Tuesday, October 11, 2011

കുറ്റവാളിക്കു കുഴലൂതുന്നവരോട്...

റിപ്പോര്‍ട്ടര്‍ ടിവിയുടെ ടെലിഫോണ്‍ ഓപ്പറേഷന്‍ സംബന്ധിച്ച ബെര്‍ളി തോമസ് എഴുതിയ Reporter Effect (അല്‍പം ജേണലിസം) (ബ്ലോഗ് / ബസ്) എന്ന ലേഖനം ഇങ്ങനെ തുടങ്ങുന്നു:
ഏതു തൊഴിലിനും അതിന്റേതായ നിയമങ്ങളുണ്ട്, തത്വശാസ്ത്രങ്ങളും മാന്യതയുമുണ്ട്. പത്രപ്രവര്‍ത്തനം അത്തരത്തില്‍ ലോകത്ത് ഏറെ മൂല്യങ്ങളുള്ള ഒരു തൊഴില്‍മേഖലയാണ്.അത് തകരുമ്പോള്‍ ഇല്ലാതാവുന്നത് ഒരു പ്രൊഫഷന്റെ മാന്യത മാത്രമല്ല,വിശ്വാസ്യത കൂടിയാണ്.
ഒന്നുറക്കെച്ചിരിക്കാനുള്ള ഇടവേളയില്ലാതെ തുടര്‍ന്നുള്ള വായന അസാധ്യം. "നിയമം", "മൂല്യം", "മാന്യത", "വിശ്വാസ്യത" എന്നിങ്ങനെ എത്ര ഗുണങ്ങള്‍ ... അതും പത്രപ്രവര്‍ത്തകന്... മുടങ്ങാതെ പത്രം വായിക്കുന്നവരെയും വായിച്ച വാര്‍ത്തകള്‍ ഓര്‍മ്മയുള്ളവരെയും പൊട്ടിച്ചിരിപ്പിക്കുന്ന ഒരു ന്യായം ഡിക്ലറേറ്റീവായി സ്ഥാപിച്ചശേഷമേ  പിള്ളയുടെ ഫോണ്‍ സംഭാഷണം പുറത്തുവിട്ട റിപ്പോര്‍ട്ടര്‍ ടിവിയെയും അതിനെ അനുകൂലിക്കുന്നവരെയും ചൊറിയാനാവൂ എന്നു വരുന്നത് ഒരു ഗതികേടാണ്. വരദാചാരിയെ ഓര്‍മ്മയുള്ളവരുടെ മുന്നില്‍ത്തന്നെ വേണം പത്രപ്രവര്‍ത്തകന്റെ മൂല്യബോധത്തെയും മാന്യതയെയും കുറിച്ച് ഉപന്യസിക്കാന്‍...

സോഴ്സിനെ ഒറ്റിക്കൊടുക്കരുത് എന്ന, പത്രലോകം അലിഖിതമായി പിന്തുടരുന്ന ഒരു കീഴ്‌വഴക്കത്തിന്മേലാണല്ലോ പ്രശ്നവിചാരം.  വാര്‍ത്താ ഉറവിടത്തിന്റെ സ്വകാര്യത സംരക്ഷിക്കാന്‍ പത്രലേഖകനു ബാധ്യതയുമുണ്ട്. പക്ഷേ, ബാലകൃഷ്ണപിള്ള - റിപ്പോര്‍ട്ടര്‍ പ്രശ്നത്തില്‍ ഈ ന്യായവുമായി രംഗത്തിറങ്ങുന്നവരെ വിഡ്ഢികള്‍ എന്നുപോലും വിളിക്കാനാവില്ല. കാരണമുണ്ട്.

ബാലകൃഷ്ണപിള്ളയുടെ ഫോണിലേയ്ക്ക് റിപ്പോര്‍ട്ടര്‍ ടിവിയുടെ ലേഖകന്‍ പ്രദീപ് നെടുമണ്‍ വിളിക്കുന്നു. പിള്ള ഫോണെടുക്കുന്നു. വിശദമായി സംസാരിക്കുന്നു. താന്‍ സംസാരിച്ച വിവരം കൊടുക്കരുത് എന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു. ഇതാണല്ലോ സംഭവിച്ചത്.

ഇവിടെ പിള്ള തങ്ങളോട് വെളിപ്പെടുത്തിയ വിവരങ്ങളെക്കാള്‍ പ്രാധാന്യം തടവുപുള്ളിയായ ബാലകൃഷ്ണപിള്ള ഫോണ്‍ ഉപയോഗിക്കുന്നു എന്ന വാര്‍ത്തയ്ക്കാണെന്ന് റിപ്പോര്‍ട്ടര്‍ ടിവി തിരിച്ചറിഞ്ഞു. ആ വാര്‍ത്ത അവര്‍ സംപ്രേഷണം ചെയ്തു.

പത്രപ്രവര്‍ത്തനം പരിപാലിക്കുന്ന ഏത് നിര്‍വചനം വച്ചളന്നാലും ബാലകൃഷ്ണപിള്ള വാര്‍ത്താ ഉറവിടമല്ല. വാര്‍ത്ത തന്നെയാണ്. അതുകൊണ്ട് വാര്‍ത്ത നല്‍കുന്നയാളാണ് വാര്‍ത്താ ഉറവിടം എന്ന ലളിതയുക്തി യാന്ത്രികമായി ഇവിടെ പ്രയോഗിക്കാനാവില്ല. താന്‍ ചെയ്ത കുറ്റം കുറ്റവാളി തന്നെ മാദ്ധ്യമപ്രവര്‍ത്തകനോട് തുറന്നു പറഞ്ഞാല്‍, അതു മറച്ചുവെയ്ക്കുകയാണ് മാദ്ധ്യമ ധര്‍മ്മം എന്ന കുഴലൂത്തിന്റെ ഗുണഭോക്താവ് കുറ്റവാളി മാത്രമാണ്. കുറ്റകൃത്യം മറച്ചുവച്ച് കുറ്റവാളിയെ സഹായിക്കുന്നതിലൂടെ, മാദ്ധ്യമപ്രവര്‍ത്തകനും കുറ്റവാളിയും തമ്മിലുണ്ടാകുന്നത് അധോലോക ബന്ധമാണ്.

താനിന്നലെ വൈകുന്നേരം 100 കോടിയുടെ അഴിമതി നടത്തിയെന്ന് ഒരു മന്ത്രി, മാദ്ധ്യമപ്രവര്‍ത്തകനോട് സ്വകാര്യമായി വെളിപ്പെടുത്തിയാല്‍, എന്നെങ്കിലും മറ്റാരെങ്കിലും അന്വേഷിച്ച് അക്കാര്യം കണ്ടുപിടിക്കട്ടെയെന്ന് കരുതി അക്കാര്യം വാര്‍ത്തയാക്കാതെ ഉറവിടത്തോട് വിശ്വാസ്യത പുലര്‍ത്തുന്നവന്‍, പത്രപ്രവര്‍ത്തകനല്ല, എ വണ്‍ പിമ്പാണ്. ഭരണാധികാരത്തിന്റെ കൂട്ടിക്കൊടുപ്പാണ് മാദ്ധ്യമപ്രവര്‍ത്തനം എന്നു വിശ്വസിക്കുന്നവരുടെ എണ്ണവും വണ്ണവും നീരാ റാഡിയ വെളിപ്പെടുത്തിയിട്ടുണ്ടല്ലോ.

വാര്‍ത്താ ഉറവിടത്തിന്റെ സ്വകാര്യത മാദ്ധ്യമപ്രവര്‍ത്തകന്‍ സംരക്ഷിക്കണമെന്ന് പൊതുവേ അംഗീകരിക്കപ്പെട്ടിരിക്കുന്നത് പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയാണ്.  The right is based on a recognition that without a strong guarantee of anonymity, many people would be deterred from coming forward and sharing information of public interests with journalists. As a result, problems such as corruption or crime might go undetected and unchallenged, to the ultimate detriment of society as a whole എന്ന് മാദ്ധ്യമലോകവും പൊതുസമൂഹവും പൊതുവേ അംഗീകരിച്ചിരിക്കുന്നതും പൊതുതാല്‍പര്യത്തെ മുന്‍നിര്‍ത്തിയാണ്. problems such as corruption or crime might go undetected and unchallenged എന്നത് അമര്‍ത്തി വായിക്കണം. കുറ്റകൃത്യങ്ങളും അഴിമതിയും മറച്ചുവെയ്ക്കാന്‍ സഹായിക്കുന്നവനല്ല, അത് പൊതുസമൂഹത്തിനുമുന്നില്‍ തുറന്നിടുന്നവനാണ് മാദ്ധ്യമപ്രവര്‍ത്തകന്‍.
അജ്ഞാതമായ വാര്‍ത്താ ഉറവിടത്തിന്റെ തെളിവായി ജേണലിസം ക്ലാസുകളില്‍ ആവര്‍ത്തിക്കപ്പെടുന്ന  വാട്ടര്‍ഗേറ്റ് വിവാദത്തിലും ടേപ്പും റെക്കോഡിംഗുമൊക്കെയുണ്ട്. റിച്ചാര്‍ഡ് നിക്സന്‍ എന്ന അമേരിക്കന്‍ പ്രസിഡന്റിനെ സ്ഥാനഭ്രഷ്ടനാക്കും വിധം ആ വിവാദം കത്തിച്ച കാള്‍ ബേണ്‍സ്റ്റീന്‍, ബോബ് വുഡ്‌വേഡ് എന്നീ പത്രലേഖകര്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്ത ഉറവിടമേത് എന്ന ചോദ്യത്തിന്  2005ല്‍ മാത്രമാണ് ഉത്തരം കിട്ടിയത്. നിക്സന്‍ രാജിവെച്ചത് 1972ലും.  ഡീപ് ത്രോട്ട് താനാണ് എന്ന്  എഫ്ബിഐ അസോസിയേറ്റ് ഡയറക്ടറായിരുന്ന വില്യം മാര്‍ക്ക് ഫെല്‍ട്ട് വെളിപ്പെടുത്തിയത് 2005ലാണ്. 33 വര്‍ഷത്തിനു ശേഷം!  ബേണ്‍സ്റ്റീനും വുഡ്‌വേഡും അതുവരെ ഒരുസൂചനപോലും പുറംലോകത്തിന് നല്‍കിയിരുന്നില്ല.

റിപ്പോര്‍ട്ടര്‍ ചാനലിനെ താറടിക്കാന്‍ ഉത്സാഹിക്കുന്നവര്‍ അവതരിപ്പിക്കുന്ന യുക്തികള്‍ കേട്ടാല്‍ , റിച്ചാര്‍ഡ് നിക്സനുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണം വാഷിംഗ്ടണ്‍ പോസ്റ്റിന്റെ ലേഖകര്‍ ചോര്‍ത്തിയതു കൊണ്ടാണ് അയാള്‍ക്കു രാജിവെയ്ക്കേണ്ടി വന്നത് എന്നു തോന്നും. അധികാരത്തിന്റെ ചെലവില്‍ നടത്തിയ നിയമവിരുദ്ധ പ്രവര്‍ത്തനം പുറംലോകം കൂടി അറിയണമെന്ന സദ്ദുദ്ദേശത്തില്‍ നിന്നാണ് ഡീപ് ത്രോട്ട് എന്ന ന്യൂസ് സോഴ്സുണ്ടായത്. റിപ്പോര്‍ട്ടര്‍ ചാനലിനെ ഭര്‍ത്സിക്കാന്‍ കെട്ടിപ്പൊക്കുന്ന യുക്തികള്‍ വില്യം മാര്‍ക്ക് ഫെല്‍ട്ടിനെതിരെ തിരിച്ചു വയ്ക്കാന്‍ ഏറെയൊന്നും അധ്വാനിക്കേണ്ടതില്ല.

സര്‍ക്കാരുദ്യോഗസ്ഥന്‍ തന്റെ തൊഴിലിന്റെ ഭാഗമായി ശേഖരിച്ച, അറിയുന്ന വിവരങ്ങള്‍ പത്രലേഖകര്‍ക്ക് ചോര്‍ത്തി നല്‍കുകയും രാഷ്ട്രീയസംവിധാനത്തെ അട്ടിമറിക്കുകയും ചെയ്യുന്നത് തന്തയില്ലായ്മയല്ലേ എന്ന് വളരെ ലളിതമായി ചോദിക്കാവുന്നതേയുള്ളൂ. 1942 ജനുവരി 26നാണ് അദ്ദേഹം ഒരു ഏജന്റായി എഫ്ബിഐയില്‍ പ്രവേശിക്കുന്നത്. 1972ല്‍ അസോസിയേറ്റ് ഡയറക്ടര്‍ തസ്തികയില്‍ എഫ്ബിഐയുടെ രണ്ടാമനായി വിരാജിക്കുമ്പോഴാണ് സംഭവം നടക്കുന്നത്. 30 വര്‍ഷക്കാലം തന്നെ പോറ്റിയ അമേരിക്കന്‍ ഭരണകൂടത്തെ വില്യം മാര്‍ക്ക് ഫെല്‍ട്ട് വഞ്ചിക്കുകയായിരുന്നു എന്ന് വിധിയെഴുതാന്‍ വലിയ ഗവേഷണമൊന്നും വേണ്ട.
"ഏതു തൊഴിലിനും അതിന്റേതായ നിയമങ്ങളുണ്ട്, തത്വശാസ്ത്രങ്ങളും മാന്യതയുമുണ്ട്. പത്രപ്രവര്‍ത്തനം അത്തരത്തില്‍ ലോകത്ത് ഏറെ മൂല്യങ്ങളുള്ള ഒരു തൊഴില്‍മേഖലയാണ്.അത് തകരുമ്പോള്‍ ഇല്ലാതാവുന്നത് ഒരു പ്രൊഫഷന്റെ മാന്യത മാത്രമല്ല,വിശ്വാസ്യത കൂടിയാണ്" എന്ന ബെര്‍ളിയന്‍ മുഴക്കോല്‍ വെച്ചളന്നാല്‍ വില്യം മാര്‍ക്ക് ഫെല്‍ട്ട് കുറ്റവാളിയുടെ കൂട്ടില്‍ നില്‍ക്കും. പക്ഷേ, അദ്ദേഹത്തെ ഒറ്റുകാരനെന്ന് ആക്ഷേപിക്കാന്‍ മാദ്ധ്യമലോകത്തും പൊതുസമൂഹത്തിലും  സാമാന്യബുദ്ധിയുള്ള ഒരു മനുഷ്യനും ഇന്നോളം മുതിര്‍ന്നിട്ടില്ല.
വാര്‍ത്ത ചോര്‍ത്തുന്നവരുടെയും അതു പ്രസിദ്ധീകരിക്കുന്നവരുടെയും ചെമ്പ് അളക്കുന്നത് ഉദ്ദേശശുദ്ധി എന്ന ഉരകല്ലില്‍ ഉരച്ചു നോക്കിയാണ്. ചോര്‍ത്തലും വാര്‍ത്തയും പ്രക്ഷേപണവും പൊതുതാല്‍പര്യത്തെ മുന്‍നിര്‍ത്തണം. നടക്കുന്നത് തോന്നിയവാസമാണ് എന്ന തോന്നലാണ് താനറിഞ്ഞ വിവരം ചോര്‍ത്താന്‍ ഉറവിടത്തെ പ്രേരിപ്പിക്കുന്നത്. വ്യക്തിവൈരാഗ്യമോ രാഷ്ട്രീയവൈര്യനിരാതനമോ സോഴ്സുകളെ നിര്‍മ്മിക്കാറുണ്ട്. ഉറവിടത്തിന്റെ ഉദ്ദേശം ഇതിലേതാണ് എന്ന് വിവേചനബുദ്ധ്യാ പരിശോധിക്കാനുള്ള ഉത്തരവാദിത്തം മാദ്ധ്യമപ്രവര്‍ത്തകന്റേതാണ്.

വ്യക്തിവൈരാഗ്യം മൂലം ഉറവിടവേഷത്തില്‍ ഉറഞ്ഞാടുന്നവരെ അടിപടല നമ്പിയാല്‍ എന്തുസംഭവിക്കുമെന്നതിന് മനോരമത്താളുകളില്‍ ഉദാഹരണമുണ്ട്. "വരദാചാരിയുടെ തലപരിശോധനക്കഥ" മറക്കാറായിട്ടില്ല. ആ സംഭവം ഇങ്ങനെയായിരുന്നു.


ധനസെക്രട്ടറിയ്ക്കെതിരെ മന്ത്രിയുടെ പരാമര്‍ശം വിവാദമായി എന്ന തലക്കെട്ടില്‍  1997 സെപ്തംബര്‍ 12ന് മനോരമയില്‍ പ്രത്യക്ഷപ്പെട്ട വാര്‍ത്തയാണ് ആറു വര്‍ഷങ്ങള്‍ക്കു ശേഷം, 2003 മാര്‍ച്ച് 8ന് വേഷം മാറി കാനഡാ കരാര്‍ എതിര്‍ത്ത് സെക്രട്ടറിയുടെ തലയ്ക്ക് തകരാറെന്ന് പിണറായി എഴുതി എന്ന തലക്കെട്ടായത്. പുതിയ വാര്‍ത്തയുടെ സൃഷ്ടാവ് മനോരമ തിരുവനന്തപുരം ബ്യൂറോയിലെ ചീഫ് റിപ്പോര്‍ട്ടര്‍ പി. കിഷോര്‍.
"പഞ്ചായത്തുകള്‍ക്ക് അനുവദിച്ച പണം ട്രഷറിയില്‍ നിക്ഷേപിക്കാതെ അതതു പഞ്ചായത്തിലെ ഏതെങ്കിലും സഹകരണസംഘത്തില്‍ നിക്ഷേപിക്കണമെന്ന സഹകരണമന്ത്രിയുടെ നിര്‍ദ്ദേശത്തെ ധനസെക്രട്ടറി എതിര്‍ത്തിരുന്നു. അധികാരപരിധിവിട്ടു പ്രവര്‍ത്തിക്കുന്ന സെക്രട്ടറിയെ നിലയ്ക്കു നിര്‍ത്തണമെന്നും മനോരോഗവിദഗ്ധനെക്കൊണ്ട് പരിശോധിക്കണമെന്നും മന്ത്രി പിണറായി വിജയന്‍ മുഖ്യമന്ത്രിയ്ക്കു കത്തെഴുതിയത് ഐഎഎസ് വൃത്തങ്ങളിലും സംഘടനാഭേദമെന്യേ ധനകാര്യ സെക്രട്ടേറിയറ്റിലും പ്രതിഷേധമുയര്‍ത്തി"
എന്ന് 1997 സെപ്തംബര്‍ 12ലെ വാര്‍ത്തയില്‍ പറഞ്ഞതും മനോരമ.
"ടെന്‍ഡറില്ലാതെ വിദേശകരാര്‍ നല്‍കുന്നതിനെ എതിര്‍ത്ത ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ തല പരിശോധനയ്ക്കു വിധേയമാക്കണമെന്നു വരെ പിണറായി വിജയന്‍ ഫയലില്‍ എഴുതി. കാനഡാ കമ്പനിയുമായുള്ള ഇടപാടിനെ അസംബന്ധം എന്നു വിശേഷിപ്പിച്ചതിനു തിരിച്ചടിയായിട്ടാണ് പിണറായി അദ്ദേഹത്തിന്റെ തല പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡിലേയ്ക്ക് അയയ്ക്കണമെന്ന് എഴുതിയത്"
എന്ന് 2003 മാര്‍ച്ച് എട്ടിന് എഴുതിയതും മനോരമ.
തല പരിശോധനാ വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത് 1997 സെപ്തംബര്‍ 11ന് കേരള കൗമുദിയാണ്. അവരുടെ റിപ്പോര്‍ട്ടില്‍ നിന്ന്...
"മാത്രമല്ല, പ്രപ്പോസല്‍ ശുദ്ധഅസംബന്ധമാണെന്ന് ഫയലില്‍ എഴുതിവെയ്ക്കുകയും ചെയ്തു. സെക്രട്ടറിയുടെ ഈ നിര്‍ദ്ദേശമാണ് സഹകരണമന്ത്രിയെ ചൊടിപ്പിച്ചത്".
സഹകരണവകുപ്പുമായി ബന്ധപ്പെട്ട ഫയലിലെ "അസംബന്ധം" എന്ന പരാമര്‍ശം സൃഷ്ടിച്ച പ്രകോപനവും തിരിച്ചടിയും ആറുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ലാവലിന്‍ കേസില്‍ വേഷം മാറിയെത്തി. (കൃത്യം ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണല്ലോ, ചില കളികള്‍ കളിക്കാനും ചിലതു കളിച്ചു പഠിപ്പിക്കാനും നരസിംഹാവതരാമെടുത്ത ഇന്ദുചൂഢനും എത്തിയത്. രജനീകാന്തെങ്ങാനും ഇക്കഥ അറിഞ്ഞിരുന്നെങ്കില്‍ "ആറുക്കുള്ളെ ഉലകമിരുക്ക് രാമയ്യാ" എന്നു പാട്ടും തിരുത്തിയേനെ!)

വാര്‍ത്താ ഉറവിടവും (news source) പത്രലേഖകനും തമ്മിലുള്ള  ആഭാസകരമായ ബന്ധത്തിന്റെ ചീഞ്ഞഗന്ധം നിര്‍ഗമിക്കുന്ന ഒന്നാന്തരം ഉദാഹരണമാണിത്. ദുഷ്ടലാക്കോടെയുള്ള വാര്‍ത്താനിര്‍മ്മാണം, പ്രചരണം എന്നിങ്ങനെ മാദ്ധ്യമകുറ്റകൃത്യങ്ങളുടെ ലക്ഷണങ്ങളെല്ലാം തികഞ്ഞ കഥയാണ് മനോരമയുടെ വരദാചാരീപുരാണം. മാദ്ധ്യമപ്രവര്‍ത്തനത്തെ ഗൗരവബുദ്ധ്യാ നിരീക്ഷിക്കുന്നവര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ഉദാഹരണം.

ബാലകൃഷ്ണപിള്ള  വിവാദത്തിലേയ്ക്കു മടങ്ങാം. നിയമം ലംഘിച്ച് പിള്ള ഫോണ്‍ ഉപയോഗിക്കുന്നു എന്ന വാര്‍ത്ത, പിള്ളയുടെ ഓഡിയോ ബൈറ്റ് സഹിതം ബ്രേക്കു ചെയ്യുക വഴി ഒരു കുറ്റവാളിയെ കയ്യോടെ പിടിച്ച് പൊതുസമൂഹത്തിനു മുന്നില്‍ നിര്‍ത്തുകയായിരുന്നു, റിപ്പോര്‍ട്ടര്‍ ചാനല്‍. മറ്റാരെയെങ്കിലും കുറിച്ച് പിള്ള വെളിപ്പെടുത്തിയ ഒരു വിവരത്തിന്റെ ശബ്ദരേഖ പ്രക്ഷേപണം ചെയ്യുകയായിരുന്നില്ല അവര്‍. ഉദാഹരണത്തിന്, റിപ്പോര്‍ട്ടര്‍ ചാനലിന്റെ ലേഖകനെ വിശ്വസിച്ച് പിള്ള ഇങ്ങനെ പറഞ്ഞുവെന്നിരിക്കട്ടെ... "ഗണേശന്റെ വകുപ്പില്‍ നിറയെ അഴിമതിയാണെന്ന് എനിക്ക് വിവരം കിട്ടിയിട്ടുണ്ട്... നിങ്ങള്‍ അന്വേഷിച്ചു കണ്ടുപിടിച്ചോ.. ഞാന്‍ പറഞ്ഞതാണ് എന്നു പറയരുത്..."

ഗണേശന്റെ വകുപ്പില്‍ അഴിമതിയെന്ന് പിള്ള എന്നൊരു വാര്‍ത്ത, ശബ്ദരേഖ സഹിതം ചാനല്‍ ബ്രേക്ക് ചെയ്താല്‍  സോഴ്സിനെ ഒറ്റിയത് ശരിയോ എന്ന ചോദ്യമുയര്‍ത്താം. "ജയിലില്‍ പിള്ള ഫോണ്‍ ഉപയോഗിക്കാറുണ്ട്" എന്ന് ഗണേശന്‍ ഒരു മാദ്ധ്യമപ്രവര്‍ത്തകനോട് ഓഫ് ദി റെക്കോഡായി പറയുന്ന കാര്യം, ആ ശബ്ദരേഖ സഹിതം വാര്‍ത്തയാക്കുമ്പോഴും  അത് പത്രപ്രവര്‍ത്തനമര്യാദകളുടെ ലംഘനമാണ് എന്ന വിമര്‍ശനം ശക്തമായി ഉയരും. പക്ഷേ, ഇവിടെ അതൊന്നുമല്ല നടന്നത്. മറ്റാരെയെങ്കിലും സംബന്ധിക്കുന്ന വിവരം വിശ്വസിച്ച് പറഞ്ഞ പിള്ളയെ ചതിക്കുകയായിരുന്നില്ല, പത്രലേഖകന്‍. മറിച്ച് പിള്ള അയാളോട് വെളിപ്പെടുത്തിയത്, സ്വയം ചെയ്ത, ചെയ്തുകൊണ്ടിരിക്കുന്ന ഒരു കുറ്റകൃത്യമാണ്. ആ കുറ്റകൃത്യം മറച്ചു വച്ച് പിള്ളയെ സംരക്ഷിക്കേണ്ട ഒരു ബാധ്യതയും പ്രദീപ് നെടുമണ്‍ ഏറ്റെടുക്കേണ്ടതില്ല.

മിടുക്കനായ ഒരു മാദ്ധ്യമപ്രവര്‍ത്തകന്‍ എറിഞ്ഞ ചൂണ്ടയില്‍ പിള്ള കൊത്തി. പിള്ളയെന്ന വന്‍തിമിംഗലത്തെ പിന്നീട് കിട്ടാവുന്ന വാര്‍ത്തകള്‍ക്കു വേണ്ടി, സുഖിപ്പിക്കാവുന്നിടത്തോളം സുഖിപ്പിച്ച് തൊട്ടിലാട്ടി താരാട്ടുപാടാനല്ല, ലേഖകനും ചാനലും തുനിഞ്ഞത്. ഇതാ, പിള്ള നിയമലംഘനം നടത്തുന്നു എന്ന് തന്റേടത്തോടെ സമൂഹത്തോട് വിളിച്ചു പറയുകയായിരുന്നു അവര്‍.

താനൊരു വിവരദോഷിയും വിഡ്ഢിയുമല്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞ് ബെര്‍ളി തോമസ് (മറ്റുള്ളവരെ അങ്ങനെ വിശേഷിപ്പിക്കുന്നത്, താനങ്ങനെയൊന്നുമല്ലെന്ന് സ്വയം വിശ്വസിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാകാം) മാദ്ധ്യമപ്രവര്‍ത്തകന്റെ "തന്തയില്ലായ്മ"യ്ക്ക് തെളിവായി ഇങ്ങനെയൊരുദാഹരണം എഴുന്നള്ളിക്കുന്നുണ്ട്.
നിങ്ങളുടെ വാഹനം ഇടിച്ച് ഒരാള്‍ മരിക്കുന്നു എന്നു കരുതുക. നിങ്ങള്‍ക്ക് പരിചയമുള്ള പത്രക്കാരന്‍ നിങ്ങളെ വിളിക്കുന്നു. അപകടത്തെപ്പറ്റി നിങ്ങള്‍ വിശദമായി എല്ലാം പറയുന്നു.ഒപ്പം നിങ്ങള്‍ക്ക് ലൈസന്‍സില്ലായിരുന്നു എന്ന വിവരം പത്രത്തില്‍ കൊടുക്കരുത് എന്നു പറയുന്നു.പത്രക്കാരന്‍ അത് സമ്മതിക്കുന്നു.പിറ്റേന്ന് ലൈസന്‍സില്ലാത്ത ഡാഷ് മോന്‍ ഒരാളെ വണ്ടികയറ്റി കൊന്നു എന്നു വാര്‍ത്ത വന്നാല്‍ നിങ്ങള്‍ അതിനെ സ്റ്റിങ് ഓപ്പറേഷനെന്നു വിളിക്കുമോ അതോ പരിയചക്കാരനായ പത്രക്കാരനെ തന്തയ്ക്കു പിറക്കാത്തവന്‍ എന്നു വിശേഷിപ്പിക്കുമോ?
ലൈസന്‍സില്ലാത്ത വണ്ടിയോടിക്കല്‍ മറച്ചുവയ്ക്കുന്നതിലെ പൊതുതാല്‍പര്യമെന്ത് എന്നു മാത്രം മാദ്ധ്യമസദാചാരത്തിന്റെ ഈശോമിശിഹ വെളിപ്പെടുത്തുന്നില്ല. ലൈസന്‍സില്ലാതെ വണ്ടിയോടിക്കുന്നത് കുറ്റകൃത്യമാണ്. മോട്ടോര്‍ വാഹനനിയമപ്രകാരം 500 രൂപ പിഴയും മൂന്നു മാസം തടവും ലഭിക്കാവുന്ന കുറ്റം. ആ കുറ്റം ചെയ്തപ്പോള്‍ സംഭവിച്ചതോ, മനപ്പൂര്‍വമല്ലാത്ത (?) നരഹത്യയും. വാഹനമിടിച്ച് ഒരാള്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യുന്ന പത്രലേഖകന് കിട്ടാവുന്നതിലേയ്ക്ക് ഏറ്റവും വിലപ്പെട്ടതാണ്  ഡ്രൈവര്‍ക്ക് ലൈസന്‍സ് ഇല്ലായിരുന്നു എന്ന വിവരം.

ആ വിവരം എവിടുന്ന്, എങ്ങനെ കിട്ടി എന്നത് മാദ്ധ്യമ പ്രവര്‍ത്തകന്റെ തലവേദനയല്ല. പ്രതിയ്ക്ക് ലൈസന്‍സ് ഇല്ലായിരുന്നു എന്ന മര്‍മ്മപ്രധാനവിവരം സൗഹൃദത്തിന്റെ അതിരുകളെ ഭേദിച്ചും റിപ്പോര്‍ട്ടു ചെയ്യാന്‍ തയ്യാറാകുന്ന പത്രപ്രവര്‍ത്തകനെ അവന്റെ സാമൂഹ്യപ്രതിബദ്ധത മാത്രമാണ് തൊഴിലില്‍ മുന്നോട്ടു നയിക്കുന്നത്. അങ്ങനെ സാമൂഹ്യപ്രതിബദ്ധത കാണിക്കുന്നവരെ കുറ്റവാളികളും അവരുടെ കൂട്ടിക്കൊടുപ്പുകാരും "തന്തയില്ലാത്തവന്‍", "വിവരദോഷി", "വിഡ്ഢി" എന്നൊക്കെ വിളിച്ചെന്നിരിക്കും. വിളിക്കുന്നത് ആരൊക്കെ എന്നു കൂടി പരിശോധിച്ചുവേണം, തന്തയില്ലാത്തവന്‍, വിവരദോഷി, വിഡ്ഢി തുടങ്ങിയ ആക്ഷേപങ്ങള്‍ അളന്നെടുക്കാന്‍. മിക്കവാറും  അവസരങ്ങളിലും ഈ ആക്ഷേപങ്ങള്‍, അതു മുഴക്കിയ കഴുത്തുകള്‍ക്കു തന്നെയാണ് പരിക്കേല്‍പ്പിച്ചു കണ്ടിട്ടുള്ളത്.
ബെര്‍ളി തോമസ് എഴുതുന്നു...
ഇവിടെ ലേഖകന്‍ സംസാരിക്കുന്നത് കേരളാ കോണ്‍ഗ്രസ് നേതാവായോ ശരണ്യ ബസിലെ തൊഴിലാളിയായോ പിള്ളയുടെ ഗുണ്ടയായോ ഭാവിച്ചല്ല,റിപ്പോര്‍ട്ടര്‍ ടിവിയില്‍ പ്രവര്‍ത്തിക്കുന്ന പിള്ളയുമായി അടുത്ത പരിചയമുള്ള വ്യക്തി എന്ന നിലയിലാണ്.
പത്രലേഖകന്‍ എന്നു പറഞ്ഞാല്‍ വിവരം ലഭിക്കില്ല എന്നുറപ്പുള്ളിടത്താണ് തൊഴിലാളിയും ഗുണ്ടയും ഒക്കെയായി പത്രലേഖകനു വേഷം കെട്ടേണ്ടി വരുന്നത്. ഇവിടെ അതിന്റെയൊന്നും ആവശ്യമുണ്ടായിരുന്നില്ല. പത്രലേഖകന്‍ ഐഡന്റിറ്റി വെളിപ്പെടുത്തി. വിളിക്കുന്നത് പത്രക്കാരനാണ് എന്നറിഞ്ഞു കൊണ്ട് പ്രദീപിനോട് ബാലകൃഷ്ണപിള്ള സംസാരിക്കുകയും ചെയ്തു. "ഒന്നും പുറത്തുപറയരുതേ" എന്ന് പിള്ള അഭ്യര്‍ത്ഥിച്ചതുകൊണ്ടു മാത്രം, പിള്ളയെ അനുസരിക്കേണ്ട ബാധ്യതയൊന്നും റിപ്പോര്‍ട്ടര്‍ ചാനലിന്റെ ലേഖകനുണ്ടാവുന്നില്ല. പിള്ള ചെയ്തത് കുറ്റകൃത്യമാണോ അല്ലയോ എന്നതു മാത്രമാണ് വിഷയം. പിള്ളയുടെ നാലു ദിവസത്തെ ഇളവ് വെട്ടിക്കുറയ്ക്കാന്‍ ഉമ്മന്‍ചാണ്ടിയ്ക്കു തീരുമാനിക്കേണ്ടി വന്നതും ചെയ്തത് കുറ്റകൃത്യമായതു കൊണ്ടാണ്.
ബെര്‍ളി തുടരുന്നു...
പത്രസമ്മേളനങ്ങളില്‍ സംസാരിക്കുന്നവരും അഭിമുഖങ്ങളില്‍ പങ്കെടുക്കുന്നവരും ഓഫ് ദി റെക്കോര്‍ഡ് ആയി പലതും പറയാറുണ്ട്. ഇത് കൊടുക്കരുത് എന്നു പറയുന്ന കാര്യങ്ങള്‍ കൊടുക്കാതിരിക്കുക എന്നത് പത്രപ്രവര്‍ത്തന മര്യാദയുടെ ഭാഗമാണ്.ആ മര്യാദയാണ് നികേഷിന്റെ ജേണലിസം തകര്‍ത്തുകളഞ്ഞത്.
മൂല്യങ്ങളെയും മര്യാദയെയുമൊക്കെക്കുറിച്ച് നെടുനീളത്തില്‍ ഉപദേശസാഹിത്യമെഴുതുന്ന ബെര്‍ളിയ്ക്ക് പത്രപ്രവര്‍ത്തനം എന്ത്, എന്തിന് എന്നതിനെക്കുറിച്ച് വല്ല ബോധവുമുണ്ടോ എന്ന് സ്വാഭാവികമായും സംശയിക്കണം. ലൈസന്‍സില്ലാത്ത ഡ്രൈവറുടെ ഉദാഹരണം കൊണ്ടുതന്നെ തീര്‍ച്ചപ്പെട്ട സംശയമാണത്.  ഓഫ് ദി റെക്കോഡായി പറയുന്നത് പലപ്പോഴും പരദൂഷണമാണ്. ഒരേ മുന്നണിയില്‍ , ഒരേ പാര്‍ട്ടിയില്‍ ഒക്കെ ഉള്ളവരെ സംബന്ധിച്ച് പറയുന്ന പരദൂഷണങ്ങള്‍ .

"പി കെ കുഞ്ഞാലിക്കുട്ടിയ്ക്ക് പെണ്‍വാണിഭത്തില്‍ പങ്കുണ്ട്" എന്ന് വി എസ് അച്യുതാനന്ദന്‍ ഒരിക്കലും ഓഫ് ദി റെക്കോഡായി പറയില്ല. അങ്ങനെയൊരു ആക്ഷേപം എം കെ മുനീര്‍ ഓഫ് ദി റെക്കോഡായി പറയാന്‍ വഴിയുമുണ്ട് താനും. ഓഫ് ദി റെക്കോഡു കൊണ്ടുദ്ദേശിക്കുന്നതെന്ത് എന്ന് വ്യക്തം. ഓഫ് ദി റെക്കോഡ് കേള്‍ക്കുന്ന പത്രക്കാരനും പറയുന്ന സോഴ്സും തമ്മില്‍ അലിഖിതമായ ഒരു വിശ്വാസ ഉടമ്പടിയുണ്ട്. അതു തെറ്റിക്കില്ല എന്നു കരുതിയാണല്ലോ ഓഫ് ദി റെക്കോഡ് വിളമ്പുന്നത്. സോഴ്സും മറ്റാരുമായെങ്കിലുമുള്ള ഒരു വിശ്വാസ ഉടമ്പടി തെറ്റിച്ചുകൊണ്ടാണ് ഓഫ് ദി റെക്കോഡുകള്‍ ഉണ്ടാകുന്നത്. അവയച്ചടിച്ചു പ്രസിദ്ധീകരിച്ചാല്‍ ആ ബന്ധം തെറ്റും. എന്നുവച്ചാല്‍ ഓഫ് ദി റെക്കോഡ് എന്നു പറയുന്നത് ഒന്നാന്തരം വിശ്വാസവഞ്ചനയാണ്.

ഓഫ് ദി റെക്കോഡാണേ, എന്നെ ഉദ്ധരിക്കല്ലേ എന്ന് കെഞ്ചിക്കേണ്,  വിവരങ്ങള്‍ വിസ്തരിക്കുന്ന ഒരാള്‍ക്ക് നല്ല ലക്ഷ്യങ്ങളല്ല എന്ന് സുബോധമുള്ള ഏത് പത്രക്കാരനുമറിയാം.  ഇഎംഎസിനും നായനാര്‍ക്കും ഓഫ് ദി റെക്കോര്‍ഡ് സേവ ഉണ്ടായിരുന്നില്ല. എ കെ ആന്റണിയോ പിണറായിയോ ഉമ്മന്‍ചാണ്ടിയോ ഈ സേവ നടത്തി മാദ്ധ്യമപ്രവര്‍ത്തകരെ പ്രീണിപ്പിക്കുന്നവരല്ല. ട്രെയിനികളും തുടക്കക്കാരും പരിചയസമ്പന്നരുമടങ്ങിയ ആരെന്നോ എന്തെന്നോ ഏതെന്നോ അറിയാത്ത ഒരു സദസിനു മുന്നില്‍ ഓഫ് ദി റെക്കോഡായി പരദൂഷണപ്പേമാരി ചൊരിയുന്നവരെക്കുറിച്ച് ബുദ്ധിയുള്ള മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് എപ്പോഴും കരുതലുണ്ടായിരിക്കും.  പരദൂഷണതാല്‍പര്യമുള്ള കേള്‍വിക്കാര്‍ക്ക് ഓഫ് ദി റെക്കോഡ് വരവു നിലയ്ക്കുന്നതില്‍ ആശങ്കയുണ്ടാകാം. ആ വരവില്‍ തൂങ്ങി മനോരമയ്ക്കു മീതെ പട്ടം പറത്തേണ്ടെന്ന് നികേഷും സംഘവും തീരുമാനിച്ചാല്‍, അതൊരു നല്ല കാര്യം തന്നെയാണ്.

ഓഫ് ദി റെക്കോഡിന് വേറെയുമൊരു വശമുണ്ട്. തന്നെക്കുറിച്ചോ തനിക്കു വേണ്ടപ്പെട്ടവരെക്കുറിച്ചോ ആരും ഓഫ് ദി റെക്കോഡായി ഒന്നും പറയാറില്ല. മുനീറിനെക്കുറിച്ച് പി കെ കുഞ്ഞാലിക്കുട്ടി ഓഫ് ദി റെക്കോഡുകള്‍ പറഞ്ഞേക്കാം. വി കെ ഇബ്രാഹിംകുഞ്ഞിനെക്കുറിച്ച് നെവര്‍. പറയേണ്ടത് എന്ത്, പറയരുതാത്തത് എന്ത് എന്നൊക്കെ  നന്നായി അറിയാവുന്നവര്‍ തന്നെയാണ് ഓഫ് ദി റെക്കോഡിന്റെ ആസാമികള്‍ .

താന്‍ നടത്തിയ അഴിമതിയും കൊള്ളരുതായ്മയും കുറ്റകൃത്യവുമൊന്നും ഒരു രാഷ്ട്രീയനേതാവും ഉദ്യോഗസ്ഥനും ഇന്നേവരെ ഓഫ് ദി റെക്കോഡായി പറഞ്ഞിട്ടില്ല. തനിക്ക് പറയാനുള്ളത് സ്വപക്ഷത്തെ മറുക്യാമ്പില്‍ എത്തിക്കാന്‍  ബോധപൂര്‍വം ഓഫ് ദി റെക്കോഡിനെ ആശ്രയിക്കുന്നവരും അപൂര്‍വമല്ല.

സാക്ഷാല്‍ ബാലകൃഷ്ണപിള്ളയ്ക്കെതിരെ പണ്ടു കെ കരുണാകരന്‍ തന്നെ ഓഫ് ദി റെക്കോര്‍ഡ് ഉപയോഗിച്ചു പാരപണിതിട്ടുണ്ട്. പഞ്ചാബ് മോഡല്‍ പ്രസംഗത്തെക്കുറിച്ച് എജി റിപ്പോര്‍ട്ടാവശ്യപ്പെട്ടു എന്നായിരുന്നു, അന്ന് മുഖ്യമന്ത്രിയായിരുന്ന കരുണാകരന്റെ ഗുണ്ട്. അപ്പോഴാവട്ടെ കരുണാകരന്‍ ഡല്‍ഹി വരെ പോയി എന്നതൊഴിച്ച് "ഹൈക്കമാന്‍ഡിനെ" പോലും കാണാന്‍ അനുമതി ലഭിക്കാതിരിക്കവേയാണ്, ആയിടെമാത്രം ഇന്ദ്രപ്രസ്ഥത്തെ പ്രധാനപരുന്തായ ഇക്കാലത്തെ ഒരു മാദ്ധ്യമസിങ്കത്തെ വിളിച്ച് ഇക്കഥ തട്ടിമൂളിച്ചത്. ഫലമോ, അന്ന് കേരളകൌമുദി പത്രത്തിന്റെ ഒന്നാംപുറത്ത് ഈ ഓഫ് ദ റെക്കോഡ് പരാമര്‍ശം പ്രധാനവാര്‍ത്തയായി. പിള്ളയ്ക്ക് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നു. ഈ മാദ്ധ്യമസിങ്കം തന്നെ, എന്റെ പൊന്നുമക്കളെ, നിങ്ങള്‍ രാഷ്ട്രീയക്കാരുടെ ഓഫ് ദ റെക്കോഡിനെ വെള്ളംതൊടാതെ വിഴുങ്ങരുതേയെന്ന് സ്വാനുഭവം വിശദീകരിച്ചു ജേണലിസം ക്ലാസുകളില്‍ കരഞ്ഞുപറഞ്ഞുനടന്നിരുന്നതുകൊണ്ടാണ് ഇക്കഥ പുറത്തറിഞ്ഞത്.

ബെര്‍ളിയുടെ ശൈലിയില്‍  ഓഫ് ദി റെക്കോഡിന്റെ ആശാന്മാരെ വേണമെങ്കില്‍ "തന്തയ്ക്കു പിറക്കാത്തവര്‍" എന്നു വിശേഷിപ്പിക്കാം.

ബെര്‍ളി തോമസിന്റെ  സങ്കടങ്ങള്‍ ഇങ്ങനെ വഴിഞ്ഞൊഴുകുന്നു...
പത്രക്കാരന്‍ ചതിയനും കൂട്ടിക്കൊടുപ്പുകാരനെപ്പോലെ അകറ്റിനിര്‍ത്തേണ്ടവനുമാണെന്ന ഇമേജ് സമ്പാദിച്ചുനല്‍കാന്‍ റിപ്പോര്‍ട്ടര്‍ ടിവിയുടെ പിള്ളത്തരത്തിനു സാധിച്ചു.
ആ ഇമേജ് പലപ്പോഴായി സൃഷ്ടിച്ചത് റിപ്പോര്‍ട്ടര്‍ ചാനലിന്റെ പിള്ളത്തരമല്ല. എഴുതാനാണെങ്കില്‍ ഒന്നാം നമ്പര്‍ പത്രമായ മനോരമയില്‍ നിന്നു തന്നെ നൂറു നൂറുദാഹരണങ്ങളുണ്ട്. അതിലൊന്നു മാത്രമാണ് നേരത്തെ ചൂണ്ടിക്കാട്ടിയ വരദാചാരീ പുരാണം.

പല പത്രലേഖകര്‍ക്കും ഉദ്യോഗസ്ഥരും മന്ത്രിമാരുമൊന്നും വാര്‍ത്താ ഉറവിടങ്ങളൊന്നുമല്ല. ലാഭം മാത്രം ലക്ഷ്യമിടുന്ന ഒരധോലോക ബന്ധമാണത്. രാഷ്ട്രീയഉപജാപങ്ങളില്‍ പത്രപ്രവര്‍ത്തകരുടെ സ്ഥാനം തിരിച്ചറിയാത്ത ഒരിള്ളക്കുട്ടിയുടെ ജല്‍പനങ്ങള്‍ എന്നു കരുതി വേണമെങ്കില്‍ അവഗണിച്ചു തള്ളാവുന്ന നിഗമനങ്ങളാണ് ബെര്‍ളിയുടേത്.

പക്ഷേ, അതിനപ്പുറത്തു മറ്റൊന്നുണ്ട്. അത് റിപ്പോര്‍ട്ടര്‍ ടിവി പ്രകടിപ്പിച്ച തന്റേടമാണ്. മുന്‍ മന്ത്രി, നിലവില്‍മന്ത്രിയുടെ പിതാവ്, വമ്പന്മാരായ രണ്ട്  ഐഎഎസ് കൊമ്പന്മാരുടെ ജാമാതാവ്, പിന്നെ പുറത്തുപറയാന്‍ കൊള്ളാവുന്നതും കൊള്ളാത്തതുമായ അസംഖ്യം വേറെ ബിരുദങ്ങള്‍ എന്നിങ്ങനെ, പ്രീണിപ്പിച്ചു നിര്‍ത്താന്‍ ഏത് മാദ്ധ്യമപ്രവര്‍ത്തകനെയും കൊതിപ്പിക്കുന്ന ഒരുബന്ധമാണ് ആര്‍. ബാലകൃഷ്ണപിള്ള. ഒട്ടി നിന്നാല്‍ പലതാണ് ഉപയോഗം. പ്രസാദിപ്പിച്ചു നിര്‍ത്തിയാല്‍ ഗുണമേയുണ്ടാകൂ.
അങ്ങനെയൊരു സോഴ്സിന്റെ കൊരവള്ളിയാണ് റിപ്പോര്‍ട്ടര്‍ അരിഞ്ഞു കളഞ്ഞത്. ഭരണകൂടത്തിന്റെ വലിയൊരു അധോലോകമേഖലയുടെ ശത്രുപക്ഷമാണ് അതുവഴി അവര്‍ സ്വയം തിരഞ്ഞെടുത്തത്. ഒടുങ്ങാത്ത പകയുമായി തങ്ങളെ വേട്ടയാടാന്‍ ഘോരാധികാരത്തിന്റെ വെമ്പാലമൂര്‍ഖന്മാര്‍ എന്നും പിന്നാലെയുണ്ടാകുമെന്ന ബോധത്തോടെയാണ് അവര്‍ പിള്ളയുടെ സ്വരരാഗസുധ സംപ്രേക്ഷണം ചെയ്തത്. മനോരമ, മാതൃഭൂമി തുടങ്ങിയ മഹാവൃക്ഷങ്ങളുടെ തണലുകളില്‍ തൂക്കിയ ചാരുകസേരകളിലിരുന്ന് ഗീര്‍വാണം പ്രസംഗിക്കുന്നവര്‍ക്ക് സ്വപ്നം കാണാന്‍ കഴിയാത്ത തന്റേടമാണത്.

തടവില്‍ കിടന്ന പിള്ള മുന്നൂറിലേറെ കോളുകള്‍ വിളിച്ചെന്നും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെയും മകന്‍മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലെ സര്‍വരെയും വിളിച്ചുവെന്നുമൊക്കെയുള്ള വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. അതിലെത്രയെണ്ണം മനോരമ, മാതൃഭൂമി പത്രങ്ങളും അവരുടെ ന്യൂസ് പോര്‍ട്ടലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്ന കണക്കെടുപ്പ് കൂടി നടത്തിയാല്‍ ബെര്‍ളി തോമസിന്റെ ഉപദേശസാഹിത്യത്തിന് മിഴിവേറും. പണ്ട്, സൂര്യനെല്ലി പെണ്‍വാണിഭം നടന്ന കാലത്ത് ഇരയ്ക്കൊപ്പം വാര്‍ത്ത കൈകാര്യം ചെയ്ത മനോരമ, കേസില്‍ പി. ജെ. കുര്യന്റെ പേരു പൊങ്ങിയപ്പോള്‍ നടത്തിയ മലക്കംമറിച്ചില്‍ ഓര്‍ക്കുക. സൂര്യനെല്ലിക്കാരി എന്ന വിശേഷണം നല്‍കി ആ കുട്ടിയെ അപമാനിക്കാന്‍ മുതിര്‍ന്ന ചരിത്രവും മനോരമയ്ക്കു സ്വന്തം.

ആ ചരിത്രമൊക്കെ ഓര്‍മ്മയുള്ളവരാണ് ബെര്‍ളിയുടെ ലേഖനം ഇങ്ങനെ വായിച്ചു തുടങ്ങേണ്ടത്...
ഏതു തൊഴിലിനും അതിന്റേതായ നിയമങ്ങളുണ്ട്, തത്വശാസ്ത്രങ്ങളും മാന്യതയുമുണ്ട്. പത്രപ്രവര്‍ത്തനം അത്തരത്തില്‍ ലോകത്ത് ഏറെ മൂല്യങ്ങളുള്ള ഒരു തൊഴില്‍മേഖലയാണ്.അത് തകരുമ്പോള്‍ ഇല്ലാതാവുന്നത് ഒരു പ്രൊഫഷന്റെ മാന്യത മാത്രമല്ല,വിശ്വാസ്യത കൂടിയാണ്.
നിയമം, മൂല്യം, മാന്യത, വിശ്വാസ്യത എന്നൊക്കെ പാകം പാകം തെറ്റാതെ മിക്സ് ചെയ്തും  കുറ്റവാളിയ്ക്കു വേണ്ടിയുള്ള  കുഴല്‍വിളി ട്യൂണ്‍ ചെയ്യാം എന്നു ഗുണപാഠം...

(ഈ കുറിപ്പ് മലയാളത്തിലും പ്രസിദ്ധീകരിച്ചിരുന്നു)

2 comments:

pappan said...

you said it !

pappan said...

ബെര്‍ളി തൊമാസ് മനോരമ ലേഖകനാണ്. മസാല കഥകളെഴുതുന്ന ജോലി പോലെ പിള്ളയുടെ ചെരിപ്പു നക്കി കിട്ടുന്ന കൂലി മേടിച്ച് പൊക്കോട്ടെ .