Wednesday, October 13, 2010

കോമാളിയ്ക്കറിയാമോ കോടതിവിധി

ഒരുഗതിയും പരഗതിയുമില്ലാതെ തിരഞ്ഞെടുപ്പുഗോദയില്‍ കിടന്നു പരുങ്ങുന്ന ഉമ്മന്‍ചാണ്ടിയെ എങ്ങനെയെങ്കിലും ഒന്നു രക്ഷിച്ചെടുക്കാന്‍ മനോരമ പെടുന്നപാട് ചില്ലറയൊന്നുമല്ല. ലോട്ടറി കേന്ദ്രീകരിച്ച് കെട്ടിപ്പൊക്കിയ സ്വപ്നസൗധം സിംഗ്‍വി വന്ന് ഇടിച്ചിട്ടു. അക്കാലമൊന്ന് അതിജീവിക്കാന്‍ ചാണ്ടിയും രമേശും സതീശും തോമസുമൊക്കെ വിളിച്ച ഈശ്വരന്മാരില്ല, നോറ്റ നോമ്പുകളോ പോയ ദേവാലയങ്ങളോ എണ്ണാവതുമല്ല. സിംഗ്‍വിയെ കോണ്‍ഗ്രസ് മണിയറയിലെ കട്ടിലിനടിയില്‍ ഒളിപ്പിച്ചതോടെ ജനം എല്ലാം മറന്നുവെന്നും കളി ഒന്നേന്ന് തുടങ്ങിയെന്നുമാണ് അച്ചായന്‍ പത്രം ഭാവിക്കുന്നത്. പക്ഷേ സിംഗ്‍‍വി ഇംപാക്ട് അങ്ങനെയങ്ങ് വിട്ടുപോകുന്നുമില്ല.

സംശയമുണ്ടെങ്കില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച എഡിറ്റ് പേജില്‍ മനോരമ പ്രസിദ്ധീകരിച്ച കോട്ടയില്‍ കുടുങ്ങിയ എലിക്കുഞ്ഞന്‍സ് എന്ന ആക്ഷേപഹാസ്യ അപഹാസ്യം വായിക്കുക. ഫലിതം എന്ന വ്യാജേനെ എന്തൊക്കെയോ എഴുതിപ്പിടിപ്പിച്ച് മാലോകരെ ചിരിപ്പിക്കാന്‍ വിമതന്‍ എന്ന ദേഹം അത്യദ്ധ്വാനം ചെയ്യുന്നുവെങ്കിലും ആക്ഷേപഹാസ്യക്കാരന്റെ തൊലിക്കട്ടി കണ്ടാണ് നാട്ടുകാര്‍ പൊട്ടിപ്പൊട്ടി ചിരിക്കുന്നത്.

ഫലിത ബിന്ദുക്കള്‍ "കാണ്ഡം കാണ്ഡമായി" വായിച്ചാലും....

രാവണന്‍കോട്ടയില്‍നിന്നു രക്ഷപ്പെടാന്‍ വഴിയറിയാതെ കുഴങ്ങി നില്‍ക്കുന്ന ചിന്നനെലിയെ ബാലപ്രസിദ്ധീകരണങ്ങളില്‍ കണ്ടിട്ടില്ലേ? ചിന്നനെലിയെ വീട്ടിലെത്താന്‍ സഹായിക്കണമെന്നായിരിക്കും വായനക്കാര്‍ക്കുള്ള നിര്‍ദേശം. എലിക്കുഞ്ഞനെ സഹായിക്കാന്‍ വിമതന്‍ എത്ര ശ്രമിച്ചിട്ടും ഇതുവരെ നടന്നിട്ടില്ല. എന്നാല്‍, അതീവബുദ്ധിശാലികളായ വായനക്കാര്‍ ഏറെയുള്ളതുകൊണ്ട് എലിക്കുഞ്ഞന്‍ വീടെത്താതെ പോവില്ലെന്നു സമാശ്വസിച്ചു പിന്‍വാങ്ങാറാണു പതിവ്.

ബാലജനസഖ്യം വഴി അച്ചായന്‍ പത്രം ഊതിപ്പെരുപ്പിച്ച് വലുതാക്കിയ ഉമ്മന്‍ചാണ്ടിയാണ് പെരുവഴിയില്‍ കിടന്ന് മൂക്കു ചീറ്റുന്നത്. പറയാന്‍ ഒരു വിഷയമില്ല. വിക്കിയും മൂളിയും തപ്പിയും തടഞ്ഞും പറഞ്ഞൊപ്പിക്കുന്നതൊന്നും ഏശുന്നില്ല. മനോരമയും മാതൃഭൂമിയും ജാക്കി വെച്ച് പൊക്കിയിട്ടും ചാണ്ടിക്കുഞ്ഞിന്റെ നമ്പരുകളൊന്നും ഏല്‍ക്കുന്നുമില്ല. മാമ്മന്‍ മാത്യു മുതല്‍ വിമതന്‍ വരെയും വീരേന്ദ്രകുമാരന്‍ മുതല്‍ ഇന്ദ്രന്‍ വരെയും ആഞ്ഞു പിടിക്കുന്നത് ഒറ്റലക്ഷ്യത്തോടെ.. ഈ പാവം എലിക്കുഞ്ഞനെ കരകയറ്റിയേ പറ്റൂ. പക്ഷേ ഫലമെന്ത്... ചാണ്ടി രക്ഷപെടുന്നുമില്ല, മൂക്കൊലിപ്പ് ഒടുങ്ങുന്നുമില്ല.

വിമതന്‍ പറയുന്നു....
സിങ്വി സാര്‍ വന്നു മൂന്നു ദിവസം പഞ്ചനക്ഷത്രത്തില്‍ കുളിച്ചുണ്ടും കുടിച്ചുണ്ടും താമസിച്ചു മടങ്ങിയതോടെ ഐസക് മന്ത്രി രാവണന്‍കോട്ടയില്‍നിന്നു തടി സലാമത്താക്കിയെന്നു തോന്നിയതാണ്. പക്ഷേ, എന്തു ചെയ്യാം? കോട്ടവാതില്‍ കഷ്ടിച്ചു കടന്നപ്പോള്‍ അതാ, മുന്നില്‍ വായും പിളര്‍ന്നു നില്‍ക്കുന്ന ഒരു കിടങ്ങ്!

രാവണന്‍കോട്ട പണിഞ്ഞ് ഐസക്കിനെ അതിലുളളില്‍ തളയ്ക്കാമെന്ന് മോഹിച്ച് കളത്തിലിറങ്ങിയത് മനോരമയാണ്. ലാവലിന്‍ കേസില്‍ കളളക്കഥകള്‍ ചമച്ച പരിചയമുളള ജി വിനോദ്, സഞ്ജയ് ചന്ദ്രശേഖര്‍ തുടങ്ങിയ അപവാദപ്രതിഭകള്‍ക്കായിരുന്നു കൊട്ടേഷന്‍. പേജായ പേജൊക്കെ ലോട്ടറിക്കളളങ്ങളാല്‍ പൂത്തുലഞ്ഞു...പല നിറങ്ങളില്‍ പല വലിപ്പത്തില്‍ ഗംഭീരതലക്കെട്ടുകള്‍. നുണയില്‍ മുങ്ങിയ പരമ്പരകള്‍... ഐസക് കുടുങ്ങിയത് തന്നെന്ന് മാമ്മുക്കുട്ടിച്ചായന്‍ ഉറപ്പിച്ചു. പത്രം കെട്ടിയ മനക്കോട്ടയുടെ സ്കെച്ചും പ്ലാനും വിമതന്‍ വരച്ചിട്ടു.

അതായത് .... രാവണന്‍ കോട്ട കെട്ടുന്നത് മനോരമ, കോട്ടവാതില്‍ കഷ്ടിച്ച് കടന്നുവെന്ന് വിധിക്കുന്നത് മനോരമ. കിടങ്ങ് കിടക്കുന്നുവെന്ന് മനോരമ. അത് കണ്ട് ഐസക്ക് വാ പൊളിക്കുന്നുവെന്ന് മനോരമ.. ചുരുക്കത്തില്‍ ആണ്ടിയുടെ അടിയെക്കുറിച്ച് ആണ്ടി വക മഹാകാവ്യം. കാവ്യത്തിന് അവാര്‍ഡ് പ്രഖ്യാപിക്കുന്നതും നിരൂപണം എഴുതുന്നതും സാക്ഷാല്‍ ആണ്ടി...

ഇനിയാണ് ആണ്ടിയുടെ നിഷ്പക്ഷന്‍ കളി...

കോട്ടയില്‍നിന്നു രക്ഷപ്പെടുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കളും അത്ര ഭാഗ്യവാന്‍മാരൊന്നുമല്ല. മാര്‍ട്ടിന്‍സാറുമായി ബന്ധപ്പെട്ട കഥകളൊന്നും നേതാക്കളെക്കുറിച്ചു കേള്‍ക്കുന്നില്ലെന്നതു വലിയ ആശ്വാസമാണ്. എന്നാല്‍, കഥയുടെ പരിണാമഗുപ്തി എന്താണെന്ന് ആര്‍ക്കും പിടികൊടുക്കാതെയാണു ലോട്ടറി നാടകം പുരോഗമിക്കുന്നത് എന്നതുകൊണ്ട് ഏതു നിമിഷവും എന്തും സംഭവിക്കാം. മണികുമാര്‍ സുബ്ബ കോണ്‍ഗ്രസിനു വരുത്തിവച്ച ചീത്തപ്പേര് നാട്ടുകാര്‍ ഒരുവിധം മറന്നുവരുമ്പോഴായിരുന്നു സിങ്വി സാറിന്റെ എഴുന്നള്ളത്ത്. കുറച്ചുനാളത്തേക്കു വാ തുറക്കേണ്ടെന്നു സാറിനോടു നിര്‍ദേശിച്ചതുകൊണ്ടു തല്‍ക്കാലം കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്കു തലയില്‍ മുണ്ടിടാതെ പുറത്തിറങ്ങാമെന്ന നില വന്നിട്ടുണ്ടെന്ന് ആശ്വസിക്കാം.

മാര്‍ട്ടിന്‍സാറുമായി ബന്ധപ്പെട്ട കഥകളൊന്നും നേതാക്കന്മാരെക്കുറിച്ച് കേള്‍ക്കുന്നില്ലെന്നത് വലിയ ആശ്വസമാണ് പോലും. ആര്‍ക്ക്... മാര്‍ട്ടിന്‍ കോടതി കയറുമ്പോഴൊക്കെ രക്ഷിക്കാന്‍ ഓടിയെത്തുന്നത് ചിദംബരത്തിന്റെ പെമ്പിളേം തൃപ്പുത്രനുമാണെന്ന് ഇന്നേവരെ വിമതന്റെ പത്രം എഴുതിയിട്ടില്ല. അത് മറച്ചു വെച്ച് മനോരമ കൃത്രിമമായി നിര്‍മ്മിച്ചതാണ് ഈ പറയുന്ന "ആശ്വാസം". മാര്‍ട്ടിനെതിരെ നടന്ന വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയിട്ടും നടപടിയെടുക്കാത്തത് ചിദംബരത്തിന്‍റെ വകുപ്പ്. വിഎസ് അയച്ച അന്വേഷണ റിപ്പോര്‍ട്ട് മുക്കിയത് മന്‍മോഹന്‍ സിംഗ്. ലോട്ടറി മാഫിയയ്ക്കെതിരെ നിവേദനങ്ങളും പരാതികളും പ്രവഹിക്കുമ്പോള്‍ ഭൂട്ടാനിലേയ്ക്ക് നോക്കി ഏമ്പക്കം വിട്ടവര്‍ മനമോഹന്‍, ശിവരാജ് പാട്ടീല്‍, ചിദംബരം മുതല്‍പേര്‍.

ചുരുക്കത്തില്‍ "കേരളത്തെ കുത്തിപ്പൊളിച്ച് കൊളളയടിച്ച് വാ മകനേ" എന്ന് സാന്റിയാഗോ മാര്‍ട്ടിന്‍റെ തലയില്‍ കൈവെച്ച് അനുഗ്രഹിച്ച് അയച്ചത് കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരിലെ കൊടികെട്ടിയ വീരന്മാരും. മാര്‍ട്ടിന് ആവശ്യം വരുമ്പോഴൊക്കെ അനുകൂലമായ രേഖകളും കത്തുകളും ചമയ്ക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഊണും ഉറക്കവും കളഞ്ഞ് കാത്തിരിക്കുന്നു. ഇതൊന്നും ഇന്നേവരെ മനോരമ പുറത്തുപറഞ്ഞിട്ടില്ല. ജി വിനോദും സഞ്ജയ് ചന്ദ്രശേഖറും നടത്തിയ ലോട്ടറി വേട്ടയില്‍ ചിദംബരത്തിന്‍റെയും ശിവരാജ് പാട്ടിലീന്റെയും കഥകളില്ല. അപ്പോള്‍ പിന്നെ കോണ്‍ഗ്രസുകാര്‍ക്ക് തലയില്‍ മുണ്ടിടാതെ പുറത്തിറങ്ങാമല്ലോ.

മാത്രവുമല്ല മണികുമാര്‍ സുബ്ബയെന്നൊരുത്തന്‍ കോണ്‍ഗ്രസിന് ചീത്തപ്പേര് വരുത്തിവെച്ചുപോലും. ച്ചാല്‍... സല്‍പ്പേരിന്റെ പാലാഴിയില്‍ അതുവരെ നീന്തിത്തുടിക്കുകയായിരുന്നു കോണ്‍ഗ്രസ്. സുബ്ബ വന്നതോടെ സംഗതി ചീത്തപ്പേരായി. സുബ്ബ പാര്‍ലമെന്‍റിലേയ്ക്ക് മത്സരിച്ചത് 1998ല്‍. സോണിയ കോണ്‍ഗ്രസില്‍ അംഗത്വമെടുത്ത അതേവര്‍ഷം. സോണിയയ്ക്കൊപ്പം സുബ്ബയ്ക്കും വെച്ചടി കേറ്റമായിരുന്നു. മൂവട്ടം എം പി. ആസാം പിസിസി ട്രഷറര്‍. സുബ്ബയ്ക്കൊപ്പം ചീത്തപ്പേരും വളര്‍ന്നു. കൊലപാതകക്കേസില്‍ നേപ്പാളിലെ ജയിലിലായിരുന്നത്രേ വാസം. ജയില്‍ ചാടിയ സുബ്ബ ആസാം അസംബ്ലയില്‍ എംഎല്‍എ ആയി പൊങ്ങി. പാര്‍ട്ടി കോണ്‍ഗ്രസ്, ചിഹ്നം കൈപ്പത്തി.

പൗരത്വം സംബന്ധിച്ച് സിബിഐ കേസ്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാകെ പലവിധം ലോട്ടറിക്കേസുകള്‍. സുബ്ബ മഹാ സംഭവമായി. മഹാസംഭവത്തെ എംപിയാക്കി കോണ്‍ഗ്രസ് ആദരിച്ചു. സുബ്ബയുടെ വീരകൃത്യങ്ങളെ ന്യായീകരിച്ച് പത്രസമ്മേളനം നടത്തിയത് സാക്ഷാല്‍ പ്രണബ് മുഖര്‍ജി. ഒടുവിലിപ്പോള്‍ ബലാത്സംഗക്കേസില്‍ പ്രതിയായി സുബ്ബ ഒളിവില്‍.
പക്ഷേ, ദോഷം പറയരുത്. ഈ വിവരങ്ങളൊന്നും മനോരമയുടെ ലോട്ടറി പരമ്പരയില്‍ ഇല്ല. സുബ്ബയെക്കുറിച്ച് മാതൃഭൂമിയും മിണ്ടിയില്ല. ഇവരാരും മിണ്ടാതിരുന്നിട്ടും കോണ്‍ഗ്രസിന് എങ്ങനെ ചീത്തപ്പേരുണ്ടായി എന്നാണ് അത്ഭുതം. ..

കുറച്ചുനാളത്തേയ്ക്ക് വാ തുറക്കേണ്ടെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍റ് സിംഗ്‍വി സാറിനോട് നിര്‍ദ്ദേശിച്ചുപോലും. തുറന്ന വായില്‍ നിന്ന് തെറിച്ചുവീണത് ഒന്നാന്തരം വാദങ്ങളായിരുന്നുവെന്ന് വിമതന്‍ മിണ്ടുന്നില്ല. പ്രതിദിനം 24 നറുക്കെടുപ്പ് നടത്താന്‍ സാന്‍റിയാഗോ മാര്‍ട്ടിനെ അനുവദിക്കണമെന്നായിരുന്നു ആവശ്യം. അതിനുളള ന്യായമോ കേന്ദ്രലോട്ടറി ചട്ടത്തില്‍ അങ്ങനെ പറയുന്നുണ്ടത്രേ. ചട്ടമുണ്ടാക്കിയതാര്... ചിദംബരം...

മാര്‍ട്ടിന് യഥേഷ്ടം കൊള്ളനടത്താന്‍ വേണ്ടി ചിദംബരം ചട്ടമുണ്ടാക്കുന്നു. ആ ചട്ടം പാലിക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് കോടതിയില്‍ വാദിക്കുന്നു. എന്നിട്ടും മനോരമ രാവണന്‍കോട്ട കെട്ടുന്നത് ഐസക്കിനെ കുടുക്കാന്‍. കിടങ്ങ് കുഴിക്കുന്നത് ഐസക്കിനെ വീഴ്ത്താന്‍.

സിം‍ഗ്‍വിയ്ക്ക് വക്കാലത്തും വക്കീല്‍ഫീസും നല്‍കിയത് സാന്റിയാഗോ മാര്‍ട്ടിന്‍. തിന്നാനും കുടിക്കാനും കിടക്കാനും പണമൊഴുക്കിയത് സാന്റിയാഗോ മാര്‍ട്ടിന്‍. തനിക്ക് വക്കാലത്ത് തന്നത് ഭൂട്ടാന്‍ സര്‍ക്കാരാണെന്ന സിം‍ഗ്‍വിയുടെ വാദത്തിന് നേരത്തോടുനേരം പോലും ആയുസുണ്ടായില്ല. എന്നിട്ടും മാര്‍ട്ടിന്റെ വക്കാലത്ത് ഭൂട്ടാന്‍റേതായത് എങ്ങനെയാണ് അന്വേഷിക്കാന്‍ മനോരമയിലെ പത്രപ്പുലികള്‍ പരക്കം പാഞ്ഞില്ല.

മനോരമക്കാര്‍ എന്തന്വേഷിക്കണമെന്നും എന്തെഴുതണമെന്നും ഉമ്മന്‍ചാണ്ടി നിശ്ചയിക്കും. മനസിലുണ്ടെങ്കില്‍ മനോരമയിലുണ്ടെന്ന പരസ്യവാചകത്തിലെ അദൃശ്യനായ കര്‍ത്താവ് ഉമ്മന്‍ചാണ്ടിയാണ്. ഉമ്മന്‍ചാണ്ടിയുടെ മനസിലുളളതേ മനോരമയില്‍ അച്ചടിക്കപ്പെടൂ. ഉമ്മന്‍ചാണ്ടി കല്‍പ്പിക്കും, സതീശന്‍ വ്യാഖ്യാനിക്കും. ജി വിനോദ്, സഞ്ജയ് ചന്ദ്രശേഖര്‍ തുടങ്ങിയ തൂലികാനാമങ്ങള്‍ വഴി പുറംലോകം വായിക്കും.

ഇവരൊക്കെ എഴുതിക്കൂട്ടിയത് കൊണ്ട് തോമസ് ഐസക് രാവണന്‍ കോട്ടയില്‍ കുടുങ്ങിപ്പോയെന്ന് വിമതന്‍ നിരീക്ഷിക്കും. നാട്ടുകാര്‍ അവരുടെ പാടുനോക്കി പോവും.

ഐസക്കിനെ വീഴ്ത്താന്‍ മനോരമ കുഴിച്ച കിടങ്ങ് ഇതായിരുന്നു.

കോയമ്പത്തൂരിലെ മാര്‍ട്ടിന്‍സാറിന്റെ മേഘത്തെ തള്ളിപ്പറഞ്ഞു കിടങ്ങു താണ്ടാമെന്നു കരുതിയപ്പോള്‍ അതാ വരുന്നു അടുത്ത ശകുനംമുടക്കി. മേഘത്തിന്റെ കയ്യില്‍നിന്ന് എന്തിനു 30 മാസം കാശു വാങ്ങിയെന്നായി അടുത്ത ചോദ്യം.

ഈ ചോദ്യം ചോദിച്ചവന്‍ ജി. വിനോദ്. ചോദ്യം ചോദിക്കാനേ പുളളിക്കറിയൂ. ഉത്തരം തേടാന്‍ കോടതിവിധികളൊന്നും വായിച്ച് മനസിലാക്കാനുളള കപ്പാക്കുറ്റിയില്ലാതായിപ്പോയി. സംശയനിവാരണം നടത്താന്‍ ആകെയുളള അത്താണി വിഡി സതീശനും. ഐസക് മേഘയുടെ കയ്യില്‍ നിന്ന് നികുതി വാങ്ങാന്‍ വിസമ്മതിച്ചെന്നും അവര്‍ കോടതിയില്‍ പോയെന്നും കോടതി മേഘയ്ക്ക് അനുകൂലമായി കേസ് വിധിച്ചെന്നും തെളിവായി സ്വീകരിച്ച് ഉമ്മന്‍ചാണ്ടി നല്‍കിയ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ആയിരുന്നുവെന്നും അക്കാര്യം വെടിപ്പോടെ കോടതിവിധിയില്‍ പറഞ്ഞിട്ടുണ്ടെന്നും ജി വിനോദിനറിയില്ല. സതീശനൊട്ട് പറഞ്ഞുകൊടുത്തുമില്ല. അതുകൊണ്ട് ടിയാന്‍ ഒരു തറവേല ചെയ്തു.

താന്‍ ചോദിച്ചത് ഒരു മഹാചോദ്യമാണെന്നും ആ ചോദ്യം കണ്ട് തോമസ് ഐസക്ക് പകച്ചു പനിച്ചു വിറച്ചുകിടക്കുകയാണെന്നും വേറേ പേരില്‍ മനോരമയില്‍ തന്നെ എഴുതിവെച്ചു...

ആണ്ടിയുടെ അടിയെക്കുറിച്ച് സാക്ഷാല്‍ ആണ്ടി രചിക്കുന്ന മഹാകാവ്യങ്ങള്‍ ഇനിയും തുടരും...



7 comments:

പൊളിച്ചെഴുത്തു് said...

അതായത് .... രാവണന്‍ കോട്ട കെട്ടുന്നത് മനോരമ, കോട്ടവാതില്‍ കഷ്ടിച്ച് കടന്നുവെന്ന് വിധിക്കുന്നത് മനോരമ. കിടങ്ങ് കിടക്കുന്നുവെന്ന് മനോരമ. അത് കണ്ട് ഐസക്ക് വാ പൊളിക്കുന്നുവെന്ന് മനോരമ.. ചുരുക്കത്തില്‍ ആണ്ടിയുടെ അടിയെക്കുറിച്ച് ആണ്ടി വക മഹാകാവ്യം. കാവ്യത്തിന് അവാര്‍ഡ് പ്രഖ്യാപിക്കുന്നതും നിരൂപണം എഴുതുന്നതും സാക്ഷാല്‍ ആണ്ടി...

ASOKAN said...

കോമാളി രോഗം മംഗളതിനും ഉണ്ട് സര്‍ .
രോഗി .കെ.എം.റോയി.
ഇതേ തിങ്കളാഴ്ച തന്നെയാണ് സൂകേട്‌ ബാധിച്ചത്.
ചിക്കെന്‍ ഗുനിയ പോലെ ഒരു പക്ഷെ വല്ല ഗുനിയയും ആണോ ആവോ !
പക്ഷെ ഇപ്രാവശ്യം പണ്ടത്തെ പോലെ എക്കുകയില്ല .
ഇപ്രാവശ്യം നല്ല ചികിത്സ "ഡോക്ടര്‍" തുടക്കം മുതല്‍ കൊടുക്കുന്നുണ്ട്.
പിന്നെ സിങ്ങ്‌വിയുടെ കാര്യം .ആണവകരാര്‍ സാധ്യമാക്കിയ വകയില്‍
ജോര്‍ജു ബുഷിന്‌ ഭാരത രത്നം കൊടുക്കണമെന്ന് ആഗ്രഹിച്ച വേന്ദ്രനല്ലേ ടിയാന്‍ ......
പിന്നെയാണോ ഭുട്ടാന്‍ ലോട്ടറി .....
പത്തായത്തില്‍ നെല്ലുണ്ടെങ്കില്‍ എലി വയനാട്ടില്‍ നിന്നും വരും എന്ന് പറഞ്ഞപോലെ
മാര്‍ട്ടിന് കേസുന്ടെന്കില്‍ വക്താവ് തന്നെ വടക്ക് നിന്ന് വരും .

ASOKAN said...

"ഈ സര്‍ക്കാര്‍, എന്തിനു മേഖക്ക് രാജിസ്ടരറേന്‍ പുതുക്കി നല്‍കി"യെന്ന
ഉമ്മന്‍ ചാണ്ടിയുടെ ആവലാതി കേള്‍ക്കുമ്പോള്‍ ഒരു കവി വാക്യം ഓര്‍മ്മ വരുന്നു.
"അത് കൊണ്ടരിശം തീരഞ്ഞവനാ
പുരയുടെ ചുറ്റും മണ്ടി നടന്നു".

Rajesh Kalathilayil said...

കേരളത്തില്‍ ഇടതു പക്ഷത്തിനു നല്ല തിരഞ്ഞെടുപ്പ് സാദിയതയാനുള്ളത്. ഇത് പ്രതേകിച്ചു വീട്ടമ്മമാരില്‍....! വിലക്കയറ്റം ഇങ്ങനെ നിയന്ദ്രിച്ച സര്‍ക്കാരിനു രാഷ്ട്രീയ ഭേതമേന്യേ അംഗീകരിക്കുന്നത് എല്ലാവര്‍ക്കുമറിയാം... ഇവിടെ കുളം കലക്കാന്‍ ഇന്ന് പൊളിഞ്ഞ മദനി - ലാവ്‌ലിന്‍ പ്രശ്നങ്ങള്‍ പോലെ ഒന്നും ഇല്ല ... അപ്പോള്‍ ഉള്ള വേവലാതികള്‍ ഇങ്ങനെ ഒക്കെ തീര്‍ക്കുക തന്നെ...

തെക്കടവന്‍ said...

കേരളത്തിലെ വലതുപക്ഷ മാധ്യമ വാടക ഗുണ്ടകളുടെ ഗീബല്സീയന്‍ കുതന്ത്രങ്ങളെ അനവരതം പൊളിചെഴുതുക,മൂക്കുകയരിടുക നിരന്തരം കണ്ണും കാതും തുറന്നിട്ട്‌ കൊണ്ട് സത്യത്തെ പുറത്തുകൊണ്ടു വരിക .. ബ്ലോഗില്‍ മാത്രം ഒതുങ്ങാതെ ഇടതുപക്ഷ മാധ്യമങ്ങളിലും ഇത്തരം പൊളിചെഴുതുകള്‍ പ്രസിധികരിക്കുക..... കാമ്പുള്ള മാധ്യമ വിമര്‍ശനങ്ങളുടെ കനല്‍ പാതയില്‍ അടിപതറാതെ നിരന്തര ജാഗ്രതയുടെ പരിചേതമായി നിലകൊള്ളുക.... പ്രതിരോധത്തിന്റെ കത്തുന്ന പ്രതീക്ഷകളുമായി..........

Aravind said...

"Under existing conditions, private capitalists inevitably control, directly or indirectly, the main sources of information (press, radio, education). It is thus extremely difficult, and indeed in most cases quite impossible, for the individual citizen to come to objective conclusions and to make intelligent use of his political rights." - Albert Einstein on how private media can make democracy meaningless in his essay "Why Socialism?"

Aravind said...
This comment has been removed by the author.