Monday, November 1, 2010

ഒഞ്ചിയം സഖാക്കള്‍ക്ക് അഭിവാദ്യങ്ങള്‍....

പിട‍ഞ്ഞുതീരുന്ന പ്രാണന്‍ അല്‍പനേരത്തേയ്ക്ക് പിടിച്ചു നിര്‍ത്തിയാണ് ചോരയില്‍ കൈമുക്കി സഖാവ് മണ്ടോടി കണ്ണന്‍ ലോക്കപ്പുമുറിയുടെ ചുവരില്‍ അരിവാളും ചുറ്റികയും വരച്ചത്. ആ രണധീരന്റെ സമരക്കരുത്തിന് മുന്നില്‍ ചൂളിച്ചുരുണ്ടത് കോണ്‍ഗ്രസിനും നെഹ്രുവിനും സിന്ദാബാദ് വിളിച്ചാല്‍ മോചിപ്പിക്കാമെന്ന പ്രലോഭനവും. ഓര്‍മ്മകളിലും ചരിത്രത്തിലും ഒഞ്ചിയത്തിന് അര്‍ത്ഥം ഒന്നേയുളളു. തലകുനിക്കാനറിയാത്ത, കീഴടക്കാനാവാത്ത ആത്മാഭിമാനം.

ചോരക്കറ ചുരണ്ടിനീക്കിയാല്‍ ഒഞ്ചിയത്തിന്റെ ചരിത്രത്തില്‍ വഞ്ചനയുടെ കറുപ്പും കാണാം. ചതിച്ചു കൊന്നതാണ് ഒഞ്ചിയം സഖാക്കളെ. അറസ്റ്റിലായ പുളിയില്‍ വീട്ടില്‍ ചോയിക്കാരണവരെയും മകന്‍ കണാരനെയും വിട്ടുതരാമെന്ന് വ്യാമോഹിപ്പിച്ച് കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരെ ചെന്നാട്ടത്താഴ വയലിലേയ്ക്ക് വിളിച്ചുവരുത്തുകയായിരുന്നു പോലീസും കോണ്‍ഗ്രസ് ഒറ്റുകാരും. മോചിപ്പിക്കപ്പെടുന്ന സഖാക്കളെ സ്വീകരിക്കാന്‍ വന്നവരെ ഒരു പ്രകോപനവുമില്ലാതെ പൊലീസ് വെടിവെച്ചിട്ടു.

അധികാരത്തിന്റെ മുഷ്കിനു കീഴടങ്ങാന്‍ എന്നിട്ടും അഭിമാനമുളള ജനത തയ്യാറായില്ല. എട്ടുപേരെയും ഒരു കുഴിയില്‍ കുഴിച്ചുമൂടാമെന്ന പോലീസിന്റെ മോഹത്തെ അവര്‍ ചെറുത്തുതോല്പ്പിച്ചു. ഓരോരോരുത്തരെ ഓരോ സ്ഥലത്ത് മറവുചെയ്യണമെന്ന ആവശ്യത്തിന് മുന്നില്‍ സര്ക്കാരിന് കീഴടങ്ങേണ്ടി വന്നു.

ജന്മിത്തത്തെ വെല്ലുവിളിച്ച കുറ്റത്തിന്, മണ്ടോടി കണ്ണനെ തല്ലിക്കൊല്ലാനും അളവക്കല്‍ കൃഷ്ണനടക്കം എട്ടുപേരെ വെടിവെച്ചു കൊല്ലാനും പൊലീസിനെ നിയോഗിച്ചത് കോണ്‍ഗ്രസുകാരാണ്. തങ്ങളുടെ അധികാരത്തെ വെല്ലുവിളിക്കുന്നവരോട് നിറതോക്കുകള്‍ മറുപടി പറയും എന്ന് ഓര്‍മ്മിപ്പിക്കാന്‍ എട്ടുപേരെ ചുട്ടുതളളി. രണ്ടുപേരെ ഇടിച്ചുകൊന്നു.

ആ കോണ്‍ഗ്രസാണ് ഒറ്റുകാരുടെയും കുലംകുത്തികളുടെയും ചെലവില്‍ ഇന്ന് ആര്‍ത്ത് ചിരിക്കുന്നത്. കൂടെച്ചിരിക്കാന്‍ മനോരമയുണ്ട്, മാതൃഭൂമിയുണ്ട്, സകല ചാനല്‍ ചാവാലികളും പത്രച്ചട്ടമ്പികളുമുണ്ട്. കമ്മ്യൂണിസ്റ്റുകാരന്‍ അധികാരത്തില്‍ വന്നാല്‍ വിഷം കഴിച്ചു മരിക്കുമെന്ന് പ്രതിജ്ഞ ചെയ്തവര്‍, കമ്മ്യൂണിസത്തെ പ്രപഞ്ചത്തില്‍ നിന്ന് കെട്ടുകെട്ടിക്കാന്‍ വ്രതമെടുത്തവര്‍, ത്യാഗധനരായ ജനനേതാക്കളുടെ ജ്വലിക്കുന്ന ജീവിതത്തെ അപവാദങ്ങളില്‍ കുളിപ്പിച്ചവര്‍, ഒരേസ്വരത്തില്‍, ഒരേ താളത്തില്‍ ആര്‍ത്തുവിളിക്കുന്നു; "ഒഞ്ചിയത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തിരിച്ചടി".

ആദിയും അന്തവുമില്ലാത്ത പ്രപഞ്ചത്തില്‍, കലര്‍പ്പില്ലാത്തൊരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരു പഞ്ചായത്തു ഭരിക്കാനിറങ്ങുമ്പോള്‍ വിഷക്കുപ്പി തപ്പുന്നില്ല, മനോരമയിലെ പുതിയ തലമുറ. പകരം, യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിജയത്തിനും വളര്‍ച്ചയ്ക്കും മാമ്മുക്കുട്ടിച്ചായന്റെയും പരിവാരങ്ങളുടെയും സമ്പൂര്‍ണ സഹായം. അവര്‍ക്കെതിരെ നുണക്കഥകളില്ല. അപവാദപ്രചരണമില്ല. മനോരമ അണിയിച്ചൊരുക്കിയ വര്‍ണത്തേരിലേറി ടി പി ചന്ദ്രശേഖരനും സംഘവും കേരളം സമത്വസുന്ദര കമ്മ്യൂണിസ്റ്റ് ലോകമാക്കും.

ശരിയാണ്. ഒഞ്ചിയം പഞ്ചായത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി തോറ്റു. 2005ല്‍ ആകെ 16 സീറ്റുകളുണ്ടായിരുന്ന സിപിഎമ്മിന് ഒഞ്ചിയത്ത് ഇപ്പോള്‍ 17ല്‍ വെറും അഞ്ച്. അന്ന് കിട്ടിയ 9128 വോട്ടുകളുടെ സ്ഥാനത്ത് ഇന്ന് ഇടതുമുന്നണി നേടിയത് വെറും 6632 വോട്ടുകള്‍. ശതമാനം 60 ല്‍ നിന്ന് 40 ആയി ഇടിഞ്ഞു താണു.

മറുവശത്തോ. മണ്ടോടി കണ്ണനെ ഇടിച്ചുകൊന്ന, എട്ടു ധീരസഖാക്കളെ ചതിച്ച് വെടിവെച്ച് വീഴ്ത്തിയ കോണ്‍ഗ്രസിന്റെ സഹായത്തോടെ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ വീമ്പിളക്കുന്നു.

2005ല്‍ ഒരു സീറ്റും 5341 വോട്ടുകളുമായിരുന്നു ഒഞ്ചിയത്ത് യുഡിഎഫിന്റെ വിഹിതം. ഇന്നത് 4 സീറ്റുകളായി ഉയര്‍ന്നു. പക്ഷേ, വോട്ട് വിഹിതം 2796 ആയി ഇടിഞ്ഞു. 2005ല്‍ എല്ലാ സീറ്റിലും മത്സരിച്ച യുഡിഎഫിന് ഇന്ന് 11 വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളില്ല. അതില്‍ എട്ടിടത്താണ് "കമ്മ്യൂണിസ്റ്റ് തനിത്തങ്കങ്ങള്‍" ജയിച്ചുകയറിയത്. സിപിഎമ്മും യുഡിഎഫും നേര്‍ക്കുനേര്‍ മത്സരിച്ച വാര്‍ഡുകളിലത്രയും "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍" വോട്ടുചെയ്തത് കൈപ്പത്തിയ്ക്ക്. ശേഷിച്ച വാര്‍ഡുകളില്‍ കൈപ്പത്തിക്കാരന്‍ "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍ക്ക് '' വോട്ടുചെയ്തു.

സിപിഎമ്മുമായി നേര്‍ക്കുനേര്‍ മത്സരിച്ച മണ്ഡലങ്ങളില്‍ ശരാശരി 520 വോട്ടുകള്‍ നേടിയ "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍ക്ക്", കോണ്‍ഗ്രസ് ജയിച്ച മണ്ഡലങ്ങളില്‍ കിട്ടിയ വോട്ടുകള്‍ എത്രയെന്ന് കാണുക. ചെമ്മക്കുന്ന് - 76, വലിയ മാടക്കര - 23, കണ്ണുവയല്‍ - സ്ഥാനാര്ത്ഥിയില്ല, അറയ്ക്കല്‍ 191. കോണ്‍ഗ്രസിനോട് ഏറ്റുമുട്ടി സിപിഎം ജയിച്ച മാടക്കരയില്‍ "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍ക്ക്" കിട്ടിയത് വെറും 32 വോട്ട്.

2005ല്‍ നിന്നും 2496 വോട്ടുകള്‍ സിപിഎമ്മിന് ഇക്കുറി കുറഞ്ഞു. കോണ്‍ഗ്രസിന് 2545 വോട്ടുകളും. കമ്മ്യൂണിസ്റ്റുകാരേക്കാള്‍ കൂടുതല്‍ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരായത് കോണ്‍ഗ്രസുകാരാണെന്നര്‍ത്ഥം. 11 വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളെയെ നിര്‍ത്താതെ, 2545 വോട്ടുകള്‍ ദാനം ചെയ്ത് കോണ്‍ഗ്രസ് വിജയിപ്പിച്ചു നിര്‍ത്തിയിരിക്കുകയാണ് "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരെ". സിപിഎമ്മില്‍ നിന്ന് 20 ശതമാനം വോട്ടുചോര്‍ന്നപ്പോള്‍ 18 ശതമാനം വോട്ടുകള്‍ കോണ്‍ഗ്രസ് വക സംഭാവന.

സിപിഎമ്മിന് നഷ്ടപ്പെട്ട സീറ്റിനെയും വോട്ടിനെയും കുറിച്ച് വാചാലരാകുന്ന മാധ്യമങ്ങളൊന്നും "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി"യുടെ വോട്ടുവിഹിതത്തിന്‍റെ പകുതി കോണ്‍ഗ്രസുകാരന്റെ സംഭാവനയാണെന്ന് പറയുന്നതേയില്ല. ഒരു രാത്രി ഇരുട്ടിവെളുത്തപ്പോള്‍ ഒഞ്ചിയത്തെ പകുതിയോളം കോണ്‍ഗ്രസുകാര്‍ "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റു"കാരായി രൂപം മാറിയത് നമ്മുടെ മാധ്യമങ്ങള്‍ അറിഞ്ഞിട്ടേയില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഒറ്റികൊടുത്തവരും കോണ്‍ഗ്രസും ചേര്‍ന്ന് നേടിയതാണ് ഈ വിജയമെന്ന് വിളിച്ചുപറഞ്ഞാല്‍ ആരുടെ മുഖമാണ് നഷ്ടപ്പെടുന്നത് എന്ന് അവര്‍ക്ക് നിശ്ചയമുണ്ട്. ഒറ്റുകാരെക്കൊണ്ടുളള ആവശ്യങ്ങള്‍ തീര്‍ന്നിട്ടില്ല.

എന്നാല്‍ ഒഞ്ചിയത്തെ സാധാരണ ജനത ആ സത്യം തിരിച്ചറിയുകയാണ്. നുണ പറഞ്ഞും വഞ്ചിച്ചുമാണ് പ്രാണനെപ്പോലെ ചെങ്കൊടിയെ സ്നേഹിച്ച തങ്ങളെ പാര്‍ട്ടിയില്‍ നിന്ന് അടര്‍ത്തിയെടുത്തത് എന്നവര്‍ വേദനയോടെ ഉള്‍ക്കൊളളുന്നു. ആര്‍ത്തിരമ്പിയ വ്യാജപ്രചരണങ്ങളില്‍ കുടുങ്ങിപ്പോയവര്‍ അന്ന് തിരിച്ചറിഞ്ഞിരുന്നില്ല, സഖാവ് മണ്ടോടി കണ്ണന്റെ കൊലയാളികളുമായി ഭരണമധുവിധു ആഘോഷിക്കാനാണ് "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരുടെ" ഈ പടപ്പുറപ്പാടെന്ന്. രക്തസാക്ഷികളുടെ പേരില്‍ ഒഴുക്കിയത് മുതലക്കണ്ണീരാണെന്നും അവരുടെ ചെലവില്‍ കുത്തിയൊഴുക്കിയ ആവേശം കൃത്രിമമാണെന്നും തിരിച്ചറിഞ്ഞ ഒരു ജനതയുടെ പ്രതികാരം ഒറ്റുകാരെ കാത്തിരിക്കുന്നുണ്ട്.

പഴയ ചതിയില്‍ ഒഞ്ചിയത്തെ സഖാക്കള്‍ക്ക് നഷ്ടപ്പെട്ടത് ജീവനായിരുന്നുവെങ്കില്‍, ഇന്ന് ഒരു തിരഞ്ഞെടുപ്പ് വിജയം. ചതി തിരിച്ചറിയുന്ന ജനത ഇന്നല്ലെങ്കില്‍ നാളെ ആ വിജയം അവരെ തിരികെ ഏല്‍പ്പിക്കുക തന്നെ ചെയ്യും. ഒറ്റുകാരില്‍ നിന്ന് നാടിനെ രക്ഷിക്കാന്‍ അവസാനനിമിഷം വരെ പോരാടിയ ഒഞ്ചിയത്തെ ധീരസഖാക്കള്‍ക്ക് അഭിവാദ്യങ്ങള്‍.


വോട്ടു കണക്കുകള്‍ അറിയാന്‍ ഡോ. സൂരജിന്റെ ബസ് കാണുക.



7 comments:

പൊളിച്ചെഴുത്തു് said...

പിട‍ഞ്ഞുതീരുന്ന പ്രാണന്‍ അല്‍പനേരത്തേയ്ക്ക് പിടിച്ചു നിര്‍ത്തിയാണ് ചോരയില്‍ കൈമുക്കി സഖാവ് മണ്ടോടി കണ്ണന്‍ ലോക്കപ്പുമുറിയുടെ ചുവരില്‍ അരിവാളും ചുറ്റികയും വരച്ചത്. ആ രണധീരന്റെ സമരക്കരുത്തിന് മുന്നില് ചൂളിച്ചുരുണ്ടത് കോണ്‍ഗ്രസിനും നെഹ്രുവിനും സിന്ദാബാദ് വിളിച്ചാല്‍ മോചിപ്പിക്കാമെന്ന പ്രലോഭനവും. ഓര്‍മ്മകളിലും ചരിത്രത്തിലും ഒഞ്ചിയത്തിന് അര്‍ത്ഥം ഒന്നേയുളളു. തലകുനിക്കാനറിയാത്ത, കീഴടക്കാനാവാത്ത ആത്മാഭിമാനം.

പ്രവാസി said...

sakhave, vaasthavam thanne, enkilum eeyoru sahacharyam ozhivakkamayirunna onnu thanne ayirunnu.ennum anikalanu partiyude sampath.

വി ബി എന്‍ said...

Well said Comrade. Explained all factors well.
Thanks.

Unknown said...

ഒഞ്ചിയം ഈ ചതി തിരിച്ചറിയുക തന്നെ ചെയ്യും..

സി.കെ.എസ്, said...

.. .....നാടിനെ രക്ഷിക്കാന്‍ അവസാനനിമിഷം വരെ പോരാടിയ ഒഞ്ചിയത്തെ ധീരസഖാക്കള്‍ക്ക് അഭിവാദ്യങ്ങള്‍.....

cloth merchant said...

kalakki sakhave kalakki.cpi(m)nu theevratha pora ennu paranja ee naarikal avasaanam ethpettallo theevratha koodiya kongressukarude aduthu.

Sudeep said...

സഖാവ്‌ പറഞ്ഞതുപോലെ ആ ഏരിയയില്‍ മിക്കവരും കണ്ണന്റെ കൊലയാളികള്‍ക്ക് എന്തുവന്നാലും വോട്ടുചെയ്യാത്തവരാണ്. ചത്താലും യു ഡി എഫിന് കുത്താത്തവര്‍. പാര്‍ട്ടി വിട്ടാല്‍ യു ഡി എഫുമായി അവര്‍ക്ക് അധികാരം പങ്കുവെക്കേണ്ടിവരും, അത് വിപ്ലവം ചോരയിലുള്ള (കണ്ണന്റെ ചോരവീണ മണ്ണിലെ) അണികള്‍ക്കും വോട്ടര്‍മാര്‍ക്കും സഹിക്കില്ല എന്ന ഒരേയൊരു പോയിന്റിലാണ് സി പി ഐ എം ഇത്രയും ധാര്‍ഷ്ട്യം സ്വന്തം പാര്‍ട്ടിയില്‍ പെട്ടവരോട് കാണിച്ചുപോന്നത്‌. യു ഡി എഫ് സപ്പോര്‍ട്ട് *ചെയ്തിട്ടും* "revolutionary" ജയിച്ചു എന്നതാണ് ഒഞ്ചിയത്തെ സ്ഥിതി എന്ന യാഥാര്‍ത്ഥ്യം കാണുമ്പോള്‍ പൊരുത്തപ്പെടാന്‍ സഖാക്കള്‍ക്ക് സമയമെടുക്കും. സാരമില്ല.