Sunday, January 30, 2011

കൂട്ടുക്കൊടുപ്പിന്റെ സുജിത് നായര്‍ സ്റ്റൈല്‍....

റൗഫും കുഞ്ഞാലിക്കുട്ടിയും തമ്മില്‍ കൊരുത്തതോടെ തളര്‍വാതം പിടിപെട്ട് കിടപ്പിലായ മോചനയാത്രയ്ക്ക് ഓക്സിജന്‍ കൊടുക്കാന്‍ മനോരമ കാണിക്കുന്ന അഭ്യാസങ്ങളിലൊന്ന് കഴിഞ്ഞ പോസ്റ്റില്‍ (http://eye-onmedia.blogspot.com/2011/01/blog-post.html) തുറന്നു കാണിച്ചിരുന്നു. അതിലൊരു സുജിത് നായരുടെ പേരു പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വക വ്യാഖ്യാനവിക്രിയയാണ്.

മുന്നണികളില്‍ സസ്പെന്‍സ് ബാക്കിയാക്കി ഐസ്ക്രീം കേസ് എന്നാണ് സുജിത് നായര്‍ അവര്‍കളുടെ സാഹിത്യത്തിനു തലക്കെട്ട്.

അതിയാന്റെ അതിഭയങ്കരമായ നിരീക്ഷണങ്ങള്‍ വായിച്ചാലും....
ലീഡിങ്ങനെ... ഐസ്ക്രിം കേസില്‍ വിവാദവെടി പൊട്ടിച്ച രണ്ടുപേര്‍ രണ്ടാം ദിനം തിരശീലയ്ക്കു പിന്നിലേയ്ക്കു മാറി നിന്നു...
(അതായദുത്തമാ, കുഞ്ഞാലിക്കുട്ടീം റൗഫും ശനിയാഴ്ച പത്രസമ്മേളനം നടത്തിയില്ല... അതാണ് ലീഡ് നിരീച്ചണം)

പുതിയതെന്ന് അവകാശപ്പെടുന്ന തെളിവുകളും ഇതര കഥാപാത്രങ്ങളും രംഗപ്രവേശം ചെയ്തു...
(മൊഴി മാറ്റിയ രേഖകള്‍ പുതിയതെന്ന് ആരാണ് അവകാശപ്പെട്ടത്.. കേസ് ഉണ്ടായ കാലത്തു സൃഷ്ടിച്ചതാണ് ഇതെന്നാണ് റൗഫ് പത്രസമ്മേളനത്തില്‍ പരസ്യമായി വെളിപ്പെടുത്തിയത്. പുതിയ രേഖയെന്ന് അവകാശപ്പെടുന്നതായി സുജിത് നായര്‍ സ്വപ്നം കണ്ടോ).

അടുത്ത എമണ്ടന്‍ കണ്ടുപിടിത്തം... മുസ്ലിംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിക്കും എതിരാളി കെ എ റൗഫും ഇന്നലെ നേര്‍ക്കുനേര്‍ വന്നില്ല.
(പ്രയോഗവൈകല്യം ക്ഷമിക്കാം. എന്നാലും ചേട്ടാ, ഇക്കാര്യമല്ലേ ലീഡില്‍ പറഞ്ഞത്.. പിന്നെന്തോന്നിന്നാ  ആവര്‍ത്തിച്ചത്...)

ഇതേസമയം ഇന്നലെ പുറത്തുവന്ന രേഖകള്‍ക്കു പിന്നില്‍ താന്‍ തന്നെയാണെന്ന് റൗഫ് ചാനലുകളോട് സ്ഥിരീകരിച്ചു. ( പിന്നെ എന്തോന്നിന്നാ സാറേ ആദ്യത്തെ വാചകത്തില്‍ തിരശീലയ്ക്കു പിന്നിലേയ്ക്കു മാറി നിന്നു എന്നെഴുതിയത്.. ന്യൂസ് അവറില്‍ പ്രത്യക്ഷപ്പെടുന്നതിനെയാണോ തിരശീലയ്ക്കു പിന്നിലേയ്ക്കു മാറി നിന്നു എന്ന് നിങ്ങളുടെ നാട്ടില്‍ പറയുന്നത്?)

കേസില്‍ മൊഴി മാറ്റമുണ്ടായെന്നു സ്ഥാപിക്കപ്പെടുന്ന രേഖകളാണ് ഇന്നലെ പുറത്തുവന്നത് (അതു പക്ഷേ കാണാനുളള ഭാഗ്യം മനോരമ വായനക്കാര്‍ക്കില്ലാതെ പോയി). ഇന്നലെ പുറത്തു വന്ന രേഖകളുടെ പിതൃത്വം തനിക്കെന്നു റൗഫ് തന്നെ സമ്മതിച്ച രേഖകള്‍ (ഇക്കാര്യവും ഒരു ഭാഗത്തു പറഞ്ഞതല്ലേ ചേട്ടാ.. ഒരു വാര്‍ത്തയില്‍ കാര്യങ്ങള്‍ എത്ര തവണ ആവര്‍ത്തിക്കാമെന്നാണ് മനോരമയുടെ സ്റ്റൈല്‍ ബുക്കു പറയുന്നത്?)

പക്ഷേ, ആദ്യദിനത്തേതിനു സമാനമായ പ്രകമ്പനങ്ങളുണ്ടാക്കിയില്ല.
(എന്നുവെച്ചാല്‍ കുഞ്ഞൂഞ്ഞും കുഞ്ഞാപ്പയും ഭയപ്പെടേണ്ടെന്ന്... )

കല്ലടയുടെ ആരോപണത്തെ പാടെ തളളിയ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പക്ഷേ, പുനരന്വേഷണത്തെക്കുറിച്ചുളള ചോദ്യങ്ങളോട് ആ നിലയില്‍ പ്രതികരിച്ചില്ല. നിയമ - ഭരണ - പൊലീസ് അന്വേഷണവും നടപടികളും ഉണ്ടാകണമെന്ന ഉറച്ച നിലപാട് ആദ്യദിനം പിണറായി സ്വീകരിച്ചിരുന്നു. 
(പുനരന്വേഷണ സാധ്യത ആരായും എന്നു പറഞ്ഞത് കോടിയേരി. പിണറായി ആ നിലയില്‍ പ്രതികരിച്ചില്ല എന്നു പറഞ്ഞാല്‍ എന്താ അര്‍ത്ഥം... പിണറായീം കോടിയേരീം ഐസ്ക്രീം പാര്‍ലര്‍ കേസില്‍ രണ്ടു തട്ടാണ്. അതിനുളള നിലയൊക്കെ തീരുമാനിക്കാന്‍ സുജിത്ത് മനോരമയിലുണ്ട്. ആദ്യദിനം പറയുന്നതു തന്നെ പിണറായി എല്ലാദിവസവും പറഞ്ഞില്ലെങ്കില്‍ സുജിത്ത് കേറി ഇങ്ങനെ വ്യാഖ്യാനിച്ചു കളയും... പിണറായി അന്വേഷണവും നടപടിയും ആവശ്യപ്പെട്ടു, തൊട്ടുപിന്നാലെ കോടിയേരി അതിനുളള സാധ്യത ആരായുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പക്ഷേ, സുജിത്തിനങ്ങോട്ടു ബോധ്യം വരുന്നില്ല ).

കുഞ്ഞാലിക്കുട്ടിയെ അന്നുമിന്നും സംരക്ഷിക്കുന്ന യുഡിഎഫിന്റെ ധാര്‍മ്മികതയെ ഇടതുമുന്നണി ചോദ്യം ചെയ്യുന്നു. തിരഞ്ഞെടുപ്പു വേളയില്‍ ലഭിച്ച നല്ല ആയുധമായിട്ടും ഇതിനെ സിപിഎം കാണുന്നു. അതേസമയം അതു തിരിച്ചടിയാകുമോ എന്ന സന്ദേഹം പാര്‍ട്ടിക്ക് ഇല്ലാതെയുമില്ല. ഒരിക്കല്‍ ഇതുപറഞ്ഞു പാര്‍ട്ടിക്കകത്ത് പടയോട്ടം തന്നെ നടത്തിയ വിഎസിന്റെ ഉളളില്‍ എന്താണ് ഉത്കണ്ഠ തന്നെ കാരണം.

(എന്ന എന്നൊരു വാക്കു മിസായിപ്പോയി.. എന്താ ഒരു എഡിറ്റിംഗ്...
സിപിഎമ്മിനെ സുജിത്ത് ഒന്നു ഭീഷണിപ്പെടുത്തി നോക്കുകയാണ്. സിപിഎം ഇത് തിരഞ്ഞെടുപ്പിന് ഉപയോഗിച്ചാല്‍ കല്ലട സുകുമാരനെ ഇറക്കി ഞങ്ങള്‍ തിരിച്ചടിക്കും എന്ന്.. ഞങ്ങള്‍ തിരിച്ചടിക്കും എന്നു കേട്ടാല്‍ സിപിഎമ്മിനു പണ്ടേ ആശങ്കയാണല്ലോ... )

ഇതിനു റൗഫിന്റെ സഹായം ഇതിനു (ദേ ഒരുവാക്കു രണ്ടു തവണ ആവര്‍ത്തിച്ചു, ആത്മവിശ്വാസമില്ലാതെ അപരാധമെഴുതിയാല്‍,  കൈ വിറയ്ക്കുക മാത്രമല്ല, വാക്കുകളും ആശയവുമൊക്കെ ആവര്‍ത്തിക്കും സുജിത്തേ...) എന്നു കരുതുമ്പോള്‍ തന്നെ ആശീര്‍വാദം ആരുടേതൊക്കെ എന്ന ചോദ്യത്തിനാണ് പ്രസക്തി കൂടുതല്‍... (എങ്ങനെയൊണ്ട്....ആശാനേ... ഈ ചോദ്യത്തിന്റെ ഉത്തരമാണ് പതിനൊന്നാം പേജില്‍ ഐസ്ക്രീം ബോംബ് ഒരുങ്ങിയത് ചാനലില്‍, പൊട്ടിയത് വാര്‍ത്താ സമ്മേളനത്തില്‍  എന്ന തലക്കെട്ടിലെ വാര്‍ത്തയിലുളളത്. കഴിഞ്ഞ പോസ്റ്റില്‍ ഉദ്ധരിച്ച മനോരമ റിപ്പോര്‍ട്ട് ഒരിക്കല്‍ കൂടി വായിക്കുക...

റൗഫിന്റെ കൈകളില്‍ വിവാദരേഖകളുണ്ടെന്നറിഞ്ഞ സിപിഎമ്മിലെ ഒരുവിഭാഗവും ലീഗില്‍ നിന്നും വിട്ടുപോയ യുവനേതാവും ചേര്‍ന്നാണ് ഐസ്ക്രീം കേസ് വീണ്ടും കുത്തിപ്പൊക്കാനുളള നീക്കങ്ങള്‍ക്ക് തുടക്കമിട്ടത് എന്നാണ് സൂചന.

സൂചന വേറൊന്നുമല്ല.... ആ സ്വന്തം ലേഖകന്‍ ഈ സുജിത് നായര്‍ തന്നെയല്ലേ....

1 comment:

വി ബി എന്‍ said...

അച്ചായനൊത്ത സ്വ. ലേ.

ഇതൊന്നുമായില്ല, ഇതിലൊക്കെ വലിയ കഥകള്‍ അണിയറയില്‍ ഒരുങ്ങുന്നതായി 'പറയപ്പെടുന്നു'. മനോരമ എഡിറ്റോറിയല്‍ ബോര്‍ഡിലെ ഒരു 'ഉന്നതന്‍' അതിനു വേണ്ടി 'നിയോഗിക്കപ്പെട്ടിട്ടുണ്ടത്രേ'. ഇത് അടുത്ത ഇലക്ഷനില്‍ യുഡിഎഫിനെ സഹായിക്കാന്‍ വേണ്ടിയാണെന്ന് 'പറയപ്പെടുന്നു'. കോട്ടയത്തെ 'ഒരു ഗസ്റ്റ്‌ ഹൌസില്‍ ' 'ഈ ഉന്നതനും' പിന്നെ ചില 'യുഡിഎഫ് നേതാക്കളും' 'രഹസ്യ യോഗം' ചേര്‍ന്ന് ഈ കഥകള്‍ക്ക് അന്തിമ രൂപം കൊടുത്തതായി 'വ്യക്തമായിട്ടുണ്ട്'

മുകളിലെ ശൈലിക്ക് കടപ്പാട് - മനോരമ
:)