Thursday, May 10, 2012

ദീപക് ശങ്കരനാരായണന് ഒരു തുറന്ന കത്ത്

പ്രിയപ്പെട്ട സുഹൃത്തേ,
മാധ്യമ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഫേസ് ബുക്കില്‍ താങ്കളെഴുതിയ കൗതുകകരമായ നിരീക്ഷണത്തോടുളള പ്രതികരണമാണിത്. താങ്കളുടെ നിരീക്ഷണം ഉദ്ധരിക്കട്ടെ.
ഇംഗ്ലീഷില്‍ അവന്‍ media worker ആണ്. മാദ്ധ്യമത്തൊഴിലാളി എന്നാണ് മലയാളം വേണ്ടത്. worker എന്നതിന് സാമൂഹ്യമാനങ്ങളുള്ള പ്രവര്‍ത്തകന്‍ എന്ന മലയാളം വാക്ക് ഉപയോഗിക്കുന്നത് തലക്കുചുറ്റും ഒരു വലയം സൃഷ്ടിച്ചെടുക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ്. "അശാന്തനായ ഒരു മാദ്ധ്യമപ്രവര്‍ത്തകന്‍" എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഒരു ഗമയൊക്കെയുണ്ട്. അശാന്തനായ ഒരു കൂട്ടിക്കൊടുപ്പുകാരന്‍ എന്ന് കേട്ടാല്‍ ചിരിയല്ലേ? ബാക്കീള്ളോരൊക്കെ വെറും തൊഴിലാളികള്‍. ഞങ്ങളെപ്പറ്റി ഞങ്ങള്‍ തന്നെ എഴുതുമ്പോള്‍ പ്രവര്‍ത്തകരെന്നേ എഴുതൂ.

ഇന്ത്യയില്‍ സ്വാതന്ത്ര്യസമരത്തിന്റെ അവിഭാജ്യമായ ഒരു ഘടകമായിട്ടാണ് പത്രപ്രവര്‍ത്തകരുടെ ആദ്യതലമുറ ഉണ്ടാവുന്നത്. അവരുടെ ആക്റ്റിവിസത്തിന്റെ ഭാഗം മാത്രമായിരുന്നു പത്രവും അതുമായി ബന്ധപ്പെട്ട ആക്റ്റിവിറ്റികളും. അതിന്റെ ഹാങ്ങോവറാവണം ഈ മാദ്ധ്യമപ്രവര്‍ത്തനം എന്ന വാക്കും media workersന് സമൂഹം കൊടുക്കുന്ന ബഹുമാന്യതയും. നാലുപാടുനിന്നും കാശുവാങ്ങിച്ച് കൂട്ടിക്കൊടുപ്പുപണി നടത്തുന്ന മലയാള മാദ്ധ്യമപിംപുകളെ പ്രവര്‍ത്തകന്‍ എന്ന് വിശേഷിപ്പിക്കുന്നത് അവരവരുടെ കാരണങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന നിരവധി യഥാര്‍ത്ഥ പ്രവര്‍ത്തകരെ അപമാനിക്കലാണ്.

ഈ നിരീക്ഷണത്തോടുളള വിയോജിപ്പ് അറിയിക്കാനാണ് ഈ കത്ത്. ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേയ്ക്കാണല്ലോ താങ്കള്‍ ആലോചനയുടെ ചാലു കീറിയിരിക്കുന്നത്. അങ്ങനെ നോക്കിയാല്‍, 'ജേണലിസം' എന്ന വാക്കിന്റെ തത്തുല്യമായ മലയാള തര്‍ജമ 'പത്രപ്രവര്‍ത്തനം' എന്നാണ്. അതില്‍ നിന്നാണ് പത്രപ്രവര്‍ത്തകനും മാധ്യമപ്രവര്‍ത്തകനും ഉണ്ടായത്.

ജേണലിസ്റ്റിന്റെ തര്‍ജമ പത്രത്തൊഴിലാളിയെന്നോ മാധ്യമത്തൊഴിലാളിയെന്നോ ആകാത്തത് എന്തുകൊണ്ട് എന്ന സംശയം സംശയം ന്യായവും സ്വാഭാവികവുമാണ്. പക്ഷേ, അവിടെ ജേണലിസത്തെ 'പത്രത്തൊഴില്‍' എന്നു വിവര്‍ത്തനം ചെയ്യാതെ 'പത്രപ്രവര്‍ത്തനം' എന്നു വിവര്‍ത്തനം ചെയ്തവരുടെ ദീര്‍ഘദര്‍ശനത്തെ നാം മാനിക്കേണ്ടി വരും.

മാധ്യമ സ്ഥാപനത്തില്‍ രണ്ടുതരം തൊഴിലുണ്ട്. പത്രപ്രവര്‍ത്തനം എന്ന് താങ്കള്‍ ആക്ഷേപിക്കുന്ന തൊഴില്‍ അതിലൊന്നാണ്. മറ്റൊന്ന്, അച്ചു നിരത്തല്‍, പ്രൂഫു നോക്കല്‍ തുടങ്ങിയ തൊഴിലുകളും.

ആദ്യം പറഞ്ഞ ജോലി ചെയ്യുന്നവരെ തൊഴിലാളികള്‍ എന്നു സംബോധന ചെയ്താല്‍ രണ്ടാമത്തെ വിഭാഗത്തെ നിങ്ങള്‍ എങ്ങനെ വിശേഷിപ്പിക്കും? ഇതു രണ്ടുതരം തൊഴിലുകളാണെന്ന് ഞങ്ങള്‍ പറയാതെ നിങ്ങള്‍ക്കറിയാമല്ലോ.

മാധ്യമത്തൊഴിലാളി എന്നു പറഞ്ഞാല്‍ മാധ്യമസ്ഥാപനത്തില്‍ പ്രൂഫു നോക്കുകയോ അച്ചുനിരത്തുകയോ ഒക്കെ ചെയ്യുന്ന ആള്‍ എന്ന അര്‍ത്ഥമേ വരൂ. വാര്‍ത്താ റിപ്പോര്‍ട്ടിംഗും വിശകലനവുമൊക്കെ മറ്റൊരു നിലവാരത്തിലുളളതാണ്. അതിന് വേറൊരു വൈദഗ്ധ്യം വേണം. രണ്ടുവിഭാഗത്തെയും വേര്‍തിരിച്ചറിയാന്‍ വ്യത്യസ്തമായ പ്രയോഗങ്ങള്‍ കൂടിയേ തീരൂ.

ഈ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച സുജിത് നായര്‍ - മനോരമയിലെ സോഫാ കം ബെഡ് എന്ന ലേഖനം താങ്കള്‍ വായിച്ചിട്ടുണ്ടോയെന്ന് ഞങ്ങള്‍ക്കറിയില്ല.

മുസ്ലിംലീഗിന്റെ അഞ്ചാം മന്ത്രിയുമായി ബന്ധപ്പെട്ടു മനോരമ പ്രസിദ്ധീകരിച്ചതാണ് സുജിത് നായരുടെ ലേഖനം. സ്വന്തം മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരെ ജാതി തിരിച്ച് വകുപ്പു വീതം വെച്ച ഉമ്മന്‍ചാണ്ടിയുടെ നടപടി വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നല്ലോ. കോണ്‍ഗ്രസുകാര്‍ക്കോ യുഡിഎഫുകാര്‍ക്കോ ദഹിക്കുന്നതായിരുന്നില്ല ആ നടപടി. നാടൊട്ടുക്ക് അക്രമവും പോര്‍വിളിയും നടന്നു. അതിനെക്കുറിച്ചാണ് "ലേപനം കിട്ടിയ ആശ്വാസത്തില്‍ യുഡിഎഫ്" എന്നു സുജിത് നായര്‍ മനോരമയില്‍ വെച്ചുകാച്ചിയത്.

ആശയലോകത്തു നടക്കുന്ന ഒരു കൂട്ടിക്കൊടുപ്പാണിത്. അതിന് അതിന്റേതായ വൈദഗ്ധ്യം ആവശ്യമുണ്ട്. ആ പണിയെടുക്കുന്നവനെ മാധ്യമത്തൊഴിലാളി എന്നു വിളിക്കുമ്പോള്‍ നിങ്ങള്‍ വെല്ലുവിളിക്കുന്നത് അച്ചുനിരത്തുകയും പ്രൂഫ് നോക്കുകയും ചെയ്യുന്നവന്റെ ആത്മാഭിമാനത്തെയാണ്.

മാധ്യമ സ്ഥാപനത്തിലെ തൊഴിലുകള്‍ തമ്മിലുളള ഈ വ്യത്യാസം നാം മനസിലാക്കണം. തീര്‍ത്തും വ്യത്യസ്തമായ തൊഴിലുകളെ അത്തരത്തില്‍ നിര്‍വചിച്ചുതന്നെ മനസിലാക്കണം.

ഉദാഹരണത്തിന് മനോരമയിലേയ്ക്ക് കമ്പോസിംഗിന് ഒരാളെ നിയമിക്കുന്നുവെന്ന് വെയ്ക്കുക. കൃത്യമായി നിര്‍വചിക്കപ്പെട്ട ഒരു തൊഴിലാണത്. അതു ചെയ്യാനാണ് ആ തൊഴിലാളിയെ നിയമിക്കുന്നത്.

പക്ഷേ, ജേണലിസ്റ്റിന്റെ കാര്യം വ്യത്യസ്തമാണ്. ഉമ്മന്‍ചാണ്ടിയ്ക്ക് സമയാസമയം എണ്ണ തേച്ച് ഉഴിഞ്ഞു കൊടുക്കുകയാണ് സുജിത് നായരുടെ ജോലിയെന്ന് അദ്ദേഹത്തിന്റെ ഓഫര്‍ ലെറ്ററിലോ അപ്പോയിന്‍മെന്റ് ഓര്‍ഡറിലോ മനോരമ നിര്‍വചിച്ചിട്ടുണ്ടാകില്ല. അതൊരു ഇംപ്ലൈഡ് ജോലിയാണ്. അലിഖിതമായി നിര്‍വചിക്കപ്പെട്ട തൊഴില്‍ ചെയ്യുന്നതിനാണ് ഭാവനയും സാമര്‍ത്ഥ്യവും ഉപയോഗിക്കേണ്ടത്. മുതലാളി കാര്യം തുറന്നു പറയില്ല. തൊഴിലാളിയ്ക്കത് തുറന്നു ചോദിച്ച് മനസിലാക്കേണ്ട ആവശ്യവുമില്ല.

മനോരമയില്‍ പ്രൂഫു നോക്കുന്നവനും അച്ചുനിരത്തുന്നവനുമൊന്നും ഉമ്മന്‍ചാണ്ടിയ്ക്ക് എണ്ണയിടേണ്ട ചുമതലയില്ല. ജേണലിസ്റ്റിന് അതുണ്ടു താനും. ഇരുകൂട്ടരെയും തൊഴിലാളികള്‍ എന്ന ഒറ്റ പരികല്‍പനയ്ക്കുളളില്‍ ഒതുക്കാനാവില്ല. അതില്‍ രാഷ്ട്രീയമായ ശരികേടുണ്ട്.

കാരണം, തൊഴിലാളി എന്ന പദത്തില്‍ ചൂഷണത്തിന്റെയും പീഡനത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും നൂറ്റാണ്ടുകള്‍ പഴക്കമുളള കരുവാളിപ്പുണ്ട്. അടിമത്ത കാലഘട്ടം മുതലുളള അധ്വാനത്തിന്റെ തഴമ്പു വീണ പദമാണത്. ചെറുത്തുനില്‍പ്പെന്നും പോരാട്ടമെന്നും അതിനര്‍ത്ഥമുണ്ട്.

ജേണലിസ്റ്റ് എന്ന പദത്തിന് ഇതൊന്നുമവകാശപ്പെടാനാവില്ല. അടിമത്തം മുതല്‍ ഇന്നോളമുളള എല്ലാ ആധിപത്യവ്യവസ്ഥകളും ഉല്‍പാദിച്ച പൊതുബോധത്തെ സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട പടയാളിയാണവന്‍. അധ്വാനിക്കുന്ന മഹാഭൂരിപക്ഷത്തിനുമേല്‍ ആശയക്കുഴപ്പം വര്‍ഷിച്ച്, പോരാട്ടഭൂമിയില്‍ അവനെ നിസ്‌തേജനാക്കുകയാണ് ഈ പടയാളിയില്‍ ഏല്‍പ്പിക്കപ്പെട്ട ചുമതല. നുണകള്‍ നിര്‍മ്മിക്കും. ദുര്‍വ്യാഖ്യാനങ്ങള്‍ പടയ്ക്കും. ഒപ്പം അധികാരത്തിന്റെ കോട്ടകൊത്തളങ്ങളില്‍ ആളായി നിന്നും അവന്‍ കൂട്ടിക്കൊടുക്കും. വീര്‍ സാംഗ്‌വിയുടെയും ബര്‍ക്കാ ദത്തിന്റെയും കഥകള്‍ അതാണ് പറഞ്ഞു തരുന്നത്.

അതിനാല്‍ ജേണലിസ്റ്റിനെ മാധ്യമത്തൊഴിലാളി എന്നു പരാവര്‍ത്തനം ചെയ്യുന്നതില്‍ ശരികേടുണ്ടെന്ന് തോന്നുന്നു. മാത്രമല്ല, അങ്ങനെ വിശേഷിപ്പിച്ചു കാണാത്തതില്‍ താങ്കള്‍ പ്രകടിപ്പിക്കുന്ന രോഷം യഥാര്‍ത്ഥത്തില്‍ തൊഴിലാളിയെ അപമാനിക്കുന്നതുമാണ്. ജേണലിസ്റ്റിനു ചേരുന്ന പരാവര്‍ത്തനം മാധ്യമപ്രവര്‍ത്തകന്‍ എന്നു തന്നെയാണ്. കാരണം, പലതരം പ്രവര്‍ത്തനങ്ങളുടെ ഏകോപനവും നിര്‍വഹണവും സൂത്രധാരത്വവും അവന്‍ വഹിക്കുന്നുണ്ട്.

അവയോരോന്നായി പൊളിച്ചെഴുതുന്ന പ്രവര്‍ത്തനങ്ങളില്‍ താങ്കളുടെ സഹായങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിച്ചുകൊണ്ട് കത്തു ചുരുക്കുന്നു.

സ്‌നേഹപൂര്‍വം,
പൊളിച്ചെഴുത്ത് ടീം.

2 comments:

Silent Critic said...

Appol Deshabhimaniyil ee vyathyasam kanilla alle ? avide aarkum aareyum ennaidenda karyamillallo... avide chooshanathinte karuvalippum illa.. ellavarum thozhilalikal ...

janam parayunnu said...

Dear sir,
we like your initiative to protect common mans interests in this country .please godhead,we are with you .

ജനംപറയുന്നു.കോം . ജനപക്ഷ ചിന്തകള്‍ക്കായി ഒരല്പം സ്ഥലം. ആശയങ്ങളും ,പ്രതികരിക്കാനുള്ള അവകാശവും പൂഴ്ത്തിവെക്കാനുള്ളവയല്ല; പ്രചരിപ്പിക്കാനുള്ളവയാണ്.!!

www.Janamparayunnu.com

അതെ ഇതു നിങളുടെ/നമ്മളുടെ/ ജനങ്ങളുടെ സ്വന്തം മാദ്യമം !!