്‍ ദീപികയില്‍ പരമ്പരയെഴുതിയവരില്‍ നിന്നോ വിജു വി നായരില്‍ നിന്നോ വിശദീകരണമോ തെളിവെടുപ്പോ നടത്തിയിട്ടുണ്ടോ? പിണറായി വിജയനോ അദ്ദേഹത്തിന്റെ അനുയായികളോ തങ്ങളെ വിലയ്ക്കെടുക്കുകയായിരുന്നുവെന്ന് ഇവരാരെങ്കിലും സിപിഎമ്മിന്റെ അന്വേഷണ സംഘത്തോട് സമ്മതിച്ചിട്ടുണ്ടോ?

ആഗസ്റ് 18ന് പ്രധാനമന്ത്രി വരുമെന്ന് ഗൌരിയെ തെറ്റിദ്ധരിപ്പിച്ചത് കേരളത്തിലെ സിപിഎമ്മിലെ ഔദ്യോഗിക വിഭാഗമാണ് എന്ന്  അന്വേഷണത്തില്‍ ബോധ്യമായിട്ടുണ്ടോ? അങ്ങനെ തെറ്റിദ്ധരിപ്പിച്ചതിനാണോ പിബി മെമ്പര്‍ ഗൌരിയെ ചേക്കുട്ടിയ്ക്ക് സിസി വെച്ച് ഫോണില്‍ വിളിച്ച് മാപ്പു പറഞ്ഞത്? സംഗതി സിപിഎം അവിടം കൊണ്ടു നിര്‍ത്തിയോ? ഗൌരിയുടെ ജീവനും കീര്‍ത്തിയും തൊഴിലും നശിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ പാര്‍ട്ടി എന്തെങ്കിലും നടപടിയെടുത്തോ? ഈ ചോദ്യങ്ങള്‍ക്കൊന്നും നീലന്‍, ചേക്കുട്ടി, എം ജി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ക്ക് മറുപടിയുണ്ടാവില്ല. കാരണം അവര്‍ മറ്റുളളവരോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ അവതാരമെടുത്തവരാണ്. ഒരു ചോദ്യത്തിനും ഉത്തരം പറയേണ്ട ബാധ്യത അവര്‍ക്കില്ല. അവരോടു ചോദ്യം ചോദിച്ചാല്‍ ചില വിലാസങ്ങളും ഫോണ്‍ നമ്പരും തന്ന് ചോദ്യങ്ങള്‍ അങ്ങോട്ടു മതി എന്നാജ്ഞാപിക്കും. അതിന്റെ പഴിയും രാഷ്ട്രീയഗുരുവിന്റെ തലയിലിടും.

ഈ വിഗ്രഹങ്ങളെ എന്തിനു പൂജിക്കണം എന്ന് എഫ്ഇസിയിലെ വിവരമുളള പ്രജകള്‍ ആത്മപരിശോധന നടത്തട്ടെ.
 
(ഒന്നാംഭാഗം - ഉടഞ്ഞു ചിതറുന്ന ബൈലൈന്‍ വിഗ്രഹങ്ങള്‍ )

No comments: